ഇസ്താംബൂള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റില്‍ തുര്‍ക്കിയില്‍ പ്രതിഷേധം കത്തുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പ്രതിഷേധം ഉയരുന്നത്. ഇസ്താംബൂളിലെ സിറ്റി ഹാളില്‍ എക്രെം ഇമാമോഗ്ലുവിന്റെ അനുകൂലികള്‍ ഒത്തുകൂടിയത് പ്രതിഷേധം കനക്കുന്നു എന്നതിന് തെളിവായിരുന്നു. തുര്‍ക്കിയിലെ സര്‍വകലാശാലാ കാമ്പസുകളിലും നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും എത്തിയവരാണ് സിറ്റി ഹാളില്‍ ഒത്തുകൂടിയത്. അധികൃതരുടെ ഭീഷണികള്‍ ഭയന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ മടിച്ചു നിന്നവരും ഇപ്പോള്‍ മുന്നോട്ടുവരുന്നുണ്ടെന്നതാണ് സിറ്റി ഹാളില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം വ്യക്തമാക്കുന്നത്.
പതിനായിരക്കണക്കിന് പ്രതിഷേധക്കാരില്‍ ഒരാളായ 26 കാരി അസ്‌റ മാധ്യമങ്ങളോട് പറഞ്ഞത്, ആദ്യം താന്‍ ഭയന്ന് പിന്മാറി നിന്നതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രതിഷേധത്തിന്റെ ഭാഗമായി രംഗത്തു വന്നിരിക്കുകയാണെന്നുമാണ്. ആളുകളുടെ കണ്ണിലെ തിളക്കവും മുഖത്തെ ആവേശവും കണ്ടതോടെയാണ് ഇതിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്നാണ് അസ്‌റ മാധ്യമങ്ങളോട് പറഞ്ഞത്.
വെള്ളിയാഴ്ച്ച രാത്രിയില്‍ സിറ്റി ഹാളില്‍ ഒത്തുചേര്‍ന്നവര്‍ ഭരണകൂടത്തില്‍ നിന്നും തങ്ങള്‍ക്കുനേരെ ഉണ്ടായേക്കാവുന്ന പ്രതികാരമോര്‍ത്ത് ആശങ്കയുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അസ്‌റയെപോലുള്ളവര്‍ അതുകൊണ്ട് തന്നെ തങ്ങളുടെ പൂര്‍ണമായ പേരോ മറ്റു വിവരങ്ങളോ പങ്കുവയ്ക്കുന്നില്ല. പലരും മാസ്‌ക് വച്ച് മുഖം മറച്ചാണ് നില്‍ക്കുന്നതും. തിരിച്ചറിയാതിരിക്കാന്‍ മാത്രമല്ല, കണ്ണീര്‍ വാതകമോ, ജലപീരങ്കിയോ പൊലീസ് ഉപയോഗിക്കുമെന്നതിനാല്‍ സ്വയരക്ഷയ്ക്കു കൂടി വേണ്ടിയാണിതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിന്റെ മേയറായ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്, രാജ്യം ജനാധിപത്യത്തില്‍ നിന്ന് ക്രമേണ അകന്നുപോകുന്നതിലെ ഒരു സുപ്രധാന വഴിത്തിരിവായാണ് അടയാളപ്പെടുത്തുന്നത്. 2025 മാര്‍ച്ച് 19 നാണ് ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്യുന്നത്. അഴിമതി കുറ്റത്തിന് 100-ലധികം പേരെ കസ്റ്റഡിയിലെടുത്ത വലിയൊരു നടപടിയുടെ ഭാഗമായാണ് ഈ അറസ്റ്റും പൊലീസ് വിശദീകരിച്ചത്. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇസ്താംബുള്‍ സര്‍വകലാശാല ഇമാമോഗ്ലുവിന്റെ ബിരുദം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. 2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമാമോഗ്ലു മത്സരിക്കുന്നത് തടയുക എന്ന ലക്ഷ്യമാണ് ഈ നാടകീയ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പറയുന്നത്.
