June 04, 2026 |
Share on

രാഹുലിനെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തി ‘സ്വതന്ത്രനാക്കും’

പ്രതിപക്ഷത്തെ ഫയര്‍ ബ്രാന്‍ഡ് ആയിരുന്ന രാഹുല്‍ സഭയില്‍ പറയുന്നതെന്തും വാര്‍ത്തയായിരുന്നു. എന്നാല്‍ ‘ സ്വതന്ത്ര അംഗം’ ആകുന്നതോടെ ആ തീ അണയും

എംഎല്‍എ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടില്ലെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ ‘ ഒറ്റപ്പെടുത്തി’ നിര്‍ത്താന്‍ കോണ്‍ഗ്രസില്‍ ആലോചന. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് തിങ്കളാഴ്ച്ച മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. ഈ മാറ്റി നിര്‍ത്തല്‍ നിയമസഭയിലും ഉണ്ടാകുമെന്നാണ് വിവരം.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയല്ലാതായി. പ്രത്യക്ഷത്തില്‍ അയാള്‍ ഇനി സ്വതന്ത്ര അംഗമാണ്. കഴിഞ്ഞ നിയമസഭ സമ്മേളനകാലത്ത് സഭയില്‍ പ്രതിപക്ഷ നിരയില്‍ നിന്നും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം രാഹുലിന്റെതായിരുന്നു. മന്ത്രി വീണ ജോര്‍ജുമായുള്ള കൊമ്പു കോര്‍ക്കലൊക്കെ മാധ്യമങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള വിഷയമായിരുന്നു. പ്രതിപക്ഷത്തെ ഫയര്‍ ബ്രാന്‍ഡ് ആയിരുന്ന രാഹുല്‍ സഭയില്‍ പറയുന്നതെന്തും വാര്‍ത്തയായിരുന്നു. എന്നാല്‍ ‘ സ്വതന്ത്ര അംഗം’ ആകുന്നതോടെ ആ തീ അണയും.

സ്വതന്ത്ര അംഗങ്ങള്‍ക്ക് സഭയില്‍ സംസാരിക്കാന്‍ അധികം അവസരം കിട്ടില്ല. സഭ ചേരുന്ന അവസരങ്ങളില്‍ സ്വതന്ത്ര അംഗങ്ങള്‍ക്ക് ഒരു മിനിട്ടില്‍ താഴെ മാത്രമാണ് സംസാരിക്കാന്‍ അവസരം കിട്ടുന്നതെന്നാണ് മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്. അതായത്, രാഹുല്‍ ഈ നിയമസഭയുടെ ബാക്കിയുള്ള കാലാവധി വരെ സഭയില്‍ നിശബ്ദനായിരിക്കും എന്നര്‍ത്ഥം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ മനം മാറണം.

പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നിയമസഭ സ്പീക്കര്‍ക്ക് കത്തു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നടപടി വന്നതിന്റെ ഭാഗമാണിത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും മാറ്റിയാല്‍ സ്വഭാവികമായി രാഹുല്‍ കോണ്‍ഗ്രസിന്റെ സഭയിലെ പ്രതിനിധിയല്ലാതാകും. പാര്‍ട്ടിയുടെ വിപ്പ് ബാധകമലലാതെ വരും. സംസാരിക്കാന്‍ അവസരം കിട്ടില്ലെന്നു മാത്രമല്ല, സഭയില്‍ അദ്ദേഹത്തിന്റെ മുന്‍ ഇരിപ്പിടവും നഷ്ടമാകും. മറ്റൊരു സീറ്റിലേക്ക് രാഹുലിന് മാറിയിരിക്കേണ്ടി വരും. കോണ്‍ഗ്രസിനും രാഹുലിനും ഏറെ അപമാനകരമായ മാറ്റമായിരിക്കുമത്. ഇപ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ള നിയമസഭ സമിതികളില്‍ നിന്നും രാഹുല്‍ ഒഴിവാക്കപ്പെടുമെന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്.

മറ്റൊരു സാധ്യത സഭയില്‍ വരാതെ രാഹുല്‍ അവധിയെടുക്കും എന്നതാണ്. നാണക്കേട് ഒഴിവാക്കാനും ഭരണപക്ഷത്തിന് അവസരം കൊടുക്കാതിരിക്കാനും അങ്ങനെയരു വഴി പാര്‍ട്ടിയും ആലോചിക്കുന്നുണ്ടാകും.

എന്നാല്‍ സഭയിലെ ഈ മാറ്റി നിര്‍ത്തല്‍ ഉണ്ടാകുന്നതല്ലാതെ, ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുലിന് എംഎല്‍എ എന്ന നിലയിലുള്ള എല്ലാ പരിരക്ഷകളും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. എംഎല്‍എ എന്ന അധികാരം ഉപയോഗിച്ചാണ് രാഹുല്‍ പലരെയും ഭീഷണിപ്പെടുത്തി നിര്‍ത്തിയിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങളില്‍ നിന്നും മനസിലായത്. പലരും പരാതി കൊടുക്കാനും പൊതുമധ്യത്തില്‍ തങ്ങള്‍ നേരിട്ട അപമാനങ്ങളും ചതിയും തുറന്നു പറയാന്‍ ഭയപ്പെട്ടതുമെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പാര്‍ട്ടിയിലെ ശക്തനായ നേതാവും ആയതിനാലാണ്.

ആരോപണങ്ങളും പരാതികളും നിലനില്‍ക്കെ എന്തുകൊണ്ട് എംഎല്‍എ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെടാന്‍ തയ്യാറായില്ല എന്നത് കോണ്‍ഗ്രസ് നേതൃത്വം നേരിടേണ്ടി വരുന്ന ചോദ്യമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സൃഷ്ടിച്ച് കൈയിലുള്ള സീറ്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്നതാണ് യഥാര്‍ത്ഥ കാരണം. പാലക്കാട് ബിജെപിക്ക് അനുകൂലമായ മണ്ണാണ്. അവര്‍ ഈ അവസരം മുതലെടുത്താല്‍ മാസങ്ങള്‍ക്കം ഉണ്ടാകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാകും. രാഹുലിനെ രാജി വയ്പ്പിക്കാതെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കിയെങ്കിലും രാഷ്ട്രീയ തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വിഷയം പാലക്കാട് മാത്രമല്ല, കേരളത്തില്‍ മുഴുവന്‍ പ്രചാരണ ആയുധമായിരിക്കും.  Rahul Mamkootathil MLA suspension, Congress decision assembly section  

Content Summary; Rahul Mamkootathil MLA suspension, Congress decision assembly section

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×