ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ വക്താവ് കര്‍ദിനാള്‍ കെവിന്‍ ഫെറലാണ് ഇക്കാര്യം അറിയിച്ചത്. റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിനമേരിക്കന്‍ അധ്യക്ഷനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ജസ്യൂട്ട് (ഈശോ) സഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു അദ്ദേഹം.
ചരിത്രം തിരുത്തിക്കൊണ്ടായിരുന്നു 2013 മാര്‍ച്ച് 13 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നും കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാം മത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. 1272 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു യൂറോപ്പിന് പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലമായി ആശുപത്രിയില്‍ ചികിത്സയിലായി അടുത്തിടെയാണ് വത്തിക്കാനില്‍ മടങ്ങിയെത്തിയത്. ചികിത്സയ്ക്കിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കില്‍ എത്തിയതായി മെഡിക്കല്‍ ടീം അറിയിച്ചിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മാര്‍പാപ്പ ദുഃഖവെള്ളി ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നില്ല.
എക്കാലവും ലളിതജീവിതം ആഗ്രഹിച്ച വ്യക്തിയായിരുന്നു മാര്‍പാപ്പ. അതുകൊണ്ട് തന്നെ വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. രോഗ ബാധിതനായി ഏറെ നാളുകളായി ആശുപത്രിയിലായിരുന്ന മാര്‍പാപ്പ ഒരിടവേളക്ക് ശേഷമായിരുന്നു വിശ്വാസികളെ കണ്ടത്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന അദ്ദേഹം പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. ജോര്‍ജ് മരിയോ ബെര്‍ഗോഗ്‌ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്‌നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.pope francis has died confirm vatican
Content Summary: pope francis has died confirm vatican