14ആം നിയമസഭയിലെ ഒരു അംഗത്തിന്റെ എംഎല്‍എ ബോര്‍ഡ് വച്ച വാഹനത്തിന്റെ നമ്പര്‍ ‘ 89’ ആയിരുന്നു. പി ബി അബ്ദുള്‍ റസാഖ് എന്നായിരുന്നു എംഎല്‍എയുടെ പേര്. മണ്ഡലം മഞ്ചേശ്വരം. ഇപ്പോള്‍ മനസിലായോ, 89 എന്ന നമ്പറിന്റെ പ്രത്യേകത? അതേ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വാശിയേറിയൊരു തിരഞ്ഞെടുപ്പ് മത്സരത്തില്‍ അബ്ദുള്‍ റസാഖ് വിജയിച്ചത് 89 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.
ഇത്തരം പല കൗതുകങ്ങളും കാരണങ്ങളും കൊണ്ട് പ്രശസ്തമാണ് മഞ്ചേശ്വരം. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇന്നും തിരുത്തപ്പെടുതെ കിടക്കുന്നൊരു റെക്കോര്‍ഡ് ഉണ്ട് മഞ്ചേശ്വരത്തിന്- ഇവിടെ നിന്നാണ് എതിരില്ലാതെ ഒരാള്‍ നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്, ഈ മണ്ഡലത്തില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ തവണ ഏറ്റവും ചെറിയ ഭൂരിപക്ഷത്തില്‍ വിജയം തീരുമാനിക്കപ്പെട്ടിട്ടുള്ളത്, മണ്ഡലത്തിന് പുറത്തു നിന്നുള്ളവരെ കാര്യമായി സഹായിക്കുന്ന വോട്ടര്‍മാര്‍ ഉള്ളതും ഇവിടെയാണ്, മന്ത്രിമാരിയിരുന്നവരെ അടുത്ത തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടതിന്റെ ചരിത്രവുമുണ്ട് മഞ്ചേശ്വരത്തിന്. മലയാളം പറയാത്ത പകുതിയലധികം വോട്ടര്‍മാര്‍ കേരള നിയമസഭയിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്ന മണ്ഡലം എന്ന പ്രത്യേകത കൂടിയുണ്ട് ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള ഈ മണ്ഡലത്തിന്…
1957- ല്‍ കേരളത്തില്‍ ആദ്യമായി നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍ മാത്രം പോളിംഗ് ബൂത്തില്‍ പോയില്ല. കാരണം അവിടെ കര്‍ണാടക സമിതിയുടെ എം ഉമേഷ് റാവു സ്വതന്ത്രനായി നിന്ന് എതിരില്ലാതെ വിജയിച്ചു. ഇന്നും ഈ റെക്കോര്‍ഡ് തിരുത്തപ്പെട്ടിട്ടില്ല. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയായിരുന്നു കര്‍ണാടക സമിതി. കാസറഗോഡ് താലൂക്കിനെ കേരളത്തോട് ചേര്‍ക്കുന്നതിനെതിരേ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട നേതാവായിരുന്നു ഉമേഷ് റാവു, അതേയാള്‍ തന്നെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നത് കൗതുകം. 1960-ലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നത്. അത്തവണ കര്‍ണാടക സമിതിക്കു വേണ്ടി മത്സരിച്ചസ്വതന്ത്രന്‍ കെ മഹാബല ഭണ്ഡാലിയായിരുന്നു. സിപിഐ എതിരാളിയായി വന്നു. കര്‍ണാടക സമിതിക്കുണ്ടായിരുന്ന സ്വാധീനം(കോണ്‍ഗ്രസിന്റെ പിന്തുണപോലും അവര്‍ക്കായിരുന്നു) ശക്തമായിരുന്നതുകൊണ്ട് തുടര്‍ വിജയം സംഭവിച്ചു.
1965 ലും മഹാബല ഭണ്ഡാലി തന്നെ സ്ഥാനാര്‍ത്ഥിയായി, പക്ഷേ കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു മത്സരം. സിപിഐഎം ആയിരുന്നു പ്രധാന എതിരാളി. മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ കോണ്‍ഗ്രസിന് കിട്ടിയ ഏക വിജയം അതായിരുന്നു. നിര്‍ഭാഗ്യവശാല്‍ സഭ കൂടാതെ വന്നതിനാല്‍ ഭണ്ഡാലിക്ക് കോണ്‍ഗ്രസ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ 67-ല്‍ ഭണ്ഡാലി ഹാട്രിക് വിജയം തേടിയിറങ്ങിയപ്പോള്‍ വീണ്ടും കര്‍ണാടക സമിതിയുടെ പിന്തുണയുള്ള സ്വതന്ത്രനായി കുപ്പായം മാറിയിരുന്നു. സിപിഎം ഒരിക്കല്‍ കൂടി രാമണ്ണ റായെ ഇറക്കിയെങ്കിലും ഫലം ഉണ്ടായില്ല.
