1961-ല്‍, ഏതാണ്ട് ആറ് പതിറ്റാണ്ടിന് മുമ്പേ, ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം വന്നു. പിന്നീട് പലവട്ടം അത് കര്‍ശനമാക്കി. പക്ഷേ പെണ്‍മക്കള്‍ ജനിക്കുന്നതോടെ സ്വര്‍ണം വാങ്ങി തുടങ്ങണമെന്നും സ്വര്‍ണം കൂടുമ്പോള്‍ സ്നേഹം കൂടുമെന്നും ജ്വല്ലറികള്‍ ധാരാളം പരസ്യം ചെയ്തു. പെങ്ങളുടെ വിവാഹം നടത്താന്‍ മറ്റൊരു കുടുംബത്തിനെ മുള്‍മുനയില്‍ നിര്‍ത്തി സ്വര്‍ണത്തിന് കണക്ക് പറയാം എന്ന ലോജിക് ആങ്ങളമാര്‍ക്കുണ്ടായി. അതിസമ്പന്നരുടെ സ്വര്‍ണത്തില്‍ മൂടിയ കല്യാണങ്ങള്‍ വാര്‍ത്തകളാക്കി കൊടുത്ത് മാധ്യമങ്ങളും ഈ ദുഷിച്ച ചക്രത്തിന്റെ ഭാഗമായി. 300 പവനും മൂന്നേക്കര്‍ ഭൂമിയും മേഴ്സിഡസ് കാറുമെന്നൊക്കെ നാട്ടിലെ പണക്കാര്‍ പറയുമ്പോള്‍ പത്തും ഇരുപതും മുപ്പതും പവനൊപ്പിക്കാന്‍ പാവപ്പെട്ടവര്‍ പെടാപ്പാട് പെട്ടു. അതില്ലാതെ കല്യാണമില്ല, അഭിമാനമില്ല, ജീവിതമില്ല. കൊടുക്കുന്ന സ്വര്‍ണത്തിന്റെ മൂല്യമാണ് പെണ്ണുങ്ങള്‍ക്ക്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നാലിലൊന്ന് കഴിഞ്ഞ് നില്‍ക്കുമ്പോഴും സ്ഥിതി ഇത് തന്നെ.
1951-ല്‍ വി.ശാന്താറാം സംവിധാനം ചെയ്ത ‘ദഹേജ്’ (സ്ത്രീധനം) എന്ന സിനിമ മുതല്‍ ഈ സാമൂഹിക അനാചാരം സൃഷ്ടിക്കുന്ന കണ്ണുനീരിന്റെയും ദുരിതങ്ങളുടെ കഥ പലവട്ടം ഇന്ത്യന്‍സിനിമകള്‍ സംസാരിച്ചിട്ടുണ്ട്. പല കഥകള്‍. പല ഭാഷകള്‍. ഭര്‍തൃഗൃഹങ്ങളില്‍ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുന്ന എത്രയോ സ്ത്രീകളുടെ രക്തസാക്ഷിത്വങ്ങള്‍ കൊണ്ടും ഒടുങ്ങാത്ത കദനകഥകള്‍ കൊണ്ടുമൊന്നും നമ്മള്‍ ഒന്നും പഠിച്ചിട്ടില്ല.
ഇതിന്റെ വഴിയിലാണ് ജി.ആര്‍.ഇന്ദുഗോപന്റെ നോവലായ ‘നാലഞ്ച് ചെറുപ്പക്കാ’രില്‍ നിന്ന് വികസിപ്പിച്ചെടുത്ത പൊന്‍മാന്‍ എന്ന സിനിമയും പോകുന്നത്. പൊന്നും മനുഷ്യനുമാണ്, പൊന്മാനല്ല, തലക്കെട്ട്. ഇന്ദുഗോപന്റെ മിക്കവാറും മറ്റ് നോവലുകള്‍ പോലെ കൊല്ലത്താണ് കഥ നടക്കുന്നത്. കൊല്ലത്തെ ലത്തീന്‍ ക്രിസ്ത്യാനികളുടെ ഏറ്റവും സാധാരണ ജീവിതവും ഒരു വിവാഹവും കുറച്ച് മനുഷ്യരുമാണ് ഇതില്‍.
