July 09, 2025 |

ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യ; പശ്ചിമേഷ്യ പൊട്ടിത്തെറിയുടെ വക്കിൽ

പലസ്തീൻ മാധ്യമ ഉപദേഷ്ടാവ് ഡോ. അബേൽ എൽറാസേ അബു ജാസെർ എഴുതുന്നു.

2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ ഗാസയിൽ ആരംഭിച്ച വംശഹത്യ യുദ്ധം ഒരു വർഷത്തോട് അടുക്കുകയാണ്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അൽ-ദിൻ അൽ-ക്വാസം ബ്രിഗേഡ്സ്( ഐക്യുബി) ഗസ മുനമ്പിന്റെ പശ്ചിമ-ദക്ഷിണ മേഖലകളിലെ ഇസ്രയേൽ സൈനിക ക്യാമ്പുകളിലും അധിനിവേശ മേഖലകളിലും നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെയാണിത് ആരംഭിക്കുന്നത്. israels genocide in gaza

ഇതുവരെയുള്ള കണക്കിൽ 40,000 ന് മുകളിൽ പലസ്തീനികൾ ഈ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്, ഇത് ഗാസ മുനമ്പിലെ ജനങ്ങൾക്കെതിരായി നടക്കുന്ന വംശഹത്യയായി തന്നെ കാണാം. അവിടെയുള്ള ഇരുപത് ലക്ഷത്തിലധികം പലസ്തീനികളിൽ ഭൂരിഭാഗവും അഭയാർത്ഥി ക്യാമ്പുകളിലാണ്, ഇവരിൽ ബഹുഭൂരിപക്ഷവും യുഎൻആർഡബ്ല്യുഎ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾക്ക് പുറമെ നൽകുന്ന മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.

പലസ്തീനികൾക്കും ലോകത്തിലുമുണ്ടായ നഷ്ടങ്ങളിൽ ചിലത് ഇവയാണ്

* തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽക്കിടയിൽ മറഞ്ഞു കിടക്കുന്നത് പതിനായിരത്തിലധികം മനുഷ്യർ

* യുദ്ധത്തിൽ കൊല്ലപ്പെട്ടതിൽ 16,000 പേർ കുട്ടികൾ.

* 11,000 ൽ അധികം സ്ത്രീകൾക്കും ജീവൻ നഷ്ടമായി.

* 172 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.

* പതിനായിരത്തിന് മുകളിൽ മനുഷ്യർക്കാണ്, പരിക്കുകൾക്ക് മെച്ചമായ ചികിത്സ സഹായം വേണ്ടത്.

* ഏകദേശം ഇരുപത് ലക്ഷം അഭയാർത്ഥികളാണ് കടലോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ടെന്റുകളിലും യുഎൻആർഡബ്ല്യുഎയുടെ സ്‌കൂളുകളിലുമായി അഭയം തേടിയിരിക്കുന്നത്.

* 200 മുസ്ലിം പള്ളികൾ ഇതുവരെ തകർത്തിട്ടുണ്ട്.

* 80 ശതമാനത്തോളം വീടുകൾ നിലംപരിശാക്കിയിട്ടുണ്ട്.

* സാമ്പത്തികവും സ്ഥാപനപരവുമായ അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർത്തു കളഞ്ഞു.

* 34 ആശുപത്രികൾ ഇല്ലാതാക്കി

കണക്കുകൾ പ്രകാരം, പലസ്തീന് ഈ യുദ്ധം മൂലം ഉണ്ടായിരിക്കുന്നത് 30 ബില്യൺ യു എസ് ഡോളറിന്റെ നഷ്ടമാണ്.

