June 04, 2026 |
Share on

രാത്രി സമയങ്ങളില്‍ ജോലി ചെയ്യിച്ചാല്‍ കരാറുകാര്‍ കുടുങ്ങും

നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രി സമയങ്ങളില്‍ അനുവദിച്ചാല്‍ പിടിവീഴുമെന്ന് മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. രാത്രി സമയങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമം ലംഘിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്‌ലൈനിലോ റോയല്‍ ഒമാന്‍ പൊലിസിലോ പബ്ലിക് പ്രോസിക്യൂഷനിലോ പരാതി നല്‍കണമെന്നും മസ്‌കത്ത് നഗരസഭ അറിയിച്ചു.

ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ സമയത്ത് നിര്‍മാണ ജോലികള്‍ പാടില്ലെന്നാണ് 1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. കെട്ടിടം നിര്‍മിക്കുമ്പോഴും പൊളിക്കുമ്പോഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും അവരുടെ സ്വത്തിന്റെ സംരക്ഷണവും ജീവനക്കാരുടെയുമെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന് മതിയായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന് നിയമത്തിന്റെ 105ാം വകുപ്പും നിഷ്‌കര്‍ഷിക്കുന്നു.

നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനുമതിയില്ലാതെ രാത്രികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

×