1970-ലെ തിരഞ്ഞെടുപ്പ് ഓടെ കര്‍ണാടക സമിതി ചിത്രത്തില്‍ നിന്നും മാഞ്ഞു. ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു എംഎല്‍എ മഞ്ചേശ്വരത്തുണ്ടായി. സിപിഐയിലെ എം.രാമപ്പ കര്‍ണാടക സമിതിയുടെ ആധിപത്യം തകര്‍ത്തു. മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് സിപിഎം ആയിരുന്നു. സിപിഐ മത്സരിച്ചത് സപ്ത കക്ഷി മുന്നണിയുടെ ഭാഗമായി നിന്നായിരുന്നു. 1977-ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി തന്നെ സിപിഐ രാമപ്പയെ വീണ്ടും നിര്‍ത്തി. ആ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചില്ല. അവര്‍ സീറ്റ് ജനതപാര്‍ട്ടിക്ക് നല്‍കിയിരുന്നു. ജനത പാര്‍ട്ടി മത്സരിച്ചത് ഭാരതീയ ലോക്ദള്‍(ബിഎല്‍ഡി) എന്ന പാര്‍ട്ടിയായിട്ടായിരുന്നു. ജനസംഘവും അന്ന് ജനത പാര്‍ട്ടിയിലായിരുന്നു. ഭാഷാ ന്യൂനപക്ഷ അവകാശ സംരക്ഷനും കര്‍ണാടക സമിതിക്കാരുമൊക്കെയായിരുന്ന എച്ച് ശങ്കര ആല്‍വയായിരുന്നു സ്ഥാനാര്‍ത്ഥി. പിന്നീട് ബിജെപിക്ക് മഞ്ചേശ്വരത്ത് ശക്തിയുണ്ടാക്കി കൊടുക്കുന്നതും ഇതേ ശങ്കര ആല്‍വയായിരുന്നു. കര്‍ണാടക സമിതിയില്‍ ഉള്ളവരൊക്കെ ജനസംഘക്കാരായിരുന്നു. പിന്നീടവര്‍ ബിജെപിക്കാരുമായി.
1980-ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വീണ്ടുമൊരു മാറ്റമുണ്ടായി. ഇടതു മുന്നണി രൂപീകരിക്കപ്പെട്ടു. വലതുപാളയം വിട്ട് സിപിഐ ഇപ്പുറത്തേക്കു പോന്നു. സീറ്റ് സിപിഐയ്ക്കു തന്നെ. ഡോ. എ സുബ്ബറാവുവിനെ അവര്‍ മത്സരിപ്പിച്ചു. ഇത്തവണ മുസ്ലിം ലീഗ് ആണ് മഞ്ചേശ്വരത്ത് മത്സരിക്കാന്‍ വന്നത്. ചെര്‍ക്കളം അബ്ദുള്ളയുടെ കന്നി പോരാട്ടം. മഞ്ചേശ്വരം ആദ്യമായി വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പ്. സുബ്ബറാവുവിന്റെ വിജയം വെറും 153 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ആ വിജയത്തിന് ഇടതു മുന്നണി നന്ദി പറയേണ്ടത് ഒരു കോണ്‍ഗ്രസുകാരനോടാണ്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ഐ.രാമ റായിയോട്. റായി പിടിച്ചത് പതിനോരായിരത്തില്‍ പരം വോട്ടുകളാണ്. ആ തിരഞ്ഞെടുപ്പിലാണ് ആദ്യത്തെ ഇ.കെ നായനാര്‍ സര്‍ക്കാര്‍ അധികരത്തില്‍ വരുന്നത്. ആ സര്‍ക്കാരില്‍ സുബ്ബറാവു ജലസേചന വകുപ്പ് മന്ത്രിയായി.
