January 14, 2025 |

കാനില്‍ കനി, പാര്‍ലമെന്റില്‍ പ്രിയങ്ക; പ്രതിരോധത്തിന്റെ പ്രതീകമാകുന്ന തണ്ണിമത്തന്‍ ബാഗ്

ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ സഞ്ചിയും ചുമന്നാണ് നടക്കുന്നതെന്ന് ബിജെപി

ഇക്കഴിഞ്ഞ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനി കുസൃതി തണ്ണിമത്തന്‍ ബാഗുമായി എത്തിയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ സ്‌ക്രീനിങിനായി എത്തിയപ്പോഴാണ് കനി പലസ്തീനുള്ള ഐക്യദാര്‍ഢ്യം ബാഗിലൂടെ വ്യക്തമാക്കിയത്. ഇപ്പോഴിതാ പലസ്തീനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത് പലസ്തീന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബാഗുമായാണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്. എന്നാലിത് മുസ്ലിം പ്രീണനമാണെന്ന് ബിജെപി ശക്തമായി പ്രതികരിച്ചു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പാക് സേനയെ പരാജയപ്പെടുത്തിയ ‘വിജയ് ദിവസ്’ ദിനത്തില്‍ ഹമാസ് പോലുള്ള ഭീകരസംഘടനയെ പിന്തുണച്ചത് ഉചിതമായ തീരുമാനമല്ലെന്നാണ് ബിജെപിയുടെ വിമര്‍ശനം.Priyanka in parliament with a watermelon bag 

കൂടാതെ ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ സഞ്ചിയും ചുമന്നാണ് നടക്കുന്നതെന്നും ഈ പ്രീണന സഞ്ചിയാണ് തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് കാരണമെന്നും ബിജെപി നേതാവ് സാംബിത് പത്ര ആരോപിച്ചു. മുമ്പും പല തവണ പ്രിയങ്ക പലസ്തീനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ദീര്‍ഘകാലമായി പലസ്തീന്റെ വക്താവ് കൂടിയാണ് പ്രിയങ്ക ഗാന്ധി. അക്രമത്തില്‍ വിശ്വസിക്കാത്ത ഇസ്രയേലി പൗരന്മാരോടും ലോകത്തിലെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിര്‍ക്കാന്‍ പ്രിയങ്ക ആഹ്വാനവും ചെയ്തിട്ടുണ്ട്.

priyanka

പാര്‍ലമെന്റ് പരിസരത്ത് ബാഗുമായി നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ചായിരുന്നു പ്രിയങ്കയുടെ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണിതെന്നാണ് സൂചന.

തണ്ണിമത്തന്‍ പലസ്തീന്‍ പ്രതീകമായതെങ്ങനെ?

ഇസ്രയേലിന്റെ അധിനിവേശത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തന്റെ കഷ്ണത്തെ ലോകം നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച, കറുപ്പ് എന്നിവയാണ് പലസ്തീന്‍ പതാകയിലെ നിറങ്ങള്‍. പലസ്തീനികള്‍ പതിറ്റാണ്ടുകളായി ഇത് സ്വത്വത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായി ഉപയോഗിച്ചുവരുന്നു. 1967ല്‍ വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കന്‍ ജെറുസലേമിന്റെയും നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തത് മുതലാണ് ഈ ആശയം ഉയര്‍ന്നുവന്നത്. പലപ്പോഴും പലസ്തീനെ പിന്തുണച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നതിനെ ഇസ്രയേല്‍ വിലക്കിയിരുന്നു. അത്തരം നിയന്ത്രണങ്ങള്‍ക്ക് മേലുള്ള പ്രതിഷേധമായിട്ട് കൂടിയാണ് തണ്ണിമത്തന്‍ കഷ്ണത്തെ ലോകം ഉപയോഗിച്ച് വരുന്നത്.

water melon

പലസ്തീന്‍ പതാകയ്ക്ക് നിയമപരമായ നിരോധനം ഇസ്രയേലില്‍ ഇല്ലെങ്കിലും, പതാക കെട്ടാനോ പ്രദര്‍ശിപ്പിക്കാനോ പോലീസ് അനുവദിക്കാറില്ല. ‘സമാധാന ലംഘനം’ ഉണ്ടാകുമെന്ന കാരണമാണ് പറയുന്നത്. പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് നടപടികളും ഉണ്ടായി. അറസ്റ്റിലായവരുടെ എണ്ണം കൂടിയതോടെ പ്രതിഷേധങ്ങളും ശക്തമായി. അങ്ങനെ, 2023 ജൂണില്‍ സാസിം(Zazim) എന്ന സംഘടന തണ്ണിമത്തന്‍ കഷ്ണത്തിന്റെ ചിത്രം ടെല്‍-അവീവില്‍ ഓടുന്ന ടാക്സികളില്‍ പതിക്കാന്‍ തുടങ്ങി. കൂടാതെ 2007 ല്‍ പലസ്തീന്‍ ചിത്രകാരനായ ഖാലിദ് ഹുറാനി ‘സബ്ജക്ടീവ് അറ്റ്ലസ് ഓഫ് പലസ്തീന്‍ പ്രൊജക്ട്’ ന് വേണ്ടി ഒരു കഷ്ണം തണ്ണിമത്തന്‍ വരച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായ വേളയിലെല്ലാം ഇൗ തണ്ണിമത്തന്‍ കഷ്ണവും ആഗോളശ്രദ്ധ നേടിയിരുന്നു.Priyanka in parliament with a watermelon bag 

Post Thumbnail
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമത്തിന് തുടക്കംവായിക്കുക

Content Summary: Priyanka in parliament with a watermelon bag

Priyanka Gandhi watermelon bag latest news national news palatine summit 

×