‘മുടി പറിച്ചെടുത്തു, ഇന്ത്യയിലേക്ക് തിരിച്ച് പോകൂ എന്ന് ആക്രോശം’ അയർലൻഡിൽ ആറ് വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ക്രൂര മർദ്ദനം

സ്വകാര്യഭാഗങ്ങളിൽ സൈക്കിൾ ഉപയോഗിച്ച് ഇടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്ന് കുടുംബം

അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിൽ ആറ് വയസ്സുള്ള മലയാളി പെൺകുട്ടിക്ക് നേരെ വംശീയാതിക്രമം.  കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൾ നിയ നവീനെയാണ് 12-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ സംഘം ആക്രമിച്ചത്. “വൃത്തികെട്ടവൾ” എന്ന് അധിക്ഷേപിച്ചും “ഇന്ത്യയിലേക്ക് മടങ്ങാൻ” ആവശ്യപ്പെട്ടുമായിരുന്നു ആക്രമണം.

സംഭവസമയത്ത് വീടിന് പുറത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന മകളെ താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന് അമ്മ അനുപ അച്യുതൻ പറഞ്ഞു. കുറച്ചുസമയത്തേക്ക് അകത്തേക്ക് പോയപ്പോഴാണ് ആക്രമണം നടന്നത്. നിയയുടെ സ്വകാര്യഭാഗങ്ങളിൽ സൈക്കിൾ ഉപയോഗിച്ച് ഇടിക്കുകയും മുഖത്തടിക്കുകയും കഴുത്തിലും മുടിയിലും പിടിച്ച് ഉപദ്രവിക്കുകയും ചെയ്തെന്ന് അനുപ ഐറിഷ് മിററിനോട് വ്യക്തമാക്കി.

സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾ തങ്ങളെ തുറിച്ചുനോക്കി പരിഹസിച്ചതായി പിതാവ് അച്യുതൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം കൗൺസിലിംഗ് നൽകി അവരെ ബോധവത്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഐറിഷ് പൗരത്വം ലഭിച്ചിട്ടും തങ്ങൾക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ലെന്ന് അനുപ പറഞ്ഞു. “ഒരു നഴ്‌സായ താൻ രാജ്യത്തെ സേവിക്കാൻ ശ്രമിക്കുമ്പോഴും സ്വന്തം കുട്ടികൾ പോലും സുരക്ഷിതരല്ല” എന്ന് അവർ ദുഃഖത്തോടെ കൂട്ടിച്ചേർത്തു.

അയർലൻഡിൽ ഇന്ത്യൻ വംശജർക്കെതിരെ നടക്കുന്ന ആദ്യത്തെ വംശീയ ആക്രമണമായിരുന്നില്ല ഇത്. ഡബ്ലിനിലെ ടാലഗ്, ക്ലോണ്ടാൾക്കിൻ എന്നിവിടങ്ങളിൽ അടുത്തിടെയും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. വംശീയ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

content summary: Racist Attack On Indian-Origin Girl, 6, In Ireland

This post was last modified on August 7, 2025 3:59 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment