UPDATES

പ്രവാസം

വിദേശ രാജ്യങ്ങളിലെ ജയിലില്‍ 7000-ഓളം ഇന്ത്യക്കാര്‍; പകുതിയും ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍

ആകെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരിലെ 56 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലെ തടവറകളിലാണ്

                       

വിവിധ വിദേശ രാജ്യങ്ങളിലായി 7000-ഓളം ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായി വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബര്‍. 86 ജയിലുകളിലായി തടവില്‍ കഴിയുന്ന ഇവരില്‍ 50-ഓളം വനിതകളുമുണ്ട്. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അക്ബര്‍ ഈ കണക്കുകള്‍ വിശദീകരിച്ചത്. 7,620 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ് പകുതിയിലേറെയും ഇന്ത്യക്കാറുള്ളത്. ഇവരില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലെ ജയിലുകളിലാണ്. ആകെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരിലെ 56 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലെ തടവറകളിലാണ്. സൗദി ജയിലുകളിലുള്ളത് 2,084 പേരാണ്.

സാമ്പത്തിക തട്ടിപ്പ്, പിടിച്ചുപറി, കോഴ എന്നീ കുറ്റങ്ങള്‍ക്കാണ് പലരും തടവിലായത്. മദ്യപിച്ചതിനും മദ്യം വില്‍പ്പന നടത്തിയതിനും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഇവരിലുണ്ട്. സ്ത്രീകളില്‍ അധികപേരും ശ്രീലങ്ക, നേപ്പാള്‍, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ജയിലുകളിലാണ്.

തായ്ലന്‍ഡ്, മലേഷ്യ, സിംഗപൂര്‍, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍ തടവിലുള്ള 500-ഓളം ഇന്ത്യക്കാരില്‍ അധികവും മനുഷ്യക്കടത്ത്, കുടിയേറ്റ വീസാ ചട്ട ലംഘനങ്ങള്‍ തുടങ്ങിയ കുറ്റം ചെയ്തവരാണ്. 546 ഇന്ത്യക്കാര്‍ പാക്കിസ്ഥാന്‍ ജയിലുകളിലുണ്ട്. ഇവരില്‍ അധികം പേരും സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് പിടികൂടപ്പെട്ട മത്സ്യത്തൊഴിലാളികളാണ്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള തടവുകാര്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണെ എന്നീ രാജ്യങ്ങളില്‍ തടവിലുണ്ട്. ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ കുടിയേറ്റം നടക്കുന്ന ഓസ്ട്രേലിയയിലും കാനഡയിലുമായി 115 ഇന്ത്യക്കാരാണ് ജയിലിലുള്ളത്. കൊലപതാകം, ലൈംഗിക പീഡനം, കള്ളപ്പണം വെളുപ്പിക്കല്‍, റോഡപകടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരിലേറെ പേരും പിടിയിലായിട്ടുള്ളത്.

തടവുകാരെ കൈമാറല്‍ നിയമം നടപ്പിലായ ശേഷം 170 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 30 രാജ്യങ്ങളുമായി ഇന്ത്യ തടവുകാരെ കൈമാറല്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ 61 ഇന്ത്യക്കാരെ വിദേശ ജയിലുകളില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