February 14, 2025 |

മാതൃത്വം അനുഗ്രഹം,സംസ്‌കാരം നശിപ്പിക്കരുത് ; ചര്‍ച്ചയായി രാധികയുടെ ഫോട്ടോഷൂട്ട്

‘ഈ ചിത്രങ്ങള്‍ ഒന്നും താന്‍ പരസ്യമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ ഗര്‍ഭം അവിചാരിതമായിരുന്നില്ല. പക്ഷേ ഒരു ഷോക്കായിരുന്നു’ – രാധിക

ബോളിവുഡ് താരം രാധിക ആപ്‌തെയ്ക്കും ഭര്‍ത്താവ് ബെനെഡിക്ട് ടെയ്‌ലറിനും പെണ്‍കുഞ്ഞ് ജനിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നിറവയറുമായി ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പറ്റില്‍ താരമെത്തിയത് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. അമ്മയാകുന്നത് വരെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ യാതൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല.radhika apte

പ്രസവകാലത്തെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഒപ്പം ന്യൂഡ് ഫോട്ടോഷൂട്ടാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകരുമെത്തി, മോസ്റ്റ് ബക് വാസ് ഫോട്ടോഷൂട്ട് എവര്‍, പ്രഗ്നന്‍സിയെ അനുഗ്രഹമായി കാണണം, സെലിബ്രിറ്റികള്‍ ഈ സമയത്ത്
വള്‍ഗാരിറ്റി കാണിക്കരുത് എന്നും കമന്റുകള്‍ നിറയുന്നുണ്ട്. മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു. ഹിന്ദുധര്‍മ്മത്തിന്റെ മൂല്യത്തെയും സംസ്‌കാരത്തെയും നശിപ്പിച്ചു. എന്നാല്‍ ചിലര്‍ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തി. ചിത്രങ്ങള്‍ വൈറലായതോടെ രാധിക തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നന്ദി രേഖപ്പെടുത്തി.

പെണ്‍കുഞ്ഞ് ജന്മമെടുക്കുന്നതിന് ഒരു ആഴ്ച മുന്‍പ് രാധിക വോഗിന് അഭിമുഖം നല്‍കിയിരുന്നു. ആദ്യ ഫോട്ടോയില്‍ തവിട്ട് നിറത്തിലുള്ള ഗൗണിലാണ് രാധികയെത്തിയത്. അടുത്ത ചിത്രത്തില്‍ ഗോള്‍ഡന്‍ നെറ്റ് ഡ്രസ്സില്‍ രാധിക തന്റെ നിറവയര്‍ കാണിക്കുന്നുണ്ട്. ഒരു സ്ത്രീയില്‍ നിന്ന് തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന അമ്മയിലേക്കുള്ള നടിയുടെ പരിവര്‍ത്തനമാണ് ചിത്രത്തിലൂടെ തിരിച്ചറിയുന്നത്. നിറവയര്‍ വ്യക്തമായി കാണുന്ന രീതിയില്‍ കട്ട് ചെയ്യപ്പെട്ട വെളുത്ത ഉയര്‍ന്ന കഴുത്തോട് കൂടിയ ഡ്രസില്‍ രാധിക മറ്റൊരു അത്ഭുതമായി.

ഈ ചിത്രങ്ങള്‍ ഒന്നും താന്‍ പരസ്യമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റെ ഗര്‍ഭം അവിചാരിതമായിരുന്നില്ല. പക്ഷേ ഒരു ഷോക്കായിരുന്നു. കുടുംബത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും രാധിക രസകരമായി മറുപടി നല്‍കി.

തന്റെ ശരീരം ഇത്രയധികം ഭാരത്തോടെ ഇതുവരെ കണ്ടിട്ടില്ല. ഫോട്ടോഷൂട്ടിനെക്കുറിച്ച്, സംസാരിക്കുകയും പ്രസവത്തിന് ഒരാഴ്ച മുന്‍പ് ഫോട്ടോഷൂട്ട് നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു. പെല്‍വിസില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഉറക്കമില്ലായ്മയും പ്രശ്‌നമായിരുന്നു. മാതൃത്വത്തിലേക്കെത്തി നില്‍ക്കേ, ശരീരം വ്യത്യസ്തമായി കാണുന്നുവെന്നും അഭിമുഖത്തിനിടെ രാധിക പറഞ്ഞു.

തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ ദയവോടെയാണ് കാണുന്നത്. ഒടുവില്‍ ഈ മാറ്റങ്ങളിലെല്ലാം തനിക്ക് സൗന്ദര്യം കാണാന്‍ കഴിയുന്നുണ്ടെന്ന് രാധിക പറഞ്ഞു. ഈ ഫോട്ടോകള്‍ വിലമതിക്കപ്പെട്ടതാണ്. എനിക്കറിയാവുന്ന മിക്ക സ്ത്രീകളും സഹനശക്തിയോടെയാണ് ഗര്‍ഭധാരണം നടത്തുന്നത്. പ്രസവകാലം അതിശയകരമാണെന്നും രാധിക പറഞ്ഞു.

ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടിയാണ് രാധിക ആപ്‌തെ. ബ്രിട്ടീഷ് വയലിനിസ്റ്റും കമ്പോസറുമായ ബെനെഡിക്ട് ടെയ്‌ലറിനെയാണ് രാധിക വിവാഹം ചെയ്തത്. 2012 ലായിരുന്നു വിവാഹം. രാധിക ലണ്ടനിലായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും ഇഷ്ടപ്പെടുന്നതും.
സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. പിന്നീട് 2013 ല്‍ ആഘോഷപൂര്‍വം വിവാഹം നടത്തി.radhika apte

 

×