April 20, 2025 |
Share on

ഇറാഖില്‍ ഐ എസ് ചാവേറുകള്‍ വധിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി മാര്‍പാപ്പ

മാര്‍പാപ്പയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ സ്പേറയിലാണ് വധശ്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്

2021ലെ ഇറാഖ് സന്ദര്‍ശനത്തിനിടെ തനിക്കെതിരെ വധശ്രമം നടന്നിരുന്നുവെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെയും ഇറാഖ് പോലീസിന്റെയും ഇടപെടല്‍ കാരണമാണ് ചാവേര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ സ്പേറയിലാണ് വധശ്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറ ആത്മകഥയിലെ ചില പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. Pope Francis

ഇറ്റാലിയന്‍ എഴുത്തുകാരനായ കാര്‍ലോ മുസോയുമായി ചേര്‍ന്നാണ് പ്രതീക്ഷയെന്ന് അര്‍ത്ഥം വരുന്ന സ്പേറ എന്ന ആത്മകഥ മാര്‍പാപ്പ എഴുതിയിരിക്കുന്നത്. ജനുവരിയിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. കോവിഡ് രൂക്ഷമായിരിക്കുന്ന സമയമായതിനാല്‍ ഇറാഖിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നും പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത വടക്കന്‍ നഗരമായ മൊസൂളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും തനിക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ യാത്രയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ബാഗ്ദാദില്‍ എത്തിയപ്പോള്‍ തന്നെ ബോംബാക്രമണത്തെക്കുറിച്ച് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഇറാഖ് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസ് ആ വിവരം വത്തിക്കാന്‍ സുരക്ഷാ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. ചാവേറുകളിലൊരാള്‍ ഒരു സ്ത്രീയായിരുന്നു. എന്റെ സന്ദര്‍ശന സമയത്ത് സ്വയം മരിക്കാനുള്ള ഉറച്ച വിശ്വാസത്തോടെയാണ് അവര്‍ അവിടേക്ക് എത്തിയത്. ഇതേ ഉദ്ദേശത്തോടെ ഒരു ട്രക്കും അവിടേക്ക എത്തിയിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.

ചാവേറുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ഇറാഖ് പോലീസിനോട് ചോദിച്ചിരുന്നു. അവര്‍ ഇനി ഇവിടെ ഉണ്ടാകില്ലായെന്നാണ് പോലീസ് തന്ന മറുപടി. ഇറാഖ് പോലീസ് അവരെ തടയുകയും അവര്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് യുദ്ധത്തിന്റെ ഫലം, മാര്‍പാപ്പ പറഞ്ഞു.

മൂന്ന് ദിവസം നീണ്ട യാത്രയില്‍ ഇറാഖിലെ ആറ് നഗരങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണത്തിന് കീഴില്‍ 2014നും 2017നുമിടയില്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ അവിടെ നിന്നും പലായനം ചെയ്തുവെന്നും മാര്‍പാപ്പ പറഞ്ഞു. തന്റെ സന്ദര്‍ശന സമയത്ത് പതിനായിരക്കണക്കിന് ഇറാഖ് പോലീസുകാരാണ് തന്റെ സംരക്ഷണത്തിനായി എത്തിയിരുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

പോപ്പിന്റെ മരണശേഷം പുസ്തകം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 2025ല്‍ കത്തോലിക്കക്കാര്‍ ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മുന്‍പ് ഓര്‍മക്കുറിപ്പുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയിട്ടുണ്ടെങ്കിലും ഒരു പോപ്പിന്റെ ആത്മകഥ ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ഇറ്റാലിയന്‍ പ്രസാധകരായ മൊണ്ടാദരി പറഞ്ഞു. 2013ല്‍ മാര്‍പാപ്പയായതിന് ശേഷം 40 വിദേശ യാത്രകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് 12 ദിവസത്തെ ഏഷ്യ-പസഫിക് പര്യടനമാണ്. തിങ്കളാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ കോര്‍സിക്കയിലേക്ക് യാത്ര ചെയ്തിരുന്നു. ഫ്രഞ്ച് മെഡിറ്ററേനിയന്‍ ദ്വീപിലേക്ക് ഒരു പോപ്പ് നടത്തുന്ന ആദ്യത്തെ യാത്രയാണിത്. Pope Francis 

Content summary: Pope Francis revealed that Islamic State suicide bombers attempted to kill him

Pope Francis Islamic State Suicide bombers Assassination attempt

Leave a Reply

Your email address will not be published. Required fields are marked *

×