രാജ്യത്തെ ദളിത് സമുദായങ്ങള്‍ക്കിടയ്ക്ക് പാര്‍ട്ടിക്ക് സ്വാധീനമുറപ്പിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടിയതിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ അനുമോദിക്കാന്‍ ചേര്‍ന്ന ചടങ്ങിലാണ് മോദി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനാശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്ക്കറിലൂടെ ദളിത് സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരുറപ്പിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അംബേദക്കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ എട്ടു മുതല്‍ ഏപ്രില്‍ 14 വരെയായിരിക്കും ഇത്. അതോടൊപ്പം, ഡിജിറ്റല്‍ പണമിടപാട് ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിന് കൂടുതല്‍ പ്രചാരം നല്‍കാനും മോദി നിര്‍ദേശിച്ചു.
അംബേദ്ക്കര്‍ അര്‍ഹിക്കുന്നത് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ മോദി. അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികമായ ഏപ്രില്‍ 14-ന് അംബേദ്ക്കറുടെ പേരില്‍ പുതിയ നാണയം പുറത്തിറക്കുമെന്നും വ്യക്തമാക്കി.
ഉത്തര്‍ പ്രദേശില്‍ ബി.എസ്.പിക്കുണ്ടായിട്ടുള്ള തളര്‍ച്ച മുതലെടുത്ത് ദളിത് സമുദായത്തെ കൂടുതലായി ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയും സംഘപരിവാറും ആരംഭിച്ചിരിക്കുന്നത്. അംബേദ്ക്കറുടെ രാഷ്ട്രീയ സ്വത്വം അവകാശപ്പെടുന്ന ബി.എസ്.പിയില്‍ നിന്ന് ദളിതുകള്‍ അകലുന്നുണ്ടെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ അംബേദ്ക്കറിനെ പൂര്‍ണമായി ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.
യു.പി തെരഞ്ഞെടുപ്പില്‍ മായാവതിയുടെ സ്വന്തം ജാതിയായ ജാദവര്‍ ഒഴിച്ചുള്ള ദളിത് വിഭാഗങ്ങള്‍ ഇത്തവണയും ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്നാണ് കണകക്കുകള്‍ കാണിക്കുന്നത്. ഇവരെ പാര്‍ട്ടിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനും കൂടിയുള്ള വഴികളാണ് ബി.ജെ.പി ആലോചിക്കുന്നത്.
ഉനയിലെ ദളിത് പീഡനവും രോഹിത് വെമൂല ആത്മഹത്യയും മൂലം സംഘപരിവാറിനെതിരെ ഉയര്‍ന്ന ദളിത് രോഷം ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഏശിയില്ലെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. ഈ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ തന്നെ അംബേദ്ക്കറിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള പരിപാടികള്‍ ബി.ജെ.പി ആവിഷ്‌കരിച്ചിരുന്നു. ബി.എസ്.പിയുടെ തളര്‍ച്ച കൂടി മുതലെടുത്താല്‍ പാര്‍ട്ടി ഇപ്പോള്‍ കൈപ്പിടിയില്‍ ഒതുക്കിയിട്ടുള്ള ഒ.ബി.സി സമുദായങ്ങള്‍ക്കൊപ്പം ദളിത് സമുദായവും കൂടി എല്ലാക്കാലവും ഒപ്പം നില്‍ക്കുമെന്നാണ് മോദിയും ബി.ജെ.പിയും കരുതുന്നത്.