തിരഞ്ഞെടുപ്പ് ‘ഡീലും’ 1991 ലെ പാഴായ പരീക്ഷണവും

ഇത്തവണയും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സിപിഎമ്മിനെതിരേയും സിപിഎം തിരിച്ചും സമാന ആരോപണം നടത്തുകയാണ്

kerala assembly election 2026-political deal

ഏതു തിരഞ്ഞെടുപ്പ് കാലത്തും ഇടത്-വലത് മുന്നണികള്‍ പരസ്പരം ഉയര്‍ത്തുന്ന ആരോപണമാണ് ‘ ബിജെപി ബാന്ധവം’. ബിജെപി വോട്ട് നിര്‍ണായകമായ മണ്ഡലങ്ങളില്‍ അവരുടെ വോട്ട് വാങ്ങിക്കുന്നുവെന്നായിരുന്നു പരസ്പരമുള്ള കുറ്റപ്പെടുത്തല്‍. ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിച്ചതോടെ ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ഡീല്‍ ആയി പരിണമിച്ചു. ഒരിടത്ത് ബിജെപി സഹായിച്ചാല്‍, മറ്റൊരിടത്ത് ബിജെപിയെ സഹായിക്കും. 1990 കളുടെ ആരംഭം മുതല്‍ തുടങ്ങിയ ഈ ‘സഹായം’ വെറും രാഷ്ട്രീയ ആരോപണം മാത്രമല്ല. പല വെളിപ്പെടുത്തലുകളിലൂടെയും, വോട്ട് കണക്കുകളിലൂടെയും അത് തെളിയിക്കപ്പെടുകയും ചെയ്തു.

ഇത്തവണയും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സിപിഎമ്മിനെതിരേയും സിപിഎം തിരിച്ചും സമാന ആരോപണം നടത്തുകയാണ്. പാലക്കാട് മണ്ഡലത്തിലാണ് പ്രധാനമായും ഡീല്‍ ആക്ഷേപം ശക്തമായിരിക്കുന്നത്.

ചരിത്രം തിരയുമ്പോള്‍ ബിജെപി ബാന്ധവം ആദ്യം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് കോ-ലീ-ബി (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യം എന്ന പേരിലാണ്. 1991ല്‍ ആണ് ഈ സഖ്യം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. വടകരയിലും ബേപ്പൂരും രൂപപ്പെട്ട സഖ്യം അന്നു മുതല്‍ കേരള രാഷ്ട്രീയത്തിലെ ചര്‍ച്ച വിഷയമാണ്.

1991 ഏപ്രില്‍ അഞ്ചിന് കേരള നിയമ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയ്യാറാകുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ഭരണത്തിലുണ്ടായിരുന്ന ഇകെ നായനാര്‍ സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടു ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തും തിരഞ്ഞെടുപ്പും നടത്താന്‍ തീരുമാനിക്കുന്നത്. തൊട്ടുമുന്‍പ് നടന്ന ജില്ലാ കൗണ്‍സില്‍ തിരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വമ്പിച്ച വിജയവും, തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മുസ്ലിം ലീഗ് യുഡിഎഫ് വിട്ടതുമൊക്കെയായിരുന്നു ഇങ്ങനെയൊരു തീരുമാനത്തിന് പ്രധാനമായും പ്രേരകമായത്. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്നാണ് മാറി മറിഞ്ഞത്. മുസ്ലിം ലീഗ് മനം മാറി യുഡിഎഫിലേക്ക് തിരിച്ചു വന്നു, രാജ്യത്തെ നടുക്കി രാജീവ് ഗാന്ധി വധിക്കപ്പെട്ടു. എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി.

എന്നാല്‍ രാഷ്ട്രീയ പരാജയം മണത്തിരുന്ന യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി എന്നതാണ് കോ-ലീ-ബി സഖ്യം എന്ന ആരോപണത്തിന്റെ തുടക്കം. ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്‌സഭ മണ്ഡലത്തിലും പൊതുസ്വതന്ത്രരെ ഇറക്കും. കേരളത്തിലാകെ യുഡിഎഫിനെ ബിജെപി പിന്തുണക്കണം, പ്രതിഫലമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപി നേതാവ് കെ ജി മാരാര്‍ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. വോട്ടു മറിച്ചുനല്‍കി മാരാരെ വിജയിപ്പിക്കും; ഇതൊക്കെയായിരുന്നു രഹസ്യ ധാരണയായി പറയുന്നത്.

എന്നാല്‍ ഈ സഖ്യ വിവരം പുറത്തറിഞ്ഞു. മുസ്ലിം ലീഗിലെ ചില നേതാക്കളായിരുന്നു പിന്നില്‍. അങ്ങനെ രഹസ്യ ധാരണ അങ്ങാടിപ്പാട്ടായി. ഇടതുപക്ഷം വലിയ പ്രചാരണവും കൊടുത്തു. പിന്നാലെ പ്രതിരോധവുമായി ആരോപണവിധേയരായ മൂന്നു പാര്‍ട്ടികളും രംഗത്തു വന്നു. കോ-ലീ-ബി സഖ്യമെന്നത് സിപിഎമ്മിന്റെ കള്ള പ്രചാരണമാണെന്നവര്‍ തിരിച്ചടിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നു. വടകരയിലും ബേപ്പൂരിലും മഞ്ചേശ്വരത്തും പറഞ്ഞതുപോലെ ഒന്നും നടന്നില്ല. എങ്കിലും നിയമസഭയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടി. കേരള നിയമ സഭയില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ മോഹം വാടിപ്പോയി.

