”പൊണ്‍, പൊന്‍, പദവി പിന്നാടി നമ്മ പോക കൂടാത്.
നമ്മ പിന്നാടി ഇതെല്ലാം വരണം”– ബാഷ.
അഞ്ച് പതിറ്റാണ്ടുകളായി തമിഴ് സിനിമാ ലോകത്ത് സജീവമായ രജനീകാന്ത് തന്റെ അതുല്യമായ സിനിമാ മാസ്മരിക ഭാവങ്ങളുമായി 75ാം വയസിലെത്തി. സിനിമയിലെ
50 വര്‍ഷം ആഘോഷിക്കുന്ന താര ദൈവത്തിന്റെ അവതാര നാള്‍വഴികളിലൂടെ.
മുപ്പത്തൊമ്പത് വര്‍ഷം മുന്‍പ്, 1991 ല്‍ രജനീകാന്ത് എന്ന നടന്റെ വളര്‍ച്ച ഇന്ത്യന്‍ സിനിമക്കപ്പുറത്തേക്ക് വ്യാപിക്കാനാരംഭിച്ചു. അതിന്റെ തുടക്കം ‘ദളപതി’ എന്ന തെന്നിന്ത്യയിലെ അന്നത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് പടമായിരുന്നു. അത് രജനിയെന്ന മെഗാതാര പദവിയിലേക്കുള്ള തുടക്കമായിരുന്നു. ആ ജൈത്രയാത്രയുടെ ഫലമായി ഒരു ഘട്ടത്തില്‍ രജനി ഒരു സിനിമയ്ക്ക് 250 കോടി രൂപ പ്രതിഫലം വാങ്ങുകയും, ഹോങ്കോങ് നടനായ ജാക്കി ചാനുശേഷം ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടനെന്ന പദവി നേടുകയും ചെയ്തു. ‘ദളപതി’ യെന്ന രജനി സിനിമ ഇന്ത്യന്‍ സിനിമയേയും അനുബന്ധ മേഖലകളിലേയും നടപ്പ് രീതികളെ മാറ്റി പുതിയൊരു സിനിമാ ലോകം സൃഷ്ടിച്ചു.
അഞ്ച് പതിറ്റാണ്ടുകളായി തമിഴ് സിനിമാ ലോകത്ത് സജീവമായ രജനീകാന്ത് തന്റെ അതുല്യമായ സിനിമാ മാസ്മരിക ഭാവങ്ങളുമായി ഈ ഡിസംബറില്‍ 75ാം വയസ്സ് പൂര്‍ത്തിയാക്കി. സൂപ്പര്‍സ്റ്റാറിന്റെ സ്റ്റെലന്‍ ഭാവങ്ങളും ചലനങ്ങളും ഇപ്പോഴും ആരാധകരെ ആകര്‍ഷിക്കുകയും ഇന്ത്യന്‍ സിനിമയെ സ്വാധീനിക്കുകയും ചെയ്യുന്നത് തുടരുന്നു. 75 വയസ്സിലെത്തുകയും സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ ഒരു സൂപ്പര്‍ ചിത്രം ‘പടയപ്പ’ ഈ അവസരത്തില്‍ വീണ്ടും തമിഴ് നാട്ടില്‍ റീ റിലീസ് ചെയ്യുന്നതിലൂടെ, ഒന്നിലധികം തലമുറകളെ അദ്ദേഹത്തിന് തന്റെ താര പരിവേഷം കൊണ്ട് ഇപ്പോഴും മയക്കാന്‍ കഴിയുമെന്നും രജനി ഇന്ദ്രജാലം തെളിയിക്കുന്നു.
രജനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അത് ഒരിക്കലും ഒരു മനുഷ്യന്റെ കടന്നുവരല്ല ആരാധിക്കപ്പെടുന്ന ഒരു അര്‍ദ്ധദൈവത്തിന്റെ വരവാണ്: മന്ദഗതിയിലുള്ള നടത്തം, കൃത്യസമയത്ത് തല തിരിക്കല്‍, ആരാധകരെ ആവേശഭരിതരാക്കുന്ന നേരിയ പുഞ്ചിരി. ഒരു സിഗരറ്റ് വായുവില്‍ എറിയാനും ചുണ്ടില്‍ പിടിക്കാനും കഴിയില്ല. വാസ്തവത്തില്‍, ഈ സിഗരറ്റ് എറിയല്‍ ആരും അനുകരിക്കാന്‍ ധൈര്യപ്പെടാത്ത ഒരു രജനി ട്രേഡ്മാര്‍ക്കായി. സിനിമയില്‍ സിഗരറ്റുകള്‍ ഗുരുത്വാകര്‍ഷണ നിയമമല്ല അനുസരിക്കുന്നത് മറിച്ച്, ഈ മനുഷ്യന്റെ സ്റ്റെലിനേയാണ്. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സണ്‍ഗ്ലാസുകള്‍ കറക്കുന്ന രീതിയും. അദ്ദേഹം ഇതെല്ലാം തന്റേതായ ഒരു ശൈലിയില്‍ ചെയ്തു. സിനിമാ ആരാധകര്‍ അദ്ദേഹത്തെ ന്യായമായും വിളിച്ചതില്‍ അല്‍ഭുതമില്ല.
‘സ്‌റ്റൈല്‍ മന്നന്‍’. രജനികാന്തെന്ന നടനെ ആദ്യം അവതരിപ്പിച്ച രജനിയുടെ ഗുരുവായ
കെ. ബാലചന്ദ്രര്‍ രജനികാന്ത് എന്ന താര ദൈവത്തെ ഇങ്ങനെ നിര്‍വചിച്ചു. ”അദ്ദേഹം സ്വന്തം യോഗ്യതകളിലും ശക്തികളിലും പരിണമിച്ചു. ഞാന്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കി, ലോകത്തിന് മുന്നില്‍ അദ്ദേഹത്തെ അനാവരണം ചെയ്തു. അദ്ദേഹം പോയി, അത് കീഴടക്കി.’
മൂന്ന് പതിറ്റാണ്ട് മുന്‍പ് രജനികാന്തെന്ന 34 കാരന്‍ ‘ദളപതി’യെന്ന തന്റെ ബ്രഹ്‌മാണ്ഡ സിനിമയിലുടെ തെന്നിന്ത്യയിലെ സിനിമാ ലോകത്തെ ദളപതിക്ക് മുന്‍പും പിന്‍പും എന്ന് നിര്‍വ്വചിച്ചു. അന്ന് തമിഴ്നാട് ദളപതി മാനിയയുടെ പിടിയിലമര്‍ന്നു. സിനിമ റിലീസാകും മുന്‍പേ, കൈകളിലും നെഞ്ചിലും രജനി പടം ടാറ്റൂ ചെയ്ത ആരാധക യുവാക്കള്‍ രജനി തൊപ്പികള്‍, രജനി ടീ-ഷര്‍ട്ടുകള്‍ എന്നിവ വ്യാപകമായി ഏറ്റെടുത്തു പ്രചരിപ്പിച്ചു.
ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ദളപതിയുടെ നിര്‍മ്മാതാക്കള്‍ ജിവി ഫിലിംസ് ഇത്തരമൊരു മാര്‍ക്കറ്റിംഗ് തന്ത്രം ആവിഷ്‌കരിച്ചത്. ദളപതി എന്ന രജനി കഥാപാത്രത്തെ അടിസ്ഥാനമാക്കി തമിഴ് നാട്ടില്‍ ‘ഒരു കൂട്ടം ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍’ പുറത്തിറക്കി. അത് വന്‍ വിജയം നേടി. ഒരു സിനിമയുടെ വാണിജ്യപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് വന്‍ വിജയം നേടിയ ആദ്യത്തെ ഇന്ത്യന്‍ ചിത്രം എന്ന് ദളപതി സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ദളപതിയുടെ ടീ-ഷര്‍ട്ടുകള്‍, ബാഗുകള്‍, ഡയറികള്‍, കലണ്ടറുകള്‍, പേനകള്‍, സ്റ്റിക്കറുകള്‍ എന്നിവയെല്ലാം മാര്‍ക്കറ്റില്‍ ഇതിനകം ഹിറ്റായി വിറ്റുതീര്‍ന്നു. ഈ പടത്തിലെ രജനീകാന്തിന്റെ ഹെയര്‍സ്‌റ്റൈല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പുതിയ ആവേശമായി മാറി. തെന്നിന്ത്യയില്‍ വാണിജ്യപരമായി സിനിമാ സ്വപ്നങ്ങള്‍ ബോളിവുഡിനെ മറി കടക്കുന്ന കാലമെത്തി. ‘ദളപതി’ എന്ന സിനിമയുടെ ചരിത്രം അത് വ്യക്തമാക്കുന്നു.
സിനിമ ഭ്രാന്തന്മാരായ ദക്ഷിണേന്ത്യക്കാര്‍ ആവേശത്തിലായിരുന്നു. തെക്കേ ഇന്ത്യയിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളും ദളപതിയില്‍ ഇപ്പോള്‍ വെള്ളിത്തിരയില്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു. തമിഴ് ചിത്രമായ ദളപതി. പടത്തിന്റെ സംവിധായകന്‍ ഇന്ത്യന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്ന് വിളിക്കുന്ന മണിരത്‌നമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇന്ത്യയുടെ സംഗീത മാന്ത്രികന്‍ ഇളയരാജയാണ്. 34 വര്‍ഷം മുന്‍പ്, 3 കോടി രൂപയുടെ വമ്പന്‍ ബജറ്റില്‍, ദളപതി ദക്ഷിണേന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു.
ദളപതിക്ക് രജനീകാന്തിന് 60 ലക്ഷം രൂപയാണ് ലഭിച്ചത്(1991 ലെ 60 ലക്ഷം. അന്ന് 2 മലയാള ചിത്രത്തിന്റെ ചിലവ്) മമ്മൂട്ടി വാങ്ങിയത് 10 ലക്ഷം രൂപ. ഇളയരാജയ്ക്ക് ‘ പ്രതിഫലം 30 ലക്ഷം രൂപ. ഇന്ത്യന്‍ സംഗീതരംഗത്ത് ഒരാള്‍ക്ക് ഒരു സിനിമക്ക് നല്‍കിയ ഏറ്റവും വലിയ പ്രതിഫലം! അഞ്ച് ദിവസത്തെ ഷൂട്ടിംഗിന് ബോളിവുഡ് വില്ലന്‍ താരം അമരീഷ് പുരിക്ക് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു. 1,000 കുതിരകളെ ഉള്‍പ്പെടുത്തി ഒരു ഗാനസ്വപ്നരംഗം ചിത്രീകരിക്കുന്നതിന് 21 ലക്ഷം രൂപ ചിലവിട്ടു.
രജനികാന്ത് മാനിയ കാട്ടുതീ പോലെ തമിഴ് നാട്ടില്‍ പടര്‍ന്നത് രജനി കാന്ത് എന്ന നടനെ ഇന്ത്യയിലെ ഏറ്റവും വലിയ താരമാക്കുന്നതിലേക്ക് പരിണമിച്ചു. 5 ലക്ഷത്തിലധികം അംഗങ്ങളും 10,000 ശാഖകളുമുള്ള രജനികാന്ത് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ തമിഴ് താരങ്ങളുടെ ഏറ്റവും വലിയ ആരാധക സംഘമാണ്. രജനി പടങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ എപ്പോഴും ധാരാളം ആഘോഷങ്ങള്‍ പൊടിപൊടിക്കും. പടുകൂറ്റന്‍ കട്ടൗട്ടുകള്‍, സ്‌ക്രീനില്‍ വിതറുന്ന പൂക്കള്‍, പ്രത്യേക ലൈറ്റുകള്‍, പ്രേക്ഷകര്‍ക്കായി മധുരപലഹാരങ്ങള്‍. മുന്‍പ് തമിഴം അടക്കി ഭരിച്ച ഏഴെ തോഴന്‍ എംജിആറിന്റെ കാലത്തെ അനുസ്മരിപ്പിക്കുന്ന മാസ്മരികത, രജനി കൈക്കലാക്കിയിരിക്കുന്നു. സെല്ലുലോയിഡില്‍, രജനി പ്രതൃക്ഷപ്പെടുമ്പോള്‍ തന്നെ സ്ത്രീകള്‍ വരെ ആനന്ദം കൊണ്ട് ആവേശം കൊണ്ട് മതി മറക്കുന്നു. അപ്പോള്‍ പുരുഷ പ്രേക്ഷകരുടെ കാര്യം പറയണോ? തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രഭാവം സ്‌ക്രീനില്‍ പ്രതീക്ഷക്കപ്പുറത്തെ തരംഗമാവുകയാണ്. പുരുഷത്വത്തിന്റെ ഘനഗംഭീര ശബ്ദവുമായി മലയാള സൂപ്പര്‍ താരമായ മമ്മൂട്ടി ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തമിഴനും മലയാളിയും കൂടി ചേര്‍ന്ന പ്രേക്ഷകര്‍ ഇളകി മറിഞ്ഞു. ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ചു ദളപതി മുന്നേറി.