ഐക്യരാഷ്ട്ര സഭ പറയുന്നതനുസരിച്ച്, ഗാസയിൽ മാനുഷിക സേവനങ്ങൾ നടത്തി വന്നിരുന്ന ഏകദേശം 300 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്, ഇവരിൽ മൂന്നിൽ രണ്ട് പേരും സന്നദ്ധ സേവനത്തിന് തയ്യാറായി ഇറങ്ങിയവരായിരുന്നു. സംരക്ഷണ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും പ്രത്യേകം ലക്ഷ്യം വച്ച് നടത്തിയ കൂട്ടക്കൊലകളിൽ നൂറു കണക്കിന് പേരാണ് രക്തസാക്ഷിത്വം വരിച്ചതും മുറിവേറ്റു വീണതും. ഇത്തരം കൂട്ടക്കൊലകൾ പലതും ലോകം കണ്ടെങ്കിലും, അതിന്റെ പേരിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു വിരൽ പോലും ഉയർന്നില്ല.

ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരും തീവ്ര വലതുപക്ഷ പാർട്ടികൾ അടങ്ങുന്ന അദ്ദേഹത്തിന്റെ ഭരണസഖ്യവും ഗാസ മുനമ്പിനെതിരേയുള്ള തന്ത്രപരമായ പദ്ധതികൾ നടപ്പാക്കാനുള്ള സുവർണാവസരമായാണ് യുദ്ധത്തെ കാണുന്നത്, പ്രത്യേകിച്ച് ജനസംഖ്യ ഭൂപടം ക്രമീകരിക്കുകയും, കഴിഞ്ഞ കുറച്ചു കാലങ്ങളായി അടഞ്ഞ സമൂഹമെന്നും തുറന്ന ജയിലെന്നും വിശേഷിപ്പിക്കപ്പെടുന്ന ഒന്നായി മാറിയ മുനമ്പിലേക്ക് കുടിയേറാൻ ഇസ്രയേലികളെ പ്രേരിപ്പിക്കുകയും അവർ ചെയ്യുന്നു. ഈ യുദ്ധത്തിൽ എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. ഇസ്രയേൽ ഭീമാകാമായ ബോംബുകൾ വർഷിക്കുകയും, കൂട്ടക്കൊലകൾ നടത്തുകയും മാത്രമല്ല ചെയ്യുന്നത്, അവർ പലസ്തീനികളെ പട്ടിണിക്കിടുകയാണ്, മുനമ്പിലേക്ക് ഭക്ഷണം എത്തിക്കുന്നത് ബലം പ്രയോഗിച്ച് തടഞ്ഞുകൊണ്ട് ജനങ്ങളെ പട്ടിണിയിലേക്കും അതുവഴി മരണത്തിലേക്കും തള്ളിവിടുകയാണ്.

ഈ യുദ്ധകാലത്ത് പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും ഇസ്രയേലിന് നൽകുന്ന തുറന്ന രാഷ്ട്രീയ-സൈനിക പിന്തുണ എത്രത്തോളമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിലൂടെ ഇസ്രയേൽ, സൈനിക വൈദഗ്ധ്യത്തിന്റെയും ഗുണപരമായ സുരക്ഷയുടെയും സൈനിക പുരോഗതിയുടെയും ഉദാഹരണവും മാതൃകയുമാണെന്ന അവകാശവാദം പൊളിഞ്ഞതും അവരുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതും.

ഈ യുദ്ധം എന്തെങ്കിലും രാഷ്ട്രീയ ഫലങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴത്തെ ഉത്കണ്ഠ ഹമാസിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചോ അല്ലെങ്കിൽ യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ചോ, ഇസ്രയേലി തടവുകാരായ ഹമാസ് പൗരന്മാരെക്കുറിച്ചോ ആണ്. ഇരുപക്ഷവും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാർ നിലനിൽക്കവെ തന്നെയാണ് വെസ്റ്റ് ബാങ്ക് നഗരങ്ങളിലും ക്യാമ്പുകളിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ തെക്ക് നിന്ന് വടക്കോട്ട് വർദ്ധിപ്പിക്കുന്നത്.

