June 04, 2026 |

രാഹുല്‍ ഗാന്ധിയുടെ സ്വപ്നവും ജയലക്ഷ്മിയുടെ സങ്കടവും

രാഹുല്‍ ഗാന്ധി സ്വപ്നം കാണേണ്ടത് വനിത മുഖ്യമന്ത്രിയെയല്ല, വനിതകള്‍ക്ക് തന്റെ പാര്‍ട്ടിയില്‍ കിട്ടുന്ന അര്‍ഹമായ അവസരങ്ങളാണ്‌

‘അവരെന്റെ പോസ്റ്ററുകള്‍ മാനന്തവാടി പുഴയില്‍ ഒഴുക്കി, വീടുകള്‍ കയറിയിറങ്ങി എനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞു’: ഒരു വനിത രാഷ്ട്രീയ നേതാവ് പൊതുവേദിയില്‍ നടത്തിയ വെളിപ്പെടുത്തലാണ്. എതിര്‍പാര്‍ട്ടിക്കര്‍ക്കെതിരേ ആയിരുന്നില്ല, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരേയായിരുന്നു ആരോപണം. ആ സത്രീയുടെ പേര്; പി കെ ജയലക്ഷ്മി, ആദിവാസി വിഭാഗത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന കോണ്‍ഗ്രസുകാരി, 2011-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഏക വനിത മന്ത്രി. കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണമെന്നു സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധി കേട്ടിരിക്കാന്‍ വഴിയില്ലാത്ത പരിവേദനം.

ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ മന്ത്രിക വിദ്യയൊന്നും ആവശ്യമില്ല, അതിന് ദൃഢനിശ്ചവും കഠിനാദ്ധ്വാനവും മതിയെന്ന് കോളിന്‍ പവല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് വനിത മുഖ്യമന്ത്രിയെന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ രാഹുല്‍ മാന്ത്രിക വിദ്യ പുറത്തെടുക്കേണ്ടി വരും. കാരണം, വനിതകള്‍ എംഎല്‍എമാരായി പോലും വരാതിരിക്കാനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ദൃഢനിശ്ചയത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്നത്.

ആര്‍, ശങ്കര്‍, കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അഞ്ചു വര്‍ഷം തികച്ചും തികയ്ക്കാതെയും ഭരിച്ച ഒമ്പത് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ 1962 നും 2016നും ഇടയില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ആകെ മൂന്നേ മൂന്ന് സ്ത്രീകളാണ് മന്ത്രിമാരായത്. അതാത്, കേരളത്തിലെ കോണ്‍ഗ്രസിന് പറയാന്‍ ഇക്കാലം കൊണ്ട് ഉണ്ടായത് മൂന്നു വനിത മന്ത്രിമാര്‍.

1982 മുതല്‍ 87 വരെ, ഏഴാം നിയമസഭയുടെ കാലത്തെ മൂന്നാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ അവസരം കിട്ടിയ എം. കമലം ആയിരുന്നു ആദ്യത്തെ കോണ്‍ഗ്രസ് വനിത മന്ത്രി. സഹകരണം ആയിരുന്നു കൊടുത്ത വകുപ്പ്.

1991 മുതല്‍ 95 മാര്‍ച്ച് 16 വരെ നീണ്ട നാലാം കരുണാകരന്‍ മന്ത്രിസഭയിലും ഒരു വനിതയ്ക്ക് അവസരം കിട്ടി; എം ടി പത്മ. മത്സ്യബന്ധനായിരുന്നു വകുപ്പ്. ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് കരുണാകരന്‍ രാജിവയ്ക്കുകയും ആന്റണി പകരം വരികയും ചെയ്തെങ്കിലും പത്മയുടെ മന്ത്രിസ്ഥാനം പോയില്ല.

1995 ന് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ വന്നു. പതിനൊന്നാം നിയമസഭയായ
2001 മുതല്‍ 2004 വരെയുണ്ടായ മൂന്നാം എ കെ ആന്റണി മന്ത്രിസഭയിലും, ശേഷിച്ച രണ്ടു വര്‍ഷം ഭരിച്ച ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ഒരു വനിത മന്ത്രിയായി ഉണ്ടായിരുന്നുവെങ്കിലും അത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. അല്ലാതെ കോണ്‍ഗ്രസുകരിയായ വനിതയില്ലായിരുന്നു.

