June 04, 2026 |

നെഹ്‌റുവിന്റെ സ്വകാര്യ രേഖകള്‍ തിരികെ വേണം

സോണിയയ്ക്ക് കത്തയച്ച് പ്രധാനമന്ത്രി മെമ്മോറിയല്‍

സോണിയ ​ഗാന്ധി സൂക്ഷിച്ചിരിക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ ശേഖരത്തിൽ നിന്നുള്ള രേഖകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സോണിയാ ​ഗാന്ധിയ്ക്ക് കത്തയച്ച് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി. 2008ലാണ് ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു നെഹ്റുവിന്റെ സ്വകാര്യ രേഖകളിൽ ചിലത് സോണിയ ​ഗാന്ധി കൈപ്പറ്റുന്നത്. പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറിയുടെ അഭ്യർത്ഥനയോട് സോണിയ ​ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2024 ഫെബ്രുവരിയിൽ നടന്ന സൊസൈറ്റിയുടെ കഴി‍ഞ്ഞ സാമ്പത്തിക വർഷത്തിലെ മീറ്റിം​ഗിൽ സോണിയ ​ഗാന്ധിയുടെ കൈവശമുള്ള രേഖകളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇക്കാര്യത്തെക്കുറിച്ച് സോണിയയുമായി ഔദ്യോ​ഗികമായി ആശയവിനിമയം നടത്തുന്നത്. ​ഗവേഷണപഠനത്തിനായി രേഖകൾ നൽകണമെന്ന ആവശ്യമാണ് ലൈബ്രറി മുന്നോട്ട് വച്ചിരിക്കുന്നത്. ആധുനിക ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് ​ഗ​വേഷകർക്ക് മനസിലാക്കാൻ സാധിക്കുന്ന വിവരങ്ങൾ അടങ്ങിയ മറ്റെന്തെങ്കിലും പേപ്പറുകൾ ഉണ്ടെങ്കിൽ അതുകൂടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രജ്നാഥ് സിം​ഗും, സൊസൈറ്റിയുടെ പ്രസിഡന്റായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത യോ​ഗത്തിലാണ് സ്വകാര്യ രേഖകളടങ്ങുന്ന 51 പെട്ടികൾ സോണിയ ​ഗാന്ധി തിരിച്ചെടുത്തതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. ഈ യോ​ഗത്തിലാണ് രേഖകൾ തിരികെ വാങ്ങാമെന്ന തീരുമാനത്തിലേക്ക് എത്തുന്നതും. 1971ൽ സോണിയ ​ഗാന്ധിയാണ് ഈ രേഖകൾ സ്വമേധയാ സൊസൈറ്റിയ്ക്ക് കൈമാറിയത്. അതുകൊണ്ട് തന്നെ ഉ‍ടമസ്ഥാവകാശം, സംരക്ഷകത്വം, പകർപ്പവകാശം എന്നിവയിൽ സൊസൈറ്റിയ്ക്ക് അധികാരമുള്ളതായി പറയുന്നു. സൊസൈറ്റിയിൽ നിന്നുള്ള രേഖകൾ പ്രകാരം 2008ൽ സോണിയ തിരിച്ചെടുത്ത രേഖകളിൽ നെഹ്‌റുവും ജയപ്രകാശ് നാരായണും, എഡ്വിന മൗണ്ട് ബാറ്റണും, ആൽബർട്ട് ഐൻസ്റ്റീനും, അരുണ ആസഫ് അലിയും, വിജയ ലക്ഷ്മി പണ്ഡിറ്റും, ജഗ്ജീവൻ റാമും തമ്മിൽ കൈമാറിയ കത്തുകളും ഉൾപ്പെടുന്നതായും പറയുന്നു.

ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതായി കരുതപ്പെടുന്ന രേഖകൾ കത്തുകൾ 1971ലാണ് ആദ്യം സൊസൈറ്റിയെ ഏൽപ്പിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ നെഹ്റു മ്യൂസിയത്തിന്‍റെ ഭാഗമായിരുന്ന ലൈബ്രറിയിലെ ഭരണസമിതി അം​ഗവും അഹമ്മദാബാദിലെ ചരിത്രകാരനുമായ റിസ്വാൻ ക്വാദ്രി 2024 ഡിസംബറിൽ രാഹുൽ ​ഗാന്ധിക്ക് കത്തയച്ചിരുന്നു. 2024 സെപ്തംബറിലും ഡിജിറ്റലൈസേഷനായി രേഖകൾ സ്ഥാപനത്തിന് തിരികെ നൽകുകയോ അല്ലെങ്കിൽ അവ സ്‌കാൻ ചെയ്യാനോ സ്‌കാൻ ചെയ്‌ത പകർപ്പുകൾ നൽകാനുള്ള അനുമതി നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെപ്‌റ്റംബറിൽ സോണിയ ഗാന്ധിക്ക് ലൈബ്രറി കത്തയച്ചിരുന്നു. അതേസമയം കത്തുകള്‍ തിരികെ നല്‍കാത്തത് കോണ്‍ഗ്രസിനെതിരെയുള്ള രാഷ്‌ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സോണിയ ഗാന്ധി എന്തിനാണ് ആ കത്തുകള്‍ പൊതുമധ്യത്തില്‍ നിന്ന് മാറ്റിപ്പിടിക്കുന്നതെന്ന് ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ സമൂഹ മാധ്യമത്തിലൂടെ ചോദിച്ചിരുന്നു.

content summary: PMML has reportedly written to Sonia Gandhi, requesting access to the papers from Jawaharlal Nehru’s private collection, which she had reclaimed in 2008.

Leave a Reply

Your email address will not be published. Required fields are marked *

×