June 04, 2026 |
Share on

ഏതാനും ഏകാധിപതികള്‍ ചേര്‍ന്ന് ലോകത്തെ നശിപ്പിക്കുന്നു; ലിയോ മാര്‍പാപ്പ

അന്യരാജ്യങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്ന ലോകനേതാക്കളെ മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചു

ഏതാനും ഏകാധിപതികള്‍ ചേര്‍ന്ന് ലോകത്തെ നശിപ്പിക്കുകയാണെന്നും യുദ്ധത്തിനായി ഇവര്‍ കോടിക്കണക്കിന് ഡോളര്‍ ധൂര്‍ത്തടിക്കുകയാണെന്നും മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍. ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തെച്ചൊല്ലി വൈറ്റ് ഹൗസും വത്തിക്കാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കന്‍ വംശജനായ മാര്‍പ്പാപ്പയുടെ ഈ കടുത്ത പരാമര്‍ശം. ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി കാമറൂണിലെ ബമെന്‍ഡയിലുള്ള സെന്റ് ജോസഫ് കത്തീഡ്രലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൊണാള്‍ഡ് ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, അന്യരാജ്യങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്ന ലോകനേതാക്കളെ മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം സൈനിക-സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദൈവത്തിന്റെ പേരും മതവും ദുരുപയോഗം ചെയ്യുന്നവര്‍ വിശുദ്ധമായതിനെ അന്ധകാരത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ചെലവഴിക്കേണ്ട പണം ആയുധങ്ങള്‍ക്കും നാശത്തിനുമായി ഉപയോഗിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ലോകം ഏതാനും സ്വേച്ഛാധിപതികളാല്‍ തകര്‍ക്കപ്പെടുമ്പോഴും സഹോദര്യമുള്ള ഒരു ജനത അതിനെ ചേര്‍ത്തുപിടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുദ്ധവിരുദ്ധ നിലപാട് സ്വീകരിച്ച മാര്‍പ്പാപ്പയെ വിമര്‍ശിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെതിരെ യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി രംഗത്തെത്തി. മതം മാത്രം നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നുമാണ് വാന്‍സ് മാര്‍പ്പാപ്പയോട് പറഞ്ഞിരുന്നത്. എന്നാല്‍, എല്ലാ സമാധാന ശ്രമങ്ങളും പരാജയപ്പെട്ടാല്‍ സ്വയം പ്രതിരോധത്തിനായി മാത്രമേ വാളെടുക്കാവൂ എന്നാണ് സഭയുടെ ‘നീതിയുക്തമായ യുദ്ധം’ എന്ന സിദ്ധാന്തം പഠിപ്പിക്കുന്നതെന്നും മാര്‍പ്പാപ്പ സുവിശേഷമാണ് പ്രസംഗിക്കുന്നതെന്നും ബിഷപ്പുമാരുടെ സമിതി വ്യക്തമാക്കി.

തനിക്ക് ട്രംപിനെ ഭയമില്ലെന്ന് ലിയോ പതിനാലാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും എന്നാല്‍ യുദ്ധത്തിനെതിരെ സംസാരിക്കുകയും സമാധാനത്തിനായി നിലകൊള്ളുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, യേശുക്രിസ്തു തന്നെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചതും ചര്‍ച്ചയായിട്ടുണ്ട്.

വത്തിക്കാനുമായുള്ള തര്‍ക്കം മുറുകുന്നതിനിടെ കത്തോലിക്കാ സഭ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചു. മയാമിയില്‍ കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് അഭയം നല്‍കുന്ന കത്തോലിക്കാ സംഘടനയ്ക്കുള്ള 11 മില്യണ്‍ ഡോളറിന്റെ കരാറാണ് പെട്ടെന്ന് അവസാനിപ്പിച്ചത്. 60 വര്‍ഷത്തിലേറെയായുള്ള ബന്ധമാണ് യുഎസ് സര്‍ക്കാര്‍ അവസാനിപ്പിച്ചതെന്നും ഇത് പ്രതികാര നടപടിയാണെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്‌കി കുറ്റപ്പെടുത്തി. എന്നാല്‍, കുടിയേറ്റക്കാരായ കുട്ടികളുടെ എണ്ണം കുറഞ്ഞതിനാലാണ് ചില പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

Content Summary: Pope Leo XIV the world is being “ravaged by a handful of tyrants. Pope clash with the White House over the US-Israel war on Iran.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×