സ്റ്റെല്‍ മന്നന്‍ രജനീകാന്ത് അവതരിപ്പിക്കുന്ന ചേരിനിവാസിയായ സൂര്യ, മമ്മൂട്ടി അവതരിപ്പിക്കുന്ന ചേരിപ്രഭു ദേവയുമായി ഏറ്റുമുട്ടുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം കൈകോര്‍ക്കുകയും ചെയ്യുന്നു. സൂര്യയുടെ വളര്‍ത്തു സഹോദരനായി മാറുന്ന കളക്ടറിലേക്ക് കഥ എത്തുന്നു. ഗുണ്ടാസംഘം ദേവയുമായി (മമ്മൂട്ടി) ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കുന്ന ദയാലുവായ ചേരി നിവാസിയായ സൂര്യ മഹാഭാരതത്തിലെ കര്‍ണനും ദുര്യോധനനും തമ്മിലുള്ള ഇതിഹാസ ബന്ധം പോലെ സമാനതകള്‍ പുലര്‍ത്തുന്നു.
നീതിമാനായ ഒരു ജില്ലാ കളക്ടറുമായുള്ള (അരവിന്ദ് സ്വാമി) സംഘര്‍ഷങ്ങളും മദ്രാസിലെ അധികാരത്തിന്റെയും വിശ്വസ്തതയുടെയും വഞ്ചനയുടെയും കഠിനമായ യാഥാര്‍ത്ഥ്യങ്ങളും അവരിരുവരും കൈകാര്യം ചെയ്യുന്നു. മഹാഭാരതത്തിലെ കര്‍ണ്ണനും ദുര്യോധനനും തമ്മിലുള്ള സുഹൃദ്ബന്ധം അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഇത്. രജനി കര്‍ണനെയും മമ്മൂട്ടിയുടെ ദുര്യോധനനെയും പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. ശോഭനയായിരുന്നു നായിക. പെരുന്തച്ചനിലൂടെ ആദ്യമായി വന്ന മനോജ് കെ. ജയന്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ദളപതി.
ഇളയ രാജ ഈണമിട്ട വാലി എഴുതിയ ‘രാക്കമ്മ കൈയ്യത്തട്ട്’ എസ്.ബി. ബാലസുബ്രമണ്യവും യേശുദാസും പാടിയ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. രജനിയോടൊപ്പം മമ്മൂട്ടി ഗാനരംഗത്ത് നൃത്തച്ചുവട് വെച്ച് സ്‌ക്രീനില്‍ പ്രതൃക്ഷപ്പെട്ടപ്പോള്‍ തമിഴകവും കേരളവും ഒന്നായി, തിയറ്ററുകള്‍ ഇളകി മറഞ്ഞു . മണിരത്‌നത്തിനു വേണ്ടി ഇളയരാജ സംഗീതം നല്‍കിയ അവസാന ചിത്രമായിരുന്നു. ദളപതി. ഈ ചിത്രം അവരുടെ ശ്രദ്ധേയവും ഏറെ പ്രശംസ നേടിയതുമായ കൂട്ടുകെട്ടിന് അന്ത്യം കുറിക്കുകയും 1992 ‘റോജ’ എന്ന ചിത്രത്തോടെ ഇതിഹാസമായ മണിരത്‌നം എ. ആര്‍. റഹ്‌മാന്‍ കൂട്ടുകെട്ട് ആരംഭിക്കുകയും ചെയ്തു. മണി രത്‌നത്തിന്റെ ആദ്യത്തെ രജനികാന്തുമായുള്ള പടമായിരുന്നു ദളപതി. മറ്റൊരു പ്രശസ്തനായ മലയാളി കൂടി ദളപതിയെ ഒരുക്കാന്‍ വന്നു. ഛായഗ്രാഹകനായ സന്തോഷ് ശിവന്‍ ഗാന രാഗങ്ങളിലും സൂര്യാസ്തമയ സമയത്തെ രംഗങ്ങളും ദളപതിയെ മനോഹരമാക്കുന്നതില്‍ സന്തോഷ് ശിവന്‍ നിസ്തുലമായ പങ്ക് വഹിച്ചു.
