ആവനാഴിയിലെ അവസാന അടവും പയറ്റി അരയും തലയും മുറുക്കി നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങാന്‍ ഇടതും വലതും ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള സൂചന നല്‍കിയിരിക്കുകയാണ് പിവി അന്‍വര്‍. ഇതോടെ ത്രികോണ മത്സരത്തിലേക്കാണോ മണ്ഡലം നീങ്ങുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിലമ്പൂരിലെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടന്നപ്പോള്‍ തന്നെ ജയസാധ്യത പരിഗണിച്ചാകണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവച്ചതെന്നും വേണ്ടിവന്നാല്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന സൂചന കൂടിയാണ് അന്‍വര്‍ നല്‍കുന്നത്. പിണറായിസത്തെ തോല്‍പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിക്കാണ് തന്റെ പിന്തുണയെന്നുമാണ് അന്‍വറിന്റെ പക്ഷം. ആര്യാടന്‍ ഷൗക്കത്തിന് മണ്ഡലത്തില്‍ ജയസാധ്യത ഇല്ലെന്ന് തന്നെയാണ് അന്‍വര്‍ അനുഭാവികളുടെയും വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്‍വറിന്റെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലമ്പൂരില്‍ അന്‍വര്‍ എഫക്ട് ഉണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ അന്‍വറിന് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗത്തിന്റെ തീരുമാനം. ഇതിനൊക്കെ പുറമെയാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുമായി വിഎസ് ജോയിയുടെ രംഗപ്രവേശം. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന ഉറപ്പ് തനിക്ക് നല്‍കിയിരുന്നതാണെന്നും അത് പാലിക്കപ്പെടാത്തത് ന്യായമല്ലെന്നുമാണ് വിഎസ് ജോയി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോട്ടുകള്‍.
എല്‍ഡിഎഫിനും യുഡിഎഫിനും ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നതോടൊപ്പം തന്നെ പിവി അന്‍വറിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. അന്‍വറിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.
എല്‍ഡിഎഫിന്റെ പിന്തുണയോടെ 2016 മുതല്‍ നിലമ്പൂര്‍ മണ്ഡലത്തിന്റെ നിഴലായി നിന്ന പിവി അന്‍വര്‍ പിണറായി വിജയന്‍ സര്‍ക്കാരുമായി ഇടഞ്ഞാണ് എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ യുഡിഎഫുമായി സഹകരിക്കുന്നതില്‍ വ്യവസ്ഥകള്‍ വച്ച അന്‍വര്‍ പിന്നീട്, പിണറായി സര്‍ക്കാരിനെ തോല്‍പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന വാദത്തിലേക്ക് എത്തിയിരുന്നു. അതിന്റെ ഭാഗമായി തനിക്ക് സ്ഥാനാര്‍ത്ഥി ആകണ്ട എന്ന് പോലും ഒരു ഘട്ടത്തില്‍ അന്‍വര്‍ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ അന്‍വര്‍ സ്വതന്ത്രനായി തന്നെ മത്സരിക്കാനുള്ള ശ്രമങ്ങളിലേക്കും തിരിയുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അന്‍വറിനേ കൊള്ളണോ തള്ളണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും തിരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് ഉദാഹരണമാണ് അനന്തമായി നീളുന്ന അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനവും. കൂടാതെ, കോണ്‍ഗ്രസിനൊപ്പം നിര്‍ത്താതെയുള്ള നേതൃത്വത്തിന്റെ നിലപാടും അന്‍വറിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടിയും അന്‍വറും തമ്മിലുള്ള പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ നിലമ്പൂര്‍ പിടിക്കാനായില്ലെങ്കില്‍ പിണറായി സര്‍ക്കാരിന്റെ മൂന്നാമൂഴമെന്ന സ്വപ്‌നത്തിനുള്ള തിരിച്ചടിയായി ചിത്രീകരിക്കപ്പെടും. കോണ്‍ഗ്രസിനാകട്ടെ കെപിസിസിക്ക് പുതിയ സാരഥി വന്നതിലൂടെ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം.
ജൂണ്‍ 19നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. pv anvar expressed unsatisfaction on nilambur byelection
Content Summary: pv anvar expressed unsatisfaction on nilambur byelection