കണ്ണൂരിലെ എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടതോടെ കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ആയുധങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് സമാനമായാണ് കണ്ണൂരിലെ ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉത്തരേന്ത്യയില്‍ ജന്മിമാര്‍ക്കും ഫ്യൂഡല്‍ പ്രഭുക്കള്‍ക്കും വേണ്ടി അവരുടെ ഗുണ്ടകളാണ് തോക്കുകള്‍ കൊണ്ട് വോട്ട് പിടിക്കുന്നതെങ്കില്‍ കണ്ണൂരില്‍ പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോംബുകള്‍ കൊണ്ട് കണക്ക് തീര്‍ക്കുകയാണ്.
ഇത്തരത്തില്‍ പിന്നീട് ഉപയോഗിക്കാന്‍ ശേഖരിച്ച് വയ്ക്കുന്നതോ ആരെയെങ്കിലും ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ടതോ ആയ ബോംബുകള്‍ പൊട്ടിത്തെറിച്ച് നിരപരാധികളാണ് പലപ്പോഴും ഇരകളാകുന്നത്. പുതിയ സംഭവങ്ങളുണ്ടാകുമ്പോള്‍ പഴയ സംഭവങ്ങളും ഇവിടെ ചര്‍ച്ചയാകപ്പെടുന്നുണ്ടെങ്കിലും പുതിയ സംഭവങ്ങള്‍ എക്കാലത്തും ആവര്‍ത്തിക്കപ്പെടുന്ന ദാരുണമായ ചരിത്രമാണ് നമുക്കുള്ളത്. ഇത്തരത്തില്‍ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് നിരവധി ജീവിക്കുന്ന രക്തസാക്ഷികള്‍ നമുക്കുണ്ട്. അമാവാസിയെന്ന ഏഴു വയസ്സുകാരനും അസ്നയെന്ന ആറ് വയസ്സുകാരിയും മലയാളികളുടെ മനസ്സാക്ഷിയിലെ ഒരിക്കലും മായാത്ത ചിത്രങ്ങളാണ്. പ്രതിസന്ധികളില്‍ തളരാതെ ഇരുവരും നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം തിരിച്ചുപിടിച്ചെങ്കിലും സ്ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഇന്നും മനസില്‍ പേറുന്നുണ്ട്. പ്രത്യേകിച്ചും പുതിയ ബോംബ് സ്ഫോടന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍. അസ്ന വധശ്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷിച്ചതും ബിജെപി പ്രവര്‍ത്തകരെയായിരുന്നു. അവരെ ശിക്ഷിച്ചത് കൊണ്ടുമാത്രം അസ്ന(ഇപ്പോള്‍ ഡോക്ടര്‍ അസ്‌ന) അനുഭവിച്ച അല്ലെങ്കില്‍ ഇപ്പോഴും അനുഭവിക്കുന്ന മാനസിക ദുരിതങ്ങള്‍ അവസാനിക്കുന്നുണ്ടോ?
ഇന്ന് പൂര്‍ണചന്ദ്രന്‍ എന്നറിയപ്പെടുന്ന അമാവാസി തന്റെ ജീവിതം നന്മനിറഞ്ഞ ഒട്ടനവധി മനസ്സുകളുടെ സഹായത്താല്‍ കൊണ്ട് കൂടിയാണ് കരുപ്പിടിപ്പിച്ചത്. തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ സീനിയര്‍ ക്ലര്‍ക്കായ പൂര്‍ണചന്ദ്രന് ബോംബ് സ്ഫോടനമെന്ന് കേള്‍ക്കുമ്പോഴേ കണ്ണുകളും ചെവിയും അടയും തന്റെ ഇടതുകൈയില്‍ ഒന്ന് തൊടും. ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാനെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നീട് വാര്‍ത്തകളില്‍ നിന്ന് വായിച്ചെടുത്ത തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ചാണ് പൂര്‍ണചന്ദ്രന്‍ സംസാരിച്ച് തുടങ്ങിയത് തന്നെ.