‘അമിതാഭ്, ചിരഞ്ജീവി, രണ്ടുപേരും സൂപ്പര്‍ സ്റ്റാറുകള്‍’ പക്ഷേ, നിങ്ങള്‍ അതിനുമപ്പുറമാണ്. നിങ്ങളെ വെച്ച് സംവിധാനം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്’ സംവിധായകന്‍ മണിരത്‌നം ആശങ്കയോടെ തുടക്കത്തില്‍ രജനിയോട് പറഞ്ഞു. എന്നാല്‍ തന്നെ നായകനാക്കി മണിരത്‌നത്തിന് ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്യാന്‍ കഴിയുമെന്ന് അറിയാമായിരുന്ന രജനീകാന്ത് മണിരത്‌നത്തിന് എല്ലാ പിന്‍തുണയും നല്‍കി.
രജനികാന്തിന്റെ കണ്ണുകളുടെ ചലനങ്ങള്‍ മണിരത്‌നം വളരെ ഫലപ്രദമായി ദളപതിയില്‍ ഉപയോഗിച്ചു. ‘രാകമ്മ കൈയ്യ തട്ടു’ എന്ന ഗാനരംഗത്തില്‍ രജനികാന്ത് ആദ്യമായി തന്റെ മുഴുവന്‍ ശരീരവും സമര്‍പ്പിച്ച് തന്റെ നൃത്ത പാടവം പുറത്തെടുത്തു ആരാധകരെ ആനന്ദത്തിലാറാടിച്ചു.
രജനികാന്തിന്റെ പില്‍ക്കാല സിനിമാ ജീവിതത്തില്‍ അഭിനയിച്ച വേഷങ്ങളില്‍ ദളപതി വലിയ സ്വാധീനം ചെലുത്തി, അദ്ദേഹത്തിന്റെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കുകയും അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെ വ്യാപ്തി പലവിധത്തില്‍ വികസിക്കുകയും ചെയ്തു. പതിവിനു വിപരീതമായി ദളപതിയില്‍ രജനീകാന്തിന്റെ അഭിനയം കര്‍ക്കശമായ നിയന്ത്രണത്തോടെ സംയമനത്തിന് വിധേയമായിരുന്നു. അത് അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചുള്ള പൊതുജന ധാരണയെ മാറ്റിമറിക്കുകയും, പിനീടുള്ള അഭിനയ ജീവിതം പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തു.
ഈ അനുഭവം രജനീകാന്തിനെ കൂടുതല്‍ ഗൗരവമേറിയ പ്രമേയങ്ങളുള്ള വേഷങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. പിന്നീടുള്ള സിനിമകളായ ബാഷ, ശിവാജി എന്നിവ വ്യക്തിപരമായ ത്യാഗം, പ്രതിസന്ധികള്‍, വൈകാരിക ആഴം എന്നിവയുടെ ഘടകങ്ങള്‍ ഇഴ ചേര്‍ന്ന കഥാപാത്രങ്ങളെ തനിമയോടെ അവതരിപ്പിക്കാന്‍ രജനിക്ക് സാധിച്ചു.
