ഡൽഹിയിൽ രാഹുൽ ഗാന്ധി ‘എച്ച് ഫയൽസ് (ബോംബ്)പുറത്ത് വിട്ടതിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ സംശയത്തിന്റെ നിഴലിലാണ്. സാധാരണ രാഷ്ട്രീയ വിമർശനങ്ങളിലോ, തെരഞ്ഞെടുപ്പ് പരാതികളിലോ ഒതുങ്ങാതെ, അദ്ദേഹം അവതരിപ്പിച്ചത് സത്യത്തിന്റെ കണ്ണുകൾ തുറപ്പിക്കുന്ന രേഖകളും തെളിവുകളും ആയിരുന്നു. “ഇത് വെറും ‘വോട്ട് ചോരി’ അല്ല, ജനങ്ങളുടെ അവകാശങ്ങളുടെ മോഷണമാണ്. രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾ ഇന്ത്യയുടെ ആത്മാവിൽ തട്ടി പ്രതിധ്വനിക്കുന്നു.
രാഹുൽ ഗാന്ധി ‘എച്ച് ഫയൽസ്’ എന്ന പേരിൽ അവതരിപ്പിച്ച ഡാറ്റയിലൂടെ അനാവരണം ചെയ്യപ്പെട്ടത് ജനാധിപത്യത്തെ അട്ടിമറിച്ചതിന്റെ ഭയപ്പെടുത്തുന്ന തെളിവുകളാണ്. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി ‘വോട്ട് കൊള്ള’ നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്ത് വിട്ടിരിക്കുന്നത്. പവർപോയിന്റ് പ്രെസന്റേഷൻ വഴി അദ്ദേഹം പുറത്ത് വിട്ട സത്യങ്ങൾ ഹരിയാനയിലെ തെരഞ്ഞെടുപ്പ് പട്ടികയിൽ, ഒരേ പേരിലുള്ള ആയിരക്കണക്കിന് ആവർത്തനങ്ങൾ: ഒരു സ്ത്രീയുടെ പേര് 223 തവണ, ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ 22 തവണ ഉപയോഗിച്ച വ്യാജ വോട്ടർമാർ.

‘അണ്സ്പ്ലാഷ്’ എന്ന വെബ്സൈറ്റിലെ ബ്രസീലിയൻ മോഡലിന്റെ ഒരു സ്റ്റോക് ഫോട്ടോ ഉപയോഗിച്ച് തയ്യാറാക്കിയ കാർഡുകളിൽ സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ വിവിധ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അന്യമായ വിലാസങ്ങൾ, “ഹൗസ് നമ്പർ 0” പോലുള്ള ദുരൂഹ പട്ടികകൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, ഇതെല്ലാം ഒരു ഗൗരവമായ ചോദ്യം ഉയർത്തുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്, അതായത് ജനനിർമ്മിത അധികാരം, എത്രമാത്രം സുരക്ഷിതമാണ്?
ഈ ആരോപണങ്ങൾ സാധാരണ തിരഞ്ഞെടുപ്പ് പിഴവുകളല്ലെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. ഇത് സംഘടിതമായ ഒരു സംവിധാനം ഉപയോഗിച്ച് — ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും — ജനങ്ങളുടെ തിരഞ്ഞെടുപ്പ് അവകാശം ആസൂത്രിതമായി തട്ടിയെടുക്കുകയാണ്.
“ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്കും വോട്ടറുടെ ശബ്ദത്തിനുമിടയിൽ ഇടനിലക്കാരാവാൻ ആരും പാടില്ല. ഇതൊരു പാർട്ടിയുടെ മാത്രം പോരാട്ടമല്ല, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള രാജ്യ സ്നേഹത്തിന്റെ ഭാഗമായ പോരാട്ടമാണ്.” രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തലുകൾ കേൾക്കുമ്പോൾ, ചരിത്രം ചിലത് നമ്മെ ഓർമിപ്പിക്കുന്നു. 1947-ൽ ജവഹർലാൽ നെഹ്റു പറഞ്ഞത് പോലെ: “ഒരു നിമിഷം ചരിത്രത്തിൽ വരുന്നു, ഒരു ജനത പഴയതിൽ നിന്ന് പുതിയതിലേക്ക് നീങ്ങുമ്പോൾ.”
ഇപ്പോൾ, അത് വീണ്ടും സംഭവിക്കേണ്ട സമയമാണോ? അങ്ങിനെയെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യം എങ്ങിനെ വീണ്ടെടുക്കാം എന്നതാണ് രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ഉയർത്തുന്ന അടിസ്ഥാന ചോദ്യം.