അച്ഛന്‍ വീടുകളില്‍ ചെന്ന് പൊട്ടിയ പാത്രങ്ങളുടെയും ബക്കറ്റുകളുടെയും ഓട്ട അടച്ച് കൊടുത്ത് അതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും അരിയായും പണമായും അമ്മ പിച്ചെയെടുത്ത് കൊണ്ടുവരുന്നതുമായിരുന്നു അമാവാസിയുടെ കുടുംബത്തിന്റെ വരുമാനം. വളരെ ചെറിയ പ്രായത്തിലേ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ വടകര ആയഞ്ചേരിയിലെത്തിയ അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം അമാവാസിയുടെ അഞ്ചാമത്തെ വയസ്സില്‍ നാഥനില്ലാതായി. അതോടെ ഒന്നാം ക്ലാസ് മാത്രം പൂര്‍ത്തിയാക്കിയ അമാവാസിക്ക് പഠനം നിര്‍ത്തേണ്ടി വന്നു.
കണ്ണൂരിനടുത്ത് കല്ലിക്കണ്ടിയില്‍ അമാവാസിയുടെ മൂത്ത ജ്യേഷ്ഠന്‍ മണികണ്ഠന്‍ ആക്രി പെറുക്കി ജീവിക്കുന്നുണ്ടായിരുന്നു. അമ്മയെയും അമാവാസിയെയും ഇയാള്‍ തനിക്കൊപ്പം കൂട്ടി. അമാവാസിയും ചേട്ടനൊപ്പം ആക്രി പെറുക്കാനിറങ്ങി. ആ ആക്രി പെറുക്കലിനിടെയായിരുന്നു അമാവാസിയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. 1998 ഒക്ടോബര്‍ 26നുണ്ടായ ആ സംഭവം പൂര്‍ണചന്ദ്രന്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
‘തോളില്‍ ഒരു ചെറിയ ചാക്കുമായി കല്ലിക്കണ്ടിയില്‍ തൂവക്കുന്നിലേക്കാണ് ഞാനന്ന് പോയത്. ഇടതു വശത്ത് ഒരു കടത്തിണ്ണയില്‍ ഒരു സ്റ്റീല്‍ പാത്രം ഇരിക്കുന്നത് കണ്ടു. ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലിന്റെ സ്വഭാവം കൊണ്ട് വിറ്റാല്‍ കാശ് കിട്ടോമോയെന്ന് ഏഴ് വയസ്സുകാരന് മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാനുള്ള ബോധം ഉണ്ടാകില്ലല്ലോ? ആ പാത്രമെടുത്ത് ചാക്കിലിട്ടു. കല്ലിക്കണ്ടിയില്‍ ഉമ്മറിക്കയുടെ ആക്രിക്കടയിലെത്തിയാണ് ചാക്ക് തുറന്ന് പാത്രം പുറത്തെടുത്തെടുത്തത്. ഏകദേശം പന്ത്രണ്ട് മണിയായിരുന്നു. ഇടതുകൈയില്‍ സ്റ്റീല്‍പാത്രം പിടിച്ച് വലതുകൈ കൊണ്ട് ചുറ്റികവച്ച് തല്ലിപ്പൊട്ടിക്കാനാണ് നോക്കിയത്. മൂന്നാമത്തെ അടിക്ക് വലിയ ശബ്ദത്തോടെ പാത്രം പൊട്ടിത്തെറിച്ചു. അപ്പോള്‍ത്തന്നെ ഇടതുകൈ തെറിച്ച് പോയി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത് പോലുമില്ല. പിന്നീട് കുറെനാളുകള്‍ കഴിഞ്ഞ് അന്നത്തെ പത്രവാര്‍ത്തകളില്‍ നിന്നാണ് എനിക്ക് സംഭവിച്ച ദുരന്തം എന്തായിരുന്നെന്ന് മനസ്സിലാക്കിയത്.
