”അവരുടെ പദ്ധതികളൊന്നും നടക്കാത്തതിന് കാരണം അംബേദകറാണ്”

അമിത് ഷായുടെ വിവാദ പരാമര്‍ശത്തിന് പ്രകാശ് അംബേദ്കറുടെ മറുപടി

ഭരണഘടന ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരിഹാസം, ബിജെപിയുടെ പഴയ മാനസികാവസ്ഥയുടെ പ്രതിഫലനം ആണെന്ന് പ്രകാശ് അംബേദ്കര്‍. അദ്ദേഹം(അംബേദ്കര്‍)കാരണം തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ അസ്വസ്ഥത ബിജെപിക്കുണ്ടെന്നും അംബേദ്കറുടെ കൊച്ചുമകനും വഞ്ചിത് ബഹുജന്‍ അഘാഡി(വിബിഎ) പ്രസിഡന്റുമായ പ്രകാശ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപീകരണം അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നതിനാല്‍ ബിജെപിക്ക് മാത്രമല്ല, അവരുടെ മുന്‍ഗാമികളായിരുന്ന ജനസംഘത്തിനും, ആര്‍എസ്എസ്സിനും ഒരിക്കലും അംബേദ്കറെ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പ്രകാശ് അംബേദ്കര്‍ പറയുന്നത്. ബിജെപിക്ക് അംബേദ്കറുടെ കാര്യത്തിലുള്ള പഴയ മാനസികാവസ്ഥ തന്നെയാണ് അമിത് ഷായുടെ വാക്കുകളിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഭ​​ഗവാന്റെയല്ല, അംബേദ്കർ എന്ന പേര് തന്നെയാണ് ഓരോ ഇന്ത്യൻ പൗരനും ഉരുവിടേണ്ടത്’

‘ ഈ പ്രസ്താവനയില്‍ പുതുമയൊന്നുമില്ല. അവരുടെ പദ്ധകളിലൊന്നും നടക്കുന്നില്ല, അത് കോണ്‍ഗ്രസ് കാരണമല്ല, ബാബാസഹേബ് അംബേദ്കര്‍ കാരണമാണ്. അതിന്റെ അസ്വസ്ഥത അവരിലുണ്ട്’ പ്രകാശ് അംബേദ്കര്‍ പറയുന്നു. ഷാ പറയുന്നത് അംബേദ്കറെയല്ല ദൈവത്തെയാണ് ബഹുമാനിക്കേണ്ടതെന്നാണ്, ഭരണഘടനയുടെ പിതാവിനെ അംഗീകരിക്കുകയെന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയെന്നു കൂടി അര്‍ത്ഥമുണ്ടെന്നും, ആഭ്യന്തര മന്ത്രിക്ക് മറുപടിയായി പ്രകാശ് അംബേദ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു. ദൈവത്തെ ആരാധിക്കുന്നത് ‘ മനുവാദം’ സ്വീകരിക്കുന്നതുപോലെയാണെന്നു കൂടി അംബേദ്കറുടെ കൊച്ചുമകന്‍ ഓര്‍മിപ്പിക്കുന്നു.

വലിയ പ്രതിഷേധമാണ്, അമിത് ഷായ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷം ഷായുടെ രാജി ആവശ്യപ്പെടുകയാണ്. അംബേദ്കറോട് മാപ്പ് പറഞ്ഞ്, ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുകയാണ് അമിത് ഷാ ചെയ്യേണ്ടതെന്നാണ് ‘ ഇന്ത്യ’ സഖ്യത്തിന്റെ ആവശ്യം. വ്യാഴാഴ്ച്ച രാവിലെ സഖ്യത്തിലെ പാര്‍ലമെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ബാബാ സാഹേബ് അംബ്ദേകര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകരദ്വാരം വരെയായിരുന്നു മാര്‍ച്ച്.

ചൊവ്വാഴ്ച്ചയാണ് രാജ്യസഭയില്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ” അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് ഉരുവിടുന്നത് ഇപ്പോഴൊരു ഫാഷന്‍ ആയിരിക്കുകയാണ്, അതിന് പകരം ഭഗവാന്റെ നാമം ഉരുവിടുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ ഇടം കിട്ടും” ഇതായിരുന്നു ഷായുടെ വാക്കുകള്‍.’  Prakash Ambedkar’s strong response to Amit Shah’s controversial remarks about B.R. Ambedkar.

Content Summary; Prakash Ambedkar’s strong response to Amit Shah’s controversial remarks about B.R. Ambedkar.

 

This post was last modified on December 19, 2024 2:30 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment