തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്. ശനിയാഴ്ച നടന്ന നിര്‍ണ്ണായകമായ നീക്കങ്ങള്‍ക്കൊടുവില്‍ വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) എന്നീ പാര്‍ട്ടികള്‍ വിജയിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ടി.വി.കെ സഖ്യത്തിന്റെ ആകെ പിന്തുണ 120 ആയി ഉയര്‍ന്നു. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണ്ടയിടത്താണ് 120 എം.എല്‍.എമാരുടെ പിന്തുണയോടെ വിജയ് അധികാരത്തിലേക്ക് നീങ്ങുന്നത്.
വി.സി.കെ അധ്യക്ഷന്‍ തോള്‍ തിരുമാളവന്‍ വൈകുന്നേരം നാലു മണിയോടെയാണ് പാര്‍ട്ടിയുടെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ടി.വി.കെ നേതാവ് ആദവ് അര്‍ജുനയും ഐ.യു.എം.എല്ലും പിന്തുണ സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഒഴിവാക്കാനാണ് വിജയിനെ പിന്തുണയ്ക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ തിരുമാളവന്‍ വ്യക്തമാക്കി. എങ്കിലും തങ്ങള്‍ ഇപ്പോഴും ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ടി.വി.കെ സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് ഒരാളുടെ കുറവുണ്ടായിരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിജയിന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചിരുന്നു. ഇതിനിടെ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരന്‍ ടി.വി.കെക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. തന്റെ പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ കാമരാജിന്റെ പേരില്‍ വ്യാജ പിന്തുണക്കത്ത് നിര്‍മ്മിച്ച് വിജയ് ഗവര്‍ണര്‍ക്ക് നല്‍കി എന്നായിരുന്നു ദിനകരന്റെ ആരോപണം. എന്നാല്‍ ഐ.യു.എം.എല്ലിന്റെയും വി.സി.കെയുടെയും പിന്തുണ എത്തിയതോടെ ഈ വിവാദങ്ങള്‍ക്കിടയിലും വിജയിന് ഭൂരിപക്ഷം ഉറപ്പിക്കാനായി.
അതേസമയം, സംസ്ഥാനത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഡി.എം.കെ തടസ്സം നില്‍ക്കില്ലെന്ന് എം.കെ. സ്റ്റാലിന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഡി.എം.കെ ‘ക്രിയാത്മക പ്രതിപക്ഷമായി’ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ അനിശ്ചിതത്വവും മറ്റൊരു തിരഞ്ഞെടുപ്പും ഒഴിവാക്കാന്‍ വിജയിനെ പിന്തുണയ്ക്കാനുള്ള സഖ്യകക്ഷികളുടെ തീരുമാനത്തെ സ്റ്റാലിന്‍ സ്വാഗതം ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വൈക്കോ, തിരുമാളവന്‍ തുടങ്ങിയ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഡി.എം.കെ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു.
ദശകങ്ങള്‍ നീണ്ട ഡി.എം.കെ ബന്ധം അവസാനിപ്പിച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ ഡി.എം.കെ നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസ് തമിഴ്നാട്ടിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ വിമര്‍ശിച്ചു. സഖ്യകക്ഷികള്‍ വിജയിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആശയപരമായി അവര്‍ ഡി.എം.കെയ്‌ക്കൊപ്പം തന്നെ നില്‍ക്കുമെന്ന് സ്റ്റാലിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വരും മണിക്കൂറുകളില്‍ ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പ് വന്നാലുടന്‍ വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും.
Content Summary; Actor Vijay’s TVK is set to form the government in Tamil Nadu as VCK and IUML extend their support, taking the alliance tally to 120.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.