1982-ലും സുബ്ബറാവു തന്നെ മണ്ഡലത്തില്‍ നിന്നു. ലീഗില്‍ നിന്നും സീറ്റ് തിരിച്ചു വാങ്ങിയ കോണ്‍ഗ്രസ് എന്‍. രാമകൃഷ്ണനെ നിര്‍ത്തി. കടുത്ത മത്സരം തന്നെ നടന്നു. 153 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് സുബ്ബറാവു ഒരിക്കല്‍ കൂടി വിജയിച്ചു.
1987-ലെ തിരഞ്ഞെടുപ്പോടെ മണ്ഡലം അടിമുടി മാറി. ലീഗിന്റെ തേരോട്ടം തുടങ്ങി, ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിജെപി അന്ന് മുതല്‍ രണ്ടാം സ്ഥാനത്തേക്ക് വന്നു. സുബ്ബറാവുവിനെ തന്നെയാണ് സിപി ഐ മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് സീറ്റ് വീണ്ടും ലീഗിന് കൊടുത്തു. ചെര്‍ക്കളം അബ്ദുള്ള തന്നെ സ്ഥാനാര്‍ത്ഥി. എച്ച് ശങ്കര ആല്‍വ ബിജെപിക്കാരനായി മത്സരത്തിനെത്തി. ചെര്‍ക്കളം ആറായിരത്തില്‍ പരം വോട്ടിന് ജയിച്ചു. രണ്ടാം സ്ഥാനത്ത് ശങ്കര. മന്ത്രിയാക്കിയ സുബ്ബറാവുവിനെ മഞ്ചേശ്വരത്തുകാര്‍ തന്നെ മൂന്നാം സ്ഥാനത്തേക്ക് തള്ളി.
87 മുതല്‍ 2011 വരെ ചെര്‍ക്കളം തന്നെ മഞ്ചേശ്വരത്തിന്റെ എംഎല്‍എ. അബ്ദുള്ളയുടെ കോട്ട എന്നു പറയാം. സിപി ഐയില്‍ നിന്നും സിപിഎം സീറ്റ് ഏറ്റെടുത്തുവെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു സ്ഥാനം. ബിജെപിയാകട്ടെ കെ ജി മാരാര്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടു വന്നു. രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഓരോ തവണയും അവര്‍ വോട്ട് കൂട്ടിക്കൊണ്ടിരുന്നു. 2001-ല്‍ മഞ്ചേശ്വരത്ത് മറ്റൊരു ചരിത്രം കൂടി പിറന്നു. സികെ പത്മനാഭന്‍ എന്ന കരുത്തനെ ബിജെപി ഇറക്കിയിട്ടും ചെര്‍ക്കളം 13,115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ആദ്യമായിട്ടായിരുന്നു ആ മണ്ഡലത്തിലെ ഭൂരിപക്ഷം പതിനായിരം കടക്കുന്നത്.
2006-ല്‍ ഒരു ട്വിസ്റ്റ് സംഭവിച്ചു. അന്നു വരെ ചിത്രത്തില്‍ ഇല്ലായിരുന്ന സിപിഎം സി എച്ച് കുഞ്ഞമ്പുവിലൂടെ മഞ്ചേശ്വരം പിടിച്ചു. മണ്ഡലത്തില്‍ സിപിഎമ്മിന് പറയാവുന്ന ഏക വിജയം. എന്നാല്‍ ഈ വിജയം സിപിഎമ്മിന്റെ രാഷ്ട്രീയ വിജയമോ, കുഞ്ചമ്പുവിന്റെ വ്യക്തിഗത നേട്ടമോ ആയിരുന്നില്ല. ലീഗില്‍ തന്നെ ചെര്‍ക്കളത്തോട് ശക്തമായിരുന്ന എതിര്‍പ്പായിരുന്നു. ഒന്നാമതുണ്ടായിരുന്ന ലീഗ് മൂന്നാം സ്ഥാനത്തേക്കും, അവിടെ നിന്നും സിപിഎം ഒന്നാമതും വന്നപ്പോഴും ബിജെപിക്ക് ഇളക്കം തട്ടിയില്ല.
2011-ല്‍ ചെര്‍ക്കളത്തെ മാറ്റി പി.ബി അബ്ദുള്‍ റസാഖിനെ ലീഗ് കൊണ്ടുവന്നു. കെ.സുരേന്ദ്രന്‍ ആദ്യമായി മഞ്ചേശ്വരത്ത് എത്തുന്നു. സിറ്റിംഗ് എംഎല്‍എ കുഞ്ഞമ്പുവും സിപിഎമ്മും വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പോയ ആ മത്സരത്തില്‍ ലീഗ് സീറ്റ് തിരിച്ചു പിടിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. വെറും 89 വോട്ടിനാണ് അവര്‍ക്ക് വിജയം നഷ്ടപ്പെട്ടത്.
