June 05, 2026 |
Share on

ഗള്‍ഫില്‍ നിന്ന് മൃതദ്ദേഹം നാട്ടില്‍ എത്തിക്കുന്നത്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നോര്‍ക്ക

മാധ്യമങ്ങള്‍ നോര്‍ക്കയുടെ കോള്‍സെന്ററില്‍ വിളിച്ച് പദ്ധതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

പ്രവാസി മലയാളികളുടെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കുന്നത് സംബന്ധിച്ച് പുറത്തു വരുന്ന തെറ്റായ റിപോര്‍ട്ടുകള്‍ക്കെതിരെ വിശദീകരണവുമായി നോര്‍ക്ക. പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കിടയില്‍ പ്രവാസികളുടെ ഉന്നമനത്തിനായാണ് നോര്‍ക്ക റൂട്ട്‌സ് പ്രവര്‍ത്തിക്കുന്നതെന്നും വ്യാജ പ്രചരണങ്ങള്‍ പ്രവാസി മലയാളികള്‍ തിരിച്ചറിയണമെന്നും നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ ആവശ്യപ്പെട്ടു.

2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിലില്‍ മാസം മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അതനുസരിച്ച് ഈ കാര്യത്തിന് വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കേണ്ടതായുണ്ട്. നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ പദ്ധതിയുടെ വിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍സെന്ററില്‍ ലഭ്യമല്ല. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ നോര്‍ക്കയുടെ കോള്‍സെന്ററില്‍ വിളിച്ച് പദ്ധതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

നിലവില്‍ പ്രവാസികളുടെ ഭൗതീക ശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരെ സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് പദ്ധതിയെക്കുറിച്ചും, ഭൗതീക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നല്‍കുന്ന ‘കാരുണ്യം’ പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ മാത്രമേ നോര്‍ക്കയുടെ കോള്‍സെന്ററില്‍ നിന്ന് ലഭ്യമാകുകയുള്ളൂവെന്നും നോര്‍ക്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×