July 14, 2026 |

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ജീവന്‍ പൊലിയുന്നത് തുടര്‍ക്കഥയാകുന്നു

പരിശോധനകള്‍ക്കൊപ്പം നിയമലംഘനങ്ങളും

എറണാകുളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ ജീവനുകള്‍ പൊലിയുമ്പോള്‍ നഗരത്തിന്റെ തെരുവുകളില്‍ നിന്ന് ഉയരുന്ന ചോദ്യം ഒന്ന് മാത്രമാണ്. ആരാണ് ഈ മത്സരയോട്ടത്തെ നിയന്ത്രിക്കുക?

ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂട്ടര്‍ യാത്രക്കാരനായ തേവര എസ്എച്ച് കോളേജിലെ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. അതിന്റെ ചോരപ്പാടുകള്‍ ഉണങ്ങും മുമ്പേയാണ് കളമശേരിയില്‍ വീണ്ടും ബൈക്ക് യാത്രക്കാരന് നേരെ സ്വകാര്യ ബസ് പാഞ്ഞുകയറിയത്. അമിതവേഗത്തില്‍ പായുന്ന സ്വകാര്യ ബസുകള്‍ ഇരുചക്രവാഹന യാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

മോട്ടോര്‍ വാഹന വകുപ്പും പോലീസും നഗരത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരക്കെയാണ് വീണ്ടും അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച കളമശേരിയില്‍ ഉണ്ടായ അപകടമാണ് നഗരത്തില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സരയോട്ടത്തെ തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാരനായ അബ്ദുള്‍ സലാമാണ് കളമശേരിയില്‍ ബസ് പാഞ്ഞുകയറി മരണപ്പെട്ടത്.

Private buses race in Kochi

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ബസ്സുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. അമതി വേഗതയിലെത്തിയ ബസ് സലാം സഞ്ചരിച്ചിരുന്ന ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുന്നതും ബൈക്കിലിടിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

”കാലാകാലങ്ങളായി ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പെര്‍മിറ്റുകളിലാണ് സമയം നിശ്ചയിക്കുന്നത്. അത് മാറ്റണമെങ്കില്‍ ആര്‍ടിഒയുടെ നേതൃത്വത്തിലാണ്. എറണാകുളം പോലുള്ള സിറ്റികളില്‍ പലപ്പോഴും ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം 10 സെക്കന്റ് ഒക്കെ മാത്രമാണ്. അത്തരം സാഹചര്യത്തില്‍ ബസുകള്‍ തമ്മില്‍ നടക്കുന്ന മത്സയോട്ടമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിനെതിരെ നടപടി എന്നത് കര്‍ശന നടപടിയെടുക്കുക എന്നത് മാത്രമാണ്” മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വാതി ജോര്‍ജ് അഴിമുഖത്തോട് പറഞ്ഞു.

ബസ് ഉടമകളും ജീവനക്കാരും തമ്മില്‍ രമ്യതയില്‍ എത്തിയാല്‍ ഒരു പരിധി വരെ മത്സരയോട്ടത്തെ തടയാനാകും. റോഡ് പണികളും ട്രാഫിക് ബ്ലോക്കും കാരണം പലപ്പോഴും നിശ്ചയിക്കുന്ന സമയത്ത് ബസുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയാറില്ല. സമയത്തര്‍ക്കമാണ് പലപ്പോഴും അപകടങ്ങളുടെ പ്രധാന കാരണം.

”മുന്‍കാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം നിരത്തുകളില്‍ കൂടിയിട്ടുണ്ട്. കൂടാതെ റോഡുകളുടെ മോശം അവസ്ഥയും, ബസുകളുടെ സമയത്തര്‍ക്കം തുടങ്ങിയ കാരണങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു” അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഴിമുഖത്തോട് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് മാത്രം വിചാരിച്ചാല്‍ ഇത്തരം അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞമാസം പരിശോധനകള്‍ ശക്തമാക്കിയിരുന്നു. കൂടാതെ, ഡോര്‍ തുറന്നുവച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പരിശോധനകള്‍ ഒരു വശത്ത് കാര്യക്ഷമമായി നടക്കുമ്പോള്‍ തന്നെയാണ് ബസ് ജീവനക്കാര്‍ നിയമലംഘനം നടത്തുന്നത്” അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും ആഴ്ചത്തെ അച്ചടക്കം മാത്രം

2022 ല്‍ സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, സ്വകാര്യ ബസുകള്‍ ഇടതുവശത്തെ ലെയ്നിലൂടെ മാത്രം പോകണമെന്നും അനാവശ്യമായി ഹോണ്‍ മുഴക്കരുതെന്നും നഗരത്തിലെ പോലീസ് കമ്മീഷണറോടും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോടും ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നു.

ഇത് കാര്യക്ഷമമായതുമായിരുന്നു. എന്നാല്‍, ആ അച്ചടക്കവും മര്യാദയും ഏതാനും ആഴ്ചകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. കൊച്ചിക്ക് താല്‍ക്കാലിക നടപടികള്‍ക്കപ്പുറം സമഗ്രവും ശാശ്വതവുമായ നടപടികളാണ് ആവശ്യം.

നിയമനടപടികള്‍ കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല റോഡപകടങ്ങള്‍. നഗരത്തിലെ ബസ് ബേകളുടെ അഭാവം, വീതി കുറഞ്ഞ റോഡുകള്‍, മോശം അച്ചടക്കം തുടങ്ങി ഘടനാപരമായ പ്രശ്‌നങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 600 സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന നഗരത്തില്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗത തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് എല്ലാ മാസവും കുറഞ്ഞത് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ 60 സ്ഥലങ്ങളില്‍ നിന്ന് 160 റൂട്ടുകളിലായി സര്‍വ്വീസ് നടത്തുന്നു. വാഹന ഗതാഗതത്തിന്റെ ഏകദേശം 14% ബസ്സുകളാണ്, ഇവയെ 73% യാത്രക്കാര്‍ ആശ്രയിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സുരക്ഷാ നടപടികള്‍

കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ ‘മരണപ്പാച്ചില്‍’ അവസാനിപ്പിക്കാന്‍ എംവിഡി കര്‍ശന നടപടികള്‍ ആവിഷ്‌കരിക്കുകയാണ്. ബസ്സുകളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ഡ്രൈവര്‍മാരുടെ പ്രവൃത്തിസമയം നിയന്ത്രിക്കുക, ബസ്സുകളുടെ വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ഗവര്‍ണറുകള്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച് തുടര്‍ച്ചയായ പരിശോധനകള്‍ നടക്കുന്നുണ്ട്.

Private buses race in Kochi

കൊച്ചിയിലെ ബസ് ഡ്രൈവര്‍മാരുടെ മത്സരയോട്ടത്തിനെതിരെ പൊതുജനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും ബസ് ജീവനക്കാരുടെ അലംഭാവത്തെയും അധികാരികളുടെ നിസംഗതയെയും ആളുകള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

ഓരോ അപകടം നടക്കുമ്പോഴും താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കുമെങ്കിലും, സ്ഥിരമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും ശക്തവുമായ നിയമനടപടികള്‍ ആവശ്യമാണെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. private bus racing in Kochi city; deaths continue to be a recurring story

Content Summary: private bus racing in Kochi city; deaths continue to be a recurring story

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×