June 13, 2026 |

കടൽ മണൽ ഖനനം; കേന്ദ്രനീക്കത്തിനെതിരെ മോദിയ്ക്ക് രാഹുലിന്റെ കത്ത്

പ്രതീക്ഷ കൈവിടാതെ തീരദേശം

ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചു കൊണ്ട് തീരദേശത്ത് മണൽ ഖനനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാണ്. തീരദേശത്തിന് ഭീഷണിയാവുന്ന കേന്ദ്ര നീക്കത്തിനെതിരെ ഇപ്പോൾ രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരിക്കയാണ്. ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരിക്കയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഖനനം അനുവദിക്കുന്ന ടെൻഡർ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു. പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനം നടത്താതെ സ്വകാര്യ കമ്പനികൾക്ക് കടൽ മണൽ ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പരാമർശിക്കുന്നുണ്ട്. കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ തീരങ്ങളിൽ ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുൽ ​ഗാന്ധി കത്തിൽ പറയുന്നു.

ദശലക്ഷകണക്കിന് മത്സ്യബന്ധന തൊഴിലാളികൾ അവരുടെ ഉപജീവന മാർ​ഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുണ്ട്. കൂടിയാലോചനകൾ ഇല്ലാതെയും തീരദേശ മേഖലയിൽ ദീർഘകാല സാമൂഹിക സാമ്പത്തിക ആഘാതപഠനം നടത്താതെയും ആണ് ടെൻ‍ഡർ അനുവദിച്ചതെനും രാഹുൽ ​ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. ഖനനത്തിന് അനുവദിച്ച കൊല്ലം തീരം ഒരു പ്രധാന മത്സ്യ പ്രജന കേന്ദ്രമാണ്. ഖനനം അനുവദിച്ചാൽ ഇവയുടെ ആവാസ വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നും കത്തിൽ രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ കടൽ മണൽ ഖനനത്തിനായുള്ള അനുമതി റദ്ദാക്കണമെന്ന് സർക്കാരിനോട് ശക്തമായി അഭ്യർത്ഥിക്കുന്നതായും രാഹുൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോൾ മത്സ്യബന്ധന തൊഴിലാളികളുമായി കൂടിയാലോചന നടത്തണമെന്നും രാഹുൽ ​ഗാന്ധി അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ബ്ലൂ ഇക്കോണമിയുടെ ഭാ​ഗമായി കേന്ദ്ര സർക്കാർ നടത്തുന്ന ആഴക്കടൽ ഖനനത്തിനെതിരെ കേരളത്തിലടക്കം വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ തീരദേശത്തെ ബാധിക്കുന്ന ഈ പ്രവർത്തനങ്ങൾക്കെതിരെ  മത്സ്യബന്ധന തൊഴിലാളി സംഘടനകൾ പ്രതിരോധം തീർത്തിരുന്നു. 2021 ഫെബ്രുവരി 17നാണ് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമ മന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചത്. കേന്ദ്ര ഏജൻസിയായ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് നി‌ർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കാവുന്ന 745 ടൺ കടൽ മണൽ കേരളത്തീരത്ത് ഉണ്ടെന്ന് കണ്ടെത്തിയത് ഇതിനെത്തുടർന്നായിരുന്നു ഖനനത്തിനുള്ള കേന്ദ്ര നീക്കം. 2002ലെ കടൽ മേഖല ധാതു വികസന നിയന്ത്രണ നിയമം ഭേദ​ഗതി ചെയ്ത് കൊണ്ടാണ് കേന്ദ്ര സർക്കാർ ബ്ലൂ ഇക്കോണമി എന്ന ആശയം രൂപീകരിക്കുന്നത്.

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി നടത്തിയ പഠനപ്രകാരവും ഇന്ത്യയിലെ ഭൂ ഇക്കോണമി ഡോക്യുമെന്റിലെ കണക്ക് പ്രകാരവും ഇന്ത്യയിലെ ആഴകടക്കടലിൽ 79 മില്യൺ ടൺ ഖര ലോഹങ്ങളും 1,83,999 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശലക്ഷം ടൺ നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മണലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലെ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തെക്ക് കൊല്ലം വടക്ക് എന്നീ 5 പ്രദേശങ്ങളിലാണ് മണൽ ധാരാളമായുള്ളത്. കൊല്ലം തീരത്തുള്ള 442 ചതുരശ്ര കിലോമീറ്ററിൽ നിന്നും 302.5 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യാനാണ് കേന്ദ്ര ഉദ്ദേശം. ഭരണഘടനയുടെ ആർട്ടിക്കിൾ 246 ജനുവരി 2 ലിസ്റ്റ് 21 പ്രകാരം 21 കിലോമീറ്റർ വരെ വരുന്ന കടലിലെ നിയന്ത്രണ അവകാശം സംസ്ഥാന സർക്കാരിനാണ്. അതുപയോഗിച്ചാണ് കേരളം ട്രോളിംഗ് നിരോധനം ഉൾപ്പെടെ നടപ്പാക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന നിയമമാണിത്. ഈ നിയമത്തെ 2023 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്താണ് അതിൽ തീരകടൽ ഖനനത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്.

സമുദ്ര ജീവികൾക്കുള്ള ഭീഷണി, പവിഴപുറ്റുകളുടെ നാശം, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങി നിരവധി പ്രത്യാഘാ​തങ്ങൾ ആയിരിക്കും ഖനനത്തിന്റെ ഫലമായി നേരിടേണ്ടി വരിക.

content summary: Rahul Gandhi writes to pm for the cancellation of tenders for offshore mining in coastal areas of India

Leave a Reply

Your email address will not be published. Required fields are marked *

×