തമിഴ് നാട്ടില്‍ 1991 ല്‍ നവംബര്‍ 5 ന് റിലീസ് ചെയ്ത ‘ദളപതി’ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ വിസ്‌ഫോടനം നടത്തി. സ്‌ക്രീനില്‍ രജനീകാന്തിന്റെ സാന്നിധ്യം ഭൂകമ്പം പോലെയായിരുന്നു. ജനക്കൂട്ടം ആര്‍പ്പുവിളിച്ചും ആര്‍പ്പുവിളിച്ചും രംഗങ്ങളിലെ അദ്ദേഹത്തിന്റെ വരവ് തുടര്‍ച്ചയായ കരഘോഷം സൃഷ്ടിച്ചു; സൂര്യ എന്ന കഥാപാത്രത്തില്‍ രജനിയുടെ ഇതിഹാസത്തെ പ്രേക്ഷകര്‍ അംഗീകരിച്ചതിനാല്‍ , രജനിയുടെ പുതിയ അഭിനയ ശൈലി പക്വവും കൂടുതല്‍ ശാന്തവുമായ ഒരു താരം എന്ന പോലെ നടന്‍ എന്ന നിലയിലും ആരാധകര്‍ക്ക് സ്വീകാര്യമായി.
തമിഴ് സിനിമയുടെ വാണിജ്യ മുഖം അപ്പാടെ മാറ്റി ഒരു പുതിയ ദിശയിലേക്ക് തിരിഞ്ഞു. ആ മാറ്റങ്ങളുടെ ലളിതമായ ഒരു ചിത്രം ഇങ്ങനെ. ദളപതി വന്ന് ഒരു വര്‍ഷത്തിന് ശേഷം രജനി അഭിനയിച്ച ‘അണ്ണാമല’ സൂപ്പര്‍ ഹിറ്റായി. പടത്തിലെ അഭിനയിച്ചതിന് പ്രതിഫലത്തിന് പകരം കോവൈ, മധുര, കര്‍ണാടക പ്രദേശങ്ങളുടെ വിതരണാവകാശം രജനീകാന്ത് നേടി.
സുഹൃത്തുക്കള്‍ വഴി അദ്ദേഹം ഈ ചിത്രം വിതരണം ചെയ്തു. ഈ പ്രദേശങ്ങളിലെ മൊത്തം വരുമാനം ഏകദേശം 4.5 കോടി ആയിരുന്നു, അവസാനം അദ്ദേഹത്ത് ലഭിച്ചത് 1.10 കോടി രൂപ.
ഈ സംവിധാനം വന്‍വിജയമായിരുന്നു, ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കോവൈ മേഖലയിലെ വിതരണക്കാരന് മാത്രം 300% ലാഭം ലഭിച്ചു എന്നാണ്. ദളപതിയുടെ വിജയത്തോടെ രജനികാന്ത് തന്റെ ഫീസ് കൈകാര്യം ചെയ്യുന്ന രീതി തന്നെ ഈ സംവിധാനത്തിലായി. അഭിനയത്തിന് കോടികളുടെ ഫീസ്, വന്‍ ബജറ്റ് ചിത്രങ്ങള്‍ എന്നിവക്ക് ദളപതി വഴിയൊരുക്കി കൂടാതെ രജനികാന്തെന്ന താരത്തെ അമാനുഷ്യ പദവിയിലേക്കും ഉയര്‍ത്തി. സിനിമ കലാരൂപത്തിന്റെ വാണിജ്യ സാധ്യതകള്‍ വിവിധ രീതിയില്‍ തുറപ്പിച്ച സിനിമയാണ് ദളപതി.
മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രമായ ‘ദളപതി’ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് 2024 ഡിസംബര്‍ 12 ന് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തു. 4കെ-യില്‍ ഡിജിറ്റലായി പുനഃസ്ഥാപിച്ച ചിത്രത്തിന് ആരാധകരില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്.
