കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി വോട്ട് മോഷ്ടിക്കുകയായിരുന്നുവെന്നും ഇത് 100-ഓളം സീറ്റുകളുടെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പ്രധാന ജനാധിപത്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും, ഫലത്തിൽ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നും രാഹുൽ പറഞ്ഞു.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുക, സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുക, വ്യാജ വോട്ടർമാരെ ചേർക്കുക എന്നിവ ഉൾപ്പെടെ അഞ്ച് വഴികളിലൂടെയാണ് ക്രമക്കേടുകൾ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ രാഹുൽ ഗാന്ധി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. “ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പിടിച്ചെടുക്കലായി” കമ്മീഷൻ മാറിയെന്നും, ജനാധിപത്യത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ ഉണ്ടെന്നും, വോട്ടർ പട്ടിക നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചെന്നും രാഹുൽ ആരോപിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാനുള്ള നയം മാറ്റിയത് ക്രമക്കേടുകൾ മറയ്ക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിക്കാനുള്ള ഒരു ആസൂത്രിത ശ്രമത്തിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വ്യാജ വിലാസങ്ങളിൽ ഒട്ടേറെ പേരെ വോട്ടർ പട്ടികയിൽ ചേർത്തതായും, ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
11,965 വോട്ടർമാർ ഇരട്ട വോട്ടർമാരായി പട്ടികയിലുണ്ട്. 40,009 വോട്ടർമാരുടെ വിലാസം വ്യാജമോ അസാധുവോ ആണ്. 10,452 വോട്ടർമാരയെയാണ് ഒരൊറ്റ വിലാസത്തിൽ കൂട്ടമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 4,132 വോട്ടർമാരുടെ ഫോട്ടോകൾ അസാധുവാണ്. പുതിയ വോട്ടർമാരെ ചേർക്കാൻ ഉപയോഗിക്കുന്ന ഫോം 6 ദുരുപയോഗം ചെയ്ത് 33,692 തട്ടിപ്പുകൾ നടത്തിയതായും രാഹുൽ പറയുന്നു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗം സമയത്തും കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാൻ ലീഡ് നിലനിർത്തിയിരുന്നു. എന്നാൽ, ഒടുവിൽ ബിജെപിയുടെ പിസി മോഹൻ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയം നേടി.
ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ മാത്രം 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. 25 സീറ്റുകളിൽ ബിജെപി ജയിച്ചത് 33000 ത്തിൽ താഴെ ഭൂരിപക്ഷത്തിൽ, അധികാരം ഉറപ്പാക്കിയത് 25 സീറ്റുകളിലെ അട്ടിമറിയോടെയെന്ന് രാഹുൽ ആരോപിച്ചു.
content summary: Rahul Gandhi alleges ‘40,009’ fake voter addresses in Karnataka
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.