അന്‍വര്‍അലി എഴുതി രശ്മി സതീഷ് പാടിയ കൊല്ലം പാട്ടില്‍ നിന്ന് വളച്ച് കെട്ടലൊന്നുമില്ലാതെ സിനിമ നേരെ കഥയിലേയ്ക്ക് കടക്കും. കൊല്ലത്തെ തീരപ്രദേശത്തുള്ള സ്റ്റെഫിഗ്രാഫ് എന്ന യുവതിക്ക് വയസ് 30 കഴിഞ്ഞു. ആലോചന വന്നിട്ടുണ്ട്, തലവെട്ടിച്ചിറ എന്ന കുപ്രസിദ്ധ തുരുത്തില്‍ ചെമ്മീന്‍ കെട്ട് നോക്കി നടത്തുന്ന മരിയാനോയാണ് പ്രതിശ്രുത വരന്‍. കല്യാണത്തിന് 25 പവന്‍ വേണമെന്നാണ് ശാഠ്യം. പെരുന്നാളിന് മുമ്പ് നടക്കണം. മരിയാനോക്ക് സ്ത്രീധനം വാങ്ങാന്‍ മനസുണ്ടായിട്ടില്ല എന്നാണ് അവന്റെ അമ്മ പറയുന്നത്. പക്ഷേ കെട്ടിയ മൂത്ത പെങ്ങള്‍ക്ക് മൂന്ന് പവന്‍ കൊടുക്കാനുണ്ട്, അനിയത്തിയുടെ കെട്ട് നടത്താനുണ്ട്. അപ്പോ പിന്നെ അതാണ് നാട്ട് നടപ്പ്.
സ്റ്റെഫിയുടെ കല്യാണം വൈകുന്നതില്‍ മനസുരുകുന്നത് ആഗ്നസ് എന്ന അമ്മയ്ക്കാണ്. കടലില്‍ പോകാതെ പാര്‍ട്ടിക്കാരനാണ് എന്ന് സ്വയം പറഞ്ഞ് പള്ളിക്കാരേയും പട്ടക്കാരേയും വെറുപ്പിച്ച് നടക്കനുന്ന മകന്‍ ബ്രൂണോയെ കൊണ്ട് ഒരു ഗുണവുമില്ല. സ്റ്റെഫിയുടേയും ബ്രൂണോയുടേയും അപ്പന്‍ ഉള്ള കാലത്ത് തുറക്കാരേയും നാട്ടുകാരേയും ധാരാളം സഹായിച്ചിട്ടുണ്ട്. അവര്‍ കല്യാണത്തിനും തലേദിവസവുമായി തിരിച്ച് തന്നാല്‍ 25 പവന്‍ സ്വര്‍ണത്തിന്റെ പണം കിട്ടുമായിരിക്കും. എന്നാലും നേരത്തേ തന്നെ സ്വര്‍ണം വേണ്ടേ?
ഈ ബേസിക് സ്റ്റോറിലൈനില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. പി.പി.അജീഷ് എന്ന് പറയുന്ന ഒരുവന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടും. സ്വര്‍ണവും വിവാഹവും ദാരിദ്ര്യവും ഗതികേടും ഒക്കെയുള്ള ഒരു സമൂഹം അതിന്റെ അതിജീവിനത്തിനിണങ്ങിയ പല ഇടപാടുകളും കണ്ടുപിടിക്കും. അതൊരു ജൈവവ്യവസ്ഥയിലെ ആഹാരശൃംഖല പോലെ നിലനില്‍ക്കും. ആ ആഹാര ശൃംഖലയിലെ ഒരു കണ്ണിയാണവന്‍. അജീഷിന്റെ റോളില്‍ ബേസില്‍ തന്റെ കരിയര്‍ ബെസ്റ്റ് എന്ന് നിസംശയം പറയാവുന്ന പെര്‍ഫോമന്‍സ് ആണ്. ബാറില്‍ വന്നിരുന്ന് ആദ്യത്തെ ഡ്രിങ്ക് അടിക്കുന്നത് മുതല്‍ മുതലാളിയുടെ മകന്‍ ഫുട്ബോള് കളിക്കാരനാണ് എന്ന് പറയുമ്പോ പതറിപ്പോകുന്ന ശബ്ദവും ‘എന്റെ മേത്ത് മണ്ണ് പറ്റിയാ നിലക്കെന്താ’ എന്ന് സ്റ്റെഫിയോട് ചോദിക്കുമ്പോഴുള്ള നോട്ടവും കൂവലും അടക്കം എല്ലാം പെര്‍ഫെക്ട്. അജീഷിനെ നമുക്ക് പെട്ടന്ന് മനസിലാകും. ബാഗും കെട്ടിപ്പിടിച്ച് വഞ്ചിയും ചാരി മുറിയിലെ ലൈറ്റണയുന്നതും കാത്ത് അവന്‍ ഇരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ അവനൊപ്പമുണ്ട്.
