June 13, 2026 |
Share on

സുപ്രീം കോടതിയെ വെല്ലുവിളിച്ച് ട്രംപ്; 10 ശതമാനം താരിഫ് ചുമത്തും

താരിഫ് ചുമത്താനുള്ള തീരുമാനം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചത്

താരിഫ് വിഷയത്തില്‍ സുപ്രിം കോടതിയെയും വെല്ലുവിളിച്ച് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഇറക്കുമതി നികുതി നയങ്ങള്‍ തടഞ്ഞ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയിരിക്കുന്നത്. അവര്‍ ‘രാജ്യത്തിന് നാണക്കേടാണ്’ എന്നായിരുന്നു ആക്ഷേപം.

ജഡ്ജിമാരെ കുറ്റപ്പെടുത്തിയതിനു പിന്നാലെ എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ 10 ശതമാനം ആഗോള താരിഫ് ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. 1974-ലെ ട്രേഡ് ആക്ട് സെക്ഷന്‍ 122 പ്രകാരം ആഗോളതലത്തില്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തന്നെ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ഓവല്‍ ഓഫീസില്‍ ഇരുന്ന് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ 10 ശതമാനം ആഗോള താരിഫ് ചുമത്തുന്ന ഉത്തരവില്‍ ഒപ്പിട്ടത് വലിയ ബഹുമതിയായി കരുതുന്നുവെന്നും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കുറിച്ചു. ഈ താല്‍ക്കാലിക ഇറക്കുമതി നികുതി ഫെബ്രുവരി 24-ന് പ്രാദേശിക സമയം പുലര്‍ച്ചെ 12:01 മുതല്‍ നടപ്പിലാകും. തൊട്ടുപിന്നാലെ വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍, 1974-ലെ ട്രേഡ് ആക്ട് പ്രകാരം പ്രസിഡന്റിന് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ചാണ് ‘താല്‍ക്കാലിക ഇറക്കുമതി നികുതി’ ഏര്‍പ്പെടുത്തിയതെന്ന് വിശദീകരിച്ചു.

അമേരിക്കയുടെ പേയ്മെന്റ് ബാലന്‍സില്‍ വലിയ കുറവുണ്ടാകുകയോ അല്ലെങ്കില്‍ അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുമ്പോള്‍ പ്രസിഡന്റിന് താല്‍ക്കാലികമായി നികുതി ചുമത്താന്‍ സെക്ഷന്‍ 122 അധികാരം നല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് വ്യക്തമാക്കി. മുമ്പ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഈ നിയമം 150 ദിവസത്തേക്ക് മാത്രമേ നികുതി ചുമത്താന്‍ അനുവദിക്കുന്നുള്ളൂ എന്നും അത് 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. വടക്കേ അമേരിക്കന്‍ വ്യാപാര കരാര്‍ പരിഗണിച്ച് കാനഡയെയും മെക്‌സിക്കോയെയും ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളെയും നിര്‍ണ്ണായക ധാതുക്കളെയും പുതിയ നികുതിയില്‍ നിന്ന് ഒഴിവാക്കി.

വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ സുപ്രീം കോടതിക്കെതിരെ ട്രംപ് ആഞ്ഞടിച്ചു. കോടതി വിദേശ താത്പര്യങ്ങള്‍ക്കും ചില രാഷ്ട്രീയ നീക്കങ്ങള്‍ക്കും വഴങ്ങിയതായി അദ്ദേഹം ആരോപിച്ചു. രാജ്യത്തിന് ഗുണകരമായത് ചെയ്യാന്‍ ധൈര്യമില്ലാത്ത ജഡ്ജിമാരുടെ കാര്യത്തില്‍ താന്‍ ലജ്ജിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വിയോജനക്കുറിപ്പ് എഴുതിയ ബ്രെറ്റ് കവനോഗ്, ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ എന്നീ ജഡ്ജിമാരെ അദ്ദേഹം പ്രശംസിച്ചപ്പോള്‍, ട്രംപ് തന്നെ നിയമിച്ച ആമി കോണി ബാരറ്റ്, നീല്‍ ഗോര്‍സുച്ച് എന്നിവരടക്കമുള്ള മറ്റുള്ളവരെ നിശിതമായി വിമര്‍ശിച്ചു.

ഇവര്‍ കേവലം വിഡ്ഢികളാണെന്നും ഡെമോക്രാറ്റുകളുടെയും ‘റൈനോ’ (പേരിന് മാത്രം റിപ്പബ്ലിക്കന്‍ ആയവര്‍) വിഭാഗത്തിന്റെയും കളിപ്പാവകളാണെന്നും ട്രംപ് പരിഹസിച്ചു. ഇവര്‍ ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും സ്വന്തം കുടുംബത്തിന് പോലും അപമാനമാണെന്നും പറഞ്ഞ ട്രംപ്, അടുത്ത ആഴ്ച നടക്കുന്ന ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗത്തിലേക്ക് ഇവരെ മനസില്ലാമനസോടെയാണ് ക്ഷണിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ വിദേശ സ്വാധീനമുണ്ടെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യത്തിന് ‘അത് നിങ്ങള്‍ ഉടന്‍ അറിയും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

Content Summary: President Donald Trump signs global 10% duty after Supreme Court justices blocked tariffs implementation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×