June 04, 2026 |
Share on

പോളണ്ടിലെ ഡ്രോണ്‍ ആക്രമണം; റഷ്യയ്‌ക്കെതിരെ ഫ്രാന്‍സും ബ്രിട്ടനും

70 കപ്പലുകള്‍ക്ക് യുകെ ഉപരോധം ഏര്‍പ്പെടുത്തി

പോളണ്ടിലേക്ക് റഷ്യന്‍ ഡ്രോണ്‍ കടന്നുകയറിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഫ്രാന്‍സും ബ്രിട്ടനും. ഫ്രാന്‍സ് പോളണ്ടിലേക്ക് യുദ്ധവിമാനങ്ങള്‍ അയക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, റഷ്യയുടെ എണ്ണ വരുമാനത്തെയും യുദ്ധോപകരണങ്ങളെയും ലക്ഷ്യമിട്ട് ബ്രിട്ടന്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യയുടെ ഏത് പ്രകോപനത്തിനും ശക്തമായ മറുപടി നല്‍കുമെന്ന സന്ദേശമാണ് ഈ നീക്കങ്ങളിലൂടെ യൂറോപ്പ് നല്‍കുന്നത്.

നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിയും പോളണ്ടിന്റെ വ്യോമാതിര്‍ത്തിയും സംരക്ഷിക്കുന്നതിനായി മൂന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിന് നല്‍കിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും മാക്രോണ്‍ അറിയിച്ചു. ‘യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന. റഷ്യയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ കീഴടങ്ങില്ല,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

റഷ്യന്‍ എണ്ണ കടത്തുന്ന ‘ഷാഡോ ഫ്‌ളീറ്റ്’ എന്നറിയപ്പെടുന്ന 70 കപ്പലുകള്‍ക്ക് യു.കെ. ഉപരോധം ഏര്‍പ്പെടുത്തി. നിലവിലെ ഉപരോധങ്ങളെ മറികടന്ന് റഷ്യക്ക് ഇലക്ട്രോണിക്‌സ്, രാസവസ്തുക്കള്‍, സ്‌ഫോടകവസ്തുക്കള്‍, ആയുധ ഘടകങ്ങള്‍ എന്നിവ നല്‍കിയ 30 വ്യക്തികളെയും കമ്പനികളെയും, ചൈന, തുര്‍ക്കി എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍, സ്ഥാനമേറ്റതിന് ശേഷം ആദ്യമായി യുക്രെയ്ന്‍ സന്ദര്‍ശിച്ചു. റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഒരു വര്‍ഷത്തിനിടെ പത്തിരട്ടിയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍, യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

നാറ്റോ വ്യോമാതിര്‍ത്തിയിലേക്ക് ഡ്രോണുകള്‍ അയച്ചതിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ‘പരമാധികാരത്തോട് പൂര്‍ണ്ണ അവഗണനയാണ്’ കാണിച്ചതെന്ന് കൂപ്പര്‍ പറഞ്ഞു. ‘പുടിന്‍, യുക്രെയ്‌നില്‍ തന്റെ ക്രൂരമായ അധിനിവേശം തുടരുമ്പോള്‍ യുകെ വെറുതെ നോക്കിനില്‍ക്കില്ല. ഈ നിയമവിരുദ്ധമായ യുദ്ധത്തിന് പണം കണ്ടെത്താന്‍ റഷ്യ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ നിര്‍ണായകമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റാഡെക് സിക്കോര്‍സ്‌കി യുക്രെയ്ന്‍ സന്ദര്‍ശിച്ചു. അദ്ദേഹവും യുക്രേനിയന്‍ സഹപ്രവര്‍ത്തകന്‍ ആന്‍ഡ്രി സിബിഹയും ‘പൊതുവായ സുരക്ഷ, യുക്രെയ്‌നിന്റെ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ പ്രവേശനം, മോസ്‌കോയിന്മേലുള്ള സമ്മര്‍ദ്ദം’ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സിബിഹ എക്‌സില്‍ കുറിച്ചു. കൂടാതെ, ഡ്രോണ്‍ പ്രതിരോധത്തില്‍ യുക്രെയ്ന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ സഹകരിക്കുമെന്ന് പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പോളണ്ടിലുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണം യൂറോപ്യന്‍ നേതാക്കളെ ഞെട്ടിച്ചു. മനഃപൂര്‍വ്വമായ പ്രകോപനമായാണ് അവര്‍ ഇതിനെ കണ്ടത്. യുക്രെയ്‌നില്‍ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം ഒരു വലിയ സംഘര്‍ഷത്തിന് കാരണമാകുമോ എന്ന ആശങ്കയ്ക്ക് ഈ സംഭവം ആക്കം കൂട്ടി. ഇതേത്തുടര്‍ന്ന്, വരാനിരിക്കുന്ന ഭീഷണികളെ നേരിടാനുള്ള മാര്‍ഗങ്ങള്‍ പുനഃപരിശോധിക്കാന്‍ നാറ്റോ സഖ്യകക്ഷികള്‍ നിര്‍ബന്ധിതരായി.

അതേസമയം, മോസ്‌കോയെയും യുക്രെയ്‌നെയും സമാധാന ചര്‍ച്ചകളിലേക്ക് നയിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. Poland drone attack; France and Britain against Russia

Content Summary: Poland drone attack; France and Britain against Russia

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×