1950 ഡിസംബര്‍ 12ന് കര്‍ണാടകയില്‍ ജനിച്ച മറാത്തി മാത്യഭാഷയായുള്ള ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ഒരു കര്‍ണാടക സംസ്ഥാന ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ബസ് കണ്ടക്ടര്‍ തന്റെ 25ാം വയസില്‍ സിനിമാ മോഹങ്ങളുമായി അഭിനയം പഠിക്കാന്‍ മദ്രാസിലെത്തുന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേരുന്നു. അവിടെ മലയാള നടന്‍ ശ്രീനിവാസന്‍ അയാളുടെ സഹപാഠിയായിരുന്നു. 1975 ല്‍ പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത കന്നട സിനിമയായ ‘കഥാ സംഗമ’യാണ് ശിവാജി റാവു യെന്ന യുവ നടന്റെ ആദ്യ ചിത്രം. 1975 ല്‍ കെ. ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളില്‍ (1975)തമിഴില്‍ അഭിനയിച്ചതോടെ രജനികാന്ത് എന്ന പേര് സ്വീകരിച്ചു. 80 കളില്‍ നിരവധി ആക്ഷന്‍ തട്ടുപൊളിപ്പന്‍ ചിത്രങ്ങളിലൂടെ നായകനായി അഭിനയിച്ചു. തന്റെ 100 ചിത്രമായ ‘രാഘവേന്ദ്ര’ (1985) അഭിനയിക്കുമ്പോള്‍ തന്റെ സമകാലീനനായ
കമല്‍ ഹാസനെ മറി കടന്ന് തമിഴ് സിനിമയിലെ ഒന്നാം സ്ഥാനത്തെത്തി. അവര്‍ സിനിമയില്‍ രണ്ട് വഴികളിലുടെ സഞ്ചരിച്ചവരായിരുന്നു. കമല്‍ തന്റെ ചലചിത്ര പരീക്ഷണങ്ങള്‍ മറ്റു വഴികളിലേക്ക് തിരിച്ച് വിട്ടതിനാല്‍ അവര്‍ തമ്മില്‍ ഒരു മത്സരത്തിന് സ്ഥാനമില്ലായിരുന്നു.
80കളിലെ തമിഴിലെ ഏറ്റവും മികച്ച സംവിധായകനായിരുന്ന ഭാരതി രാജ പറയുന്നു: ‘കമലഹാസന്‍ ഒരു മികച്ച കലാകാരനാണ്, പക്ഷേ രജനീകാന്ത് ജനങ്ങളുടെ നായകനാണ്. പതിനാറ് വയതിനിലെ മുതല്‍, ഞാന്‍ നിരവധി അവാര്‍ഡ് നേടിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, അവയെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്റെ നഷ്ടം നികത്താന്‍ ഒരു രജനി സിനിമ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.’
ഒരു താരത്തിന് വേണ്ട ആകാരസൗഷ്ഠം ഒരിക്കലുമില്ലാത്ത പറയത്തക്ക ആകര്‍ഷത്വം തീരെ ഇല്ലാത്ത രജനികാന്തെന്ന നടന്‍ വെള്ളിത്തിരയിലുടെ എങ്ങനെയാണ് ഇത്രയും സൂപ്പര്‍ താരമായത്?
അതിനുത്തരം പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനായ സദാനന്ദ് മേനോന്‍ തന്റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ”നാല് പതിറ്റാണ്ടുകളായി ബലിഷ്ഠമായ, വെളുത്ത നിറമുള്ള നായകന്മാരുടെ കാലത്തിനുശേഷം, ഈ മെലിഞ്ഞ, പ്രതിനായകന്‍ പുതുക്കിയ പുരുഷത്വത്തിന്റെ ഒരു പതിപ്പായി ഉയര്‍ന്നുവന്നു. തമിഴ് സിനിമയിലെ ‘ഇരുണ്ട താരങ്ങളില്‍’ ആദ്യത്തേതാണ് രജനി, അത് തന്നെ ആഘോഷത്തിനുള്ള ഒരു കാരണമായി മാറുന്നു. രജനിയുടെ കറുത്ത നിറം തമിഴ് സിനിമയില്‍ ഒരു ഉപ-കള്‍ട്ടായി മാറിയിരിക്കുന്നു. ശ്രീരാമനെ മര്യാദ പുരുഷോത്തമനായി ചിത്രീകരിക്കുന്ന അസംബന്ധങ്ങള്‍ ഉപേക്ഷിക്കാനും ഒരു രാവണനോ ദുര്യോധനനോ യഥാര്‍ത്ഥത്തില്‍ നല്ലവരാകാനുള്ള സാധ്യത അംഗീകരിക്കാനും രജനി തമിഴ് സമൂഹത്തെ പഠിപ്പിച്ചു.”