രക്തത്തില്‍ കുളിച്ച് കിടന്ന എന്റെയടുത്തേക്ക് വരാന്‍ പോലും ആളുകള്‍ ഭയന്നു. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ശാന്തമ്മയെന്ന അമ്മയാണ് ഓടിവന്ന് എടുത്തത്. കൈയ്ക്കൊപ്പം കണ്ണുകള്‍ക്കും പരിക്കേറ്റു. വയറിനുള്ളിലേക്കും ബോംബിന്റെ ചീളുകള്‍ തെറിച്ച് കയറിയിരുന്നു. ബിജു എന്നൊരു ചേട്ടനാണ് അന്നെന്നെ ഓടിവന്ന് വണ്ടിയിലേക്ക് കയറ്റിയത്. പാനൂരിലെ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ അവിടെ ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. അന്നത്തെ പത്രങ്ങളെഴുതിയത് പോലെ അഞ്ച് മിനിറ്റിന്റെ പുനര്‍ജന്മമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എനിക്കുണ്ടായത്. ഏകദേശം മൂന്ന് മാസത്തോളം അവിടെ കിടന്നു.
കൈയുടെ കാര്യം ആളുകള്‍ പറഞ്ഞ് എനിക്ക് മനസ്സിലായിരുന്നു. രണ്ട് കണ്ണും കാണാനാകുന്നുണ്ടായിരുന്നില്ല. ഇടതു കണ്ണാണ് ആദ്യം ക്ലിയര്‍ ചെയ്തത്. അതിലൂടെ മുകളില്‍ ഫാന്‍ കറങ്ങുന്നത് മാത്രമാണ് കാണാനാകുമായിരു്ന്നത്. ആ കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്. മൂത്രമൊഴിക്കാനൊക്കെ പോകുമ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായ കാര്യം മനസ്സിലാക്കിയത്.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ സമയത്താണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ടീച്ചറെന്നെ മടിയിലിരുത്തി എന്റെ കൈ ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കുന്നതിന്റെ ഫോട്ടോ സഹിതമുള്ള വാര്‍ത്തകള്‍ അന്നത്തെ പത്രങ്ങളിലൊക്കെ വന്നിരുന്നു. പത്രങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നത് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ(ഇപ്പോള്‍ സായിഗ്രാമം എന്നാണ് അറിയപ്പെടുന്നത്. തോന്നയ്ക്കല്‍ ആസ്ഥാനമായി നിരവധി ഓര്‍ഫനേജുകളും വൃദ്ധസദനങ്ങളും എന്നെപ്പോലെ നിരാലംബരായി പോയവര്‍ക്ക് കൈത്താങ്ങുമായി പ്രവര്‍ത്തിക്കുന്നുണ്ട്.) എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.എന്‍ ആനന്ദ്കുമാര്‍ ശ്രദ്ധിക്കുകയും അദ്ദേഹം വന്ന് എന്റെ അമ്മയോട് എന്നെ ദത്തെടുക്കാനുള്ള താല്‍പര്യം പറയുകയും ചെയ്തു. എത്രവലിയ ദുരിതത്തിലാണെങ്കിലും മക്കളെ ഉപേക്ഷിക്കാന്‍ ഒരമ്മയും തയ്യാറാകില്ലല്ലോ… എന്റെ അമ്മയ്ക്കുമുണ്ടായിരുന്നു ആ പ്രശ്നം. എങ്കിലും പഠിപ്പിക്കാനാണെന്നൊക്കെ പറഞ്ഞപ്പോള്‍ അമ്മ സമ്മതിക്കുകയായിരുന്നു. കടത്തിണ്ണകളിലും പഞ്ചായത്ത് വരാന്തകളിലുമൊക്കെയാണ് അന്ന് ഞങ്ങള്‍ കിടന്നുറങ്ങിയിരുന്നത്.