2019-ല്‍ സിറ്റിംഗ് എംഎല്‍എ അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാല്‍ ഇത്തവണ സുരേന്ദ്രന്‍ മത്സരിക്കാന്‍ വന്നില്ല. പകരം രവീശ തന്ത്രി കുണ്ടാര്‍ വന്നു. ബിജെപി പിന്നാക്കം പോയ മത്സരം. എം സി ഖമറുദ്ദീന്‍ ഏഴായിരത്തില്‍പരം വോട്ടുകള്‍ക്ക വിജയിച്ചു.
2021-ല്‍ കളം വീണ്ടും മാറി. ഖമറുദ്ദീന് പകരം എംകെഎം അഷ്‌റഫിനെ ലീഗ് ഇറക്കി. സുരേന്ദ്രന്‍ വീണ്ടും വന്നു(രണ്ട് മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിച്ചത് കോന്നിയിലും മഞ്ചേശ്വരത്തും). സംസ്ഥാനം കണ്ട ഏറ്റവും വാശിയേറിയൊരു പോരാട്ടത്തില്‍ 745 വോട്ടിന് സുരേന്ദ്രന്‍ വീണ്ടും തോറ്റു.
മഞ്ചേശ്വരത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. ആ മണ്ഡലത്തില്‍ ഏറ്റവുമധികം തവണ മത്സരിച്ചതും(6 തവണ) വിജയിച്ചതും(4 തവണ) ചെര്‍ക്കളം അബ്ദുള്ളയാണ്. ചെര്‍ക്കളം പക്ഷേ കാസറഗോഡ് മണ്ഡലത്തില്‍ നിന്നുള്ളയാളാണ്. സിപിഎമ്മിന്റെ ഏക എംഎല്‍എയായ കുഞ്ഞമ്പുവും കാസറഗോഡ് മണ്ഡലംകാരനാണ്. എ സി ഖമറുദ്ദീനും കാസറഗോഡ് മണ്ഡലത്തില്‍ നിന്നാണ്. വിജയിപ്പിച്ചിട്ടില്ലെങ്കിലും ഓരോ തവണയും വോട്ട് കൂട്ടി കിട്ടുന്ന കെ സുരേന്ദ്രന്‍ കോഴിക്കോട്ടുകാരനാണ്. അതേസമയം സ്വന്തം മണ്ഡലത്തിലുള്ളവരോട് ഇതേ സ്‌നേഹം കാണിക്കുന്നതുമില്ല. അബ്ദുള്‍ റസാഖ് മഞ്ചേശ്വരം മണ്ഡലം കാരനാണ്, 89 വോട്ടിനാണ് വിജയിപ്പിച്ചത്. എകെഎം അഷ്‌റഫും ഇവിടുത്തുകാരനാണ്, ആയിരത്തില്‍ താഴെ വോട്ടിനാണ് വിജയിപ്പിച്ചത്. ഇത്തവണ ഈയൊരു സ്വഭാവം മഞ്ചേശ്വരം മാറ്റുമോ അതോ തുടരുമോ എന്നു കൂടി അറിയണം.
ഇത്തവണ സുരേന്ദ്രന്‍ വിജയിച്ചാല്‍ മണ്ഡലം വീണ്ടുമൊരു ചരിത്രം എഴുതും. 87 മുതല്‍ തുടങ്ങിയ പോരാട്ടത്തിനൊടുവില്‍ ബിജെപി അവരുടെ ആദ്യ വിജയം കുറിക്കും. എന്തായാലും കേരളത്തിലെ 140 മണ്ഡലങ്ങളിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് മഞ്ചേശ്വരത്ത് തന്നെയായിരിക്കും. അതുകൊണ്ട് ഇത്തവണയും ചരിത്രത്തിലേക്ക് രേഖപ്പെടുത്താനുള്ളൊരു കൗതുക വാര്‍ത്ത മഞ്ചേശ്വരം കാത്തുവച്ചിട്ടുണ്ടാകും, തീര്‍ച്ച.
കടപ്പാട്; നിസാര്‍ പെറുവാഡ്
Content Summary: Political and electoral history of the Manjeshwar Legislative Assembly constituency.
This post was last modified on April 4, 2026 12:53 pm
Leave a Comment