കെട്ടിട നിര്‍മ്മാണ സ്ഥലത്ത് കൂട്ടത്തല്ലുണ്ടാക്കിയതിന്റെ പേരില്‍ 61 ഇന്ത്യന്‍ തൊഴിലാളികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ കസാഖ്സ്ഥാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. തലസ്ഥാനമായ അസ്താനയിലാണ് സംഭവമുണ്ടായത്. തിരിച്ചയയ്ക്കുന്ന തൊഴിലാളികളില്‍ 23 പേരടങ്ങുന്ന ആദ്യ സംഘത്തെ ഇന്ന് നാട്ടിലേയ്ക്ക് വിടുമെന്ന് അസ്താന മേയറുടെ ഓഫീസ് അറിയിച്ചു. അസ്താനയിലെ അബുദാബി പ്ലാസ ഹൈറൈസ് ടവറിന്റെ നിര്‍മ്മാണ സ്ഥലത്താണ് കൂട്ടത്തല്ലുണ്ടായത്. തുടര്‍ന്ന് കലാപം നിയന്ത്രിക്കാന്‍ നിയോഗിക്കുന്ന റയട്ട് പൊലീസിനെ രംഗത്തിറക്കിയിരുന്നു.
ഇന്ത്യന്‍ തൊഴിലാളികള്‍ കസാഖ് സ്വദേശിയായ സെക്യൂരിറ്റി ഗാഡിനെ ആക്രമിച്ചതിന് പിന്നാലെയാണ് കൂട്ടത്തല്ലുണ്ടായതെന്നാണ് അസ്താന നഗരസഭ അധികൃതര്‍ പറയുന്നത്. മദ്യപിച്ചെത്തിയ തൊഴിലാളിയെ സൈറ്റിലേയ്ക്ക് കടത്തി വിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ഗാഡിന് നേരെ ആക്രമണമുണ്ടായതെന്ന് പറയുന്നു. കൂട്ടത്തല്ലുണ്ടായെങ്കിലും ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറബ്‌ടെക് ഹോള്‍ഡിംഗ് കമ്പനിയാണ് 75 നില കെട്ടിടമായ ടവര്‍ നിര്‍മ്മിക്കുന്നത്. അറബ് ടെക് കമ്പനിയുമായും യുഎഇ അംബാസഡറുമായും സംസാരിച്ച ശേഷമാണ് കസാഖ് അധികൃതരുടെ നടപടി. പൂര്‍ത്തിയായാല്‍ മധ്യേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ ആയിരിക്കും ഇത്. ഈ വര്‍ഷം അവസാനം നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. 2010ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. പല തവണ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ തീ പിടിത്തമുണ്ടായിരുന്നു.