ഏകപക്ഷീയമായ പലസ്തീൻ ആക്രമണങ്ങൾ മൂലം ഇസ്രയേലി കുടുംബങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ എന്ന് അവകാശപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതിനായി നെതന്യാഹു സർക്കാർ പലസ്തീനിയൻ അതോറിറ്റിയുടെ നികുതി ഫണ്ടുകൾ കണ്ടുകെട്ടുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് തുടരുകയാണ്. പരസ്പരം ആശയവിനിമയം നടത്താൻ പ്രയാസമുള്ള തുണ്ടുകളായി വെസ്റ്റ്ബാങ്ക് നഗരങ്ങളെ ഒറ്റപ്പെടുത്തുകയും, 1993 ലെ ഓസ്ലോ ഉടമ്പടി പ്രകാരം സ്ഥാപിതമായ പലസ്തീൻ അതോറിറ്റിയുമായുള്ള മുഴുവൻ രാഷ്ട്രീയ പ്രക്രിയകൾ തുടർച്ചയായി നിഷേധിക്കുന്നതും അവർ തുടരുകയാണ്.

ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീനികൾ ഈ യുദ്ധത്തിന് വലിയ വില നൽകുന്നുണ്ട്. ഇസ്രയേലും സമാന ദുരിതം നേരിടുന്നുണ്ട്. അവരുടെ അന്താരാഷ്ട്ര, സൈനിക, സുരക്ഷ പ്രതിച്ഛായകൾ പാടെ തകർന്നിരിക്കുകയാണ്. സാധാരണഗതയിലുള്ള അവരുടെ സാമ്പത്തിക ജീവികം താറുമാറായി. ഇസ്രയേലി പൗരന്മാരുടെയും കുടിയേറ്റക്കാരുടെയും വ്യക്തിഗത സുരക്ഷയിലുണ്ടായ അഭാവം, അവരുടെ സാമ്പത്തിക സ്ഥിതിക്കും നിക്ഷേപ ലക്ഷ്യത്തിലും അനന്തരഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ കുറഞ്ഞ സാമ്പത്തിക ക്രെഡിറ്റ് റേറ്റിംഗിലും, വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിച്ചിരുന്ന ആയിരക്കണക്കിന് പേരുടെ മോഹങ്ങളിലും അതിന്റെ ആഘാതമുണ്ടായിട്ടുണ്ട്.

അസഹനീയമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈനികർ മരിച്ചു വീഴുകയും മുറിവേൽക്കുകയും ചെയ്യുകയാണ്. മുതിർന്ന സൈനിക നേതാക്കൾ മുന്നറിയിപ്പ് നൽകിയതുപോലെ, നെതന്യാഹു സർക്കാരിന്റെ നിർബന്ധം കാരണം 1979 ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടി പ്രകാരം ഈജ്പിതുമായി ഉണ്ടാക്കിയ ബന്ധം വഷളായതിൽ ഉൾപ്പെടെ ഇസ്രയേൽ സൈന്യം അവരുടെ നിയന്ത്രിക്കാനാകാത്ത കോപത്തിലാണിപ്പോൾ.

വടക്ക് പടിഞ്ഞാറൻ മേഖലകൾക്കു പുറമെ വിദേശ രാജ്യങ്ങളിലേക്കും അവർക്ക് സൈനിക ശ്രദ്ധ വ്യതിചലിപ്പിക്കേണ്ടി വന്നിരിക്കുകയാണ്, അതിനു പുറമെയാണ് പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്നേറ്റ പല അറബ് രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ബന്ധത്തിൽ വിള്ളലകൾ വീഴുന്നതും. israels genocide in gaza