കല്ലിക്കണ്ടിയില്‍ നിന്നും അന്നത്തെ കണ്ണൂര്‍ കളക്ടറായിരുന്ന കെ.ആര്‍ ജ്യോതിലാല്‍ ഐ.എ.എസിന്റെ അടുത്തേക്കാണ് അവരെന്നെ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ സമക്ഷത്തില്‍ വച്ചാണ് അവരെന്നെ ദത്തെടുത്തത്. അദ്ദേഹം തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ജോലി ഉത്തരവിലും ഒപ്പുവച്ചതെന്ന ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവിടെ നിന്നും കൊല്ലം സായ്നികേതനിലേക്കാണ് കൊണ്ടുപോയത്. 1999ല്‍ സായിനികേതന്‍ കുട്ടികളുടെ വേനല്‍മഴക്കാല ക്യാമ്പ് നടത്തിയപ്പോള്‍ അതില്‍ ഞാന്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിനടുത്ത് ഭാരതീയ വിദ്യാഭവനില്‍ വച്ചാണ് എല്ലാവര്‍ഷവും ക്യാമ്പ് നടക്കുന്നത്. വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കലാപരിപാടികള്‍ നടത്തും. ക്യാമ്പിന്റെ അവസാന ദിവസം വെല്ലിംഗ്ടണ്‍ സാറും ജെ. ലളിതാംബിക ഐ.എ.എസ് മാഡം, പി ഗോവിന്ദപ്പിള്ള സാറ് തുടങ്ങിയവരൊക്കെയായിരുന്നു. സമ്മാനദാനത്തിനിടയില്‍ ഒന്നാം സമ്മാനം അമാവാസി, കൊല്ലം സായ്നികേതന്‍ എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും അത് ശ്രദ്ധിച്ചു. കാരണം, എന്റെ ജീവിതത്തിലെ ആ ദുരന്തമുണ്ടായിട്ട് അപ്പോള്‍ അധികം കാലമൊന്നുമായിരുന്നില്ല. അതിനാല്‍ തന്നെ എന്റെ പേരും ആ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകളും എല്ലാവരുടെയും ഓര്‍മ്മയിലുണ്ടായിരുന്നു. അപ്പോഴാണ് ഈ പേര് മാറ്റണമല്ലോയെന്ന ചിന്ത എല്ലാവരിലും വരുന്നത്. ലളിതാംബിക മാഡമാണ് പൂര്‍ണചന്ദ്രന്‍ എന്ന പേര് നിര്‍ദ്ദേശിക്കുന്നത്. പി ഗോവിന്ദപ്പിള്ള സാര്‍ അത് വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അന്നുമുതല്‍ ഞാന്‍ പൂര്‍ണചന്ദ്രനാണ്.’
13 വയസ്സായപ്പോഴേക്കും പൂര്‍ണചന്ദ്രനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. കൊല്ലം എംഎല്‍പി സ്‌കൂളിലും കടവൂര്‍ സ്‌കൂളിലും തേവള്ളി സ്‌കൂളിലുമായി നടത്തിയ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്തെത്തിയപ്പോള്‍ കുലശേഖരം സ്‌കൂളിലും വട്ടിയൂര്‍ക്കാവ് സ്‌കൂളിലുമായി. സായ്ഗ്രാമം തോന്നയ്ക്കലില്‍ ആസ്ഥാനം നിര്‍മ്മിച്ചപ്പോള്‍ പ്ലസ് ടു വിദ്യാഭ്യാസം തോന്നയ്ക്കലിലായി. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്ന അതുല്യ സംഗീതജ്ഞന്റെ കീഴില്‍ സംഗീതം പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കടവൂര്‍ സന്തോഷ് ശിവന്‍ എന്ന ഗുരുവിന് കീഴിലാണ് സംഗീത പഠനം ആരംഭിച്ചത്.
