March 25, 2025 |

കേരളത്തെ കുറിച്ച് വ്യാജവാര്‍ത്ത: ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!

മഴക്കെടുതി ദുരിതത്തിലായ കേരളത്തെ കുറിച്ച് തെറ്റായ വാര്‍ത്തയുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു-എന്നായിരുന്നു ഫെയ്‌സ് ബുക്കിലെ മന്ത്രിയുടെ പോസ്റ്റ്. കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണ്. എന്നാല്‍ പ്രളയമോ പ്രളയ മുന്നറിയിപ്പോ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ ജനപ്രതിനിധിയാവാന്‍ എത്തിയ നേതാവില്‍ നിന്ന് ഇത്തരമൊരു പോസ്റ്റുണ്ടായത്. ഇതിന് പിന്നാലെ ട്രോളുകളും പ്രതിഷേധങ്ങളും പോസ്റ്റായി നിറഞ്ഞതിന് പിന്നാലെ മന്ത്രി പോസ്റ്റ് മുക്കി. താങ്കള്‍ തിരുവനന്തപുരത്തെ ആളുകളെ രക്ഷിച്ച് കഴിഞ്ഞ് പാലക്കാട് വരണം, കേന്ദ്ര സേനയെ ഉടന്‍ ഇറക്കണം, താങ്കള്‍ വന്നാലേ കേരളം രക്ഷപ്പെടു…തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചിരുന്നു. ഇതിനിടെ മന്ത്രി ശിവന്‍ കുട്ടിയും കേന്ദ്രമന്ത്രിയെ ട്രോളി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു.

ഇപ്പോള്‍ കണ്ടത് ‘2018’ സിനിമയാണ്…
തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!
എന്നായിരുന്നു ആ പോസ്റ്റ്. ഇനി ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായെന്ന് പറയും പോലുള്ള രസകരമായ മറുപടികളാണ് അതിനും ലഭിച്ചിരിക്കുന്നത്.

 

English Summary: Rajeev chandrasekhar spreads fake news on kerala minister sivankutty slams

×