June 04, 2026 |
Share on

യുഎഇ ഡ്രൈവിങ് ലൈസന്‍സ്; പരിശീലന കേന്ദ്രങ്ങള്‍ കേരളത്തിലും വരുന്നു

സര്‍ട്ടിഫിക്കറ്റ് നേടി യു എ ഇയിലെത്തുന്നവര്‍ക്ക് ഹ്രസ്വകാല പരിശീലനത്തിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം

യു എ ഇ ഡ്രൈവിങ് പരിശീലനത്തിനായി ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ കേന്ദ്രങ്ങള്‍ വരുന്നു. കേരളത്തിലടക്കം യുഎഇ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും എമിറ്റേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ധാരണയിലെത്തിയതായാണ് റിപോര്‍ട്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ യു എ ഇയിലെത്തിയാല്‍ ലൈസന്‍സ് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. യു എ ഇയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സമയവും പണവും ലാഭിക്കാനാണ് പദ്ധതി.

യു എ ഇ നിലവാരത്തില്‍ ഇന്ത്യയില്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് പ്രവാസികള്‍ ഏറെയുള്ള കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ 20 തോളം ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടി യു എ ഇയിലെത്തുന്നവര്‍ക്ക് ഹ്രസ്വകാല പരിശീലനത്തിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. യു എ ഇ നിരത്തുകളില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് വാഹനങ്ങളാണ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ പരിശീലനത്തിന് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കും. മാത്രമല്ല ഡ്രൈവിങ് പരിശീലനത്തിന് യു എ ഇയിലേതിന് സമാനമായ റോഡുകള്‍ നിര്‍മ്മിക്കും. യു എ ഇയിലെ യൂത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ് കൂടി പദ്ധതിയുടെ ഭാഗമാകും. എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലന കേന്ദ്രങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കും. ജൂലൈയില്‍ ആദ്യ ബാച്ചിനെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എക്‌സ്‌പോ 2020 യുടെ ഭാഗമായുണ്ടാകുന്ന ഡ്രൈവിങ് ജോലി ഒഴിവുകളിലേക്ക് കൂടുതല്‍ ജോലിക്കാരെ ഇതു വഴി കണ്ടെത്തുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×