2008ല്‍ എസ്.പി ബാലസുബ്രഹ്‌മണ്യം സായ്ഗ്രാമം സന്ദര്‍ശിച്ചതോടെ പൂര്‍ണചന്ദ്രന്റെ ജീവിതത്തില്‍ വീണ്ടും വഴിത്തിരിവുണ്ടായി. സായൂജ്യം വൃദ്ധസദനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്. അന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചത് പൂര്‍ണ്ണചന്ദ്രനായിരുന്നു. അദ്ദേഹം പൂര്‍ണ്ണചന്ദ്രനെക്കുറിച്ച് അന്വേഷിക്കുകയും കഥകളെല്ലാം അറിഞ്ഞ ശേഷം ആനന്ദ്കുമാറിനോട് ഇയാളെ സംഗീത കോളേജില്‍ അയച്ച് തന്നെ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. സായ്ഗ്രാമത്തില്‍ യേശുദാസ്, പി. സുശീല എന്നിവര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവര്‍ക്കൊപ്പം പാടാനും പൂര്‍ണചന്ദ്രനായി. പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സംഗീത കോളേജില്‍ അഡ്മിഷന് ശ്രമിച്ചു. കീര്‍ത്തനങ്ങളൊക്കെ പാടിയും പ്ലസ്ടു യോഗ്യതയും വച്ച് അഡ്മിഷന് യോഗ്യതയുണ്ടായിരുന്നെങ്കിലും അവിടെയും ഒരു വലിയ വെല്ലുവിളിയുണ്ടായിരുന്നെന്ന് പൂര്‍ണചന്ദ്രന്‍ പറയുന്നു.
‘സംഗീത കോളേജില്‍ വോക്കല്‍, വീണ, വയലിന്‍, മൃദംഗം, നൃത്തം എന്നിങ്ങനെ അഞ്ച് വിഷയങ്ങളാണ് എടുക്കാനാകുന്നത്. ഇതിലൊന്ന് മുഖ്യവിഷയമായി എടുക്കാം. എന്നാല്‍ അതോടൊപ്പം തന്നെ ഇതിലേതെങ്കിലും ഒന്ന് സബ് ആയും എടുക്കണം. വോക്കലാണ് ഞാനെടുത്ത മെയിന്‍. വീണ, വയലിന്‍, മൃദംഗം എന്നിവയിലേതെങ്കിലുമാണ് സബ് ആയി എടുക്കേണ്ടത്. ഇടതുകൈ ഇല്ലാത്ത ഞാനെങ്ങനെ ഈ മൂന്ന് ഇന്‍സ്ട്രുമെന്റുകളും ഉപയോഗിക്കും? സായ്ഗ്രാമത്തിലെ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരെല്ലാം ആനന്ദ്കുമാര്‍ അങ്കിളിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി സാറിനെ കണ്ട് പ്രത്യേക അനുമതി വാങ്ങിയാണ് അഡ്മിഷന്‍ നേടാനായത്. എനിക്ക് മാത്രമല്ല അതിന്റെ ഗുണം കിട്ടിയത്. അംഗപരിമിതിയുള്ള എല്ലാവര്‍ക്കും സബ് ആയി ഇന്‍സ്ട്രുമെന്റ് തെരഞ്ഞെടുക്കേണ്ടതില്ലെന്നാണ് ഉത്തരവിറക്കിയത്.’