മനുഷ്യര്‍ ദുഷ്ടരൊന്നുമല്ല. ബ്രൂണോയും മരിയാനോയും വരെ. എടുത്തു ചാട്ടങ്ങളും മണ്ടത്തരങ്ങളുമുള്ള നിസഹായനായ ഒരുവനാണ് ബ്രൂണോ. അനിയത്തിയെ ചെറുപ്പത്തില്‍ എടുത്തുകൊണ്ട് നടന്നിട്ടുണ്ട് എന്നല്ലാതെ അവനെക്കൊണ്ട് യാതൊരു ഗുണവും അവള്‍ക്കും ഉണ്ടായിട്ടില്ല. ആഗ്‌നസ് എന്ന അമ്മയ്ക്ക് ഒരുപകാരവും അവനെ കൊണ്ടില്ല. ഉപദ്രവം ഉണ്ടു താനും. അനന്ത് മന്മഥന്റെ ബ്രൂണോയും സന്ധ്യരാജേന്ദ്രന്റെ ആഗ്‌നസും ഈയടുത്ത് മലയാള സിനിമയില്‍ കണ്ട ഏറ്റവും നല്ല രണ്ട് ക്യാരക്ടറുകളാണ്. ഡയലോഗ് ഡെലിവറിയും നിശബ്ദതയും നോട്ടങ്ങളും മുതല്‍ സകലതും. മകളുടെ കല്യാണം, സ്വര്‍ണം, അഭിമാനം എന്നിങ്ങനെ ഒന്നും ഒരിടത്തും എത്താതെ, ഒരു സഹായവും ലഭിക്കാതെ ആധിയില്‍ നിന്ന് ആധിയിലേയ്ക്കാണ് ആഗ്‌നസ് ഒരോ ചുവടും വയ്ക്കുന്നത്. കല്യാണത്തിന് ആളുകൂടിയാലോ പണം പിരിവ് കിട്ടൂ. വരവില്ല, പരിവില്ല. കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. അപ്പുറത്ത് അറ്റൊരു അമ്മയുണ്ട്. ജയ കുറുപ്പ് അവതരിപ്പിക്കുന്ന ലൂസിയാമ്മ. മരുകളായി വരുന്ന യുവതി കൊണ്ടുവരുന്ന സ്വര്‍ണത്തിലാണ് അവരുടെ ജീവിത്തിന്റെ പ്രതീക്ഷ. ഇളയവളുടെ കല്യാണം. മൂത്തവളുടെ പ്രാരാബ്ധം. എല്ലാത്തിനും ലക്ഷ്യമതാണ്. ആഗ്‌നസിന്റെ ഭാഗത്ത് നിന്നുള്ള കഥയെപ്പോള്‍ വേണമെങ്കിലും ലൂസിയാമ്മയുടെ ഭാഗത്ത് നിന്നുള്ളതുമാകാം. എല്ലാവരും അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒന്ന് തന്നെയാണ്.