2028 ല്‍ നടക്കുമെന്നു കരുതുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ഏക എതിരാളിയെ മാറ്റിനിര്‍ത്താന്‍ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ നടത്തിയ നാടകമാണ് ഇമാമോഗ്ലുവിന്റെ അറസ്റ്റ് എന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം ഇമാമോഗ്ലുവിനെ നിലവില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. വിചാരണ കാത്തിരിക്കുന്ന ഇമാമോഗ്ലുവിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ അഭ്യര്‍ത്ഥന. അദ്ദേഹത്തിന്റെ ജാമ്യം തടയുകയാണ് പ്രോസിക്യൂട്ടര്‍മാരുടെ ലക്ഷ്യം.
വന്‍ പ്രതിഷേധത്തിനാണ് ഇമാമോഗ്ലുവിന്റെ അറസ്റ്റ് വഴിവച്ചിരിക്കുന്നത്. ശനിയാഴ്ച, ഇസ്താംബൂളില്‍ ഇമാമോഗ്ലുവിനെ പിന്തുണച്ച് വലിയ പ്രതിഷേധങ്ങളാണു പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. പൊലീസ് തിരിച്ചു കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു. തലസ്ഥാനമായ അങ്കാറയില്‍, പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 323 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ അറിയിച്ചത്.”നിയമം ലംഘിക്കാനും, ജനങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാനും, കുഴപ്പങ്ങളും പ്രകോപനങ്ങളും ഉണ്ടാക്കാനും ശ്രമിക്കുന്നവരോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ല.” എന്നാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്.
ഇമാമോഗ്ലുവിനെ കൂടാതെ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, മേയറുമായി ബന്ധമുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തലവനും ഉള്‍പ്പെടെ 100-ലധികം പേരെയാണ് ഈ ആഴ്ച്ച കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവിട്ടത്. വഞ്ചന, അഴിമതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും മേയര്‍ എക്രെം ഇമാമോഗ്ലു നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷ രാഷ്ട്രീയ സഖ്യവുമായി സഹകരിച്ചതിന് ഇമാമോഗ്ലുവിനെതിരേ തീവ്രാദ കുറ്റങ്ങളും ആരോപിച്ചിരുന്നു. ഈ കുറ്റവും അദ്ദേഹം നിഷേധിക്കുന്നു. ആ തിരഞ്ഞെടുപ്പില്‍ എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി(എകെപി) കനത്ത തോല്‍വിയാണ് നേരിട്ടത്.
ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിനെതിരേ മാത്രമല്ല ഈ പോരാട്ടം, ഇത് ജനാധിപത്യത്തിനും നിയമത്തിനും തുല്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
നിലവിലെ പ്രസിഡന്റ് എര്‍ദോഗന്‍, മേയറായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച നഗരമാണ് ഇസ്താംബുള്‍. അതുകൊണ്ട് തന്നെ ഒത്തുചേരലുകള്‍ക്കുള്ള നിരോധനം ലംഘിക്കുന്നതില്‍ പ്രതിഷേധക്കാര്‍ കൂടുതല്‍ ആവേശഭരിതരാണ്. തുര്‍ക്കി പ്രസിഡന്റ് ആകട്ടെ ഇസ്താംബൂളിനെ പ്രതിപക്ഷ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി ഇസ്താംബൂളില്‍ നടന്ന പ്രകടനത്തില്‍ 300,000 പേര്‍ പങ്കെടുത്തതായാണ് മേയറുടെ അനുയായികള്‍ അവകാശപ്പെടുന്നത്. ഇസ്താംബുളില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നതിന്റെയും പോലീസുമായുള്ള അവരുടെ ഏറ്റുമുട്ടലിന്റെ വീഡിയോകള്‍ വന്‍ പ്രചാരണം നേടുന്നുണ്ട്. Protests against the arrest of Istanbul’s mayor are transforming into a democratic struggle in Turkey
Content Summary; Protests against the arrest of Istanbul’s mayor are transforming into a democratic struggle in Turkey