2011ല്‍ സംഗീത കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് പൂര്‍ണചന്ദ്രന്റെ ജീവിതത്തില്‍ അടുത്ത ടേണിംഗ് പോയിന്റുണ്ടാകുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി സത്യസായി ബാബയുടെ സമാധിദിനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അത്. മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു അത്. പൂര്‍ണ്ണചന്ദ്രനും സുഹൃത്തുക്കളും മാറിയും തിരിഞ്ഞും തുടര്‍ച്ചയായി ഭജന പാടുന്നുണ്ടായിരുന്നു. ഇതില്‍ ആദ്യദിവസമായിരുന്നു ഉമ്മന്‍ ചാണ്ടി എത്തിയത്. ഭജന പാടുന്ന ഒരു കൈയില്ലാത്ത പൂര്‍ണചന്ദ്രനെ അദ്ദേഹം ശ്രദ്ധിക്കുകയും തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്തു. പിന്നീട് പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം പ്രസംഗിച്ചപ്പോള്‍ താന്‍ അധികാരത്തിലെത്തുമ്പോള്‍ പൂര്‍ണചന്ദ്രന് ജോലി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. അപ്പോഴും പൂര്‍ണചന്ദ്രന് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗറിലെ മത്സരാര്‍ത്ഥിയായിരുന്നു പൂര്‍ണചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ സായ്ഗ്രാമത്തിന്റെ വൃദ്ധസദനം ആരംഭിച്ചതും ഇതേകാലത്താണ്. നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കൊടുത്ത വീടാണ് സായൂജ്യത്തിന്റെ പുതുപ്പള്ളിയിലെ വൃദ്ധസദനം. അവിടെയും ഉദ്ഘാടനം ചെയ്യാനെത്തിയത് ഉമ്മന്‍ ചാണ്ടിയും പ്രാര്‍ത്ഥനാ ഗാനം ആലപിച്ചത് പൂര്‍ണചന്ദ്രനുമാണ്. അവിടെ വച്ച് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി പൂര്‍ണചന്ദ്രന്റെ ജോലിക്കാര്യം പ്രഖ്യാപിച്ചു. അതോടെയാണ് ഉറപ്പായത്. പിന്നീടെല്ലാം അതിശയിപ്പിക്കും വിധമായിരുന്നെന്ന് പൂര്‍ണചന്ദ്രന്‍ തന്നെ പറയുന്നു.
‘ആനന്ദ്കുമാര്‍ അങ്കിളിനൊപ്പം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജോലിക്കുള്ള അപേക്ഷ നല്‍കി. 2012ല്‍ മൂന്നാം വര്‍ഷം ഡിഗ്രി പരീക്ഷ എഴുതി നില്‍ക്കുമ്പോഴാണ് അപേക്ഷ നല്‍കിയത്. രണ്ടാം മാസം ഞാന്‍ പഠിച്ച തിരുവനന്തപുരം സംഗീത കോളേജില്‍ തന്നെ ക്ലര്‍ക്കായി ഞാന്‍ ജോലിയില്‍ കയറി. ഒരു അക്കാദമിക് ഇയറില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അടുത്ത അക്കാദമിക് ഇയറില്‍ അതേ കോളേജില്‍ ക്ലര്‍ക്കായി എത്തി. ഒരു മധ്യവേനലവധിയുടെ ഇടവേള മാത്രമായിരുന്നു ഇതിനുണ്ടായിരുന്നു. ടി.സി വാങ്ങാനെത്തിയ എന്റെ കൂട്ടുകാരെല്ലാം അമ്പരന്ന് പോയി. അവര്‍ക്കൊക്കെ, എന്തിന് എന്റെ പോലും ടി.സി ഞാന്‍ തന്നെയാണ് എഴുതിയത്.’
ഇപ്പോള്‍ ജീവിതം സുഖകരമായി മാറിയെങ്കിലും പല രാത്രികളിലും ഏഴാം വയസ്സില്‍ തന്റെ ഇടതുകൈയില്‍ നിന്ന് കേട്ട സ്ഫോടനത്തിന്റെ ശബ്ദം ഞെട്ടിക്കുന്നുണ്ടെന്നാണ് പൂര്‍ണചന്ദ്രന്‍ പറയുന്നത്. എവിടെയെങ്കിലും ബോംബ് സ്ഫോടനം നടന്നുവെന്ന വാര്‍ത്ത കാണുമ്പോള്‍ ആ ഞെട്ടല്‍ ഇരട്ടിയാകും. പൂര്‍ണചന്ദ്രനെ അംഗപരിമിതനാക്കിയ ബോംബ് സ്ഫോടനത്തിന് ശേഷമാണ് അസ്നയ്ക്ക് പരിക്കേല്‍ക്കുന്നത്. അസ്നയ്ക്ക് ആത്മവിശ്വാസം നിറയ്ക്കാന്‍ അക്കാലത്ത് പൂര്‍ണചന്ദ്രന്‍ ആ പെണ്‍കുട്ടിക്ക് ഒരു കത്തെഴുതിയതെല്ലാം അക്കാലത്ത് വാര്‍ത്തയായിരുന്നു. ബോംബ് രാഷ്ട്രീയത്തില്‍ തങ്ങളെപ്പോലുള്ള സാധാരണക്കാരും നിരപരാധികളുമായ ആളുകള്‍ ഇരകളാക്കപ്പെടുന്നത് എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒരു സ്റ്റീല്‍ പാത്രമായോ തേങ്ങയായോ ഒക്കെ പൊട്ടിത്തെറിക്കുന്ന രാഷ്ട്രീയ വൈരാഗ്യത്തിന് മാത്രം യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്ന് പൂര്‍ണചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. എന്നെങ്കിലും അതിനൊരു മാറ്റമുണ്ടാകണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പൂര്‍ണചന്ദ്രന്‍ പറഞ്ഞു.