ആവേശത്തിലെ അമ്പാനില്‍ നിന്ന് സജിന്‍ ഗോപു മാരിയാനോയിലേയ്ക്ക് എത്തുന്നത് ഗംഭിരമായാണ്. ചിരിയല്ല, ചിരിയില്ലായ്മയാണ് മാരിയാനോയുടെ പൊതു നില. കാത്തുസൂക്ഷിക്കുന്ന ചെമ്മീന്‍കെട്ടിനോട് അവന് കടുത്ത ബന്ധമുണ്ട്. എടുത്ത പണിയോടുള്ള ആത്മാര്‍ത്ഥതയാണ്. ദുഷ്ടനൊന്നുമല്ല. പക്ഷേ ദുഷ്ടനായി മാറാന്‍ പ്രേരിപ്പിക്കുന്നതാണ് ലോകം. ഭാര്യയോട് പ്രത്യേകിച്ച് സ്നേഹമോ വിരോധമോ ഇല്ല. അവള്‍ കൊണ്ടുവന്ന സ്വര്‍ണത്തിന്റെ അവകാശി താനാണ് എന്നാണ് അവന്റെ കണക്ക് കൂട്ടല്‍. കൈകരുത്തില്‍ കാര്യം നേടിയാണ് ശീലം. എന്ന് വച്ച് ഗുണ്ടയോ ക്രിമിനലോ, അല്ല. വെറും ആണാണ്. ആക്ടര്‍ എന്ന നിലയില്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ആവേശത്തില്‍ കണ്ടത് ഒരിക്കലുള്ള അത്ഭുതമല്ല എന്ന് പറയുകയും ചെയ്യുന്നു സജിന്‍ ഗോപു. ലിജോമോളുടെ സ്റ്റെഫി ഗ്രാഫാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇത് അവളുടെ കഥയാണ്. അവളുടെ മേത്തുണ്ടാകേണ്ടതും ഉള്ളതുമായ പൊന്നിനെ കുറിച്ചാണ് ആധിയും പേടിയും. അതിന്റെ മേലാണ് ആണുങ്ങളുടെ നോട്ടം. അതിന്റെ പേരിലാണ് ആണുങ്ങളുടെ പോര്. മഹേഷിന്റെ പ്രതികാരത്തില്‍ നിന്ന് ജയ്ഭീം വഴി പൊന്‍മാനില്‍ വരെ എത്തി നില്‍ക്കുന്ന ലിജോമോളുടെ കരിയര്‍ ഗ്രാഫ് ഉജ്ജ്വലമാണ്.
കുമ്പളങ്ങി നൈറ്റ്സിന്റേയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റേയും ന്നാ താന്‍ കേസ് കൊട്-ന്റേയുമെല്ലാം കലാസംവിധായനായ ജ്യോതിഷ് ശങ്കറിന്റെ ആദ്യ സംവിധാന സംരംഭം വിജയമാണ്. ഒന്ന് തെന്നിയാല്‍ മറ്റൊരു ആണ്‍പോരായി മാറാവുന്ന വിചിത്രമായ ഒരു സാമൂഹ്യജീവിതാഖ്യാനത്തിന്റെ ഞാണിന്മേലാണ് ജ്യോതിഷ് തന്റെ ആഖ്യാനത്തെ ബാലന്‍സ് ചെയ്ത് കൊണ്ട് പോകുന്നത്. ആക്ഷേപഹാസ്യത്തിന്റെ എലമെന്റുകളാകട്ടെ കൃത്യമായി ഫലിക്കുകയും ചെയ്തു. നമ്മുടെ ഏറ്റവും മികച്ച സിനിമാട്ടോഗ്രാഫേഴ്സിലൊരാളായ സാനുജോണ്‍ വര്‍ഗ്ഗീസ്, മണ്‍റോ തുരുത്തിന്റേയും കൊല്ലം പ്രദേശങ്ങളുടേയും പ്രകൃതിയെ കഥയിലേയ്ക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. പൊന്‍മാനിന്റെ മറ്റൊരു പ്ലസ് പോയിന്റ് സുധി സുരേന്ദ്രന്റെ മേക്ക് അപും മെല്‍വി ജെയുടെ കോണ്‍സ്റ്റ്യൂംസുമാണ്. അജീഷിന്റേയും ആഗ്‌നസിന്റെയും ലൂസിയാമ്മയുടേയും സ്റ്റെഫിയുടെയും എല്ലാം മേക്ക്അപും കോസ്റ്റ്യൂമും അതീവശ്രദ്ധയോടെ ഒരുക്കിയിരിക്കുന്നത് കാണാം.
