June 05, 2026 |
Share on

ഹിന്ദുവികാരം വ്രണപ്പെടുത്തരുത്: ഏഷ്യാനെറ്റ് എഡിറ്റോറിയല്‍ വിഭാഗത്തോട് രാജീവ് ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്

സിന്ധു സൂര്യകുമാര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് ഫേസ്ബുക്ക് കമന്റുകള്‍

ഏഷ്യാനെറ്റിന്റെ എഡിറ്റോറിയിൽ ബോർഡിനോട് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തരുത് എന്ന് സ്ഥാപനത്തിന്റെ ഉടമയും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ താക്കീത്. മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ പരിഹസിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത അവലോകന പരിപാടിയാണ് രാജീവ് ചന്ദ്രശേഖറിനേയും ബി.ജെ.പി അണികളേയും ചൊടിപ്പിച്ചത്. എന്നാൽ കുംഭമേളയെ പരിഹസിച്ച ഏഷ്യാനെറ്റിനും എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനും താക്കീത് പോരാ, അവർ മാപ്പു പറണമെന്നാണ് ഫേസ്ബുക്കിൽ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കീഴെ ഹൈന്ദവ വികാരം വൃണപ്പെട്ടു എന്നവകാശപ്പെടുന്നവർ ആവശ്യപ്പെടുന്നത്. സിന്ധു സൂര്യകുമാർ മാപ്പു പറയുകയോ അവരെ പിരിച്ച് വിടുകയോ ചെയ്തില്ലെങ്കിൽ രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും ഭീഷണികളുണ്ട്.

നേരത്തേ തന്നെ സിന്ധു സൂര്യകുമാർ അവതാരികയായ പരിപാടി ഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതാണെന്നും സിന്ധു സൂര്യകുമാറിനെ പിരിച്ച് വിടണമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകളും വന്നിരുന്നു. തുടർന്നാണ് ചാനലിന് താക്കീതുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. മഹാകുംഭമേളയെ പരിഹസിക്കുന്ന തരത്തിലുള്ള പരിപാടി അവതരിപ്പിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും ഇനി ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകരുതെന്ന് എഡിറ്റോറിയൽ ടീമിന് നിർദേശം നൽകിയെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഏതൊരു മതത്തിലെയും പോലെ ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണെന്നും അത് ബഹുമാനിക്കപ്പെടണമെന്ന് കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിനുള്ള ഹിന്ദുക്കൾ ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

‘ഇക്കുറി ഇങ്ങ് തെക്ക് കേരളത്തിൽ നിന്ന് പോലും നൂറുകണക്കിനാളുകൾ ഗംഗാ സ്നാനം നടത്തിയിട്ടുണ്ട്. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്പര്യവും കുംഭമേള സ്നാന തല്പരതയുമൊക്കെ സിപിഎം ഭരിക്കുന്ന നാട്ടിലെ മലയാളികൾക്കുമുണ്ടായി.’ ‘കേരളസർ, 100% ലിറ്ററി സർ എന്നൊക്കെ നമ്മൾ ഒരുഭാഗത്ത് പറയുമ്പോഴും കുഭമേളയും ബിജെപിയെ പ്രീതിപ്പെടുത്തലുമൊക്കെ ഒരുപാട് മലയാളികൾക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്. നല്ല പരസ്യം നല്ല പിആർ നല്ല ബിസിനസ് എല്ലാം ഒത്തുവന്നപ്പോൾ ഇങ്ങ് കേരളത്തിലും കുംഭമേള പ്രിയതരമായി. ഒന്നാലോചിച്ചു നോക്കൂ നമുക്കു ചുറ്റു ഒരു പത്തുപേരെങ്കിലും കുംഭമേള സ്നാനത്തിന് പോയിട്ടില്ലേയെന്നും അതാണ് അതിന്റെ ഇംപാക്ട്- എന്നുമായിരുന്നു ഏഷ്യാനെറ്റ് പരിപാടിയിൽ പറഞ്ഞത്. രൂക്ഷമായ വിമർശനങ്ങളാണ് അവതാരികക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങൾക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്. മഹാകുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളിൽ എന്റെ കുടുംബവുമുണ്ടായിരുന്നു.

ഞാൻ ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നു.

Content Summary: program on kumbh mela; Rajeev Chandrasekhar warns Asianet editorial team
Rajeev Chandrasekhar Asianet 

Leave a Reply

Your email address will not be published. Required fields are marked *

×