കോ-ലീ-ബി സഖ്യം അവിടം കൊണ്ട് അടഞ്ഞുപോയൊരു ആരോപണമായിരുന്നില്ല. ജന്മഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് ആയിരുന്ന കെ കുഞ്ഞിക്കണ്ണന്‍ കെ ജി മാരാരുടെ മരണ ശേഷം എഴുതിയ ‘കെ ജി മാരാര്‍ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം’ എന്ന പുസ്തകത്തില്‍ 1991ലെ രഹസ്യ ധാരണയെക്കുറിച്ചു ‘പാഴായ പരീക്ഷണം’ എന്ന ശീര്‍ഷകത്തില്‍ ഒരു അധ്യായം എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കുമിടയില്‍ ഒരു സഖ്യധാരണ ഉണ്ടായി എന്നതിനുള്ള കൂടുതല്‍ വിശദമായൊരു വെളിപ്പെടുത്തലായിരുന്നു ആ പുസ്തകം.

1990 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്ത് ബിജെപി സംഘടനാതലത്തില്‍ കൂടുതല്‍ ശക്തമായി എന്ന ചിന്ത അവരുടെ പാര്‍ലമെന്ററി സ്വ്പനത്തിനും ആക്കം കൂട്ടിയിരുന്നു. 1991-ല്‍ സംസ്ഥാനത്തെ ബിജെപിയില്‍ കാതലായ പരിഷ്‌കരണങ്ങള്‍ ഉണ്ടായി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായ പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു. കെ രാമന്‍ പിള്ളയാണ് സംസ്ഥാന പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കെ ജി മാരാര്‍. ദേശീയനേതൃത്വത്തിലുണ്ടായിരുന്ന ഓ രാജഗോപാലിനായിരുന്നു കേരളത്തിന്റെ ചുമതല.

ആരുമായും ചേര്‍ന്ന് ലക്ഷ്യം നേടണമെന്നു ബിജെപി ഉറപ്പിച്ചു. അവര്‍ക്കൊരിക്കലും സിപിഎമ്മുമായി ചേരാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഐക്യജനാധിപത്യ മുന്നണിയുമായി അടുക്കാന്‍ ആലോചിക്കുന്നതെന്ന് കെ കുഞ്ഞിക്കണ്ണന്റെ പുസ്തകത്തില്‍ പറയുന്നു. കോണ്‍ഗ്രസ് മാത്രമല്ല കേരളാ കോണ്‍ഗ്രസ്സും ബിജെപിയുമായുള്ള ധാരണയില്‍ പ്രതീക്ഷവച്ചു. സംശയിച്ചത് ലീഗും ബിജെപിയും തമ്മിലടുക്കുമോ എന്നതിലായിരുന്നു. എന്നാല്‍ ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളേക്കാള്‍ സഹകരണ സമീപനം അവരില്‍ നിന്നുണ്ടായി എന്നു പുസ്തകത്തില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന നിലപാടിലായിരുന്നുവെങ്കില്‍ ബിജെപി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനും തീരുമാനിച്ചു.

മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഓ രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണിയുടെ പിന്തുണ ഉറപ്പാക്കാനും സഖ്യധാരണയില്‍ ഉണ്ടായിരുന്നു. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും ഉറപ്പ് നല്‍കി.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സും എന്‍എസ്എസ്സും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര സീറ്റിലാണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനല്‍കി. അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചര്‍ച്ച നടത്തിയെടുത്ത തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ബിജെപിക്കു കഴിഞ്ഞു.പരമ്പരാഗത വൈരം പോലും മറന്ന് നിശ്ചിത ലീഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കാന്‍ ബിജെപി പ്രവര്‍ത്തിച്ചു. ആ വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളായ കെ ജി മാരാര്‍, ഓ രാജഗോപാല്‍, കെ രാമന്‍പിള്ള എന്നിവര്‍ക്ക് യുഡിഎഫ് വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിചാരിച്ചതൊന്നും നടന്നില്ല. ധാരണയനുസരിച്ചു ബിജെപി പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫില്‍ നിന്നും, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല എന്നാണ് കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളെ അവസാന നിമിഷം അവര്‍ തന്ത്രപൂര്‍വം തോല്‍പ്പിച്ചു. ധാരണയനുസരിച്ചു വോട്ടുചെയ്യാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് അവസാന നിമിഷംവരെ കോണ്‍ഗ്രസ് -ഐ വിഭാഗം വിശ്വസിപ്പിച്ചുവെങ്കിലും നടന്നത് മറിച്ചും.

1991 ല്‍ നിന്നും 2026-ലേക്ക് എത്തുമ്പോള്‍ മൂന്നു പതിറ്റാണ്ടിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വീണ്ടുമൊരു അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും ബിജെപി ബാന്ധവത്തിന്റെ പേരില്‍ ഇടത്-വലത് മുന്നണികളുടെ ആരോപണപ്രത്യാരോപണങ്ങളാണ് പ്രധാന ചര്‍ച്ച എന്നതാണ് കൗതുകം.

Content Summary: Political deal allegations in Kerala Assembly Election and 1991 Congress-League-BJP tie-up. Kerala Assembly Election 2026

This post was last modified on March 24, 2026 9:43 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment