കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുമായി മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ നാഥ് നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. കമ്മ്യൂണിസ്റ്റ് സഹയാത്രികരായി, പിന്നീട് അടിയുറച്ച കോണ്‍ഗ്രസ് കുടുംബമായി മാറിയ വയലാര്‍ രവിയുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ചുള്ള ഒന്നാം ഭാഗം ഇവിടെ വായിക്കാം.
പുന്നപ്ര-വയലാര്‍ സമരത്തോടെ രാഷ്ട്രീയ ചിന്ത മാറിയോ ?
പുന്നപ്ര-വയലാര്‍ സമരം ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു. സായുധരായ പൊലീസിനും, പട്ടാളത്തിനും മുന്നിലേയ്ക്ക് സാധാരണ മനുഷ്യരെ എറിഞ്ഞുകൊടുത്തത് എന്തിനെന്ന് അറിയാത്ത ഒരുപാട് പേര്‍ അന്നുമിന്നും ഉണ്ട്. പട്ടാളത്തിന്റെ തോക്കിനോട് പൊരുതി തൊഴിലാളിയുടെ വാരിക്കുന്തം ജയിക്കുന്നതെങ്ങനെ? പുന്നപ്ര- വയലാര്‍ സമരം സ്വാതന്ത്ര്യ സമരമാണെന്ന് വാദിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. നെഹ്‌റുവിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ദേശീയ സ്വാതന്ത്ര്യ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുകയും ചെയ്യുമെന്ന് ഉറപ്പായ ശേഷം സ്വാതന്ത്ര്യ സമരത്തിന് പ്രസക്തിയില്ലെന്നാണ് കോണ്‍ഗ്രസ്സുകാരുടെ സ്ഥിരം അഭിപ്രായം. ജന്മിവിരുദ്ധ കലാപം ജന്മികള്‍ക്ക് ഒത്താശ ചെയ്യുന്ന ദിവാനെതിരായി മാറ്റാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. എണ്ണമറ്റയാളുകള്‍ മരിച്ചു. കൃത്യമായി എത്ര രക്തസാക്ഷികളുണ്ടായെന്ന് ആരുടെ പക്കലും കണക്കില്ല. നിരപരാധികളായ തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളെന്ന് കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിച്ചു. വയലാര്‍ ദിനത്തില്‍ കമ്യൂണിസ്റ്റുകാര്‍ രക്തസാക്ഷിത്വ ദിനം ആചരിക്കുമ്പോള്‍ കോണ്‍ഗ്രസ് ‘വഞ്ചനാദിനം’ ആചരിച്ചു. ദേവകീ കൃഷ്ണനും മറ്റുമായിരുന്നു വഞ്ചനാദിനാചരണത്തിന്റെ സംഘാടകര്‍. വയലാര്‍ കലാപത്തിന്റെ കെടുതികള്‍ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്ത അവര്‍ക്കും ഭര്‍ത്താവ് കൃഷ്ണനും അതിന്റെ വീരസാഹസിക വശങ്ങളൊന്നും അംഗീകരിക്കുവാന്‍ ആകുമായിരുന്നില്ല.
പുന്നപ്ര – വയലാര്‍ സമരത്തോടെ കോണ്‍ഗ്രസുകാരനായി മാറി അല്ലേ ?
പുന്നപ്ര – വയലാര്‍ സമരം പാട്ടുകളിലുടെയും പ്രസംഗങ്ങളിലൂടെയും കമ്യൂണിസ്റ്റുകാര്‍ രക്തസാക്ഷിദിനത്തിന് വേണ്ടത്ര പ്രചാരം നല്‍കി. ‘ജൈത്ര കേരള ചരിത്രമെഴുതിയ വാരിക്കുന്തങ്ങള്‍’ എന്ന് ആവേശപൂര്‍വ്വം പാടുന്ന പാവം തൊഴിലാളി സഖാക്കള്‍ ഇന്നും വയലാറിലും പുന്നപ്രയിലും മാത്രമല്ല കേരളത്തിന്റെ പല ഭാഗത്തും ജീവിച്ചിരിപ്പുണ്ട്.
