2013ൽ മാർപാപ്പ ആയതിന് ശേഷം, സ്വന്തം നാടായ അർജന്റീനയിലേക്ക് ഒരിക്കൽ പോലും പോപ് ഫ്രാൻസിസ് മടങ്ങി വന്നിട്ടില്ല. അർജന്റീനയുടെ സംസ്കാരത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഫുട്ബോളിന്റെയും ടാംഗോ സംഗീതത്തിന്റെയും ആരാധകനായിട്ട് കൂടി മാർപാപ്പ മാതൃരാജ്യത്തേക്ക് മടങ്ങി വരാത്തത് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മാത്രമല്ല, മാർപാപ്പയുടെ ഈ തീരുമാനം നിരവധി അർജന്റീനക്കാരെ വിഷമത്തിലാക്കുകയും അർജന്റീനയിലെ ജനങ്ങളെ അനാഥരാക്കിയതായും ബ്യൂണസ് ഐറിസിലെ നിലവിലെ ആർച്ച് ബിഷപ്പ് ജോർജ് ഇഗ്നാസിയോ ഗാർസിയ കുർവ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
സ്വന്തം രാജ്യത്തെ ആഴത്തിൽ സ്നേഹിച്ച ഒരാൾ, ലോക നേതാവാകേണ്ടി വന്നതിനാൽ ആ രാജ്യത്തുള്ളവർ അനാഥരായി. പോപ്പ് ഫ്രാൻസിസ് ആകാനായി വലിയൊരു കാര്യമാണ് അർജന്റീനക്ക് ത്യജിക്കേണ്ടു വന്നത്, ആർച്ച് ബിഷപ്പ് ജോർജ് ഇഗ്നാസിയോ ഗാർസിയ കുർവ പറഞ്ഞു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെ തുടര്‍ന്നാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ 266-മത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പോപ്പായി തിരഞ്ഞെടുത്തപ്പോൾ ബെർഗോഗ്ലിയോ ഉൾപ്പെടെ അത്ഭുതപ്പെട്ടിരുന്നു. ബിഷപ്പുമാർക്കും കർദ്ദിനാൾമാർക്കും സാധാരണ വിരമിക്കൽ പ്രായത്തേക്കാൾ കൂടുതലായിരുന്നു ബര്‍ഗോളിയോക്ക്. ആയതിനാൽ പല വിദഗ്ധരും അദ്ദേഹത്തിന് പോപ് ആകാനുള്ള സാധ്യതയില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 21, 2025ൽ മരിക്കുന്നത് വരെ, 12 വർഷം പോപ് ഫ്രാൻസിസ് മാർപാപ്പയായി തുടർന്നു.
മാർപാപ്പയുടെ വിയോഗം അർജന്റീനയെ വല്ലാതെ ബാധിച്ചിരിക്കുകയാണെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ പദവികളിൽ ഒന്നിലിരുന്നിട്ട് പോലും വളരെ ലളിതമായ വ്യക്തി ജീവിതമാണ് മാർപാപ്പ നയിച്ചിരുന്നത്. ലോകത്തിന്റെ നന്മയ്ക്ക് വേണ്ടി മുഴുവൻ സമയവും സഭയ്ക്ക് സമർപ്പിച്ചതുകൊണ്ടാണ് അർജന്റീനയിലേക്ക് പോപ്പ് മടങ്ങിവരാതിരുന്നതെന്ന് ബ്യൂണസ് ഐറിസിലെ ജാഗരണ ചടങ്ങിൽ പങ്കെടുത്ത കന്യാസ്ത്രീയായ എലെനിർ റാമസോൾ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കത്തുകളിലൂടെ മാർപാപ്പ എപ്പോഴും അർജന്റീനയെക്കുറിച്ച് അന്വേഷിക്കുമായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത സുഹൃത്തായിരുന്ന ഗുസ്താവോ വെറെയും അറിയിച്ചു. മാർപ്പാപ്പയായിരുന്ന കാലത്ത് അർജന്റീനയ്ക്ക് ചുറ്റുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും പോപ്പ് ഫ്രാൻസിസ് സന്ദർശിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും തന്റെ നാട്ടിലേക്ക് മടങ്ങി വന്നിട്ടില്ല. അതേസമയം, തന്റെ മാതൃരാജ്യത്തിൽ അദ്ദേഹം വളരെയധികം താല്പര്യം പുലർത്തിയിരുന്നുവെന്ന് പോപ്പ് ഫ്രാൻസിസിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
പ്യൂ റിസർച്ച് റിപ്പോർട്ട് അനുസരിച്ച് 2014ൽ അർജന്റീനയിലെ 91% പേർ മാർപാപ്പയുടെ ആരാധകരായിരുന്നു. 2024ൽ അത് 64% ആയി കുറഞ്ഞു. അർജന്റീനയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് പോലും മാർപാപ്പ അർജന്റീനയിലെത്താത്തതിൽ പലരും അമർഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി ഒരിക്കലും ഒരു രാജ്യത്തെയും രാഷ്ട്രീയ നേതാക്കളെയും സന്ദർശിക്കാൻ പോപ്പ് ആഗ്രഹിച്ചിരുന്നില്ലയെന്ന് ഗുസ്താവോ വെറെ പറഞ്ഞു. ഭിന്നതകൾ പരിഹരിച്ച് രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ആവശ്യം വരുമ്പോൾ താൻ രാജ്യം സന്ദർശിക്കുമെന്ന് പോപ്പ് ഫ്രാൻസിസ് അറിയിച്ചിരുന്നുവെന്നും ഗുസ്താവോ വെറെ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ പെറോണിസത്തെ പിന്തുണച്ചിരുന്നുവെന്ന് പലരും വിശ്വസിച്ചിരുന്നു. 2023ൽ പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. സാമൂഹിക നീതിയിലും ഇടതുപക്ഷ ആശയങ്ങളിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ചതിന് യാഥാസ്ഥിതികർ അദ്ദേഹത്തെ വിമർശിച്ചിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വിമർശകനായിരുന്ന ജാവിയർ മിലി അർജന്റീനയുടെ പ്രസിഡന്റാകുന്നതിന് മുമ്പ് ഒരിക്കൽ ഫ്രാൻസിസ് മാർപ്പാപ്പയെ ഭൂമിയിലെ തിന്മയുടെ പ്രതിനിധാനം എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ബ്യൂണസ് ഐറിസിൽ ആർച്ച് ബിഷപ്പായിരുന്നപ്പോൾ അന്നത്തെ രാഷ്ട്രീയനേതൃത്വവുമായി ഫ്രാൻസിസ് മാർപാപ്പ നല്ല ബന്ധത്തിലായിരുന്നില്ലയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് നെസ്റ്റ്‍ കിർച്ചനറുടെയും പിൻഗാമി ഭാര്യ ക്രിസ്റ്റീനയുടെയും ഏകാധിപത്യ നിലപാടുകളോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Summary:‘Pope Francis has orphaned Argentines’; What is the reason behind not visiting the homeland?