അതിനുശേഷം വന്ന പതിമൂന്നാം നിയമസഭയിലെ രണ്ടാം ഉമ്മന്‍ ചാണ്ടി കാലത്താണ്(2011-2016) കോണ്‍ഗ്രസ് വീണ്ടുമൊരു വനിതയെ മന്ത്രിയാക്കുന്നത്; പി കെ ജയലക്ഷ്മി. യുവജനകാര്യവും പട്ടിക വര്‍ഗ്ഗവുമായിരുന്നു കൊടുത്ത വകുപ്പുകള്‍. ഇതേ ജയലക്ഷ്മിയാണ്, സ്വന്തം പാര്‍ട്ടിക്കാരുടെ ചെയ്തികളെ പ്രതി സങ്കടം പങ്കുവച്ചത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിലേക്ക് വരാം. യുഡിഎഫ് അധികാരം പിടിക്കുമെന്നും വീണ്ടുമൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കയറുമെന്നും പച്ച പിടിച്ച പ്രതീക്ഷയിലാണ്, വനിത മുഖ്യമന്ത്രിയെ സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ഇത്തവണ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഈ 92-ല്‍ വനിത സ്ഥാനാര്‍ത്ഥികള്‍ വെറും ഒമ്പത് പേരാണ്! കഴിഞ്ഞ തവണത്തെക്കാള്‍ ഒന്ന് കുറവ്.

ചിറയന്‍കീഴ്-രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ-കൊല്ലം, മുത്താര രാജ്- മാവേലിക്കര, ഷാനിമോള്‍ ഉസ്മാന്‍-അരൂര്‍, ഉമ തോമസ്-തൃക്കാക്കര, കെ എ തുളസി- കോങ്ങാട്, കെ എ ഫെബിന്‍-ആലത്തൂര്‍, വിദ്യ ബാലകൃഷ്ണന്‍-എലത്തൂര്‍, ഉഷ വിജയന്‍-മാനന്തവാടി. തൃക്കാക്കാര മാത്രമാണ് സിറ്റിംഗ് സീറ്റ്. അത് മാത്രമാണ് ഒരു വനിത സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരിക്കുന്ന സുരക്ഷിത മണ്ഡലം.

2021- 2026 വരെയുള്ള പതിനഞ്ചാം നിയമസഭയില്‍ പ്രതിപക്ഷ ബഞ്ചില്‍ ഉണ്ടായിരുന്ന ഏക കോണ്‍ഗ്രസ് വനിത എംഎല്‍എ ഉമ തോമസായിരുന്നു(കെ കെ രമ മറ്റൊരു യുഡിഎഫ് പ്രതിനിധി). പത്ത് പേര്‍ക്ക് സീറ്റ് കൊടുത്തതിലാണ് പി. ടി തോമസ് മരിച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയായ ഉമ തോമസ് വിജയിച്ചതുകൊണ്ട് മാത്രം ഒരു വനിത എംഎല്‍എയെ കോണ്‍ഗ്രസിന് കിട്ടിയത്.

2016- ലെ കാര്യം അതിലും കഷ്ടമായിരുന്നു. ഒമ്പത് വനിതകളെ നിര്‍ത്തിയിട്ടും ഒരാള്‍ പോലും ജയിച്ചില്ല. ഒടുവില്‍ 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അരൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചാണ് നാണക്കേട് ഒഴിവാക്കിയത്. ഇതേ ഷാനിമോളെ വിജയസാധ്യത ഒട്ടും ഇല്ലാതിരുന്ന ഒറ്റപ്പാലത്തായിരുന്നു ആദ്യം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഓര്‍ക്കണം.

2001-2006 കാലത്ത് സഭയില്‍ ആകെയുണ്ടായിരുന്ന ഒമ്പത് വനിത എംഎല്‍എമാരില്‍ അറ് പേരും കോണ്‍ഗ്രസുകാരായിരുന്നു(ഗൗരിയമ്മയെയും കൂട്ടി ഏഴ് പേര്‍). എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍(2006-11) ഒരൊറ്റ വനിതകള്‍ പോലും കോണ്‍ഗ്രസിന്റെതായി സഭയിലെത്തിയില്ല. 2011-16-ല്‍ കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചതെങ്കിലും അവര്‍ക്ക് ആകെ സഭയിലെത്തിക്കാന്‍ പറ്റിയത് പി കെ ജയലക്ഷ്മിയെ മാത്രമായിരുന്നു. 2006 നു ശേഷം അഞ്ചു വര്‍ഷം തികച്ച് എംഎല്‍എ കസേരയില്‍ ഇരുന്നത് ഒരേയൊരു കോണ്‍ഗ്രസുകാരിയായിരുന്നു(ഷാനിമോളും ഉമയും ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരാണ്).

ഈ കണക്കുകള്‍ ആണ് കോണ്‍ഗ്രസ് ആദ്യം തിരുത്തേണ്ടത്. കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് അവരെ ഒതുക്കാന്‍ വേണ്ടിയാണെന്ന് സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്, അവരുടെ എത്ര സ്ത്രീകള്‍ക്ക് സുരക്ഷിതമായ സീറ്റ് നല്‍കിയിട്ടുണ്ട്?

ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാല്‍, കോണ്‍ഗ്രസ്-9(92), സിപിഎം -10(75), സിപിഐ-5(20), ബിജെപി-13(98), മുസ്ലിം ലീഗ്-2(25), കേരള കോണ്‍ഗ്രസ് എം-1(8) എന്നിങ്ങനെയാണ് സ്ത്രീകള്‍ക്ക് സീറ്റ് നല്‍കിയിരിക്കുന്ന കണക്ക്. പത്ത് ശതമാനത്തില്‍ താഴെയാണ് കോണ്‍ഗ്രസിന്റെ വനിത പ്രാതിനിധ്യം. കേരളത്തിലെ മൂന്നു പ്രധാന പാര്‍ട്ടികളില്‍ കോണ്‍ഗ്രസിലാണ് ഏറ്റവും കുറഞ്ഞ വനിത പ്രാതിനിധ്യം എന്നതും ഓര്‍ക്കാതെയാകണം രാഹുല്‍ ഗാന്ധി സ്വപ്‌നം പങ്കുവച്ചത്.

വനിത പ്രതിനിധികളുടെ എണ്ണം കൂട്ടുക മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയവേദിയില്‍ മുന്‍പോട്ട് കയറ്റി നിര്‍ത്തിയിരിക്കുന്ന എത്ര വനിത നേതാക്കള്‍ ഉണ്ടെന്നു കൂടി രാഹുല്‍ ഗാന്ധി ആലോചിച്ചിട്ടുണ്ടാകില്ല. സിപിഎം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മുന്നില്‍ നിര്‍ത്തിയ രണ്ടു വനിതകളുണ്ട്; കെ കെ ഷൈലജയും വീണ ജോര്‍ജും. അവര്‍ക്ക് കിട്ടിയ മന്ത്രി സ്ഥാനങ്ങളിലൂടെയാണ് ഷൈലജയും വീണയും കേരള രാഷ്ട്രീയത്തില്‍ പ്രസക്തി നേടിയത്. ഷൈലജ ഇന്ന് സിപിഎമ്മിന്റെ മുഖ്യമന്ത്രി മെറ്റീരിയല്‍ ആണ്. പിണറായി വിജയന് പിന്നാലെ ഏതൊരു സര്‍വേയിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സിപിഎം നേതാവ് ഷൈലജയാണ്. കോണ്‍ഗ്രസുകാര്‍പോലും അവരെ ആ രീതിയില്‍ പ്രതിയോഗിയായി കാണുന്നുണ്ട്. വിവാദങ്ങള്‍ കൊണ്ട് പൊതിയാന്‍ നോക്കുന്ന വീണ ജോര്‍ജും കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടും രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്നും വനിത മന്ത്രിമാരുണ്ടായി. രണ്ടു തവണയും രണ്ട് വനിതകളെ വീതം സിപിഎം മന്ത്രിമാരാക്കി. ആദ്യ ഇഎംഎസ് സര്‍ക്കാര്‍ തൊട്ട് ഓരോ സിപിഎം മന്ത്രിസഭകളിലും വനിത പ്രാതിനിധ്യം പാര്‍ട്ടിയൊരുക്കി. ഈ കണക്കുകള്‍ സിപിഎം വനിതകള്‍ക്ക് തുല്യ പ്രധാന്യം കൊടുക്കുന്നുണ്ടെന്നോ, മികച്ച രീതിയില്‍ പരിഗണിക്കുന്നു എന്നോ അല്ല. കോണ്‍ഗ്രസിനെ അപേക്ഷിച്ച് അവര്‍ മെച്ചമാണ് ഇക്കാര്യത്തില്‍ എന്നു മാത്രം.

കാര്യങ്ങള്‍ ഒറ്റവാക്കില്‍ ചുരുക്കിയാല്‍, കേരളത്തില്‍ മുഖ്യമന്ത്രിയായി ഒരു വനിത വരുന്നതല്ല രാഹുല്‍ ഗാന്ധി സ്വപ്‌നം കാണേണ്ടത്, ഇവിടെ തന്റെ പാര്‍ട്ടിയില്‍ വനിതകള്‍ക്ക് അര്‍ഹമായ അവസരം ലഭിക്കുന്നതാകണം. ‘ നിങ്ങള്‍ക്ക് അത് സ്വപ്‌നം കാണാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് അത് ചെയ്യാനും കഴിയും” എന്ന വാള്‍ട്ട് ഡിസ്‌നിയുടെ വചനം ഓര്‍മിപ്പിക്കുന്നു….

Content Summary: Rahul Gandhi, who dreams of a woman Chief Minister, and the discrimination shown by the Congress party in Kerala towards women

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×