‘എന്നെ സഹായിക്കാന്‍ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അംഗവൈകല്യങ്ങള്‍ സംഭവിച്ചിട്ട് ആരും സഹായിക്കാനില്ലാതെ ദുരിതമനുഭവിക്കുന്ന ധാരാളം പേര്‍ കാണും. ആരും സഹായിക്കാനില്ലെങ്കിലും തളര്‍ന്ന് പോകാതെ പോരാടുകയാണ് വേണ്ടത്. സാധ്യമായ എല്ലാ വഴികളും നോക്കണം. അസന അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
ആ ബോംബ് സ്ഫോടനമുണ്ടായതുകൊണ്ടാണ് എന്റെ ജീവിതം മാറിമറിഞ്ഞതെന്നും ഇല്ലെങ്കില്‍ സ്‌കൂളില്‍ പോലും പോകാനാകാതെ ആക്രി പെറുക്കി നടക്കുമായിരുന്നുവെന്നൊക്കെ വേണമെങ്കില്‍ ചിന്തിക്കാം. പക്ഷേ, അതെല്ലാം ഒരു നിമിത്തമാണ്. ശ്രീ സത്യസായി ട്രസ്റ്റ് ഏറ്റെടുത്തിരുന്നില്ലെങ്കില്‍ വികലാംഗനായി ആക്രി പെറുക്കി നടക്കുമായിരുന്നു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ കീഴില്‍ സംഗീതം അഭ്യസിക്കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ഒരു സംഗീതജ്ഞനാകാനാകുമായിരുന്നില്ല. എസ്.പി.ബിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ സംഗീത കോളേജില്‍ പഠിക്കുമായിരുന്നില്ല. സലിംറോയി സാര്‍ ചിത്രകല പഠിപ്പിച്ചിരുന്നില്ലെങ്കില്‍ എന്നിലെ ചിത്രകാരനെ ആരും തിരിച്ചറിയില്ലായിരുന്നു. മ്യൂസിയം ആര്‍ട്ട് ഗാലറിയില്‍ അഞ്ച് ചിത്രപ്രദര്‍ശനങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി സാര്‍ സഹായിച്ചിരുന്നില്ലെങ്കില്‍ ഈ ജോലി ലഭിക്കുമായിരുന്നില്ല. എല്ലാത്തിനുമുപരി താങ്ങും തണലുമായി ആനന്ദ്കുമാര്‍ അങ്കിള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത്തെ ഞാനുണ്ടാകുമായിരുന്നില്ല. ഇവരെല്ലാം ചേര്‍ന്നാണ് എനിക്കെന്റെ ജീവിതം നല്‍കിയത്. എനിക്ക് നന്ദി പറയാന്‍ ഇത്തരം നിരവധി പേരുണ്ട്.