ഇസ്രയേൽ അധിനിവേശവും തുടർച്ചയാകുന്ന ഏറ്റുമുട്ടലുകളും പലസ്തീനികളിൽ മാത്രം ഒതുങ്ങുന്നില്ല, ലെബനിനിലെ ഹിസ്ബുള്ളയോടുള്ള ഏറ്റുമുട്ടലിലേക്കും യുദ്ധം വ്യാപിച്ചിട്ടുണ്ട്, അതിനൊപ്പം തന്നെയാണ് ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽ വച്ച് കൊലപ്പെടുത്തിയതിന് ഇറാനിൽ നിന്നുള്ള പ്രതികരണവും, ബാബ് അൽ മന്ദേബ് കടന്ന് ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകൾക്ക് നേരെ തുടരുന്ന യെമനിലെ ഹൂതികളുടെ ആക്രമണവും. ഇത് ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കുകയും ലോകമെമ്പാടുമുള്ള ചരക്ക് ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പലസ്തീൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച ഗാസ മുനമ്പിൽ പലസ്തീനികൾക്കെതിരായി ഇസ്രയേൽ നേരിട്ടും അമേരിക്കയുടെയും പാശ്ചാത്യ രാഷ്ട്രീയ സൈനിക പിന്തുണയോടെയും നടത്തുന്ന വംശഹത്യയുടെ വിവിധ രൂപങ്ങൾ ലോകത്തിന് മുന്നിൽ പരിചിതമായൊരു കാഴ്ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം തന്നെയാണ് തീവ്ര ജൂത സംഘങ്ങൾ അൽ- അഖ്സ പള്ളിയുൾപ്പെടെ ജറുസലേമിലെ പുണ്യസ്ഥലങ്ങൾ തുടർച്ചയായി ആക്രമിക്കുന്നത്. israels genocide in gaza

യു എൻ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തിലും, ആറ് ദിന യുദ്ധത്തിന്റെ അവസാനത്തിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രീം രൂപീകരിക്കാനുള്ള തീരുമാനവും എല്ലാം മിഡിൽ ഈസ്റ്റിൽ ഉണ്ടാക്കിയിരിക്കുന്ന ജാഗ്രത അവസാനിപ്പിക്കാൻ യാതൊരു വിധ രാഷ്ട്രീയ സാധ്യതകളും ഇല്ലാത്തതിനാൽ, നിലവിലെ സാഹചര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്, പശ്ചിമേഷ്യ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് നിൽക്കുന്നതെന്നാണ്.

* ഇന്ത്യയിലെ പലസ്തീൻ എംബസിയിൽ മാധ്യമ ഉപദേഷ്ടാവാണ് ലേഖകൻ. പലസ്തീനിലെ പുതിയ ദിനപത്രമായ അൽ ഹയാത്ത് അൽജദേദായുടെ സ്ഥാപകാംഗവും പൊളിറ്റിക്കൽ അഫയേഴ്‌സ് എഡിറ്ററുമായിരുന്നു ഡോ.അബേദ് എൽറാസെ മുഹമ്മദ് അബു ജാസെർ. 1994 മുതൽ മാധ്യമപ്രവർത്തന രംഗത്തുള്ള അദ്ദേഹം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടി പലസ്തീനിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊളംമ്പിയ സർവ്വകലാശാല പലസ്തീൻ മാധ്യമപ്രവർത്തകർക്ക് വേണ്ടി ന്യൂയോർക്കിൽ നടക്കിയ മാധ്യമപരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ഡോ.അബേദ് 2005 മുതൽ പലസ്തീൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ് ഓഫീസറാണ്. വിവിധ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയുള്ള അദ്ദേഹത്തെ കെയ്‌റോ ആസ്ഥാനമായുള്ള ആഫ്രോ-ഏഷ്യൻ മാധ്യമ യൂണിയൻ അവരുടെ വിദേശകാര്യ ഉപദേശകനായും തെരഞ്ഞെടുത്തിട്ടുണ്ട്. 2014 മുതൽ ഇന്ത്യയിലെ പലസ്തീൽ എംബസിയിൽ സീനിയർ ഡിപ്ലോമാറ്റും മാധ്യമ ഉപദേഷ്ടാവുമായി പ്രവർത്തിക്കുന്നു. ഡോ. അബേദ് തന്റെ ഡോക്ടറൽ പഠനം പൂർത്തിയാക്കിയത് ഡൽഹിയിലെ ജാമിയ മിലിയ സർവ്വകലാശാലയിലെ അന്താരാഷ്ട്ര പഠന വിഭാഗത്തിൽ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

×