അങ്ങനെ രവീന്ദ്രന്‍ കോണ്‍ഗ്രസായി ?
പുന്നപ്ര – വയലാര്‍ വഞ്ചനാദിനത്തില്‍ പ്രസംഗിക്കുവാന്‍ പുരുഷോത്തം തണ്ടാന്‍ ചേര്‍ത്തല കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ ദിവസം ഞാന്‍ കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് ആശയഗതികളോട് അകല്‍ച്ച തോന്നുകയും കോണ്‍ഗ്രസ്സിന്റെ രീതികളാണ് ശരിയെന്ന വിശ്വാസം മനസ്സില്‍ ഉറയ്ക്കുകയും ചെയ്തത്. സുഹൃത്തുക്കളായ സി.കെ. ചന്ദ്രപ്പനോടും, എം.പി. പ്രകാശത്തോടുമൊക്കെ ഇതേച്ചൊല്ലി പല ദിവസം തര്‍ക്കിച്ചു. കടപ്പുറത്ത് വൈകുന്നേരം ഞങ്ങള്‍ ഒന്നിച്ചുകൂടാറുണ്ടായിരുന്നു. ഗോതമ്പ് വാങ്ങിതിന്നാനും കളിക്കാനുമാണ് പോകുന്നതെങ്കിലും അതിനിടയില്‍ രാഷ്ട്രീയ വഴക്ക് കൂടുക പതിവായിരുന്നു.

വയലാറിലും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറവായിരുന്നില്ലേ ?
അക്കാലത്ത് വയലാറില്‍ കോണ്‍ഗ്രസ്സുകാരുടേതായി മൂന്നോ നാലോ വീടുകളേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ പഞ്ചായത്ത് ഇലക്ഷനില്‍ വയലാറിലെ ഏഴു സീറ്റിലും കമ്യൂണിസ്റ്റുകാര്‍ ജയിച്ചു. ജന്മിവിരുദ്ധ സമരമായിരുന്ന വയലാര്‍ കലാപം കമ്യൂണിസ്റ്റ് വിജയത്തെ വലിയളവില്‍ സഹായിച്ചു.
വീട്ടില്‍ വിളിച്ചിരുന്ന പേര് സിംസണ്‍ എന്നല്ലേ ?
അതെ… എന്നെ വീട്ടില്‍ വിളിച്ചിരുന്നത് സിംസണ്‍ എന്നായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് സിംസണ്‍ എന്ന പേര് അവിടുത്തെ അദ്ധ്യാപകനാണ് രവീന്ദ്രന്‍ എന്നാക്കി മാറ്റിയത്.
അതെങ്ങനെ ? അദ്ധ്യാപകനെങ്ങനെ പേര് മാറ്റും ?
എന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത് കളരിയില്‍ അക്ഷരം പഠിപ്പിച്ച കൃഷ്ണന്‍കുഞ്ഞ് ആശാനായിരുന്നു. ആശാന്റെ കുടിപ്പള്ളിക്കൂടത്തിലാണ് ഞങ്ങള്‍ എഴുത്തു പഠിച്ചത്. ആശാന് ഞങ്ങളെ ഇഷ്ടമായിരുന്നു. ആശാന്‍ പഠിപ്പിച്ച അക്ഷരങ്ങളിലൂടെ ഞാന്‍ വളര്‍ന്നു. ആശാനായിരുന്നു എന്നെ വയലാറിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്. അപേക്ഷ ഫാറം പൂരിപ്പിക്കുന്നതിനിടയില്‍ അവിടുത്തെ പ്രധാനാധ്യാപകനായ ദാമോദരന്‍പിള്ള സാറ് എന്റെ പേരെന്താണ് എന്ന് ചോദിച്ചു. അതിന് ആശാനാണ് മറുപടി പറഞ്ഞത് : ‘സിംസണ്‍’. ദാമോദരന്‍പിള്ള സാര്‍ പറഞ്ഞു. മിസ്റ്റര്‍ കൃഷ്ണന്റെ മകന് ക്രിസ്ത്യാനിയുടെ പേരോ? അത് ശരിയല്ല. അതുവേണ്ട. വീട്ടീല്‍ നിന്നും ദേവകിയമ്മ അതാണ് പറഞ്ഞയച്ചിരിക്കുന്നത് എന്ന് ആശാന്‍ പറഞ്ഞു. ദാമോദരന്‍പിള്ള സാര്‍ ആശാനോട് പറഞ്ഞു. ഞാന്‍ ഒരു പേരിടാം. കൃഷ്ണനോട് പറഞ്ഞാല്‍ മതി. എന്നിട്ട് എന്റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, ഇവന്റെ പേര് ‘രവീന്ദ്രന്‍’.
സിംസപ്പനായി സ്‌കൂളില്‍ പോയി. രവീന്ദ്രനായി മടങ്ങിവന്നു. അല്ലേ…? വീട്ടില്‍ പ്രശ്‌നമായില്ലേ ?
എന്റെ അച്ഛന് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അന്നൊക്കെ നാട്ടിലെല്ലാവരും പരസ്പരം അറിയുന്നവരും ബന്ധമുള്ളവരുമാണ്. കഴിഞ്ഞ കാലത്തെ നമ്മുടെ നാടിന്റെ ചൈതന്യം അതായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ ചേര്‍ത്തല ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് എന്നെ ചേര്‍ത്തത്. അന്ന് പ്രിപ്രയേറ്ററി ക്ലാസ് ഉണ്ടായിരുന്നു. പിന്നെയെല്ലാം സ്റ്റാന്‍ഡേഡ് എന്നാണ് പറഞ്ഞിരുന്നത്. അന്ന് സിക്‌സ്ത് ഫോറം വരെ എത്തുമ്പോള്‍ പബ്ലിക്ക് പരീക്ഷയായി. അന്നത്തെ സിക്‌സ്ത് ഫോറം ആണ് ഇന്നത്തെ പത്താം ക്ലാസ്. ചേര്‍ത്തല ഹൈസ്‌ക്കൂളില്‍ ദിവസവും എട്ടുകിലോമീറ്റര്‍ നടന്നാണ് ഞാനും, ചങ്ങാതി അശോകനും മറ്റും പഠിക്കാന്‍ പൊയ്‌ക്കൊണ്ടിരുന്നത്. സ്‌ക്കൂളില്‍ എം കെ രവീന്ദ്രന്‍ എന്നായിരുന്നു ഔദ്യോഗിക പേര്. എം കെ രവീന്ദ്രന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ ആദ്യം രവിയും പിന്നീട് വയലാര്‍ രവിയുമായി. എം കെ രവീന്ദ്രന്‍ എന്ന് പറഞ്ഞാലോ സിംസണ്‍ എന്ന് പറഞ്ഞാലോ ഇന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.
സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയം ഉണ്ടായിരുന്നോ ?
ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോഴേ രാഷ്ട്രീയം ഉണ്ടായിരുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞ് ഇന്റര്‍മീഡിയേറ്റിന് ആലപ്പുഴ എസ്.ഡി കോളേജില്‍ ആയിരുന്നു ചേര്‍ന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവിടെ ശക്തമായി. സ്‌ക്കൂള്‍ രാഷ്ട്രീയത്തില്‍ നിന്ന് കോളേജ് രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ആശയപരമായ വലിയ മാറ്റമുണ്ടായി.
സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു എന്ന് കേട്ടിട്ടുണ്ട് ?
ശരിയാണ്. ഒന്‍പതാം ക്ലാസ്സില്‍ എത്തുന്നതു വരെ എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടായിരുന്നു ആഭിമുഖ്യം. തിരഞ്ഞെടുപ്പിനുശേഷം ജയില്‍ വിമോചിതരായ സുഗതനും സഖാക്കളും വയലാറിലെത്തി. വെടിവെയ്പ്പില്‍ രക്തസാക്ഷികളായവരുടെ വീടുകളില്‍ പോയി. കമ്യൂണിസ്റ്റുകാരുടെ ജാഥകള്‍ പതിവായിരുന്നു. അതില്‍ ആവേശപൂര്‍വ്വം ഞാനും പങ്കെടുത്തിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് അനുഭാവമായി. ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കി.