സിനിമ അവസാനിക്കുമ്പോള്‍ സ്ത്രീധനം എന്ന വിഷയത്തില്‍ ‘പൊന്‍മാന്‍’-ന്റെ നിലപാട് എന്താണ് എന്നൊരുപക്ഷേ ചിന്തപോകും. ഇത്തരമൊരു സാമൂഹ്യവിപത്തിനെതിരെ സിനിമയ്ക്ക് വ്യക്തമായ നിലപാടുണ്ടോ? ഇല്ല. അത്തരമൊരു നിലപാടല്ല എന്ന് തോന്നുന്നു സിനിമയുടെ ലക്ഷ്യം. അജീഷ് ചെയ്യുന്നത് ശരിയാണോ? അല്ല. തികച്ചും നിയമവിരുദ്ധമായ ഒരു ഇടപാട് ക്രിമിനലുകളായ ഏതോ ജ്വല്ലറിക്കാരന് വേണ്ടിയാണ് അവന്‍ പണിയെടുക്കുന്നത്. അയാളുടെ അടിവാങ്ങാനും ഇതിന് വേണ്ടി കുത്തുകൊള്ളാനും ജീവന്‍ പണയം വച്ചിറങ്ങാനും അജീഷിനൊരു മടിയില്ല. ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറാണ് എന്ന് പറയും പോലെ ഒരാള്‍. ഏതെങ്കിലും ധാര്‍മ്മിക മൂല്യങ്ങളുണ്ടോ? ഇല്ല. അത് ധാര്‍മ്മിക മൂല്യങ്ങളെ കുറിച്ചുള്ള ചോദ്യോത്തരമല്ല. ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്. അവര്‍ സ്ത്രീധനത്തിനെതിരെ സമരം ചെയ്യുകയല്ല. ആ വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ തന്നെയാണ്. അങ്ങനെയാണോ വേണ്ടത്. അല്ല. പക്ഷേ അതാണ് മനുഷ്യരുടെ ജീവിതം.
ചില നോട്ടങ്ങളില്‍ അജീഷിനേക്കാള്‍ കൊള്ളാവുന്ന ആളാണ് മരിയാനോ. അവന്‍ ശരിയായ ഒരു പണിയെടുത്താണ് ജീവിക്കുന്നത്. പക്ഷേ സ്ത്രീകളെ തല്ലാനോ അവരുടെ സ്വര്‍ണം തട്ടിപ്പറിക്കാനോ മനുഷ്യത്വമില്ലാതെ പെരുമാറാനോ അവന് മടിയില്ല. ഒരുവനെ കുത്തി വീഴ്ത്തി കുറ്റബോധമില്ലാതെ പോകാനും പറ്റും. ഇതൊന്നും ചെയ്യില്ലെങ്കിലും ബ്രൂണോയെ് കൊണ്ട് എന്തേലും ഉപകാരമുണ്ടോ ഇല്ല. വേറെയും കുറേ മനുഷ്യരുണ്ട്. ദീപക് പറമ്പോലിന്റെ ശര്‍മ്മയും രാജേഷ് ശര്‍മ്മയുടെ പള്ളീലച്ചനും പോലെയുള്ളവര്‍. അവരെല്ലാം കൂടിയാണ് നാട് പൂര്‍ത്തിയാകുന്നത്.
പക്ഷേ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കൊല്ലത്തേയ്ക്കാണേല്‍ വാ, എന്ന ക്ഷണത്തില്‍ നാം പങ്കുചേരുന്നു. ശരിതെറ്റുകളുടെ കറുപ്പും വെളുപ്പുമല്ല, ഇതിനിടയില്‍ എത്രയോ നിറങ്ങളുണ്ട് എന്നാണ് സിനിമ പറയുന്നത്. Ponman malayalam movie review by Sreejith Divakaran
Content Summary; Ponman malayalam movie review