ആശ്ചര്യകരമായ യാദൃച്ഛികതയായി തോന്നുന്നത്, രാഹുൽ ഗാന്ധിയുടെ ചരിത്രപരമായ പത്രസമ്മേളനം നടന്ന അതെ ദിവസമാണ് അമേരിക്കയിൽ ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ജവാഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചത്:
“We have stepped from the old to the new.” ഒരു സ്വതന്ത്ര ജനാധിപത്യത്തിന്റെ പാരമ്പര്യം, ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ, അതിന്റെ മൂല്യം വിദേശ ഭൂഖണ്ഡത്തിൽ തിരിച്ചുപഠിക്കപ്പെടുന്നു എന്നത് വിചിത്രമായ പ്രതീകാത്മകതയാണ്.
അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ല . അത് ഒരു കണ്ണാടി കൂടിയാണ്. ആ കണ്ണാടിയിൽ നമ്മൾ കാണുന്നത് ഭരണകൂടത്തെയും പ്രതിപക്ഷത്തെയും അല്ല, മറിച്ച് നമ്മുടെ തന്നെ അനാസ്ഥയെയും നിശ്ശബ്ദതയെയുമാണ്. വോട്ടർ പട്ടികകളുടെ ക്രമരഹിതത്വം, ടെക്നോളജി ഉപയോഗിച്ചുള്ള നിയന്ത്രണം, പരസ്യമായി കാണാത്ത ഇടപെടലുകൾ ഇതെല്ലാം ചേർന്ന് ജനാധിപത്യ മൂല്യങ്ങളെ മലിനമാക്കുകയാണ്. ഇതിന്റെ ഭാരം പ്രതിപക്ഷത്തെ രാഷ്ട്രീയനേതാക്കളിൽ മാത്രമല്ല, ഓരോ പൗരന്റെയും മേൽ വീഴുന്നുണ്ട്. രാഹുൽ ഗാന്ധി ഈ കാര്യം വ്യക്തമായി പറഞ്ഞു:

“നിങ്ങളുടെ വോട്ട് കവർന്നവർ, നിങ്ങളുടെ ഭാവിയും കവർന്നിരിക്കുന്നു.”
എന്നാൽ ഇതെല്ലാം വെറും വെളിപ്പെടുത്തലുകളായി അവസാനിക്കരുത്. സത്യങ്ങൾ പുറത്ത് വരുമ്പോൾ, അത് വെളിച്ചമാകണം. നാം ചോദിക്കേണ്ടത്, ഈ വെളിപ്പെടുത്തലുകൾ രാജ്യത്തിന്റെ ജനാധിപത്യ ശുദ്ധീകരണത്തിന് എങ്ങിനെ വഴിയൊരുക്കാം എന്നതാണ്.
• തെരഞ്ഞെടുപ്പ് പട്ടികകൾ പൊതുജനങ്ങൾക്കു സൗകര്യപ്രദമായി ഓൺലൈൻ പരിശോധിക്കാനുള്ള സൗകര്യം ഉറപ്പാക്കണം. • എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും സ്വതന്ത്ര നിരീക്ഷകരുടെയും സിവിൽ സൊസൈറ്റിയുടെയും പങ്കാളിത്തം വർധിപ്പിക്കണം. • തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയേതര സുതാര്യമായ സ്ഥാപനമാകേണ്ടതുണ്ട്, അതിന്റെ നിയമനത്തിൽ പാർലമെന്ററി ബോധവത്കരണ സംവിധാനം വേണം. • ഏറ്റവും പ്രധാനമായി, യുവജനങ്ങളിൽ നിന്ന് രാഷ്ട്രീയമായ സജീവ ഇടപെടൽ വേണം .അവർ നിരാശഭരിതരായ കാണികളായി മാറി നിൽക്കരുത്.
ഇതൊരു പ്രതിസന്ധിയല്ല, ഒരു അവസരമാണ്. ചരിത്രം പലവട്ടം തെളിയിച്ചിട്ടുണ്ട്. സത്യത്തെ മറയ്ക്കാൻ ശ്രമിക്കുമ്പോൾ, അതാണ് കൂടുതൽ പ്രകാശിക്കുന്നത്. രാഹുൽ ഗാന്ധിയുടെ എച്ച് ഫയൽസ് വെളിപ്പെടുത്തൽ , ആ പ്രകാശത്തിന്റെ തുടക്കമായി കാണാം.
സത്യങ്ങൾ ഞെട്ടിപ്പിക്കുമ്പോൾ, ജനങ്ങൾ ഉണരുമ്പോഴാണ് ജനാധിപത്യം ശുദ്ധമാകുന്നത്. നെഹ്റുവിന്റെ “Tryst with Destiny” പ്രസംഗത്തിലെ ആ നിമിഷം പോലെ, ഒരിക്കൽ ഇന്ത്യ ജനാധിപത്യത്തിന്റെ ആധുനിക പുനർജന്മം കാണും. പക്ഷേ അതിന് മുൻപ്, നമുക്ക് നമ്മുടെ മനസ്സുകളിൽ നിന്നുള്ള മൗനം പൊളിക്കേണ്ടതുണ്ട്.
“ഒരു ദിവസം സത്യം തന്നെ വിധി പറയും,” എന്നു രാഹുൽ ഗാന്ധി പറഞ്ഞു. അതു നടന്നാൽ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയം അല്ല, ഇന്ത്യയുടെ ആത്മാവിന്റെ വീണ്ടെടുക്കലാവും.
content summary: Rahul Gandhi unearths a shocking truth: what does the future hold for Indian democracy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.