June 04, 2026 |

കലോത്സവ വേദിയിലെ ദ്വയാർത്ഥ പ്രയോഗം; ‘റിപ്പോർട്ടറി’നെതിരെ പോക്സോ

ദ്വയാത്ഥ പ്രയോഗത്തിൽ റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകർക്കെതിരെ പോക്‌സോ കേസ് ചാർജ് ചെയ്തു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ നടത്തിയ ദ്വയാത്ഥ പ്രയോഗത്തിൽ റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകർക്കെതിരെ പോക്‌സോ കേസ് ചാർജ് ചെയ്തു. റിപ്പോർട്ടർ ചാനലിന്റെ കൺസൾട്ടിങ് എഡിറ്ററായ കെ. അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ്, കണ്ടാൽ അറിയുന്ന മറ്റൊരു മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അരുൺകുമാറാണ് ഒന്നാം പ്രതി.

വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിർദേശ പ്രകാരമാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലിസ് കേസ് രെജിസ്റ്റർ ചെയ്തത്. പോക്‌സോയിലെ 11, 12 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരളാ സ്‌കൂൾ കലോത്സവത്തിൽ നടന്ന ഒപ്പനയിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് റിപ്പോർട്ടർ ചാനലിലെ ജേർണലിസ്റ്റ് നടത്തിയ സംഭാഷണത്തിലാണ് ദ്വയാർഥ പ്രയോഗം. ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുക്കുകയും ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജീല്ലാ പോലിസ് മേധാവിയിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയെന്നാണ് എഫ്‌ഐആർ. നേരത്തെ ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ നേരത്തെ പറഞ്ഞിരുന്നു.

മത്സരത്തിൽ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോർട്ടർ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. ഇത് സംപ്രേഷണം ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. സോഷ്യൽ മീഡിയയിലും സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

content summary; pocso case registered against reporter channel journos over double meaning

Leave a Reply

Your email address will not be published. Required fields are marked *

×