ഒരു ബോംബ് സ്ഫോടനമുണ്ടാകുമ്പോള്‍ അതില്‍ പരിക്കേല്‍ക്കുന്നവര്‍ മാത്രമല്ല വേദന അനുഭവിക്കുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ കൂടിയാണ്. എന്റെ കാര്യത്തില്‍ എന്റെ അമ്മയ്ക്കും ചേട്ടനുമൊന്നും താങ്ങാനാകുന്നതിനപ്പുറമായിരുന്നു എന്റെ കിടപ്പ്. സാധാരണക്കാരില്‍ സാധാരണക്കാരെ സംബന്ധിച്ച് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പോലുമാകില്ല. അതോര്‍ത്തെങ്കിലും ബോംബുകള്‍ കൊണ്ട് രാഷ്ട്രീയം സംസാരിക്കുന്ന രീതി നിര്‍ത്താന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലെയായാലും നേതാക്കന്മാരും പ്രവര്‍ത്തകരും തയ്യാറാകണം. പരസ്പരം കുറ്റപ്പെടുത്തുക മാത്രം ചെയ്താല്‍ ഇവിടെയൊന്നും മാറില്ല. ഇനിയും സ്ഫോടനങ്ങളുണ്ടാകുകയും എന്നെ പോലെയുള്ളവര്‍ വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും കുറ്റപ്പെടുത്താന്‍ ഞാനില്ല. കാരണം, ഒരാള്‍ മാത്രമല്ല ഇതിനൊന്നും കാരണം. എങ്കിലും ഇനിയും ബോംബുകൊണ്ട് രാഷ്ട്രീയം പറയാനിറങ്ങുന്നവര്‍ എന്റെ ഈ കൈയിലേക്ക് ഒന്ന് നോക്കൂ.’- പൂര്‍ണചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.
ഒരുകാലത്ത് അനുഭവിച്ച ജീവിതദുരിതങ്ങള്‍മൂലം ആരോഗ്യം പൂര്‍ണ്ണമായും നശിച്ച അമ്മയോടൊപ്പം തിരുവനന്തപുരം മലയിന്‍കീഴിലെ വീട്ടിലാണ് പൂര്‍ണചന്ദ്രന്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഇക്കഴിഞ്ഞ മെയിലാണ് ഇവിടെ വീട് വാങ്ങി താമസം മാറിയത്. ഒരുകാലത്ത് കടത്തിണ്ണകളില്‍ കിടന്നുറങ്ങിയ അമ്മയ്ക്ക് ഈ വാര്‍ദ്ധക്യകാലത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള വീട്ടില്‍ താമസിക്കാനാകുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് പൂര്‍ണചന്ദ്രന്‍ പറയുന്നു. അതാണ് ത്ന്റെയും വലിയ സന്തോഷമെന്നും. ഇവരുടെ ഏറ്റവും ഇളയ മകനാണ് പൂര്‍ണചന്ദ്രന്‍. തിരുപ്പതിയെന്ന സഹോദരന്‍ കൊച്ചിയില്‍ കുടുംബത്തോടൊപ്പം കൂലിപ്പണി ചെയ്ത് ജീവിക്കുന്നു. സ്ഫോടനമുണ്ടായ കല്ലിക്കണ്ടിയില്‍ താമസിച്ചിരുന്ന ചേട്ടന്‍ മണികണ്ഠന്‍ കുറച്ചുനാള്‍ മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മക്കളെ പഠിപ്പിക്കുന്നതും കുടുംബത്തെ സംരക്ഷിക്കുന്നതും പൂര്‍ണചന്ദ്രനാണ്. ചേച്ചി മഹേശ്വരി ആയഞ്ചേരിയില്‍ കുടുംബത്തോടൊപ്പം സ്വന്തം വീട്ടില്‍ ജീവിക്കുന്നു. ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ക്കും നന്മകള്‍ക്കും ഈശ്വരനോട് നന്ദി മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് പൂര്‍ണചന്ദ്രന്‍ പറഞ്ഞു. poorna chandran kannur bomb politics living victim say to stop violence
Content Summary; Poorna chandran kannur bomb politics living victim say to stop violence