ബലാത്സംഗ കേസ്: പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മൂവായിരത്തിന് അടുത്ത് വീഡിയോകൾ ‌പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്

മുൻ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജെ.ഡി.എസ് നേതാവും മുൻ എം.പി.യുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ബെംഗളൂരുവിലെ പ്രത്യേക കോടതി. കഴിഞ്ഞ വർഷം കർണാടകയിലെ ഹാസൻ ജില്ലയിൽ രജിസ്റ്റർ ചെയ്ത നാല് ബലാത്സംഗക്കേസുകളിൽ ഒന്നിൽ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, രേവണ്ണയുടെ ലൈംഗിക പീഡനങ്ങളുടെ നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകൾ ഇത്തരത്തിൽ ‌പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഇതിനെത്തുടർന്ന് രേവണ്ണയ്ക്കെതിരെ നാല് ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്.

അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് നേതാവിനെ കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാസനിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയായിരുന്ന രേവണ്ണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ രേവണ്ണ ജർമ്മനിയിലേക്ക് കടന്നെങ്കിലും, മെയ് 31-ന് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) 1,632 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും 113 സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. കേസിലെ പ്രധാന തെളിവുകളായി വീഡിയോകളും ഫൊറൻസിക് തെളിവുകളും കോടതിയിൽ സമർപ്പിച്ചു.

അധികാരം ദുരുപയോഗം ചെയ്ത് ബലാത്സംഗം ചെയ്യുക, ലൈംഗികമായി പീഡിപ്പിക്കുക, ക്രിമിനൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് രേവണ്ണയ്‌ക്കെതിരെ ചുമത്തിയിരുന്നത്.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും, കർണാടക മുൻ മന്ത്രി എച്ച് ഡി രേവണ്ണയുടെ മകനും, കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് രേവണ്ണ.

കഴിഞ്ഞ വർഷം മെയ് 8-ന് ഒരു മധ്യവയസ്‌ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. രേവണ്ണയുടെ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോകളിൽ യുവതിയെ തിരിച്ചറിഞ്ഞതിന് ശേഷം, മെയ് 5-ന് മൈസൂരുവിനടുത്തുള്ള ഒരു ഫാംഹൗസിൽ അവരെ തടങ്കലിൽ വെച്ചിരുന്നു. അവിടെനിന്നാണ് അവരെ രക്ഷപ്പെടുത്തിയത്.

content summary: Prajwal Revanna gets life sentence in rape case

 

 

This post was last modified on August 2, 2025 6:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment