January 15, 2025 |
Share on

രാജ്ഭവന്‍ ജീവനക്കാരന് ഒഡീഷ ഗവര്‍ണറുടെ മകന്റെ മര്‍ദ്ദനം, ഷൂ നക്കാന്‍ പറഞ്ഞതായും പരാതി

റെയില്‍വേ സ്റ്റേഷനിലേക്ക് ആഡംബര കാര്‍ കാരണമായി പറയുന്നത്‌

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സ്വീകരിക്കാന്‍ ആഡംബര കാര്‍ അയിച്ചില്ലെന്ന കാരണത്താല്‍ ഗവര്‍ണറുടെ മകന്‍ മര്‍ദ്ദിച്ചതായി ഒഡീഷ രാജ്ഭവന്‍ ജീവനക്കാരന്റെ പരാതി. രാജ്ഭവനിലെ ഹൗസ് ഹോള്‍ഡ് സെക്ഷന്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ ബൈകുണ്ട പ്രധാന്‍ ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

പുരി റെയില്‍വേ സ്റ്റേഷനിലേക്ക് ആഡംബര വാഹനം അയച്ചില്ലെന്നു പറഞ്ഞാണ് ഗവര്‍ണര്‍ രഘുബര്‍ ദാസിന്റെ മകന്‍ ലളിത് കുമാറും മറ്റ് അഞ്ചു പേരും ചേര്‍ന്ന് തന്നെ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നാണ് 47 കാരനായ പ്രധാന്‍ പരാതിയില്‍ പറയുന്നത്. ജൂലൈ ഏഴിന് രാത്രി പുരിയില്‍ സ്ഥിതി ചെയ്യുന്ന രാജ്ഭവനില്‍ വച്ചായിരുന്നു മര്‍ദ്ദനം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശാനാര്‍ത്ഥം പുരി രാജ്ഭവനിലെ മേല്‍നോട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ബൈകുണ്ട പ്രധാന്‍.

ജൂലൈ 10 ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പ്രധാന്‍ പരാതി എഴുതി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി സാസ്വത് മിശ്രയോ രാജ്ഭവനിലെ മറ്റ് പ്രതിനിധികളോ മറുപടി പറയാന്‍ തയ്യാറായില്ലെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

‘ പുരി രാജ്ഭവന്റെ ഇന്‍-ചാര്‍ജ് എന്ന നിലയില്‍ ജൂലൈ ഏഴ്, എട്ട് തീയതികളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തുന്ന സന്ദര്‍ശനത്തിനു മുന്നോടിയായുള്ള മേല്‍നോട്ടവുമായി ജൂലൈ അഞ്ചു മുതല്‍ ഇവിടെയുണ്ട്’ എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പ്രധാന്‍ പറയുന്നത്. ഭുവനേശ്വരിലെ രാജ്ഭവനിലാണ് പ്രധാന്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക നിര്‍ദേശപ്രകാരമാണ് പുരിയിലേക്ക് വന്നത്.

ജൂലൈ ഏഴാം തീയതി രാത്രി ഏകദേശം 11.45 ഓടെ ഓഫീസ് മുറിയില്‍ ഇരിക്കുന്ന സമയത്താണ് ഗവര്‍ണറുടെ പേഴ്‌സണല്‍ കുക്ക് വന്ന്, ഗവര്‍ണറുടെ മകന്‍ ലളിത് കുമാറിന് ഇപ്പോള്‍ തന്നെ കാണണമെന്ന് പറയുന്നത്’- പ്രധാന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങളാണ്.

‘ എന്നെ കണ്ടയുടന്‍ തന്നെ ലളിത് കുമാര്‍ അസഭ്യങ്ങളും അശ്ലീലങ്ങളും പറഞ്ഞു ശകാരിക്കാന്‍ തുടങ്ങി. അപമാനം സഹിക്കാനാകാതെ ഞാന്‍ പ്രതിഷേധിച്ചപ്പോഴാണ് അയാള്‍ എന്നെ തല്ലാന്‍ തുടങ്ങിയത്’ പരാതിയില്‍ പറയുന്നു.

മര്‍ദ്ദനം സഹിക്കാനാകാതെ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ട് കെട്ടിടത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു. എന്നാല്‍ കുമാറിന്റെ അംഗരക്ഷകന്മാര്‍ കണ്ടു പിടിക്കുകയും വലിച്ചിഴച്ച് ലിഫ്റ്റ് വഴി വീണ്ടും മുറിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. രാജ്ഭവനിലെ സുരക്ഷ ജീവനക്കാരും മറ്റുള്ളവരും ഇതിനെല്ലാം സാക്ഷികളാണ്. അവര്‍ വീണ്ടും എന്നെ തല്ലാന്‍ തുടങ്ങി. മുഖത്ത് ഇടിച്ചു. ശരീരത്തിന്റെ എല്ലാ ഭാഗത്തും തൊഴിച്ചു. ഇടത് കണങ്കാല്‍ തിരിച്ചൊടിച്ചു. എന്നെ കൊന്നു കളയുമെന്നും ആര്‍ക്കുമെന്നെ രക്ഷിക്കാന്‍ കഴിയില്ലെന്നും കുമാര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു എന്നും പ്രധാന്‍ പരാതിയില്‍ പറയുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം ജൂലൈ എട്ടിന് വൈകിട്ട് 4.30 യ്ക്ക് തന്നെ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വാക്കാല്‍ പരാതിപ്പെട്ടിരുന്നുവെന്നും, ജൂലൈ 10 ന് എഴുതിയ പരാതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മെയ്ല്‍ അയച്ചിട്ടുണ്ടെന്നും ബൈകുണ്ട പ്രധാന്‍ വ്യക്തമാക്കുന്നുണ്ട്.

Post Thumbnail
പ്രക്ഷര്‍ കുക്കറില്‍ വേവുന്ന ദ ബിയര്‍ സീസണ്‍ 3വായിക്കുക

ജൂലൈ 11 സീ ബീച്ച് പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ചെന്നിരുന്നുവെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കാവെ പ്രധാന്റെ ഭാര്യ സായോജ് ആരോപിച്ചത്. തുടര്‍ന്ന് പരാതി തങ്ങള്‍ പൊലീസിന് മെയില്‍ ചെയ്തിട്ടുണ്ടെന്നും സായോജ് പറഞ്ഞു.

റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ട് ആഡംബര കാര്‍ അയക്കാതിരുന്നുവെന്ന പേരിലാണ് ഗവര്‍ണറുടെ മകന് പ്രധാനോട് കോപം ഉണ്ടായതെന്നും, മര്‍ദ്ദനത്തിനിടയില്‍ പ്രധാനോട് തന്റെ ഷൂസ് നക്കാന്‍ കുമാര്‍ ആജ്ഞാപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

‘ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് എന്റെ ഭര്‍ത്താവിനെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചത്, അല്ലാതെ ഗവര്‍ണറുടെ മകന് വേണ്ടി വേല ചെയ്യാനല്ല’ സായോജ് മാധ്യമങ്ങളോട് പറയുന്നു. പരിക്കേറ്റ പ്രധാനെ പുരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്കുണ്ടായ അതിക്രമത്തെക്കുറിച്ച് ഗവര്‍ണറോട് അടക്കം പരാതി പറഞ്ഞതാണെങ്കിലും അദ്ദേഹത്തിന് കിട്ടിയ മറുപടി, സ്വഭാവം നന്നാക്കു എന്നതായിരുന്നുവെന്നും പ്രധാന്റെ ഭാര്യ ആരോപിക്കുന്നു. രാജ്ഭവന്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറാകുന്നതിന് മുമ്പ് 20 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചയാളാണ് തന്റെ ഭര്‍ത്താവ് എന്നും സായോജ് പറയുന്നു.  serious allegation puri raj bhavan staff complaint odisha governor’s son beat and assaulted

Content Summary; serious allegation puri raj bhavan staff complaint odisha governor’s son beat and assaulted

×