അഴിമുഖം പ്രതിനിധി
ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് 70 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ സുരക്ഷാ ജീവനക്കാരേയും ബാരിക്കേഡിനേയും മറികടന്ന് വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.
അപ്പാറാവു സര്‍വകലാശാലയെ ജയിലാക്കി മാറ്റിയെന്നും അപ്പാറാവുവിനെ ഉടന്‍ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഓബുഡ്‌സ്മാനേയും വിവേചന വിരുദ്ധ ഓഫീസറേയും നിയമിക്കുന്നതും തുല്യ അവസര സെല്‍ രൂപീകരിക്കുന്നതും സര്‍വകലാശാല ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍.
ജനുവരിയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് സര്‍വകലാശാല സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഓബുഡ്‌സ്മാനെ നിയമിക്കുന്ന നടപടികളില്‍ നിന്ന് രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദിയായ വിസിയെ മാറ്റി നിര്‍ത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.