കോളേജ് കാലം ഓര്‍ക്കുന്നോ ?
വീട്ടില്‍ നിന്നിറങ്ങി ചന്ദനക്കാവില്‍ വന്ന് കൂട്ടുകാരോടൊപ്പം നടന്നാണ് ഞങ്ങള്‍ കോളേജില്‍ എത്തിയിരുന്നത്. ഏകദേശം നാലു കിലോമീറ്റര്‍ ദൂരെയാണ് കോളേജ്. രാഷ്ട്രീയ വിശേഷങ്ങള്‍ പറഞ്ഞും തമാശകള്‍ പൊട്ടിച്ചും കൂട്ടുകാരോടൊത്ത് കോളേജിലേയ്ക്കുള്ള യാത്ര എങ്ങനെ മറക്കും.
എം കെ രവീന്ദ്രന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ ആദ്യം രവിയും പിന്നീട് വയലാര്‍ രവിയായി എന്നു പറഞ്ഞല്ലോ… അതെങ്ങനെ ?
കോണ്‍ഗ്രസ് അനുഭാവമുള്ള ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഐ.എസ്.യു) എസ്. ഡി. കോളേജില്‍ തുടങ്ങി. കോണ്‍ഗ്രസ് അനുഭാവ വിദ്യാര്‍ത്ഥികളേയും, കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥികളേയും ഒന്നിപ്പിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആലപ്പുഴയിലെ നേതാക്കളയിരുന്നു അതിന് പിന്തുണ നല്‍കിയത്. നന്നായി പ്രസംഗിക്കുവാന്‍ കഴിയുമായിരുന്ന രവീന്ദ്രന്‍ ക്യാമ്പസില്‍ ശ്രദ്ധേയ കഥാപാത്രമായി. ആലപ്പുഴ എസ്.ഡി. കോളേജില്‍ ചേര്‍ന്നപ്പോഴാണ് പേര് രവി എന്നാക്കി ചുരുക്കിയത്. ആലപ്പുഴ എസ്.ഡി കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവായി മാറി ഞാന്‍. പെന്‍സിലു പോലത്തെ മെലിഞ്ഞ ഒരുത്തനായിരുന്നു ഞാന്‍. മെലിഞ്ഞത് ഒരു കുറവ്. രവി എന്ന പേരിന് ഒരു ഗൗരവമില്ലെന്ന് അഭിപ്രായം വന്നു. എസ്.ഡി. കോളജില്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഐ.എസ്.യു) പ്രതിനിധിയെന്ന നിലയില്‍ കോളജ് യൂണിയന്‍ സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന സമയം. എം. കെ. രവീന്ദ്രന്‍ എന്ന പേര് പോരെന്ന് ഇലക്ഷന്‍ പ്രചരണത്തിനു വന്ന സഹപാഠികള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിക്കൊരു പുതിയ പേരിടണമെന്നു കൂട്ടുകാരെല്ലാവരും കൂടി ആലോചിച്ചു. വിപ്ലവ സ്മരണകളുണര്‍ത്തുന്ന രവീന്ദ്രനെ വയലാര്‍ രവീന്ദ്രന്‍ എന്ന് ചിലര്‍ പറഞ്ഞു നോക്കി. അതിന് അത്ര സുഖം പോരാ, കൂട്ടുകാരൊക്കെ വിളിക്കുന്നതുപോലെ ‘പേര് രവിയെന്ന് മതി’ എന്നാരോ പറഞ്ഞു. കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മക്കുശേഷം ആ നാട്ടില്‍ നിന്ന് പ്രശസ്തിയിലേക്കുയരാന്‍ മറ്റൊരാള്‍. അങ്ങനെ ‘വയലാര്‍ രവി’ അവിടെ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു.
(തുടരും…)
Content Summary: Punnapra-Vayalar uprising; Vayalar Ravi from communism to Congress