‘രജനി തമിഴ് സിനിമയില്‍ സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു. തമിഴ് സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, ഇരുണ്ട മറ്റൊരാളെ അദ്ദേഹം അവതരിപ്പിക്കുന്നു. ദ്രാവിഡ വംശത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചരിത്രം, കീഴ്‌പ്പെടുത്തലിന്റെ ബോധം, രണ്ടാംതരം പൗരത്വത്തിന്റെ വികാരം, ഇരുണ്ടതും, തൊലിയുള്ളതും, ദേശീയ മുഖ്യധാരയുടെ ഭാഗമല്ലാത്തതുമായ സങ്കീര്‍ണ്ണതകള്‍’ സദാനന്ദ് മേനോന്‍ എഴുതുന്നു.
അദ്ദേഹത്തിന് മുമ്പ് എം.ജി. ആര്‍ പോലെയുള്ള നായകന്മാരുണ്ടായിരുന്നു. എന്നാല്‍ ആരും എം.ജി.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചില്ല, അതേസമയം രജനികാന്തിനെ അനുകരിക്കുന്നത് യുവാക്കളിലും പ്രായമായവരിലും ഒരു ഫാഷനായി മാറി. മലയാളിയായ തമിഴനല്ലാത്ത എം.ജി ആര്‍ തന്റെ യാര്‍ത്ഥ രൂപം വെടിഞ്ഞ് ഒരിക്കലും ജനമധ്യത്തില്‍ പ്രതൃക്ഷപ്പെട്ടില്ല. തന്റെ മലയാളി ഭാവമോ വാക്കുകളോ ഒരിക്കലും പൊതുവേദികളില്‍ പ്രതൃക്ഷമാക്കിയില്ല. എന്നാല്‍ തമിഴനല്ലാത്ത രജനി മുറിക്കൈയ്യന്‍ ഷര്‍ട്ടും മുണ്ടുടുത്ത് ലളിതമായി പൊതുവേദികളില്‍ പ്രതൃക്ഷപ്പെടുന്നു. ശത കോടികള്‍ മാറി മറയുന്ന സിനിമാ ലോകത്തെ താര ദൈവമായിട്ടല്ല. പൊതുയിടങ്ങളില്‍ വെറും സാധാരണ മനുഷ്യനായിട്ട് തന്നെ ഇടപഴുകുന്നു. അദ്ദേഹത്തിന്റെ ലാളിത്യം സിനിമാ ലോകത്ത് ഒരു സംസാര വിഷയമാണ്; സിനിമാതാരങ്ങളുടെ ഭാവങ്ങളൊന്നുമില്ലാതെ, ലളിതമായ ഒരു ദക്ഷിണേന്ത്യന്‍ രീതിയിലാണ് അദ്ദേഹം ജീവിക്കുന്നത്. തന്റെ കഷണ്ടി മറയ്ക്കാന്‍ ശ്രമിക്കാത്ത ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരേയൊരു താരം അദ്ദേഹം ആയിരിക്കണം.
എന്തുകൊണ്ടാണ് തമിഴര്‍ ആവേശഭരിതരായ നായകന്മാരെ ആരാധിക്കുന്നത്?’ ‘തമിഴര്‍ക്ക് നായകന്മാരെ ആരാധിക്കാനുള്ള ഒരു പ്രവണതയുണ്ട്, അത് പലപ്പോഴും യുക്തിരഹിതമായ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിത്വ ആരാധനയുടെ സ്വാധീനത്തിന് വിധേയമാക്കുന്ന തരത്തില്‍ അതിനെ സ്വീകാര്യമാക്കുന്നതും സ്വാധീനിക്കുന്നതുമാക്കുന്ന എന്തോ ഒന്ന് തമിഴ് മനസ്സിലുണ്ട്.’ ജനങ്ങളുടെ തലത്തിലുള്ള സാമ്പത്തിക ദുരിതം മനസ്സിന്റെ ബലഹീനതകളിലേക്ക് കൂട്ടിച്ചേര്‍ത്തു. ‘ദാരിദ്ര്യത്താല്‍ ഭാരപ്പെട്ടവരും മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലാത്തവരുമായ, ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന തമിഴ്നാട്ടിലെ ജനങ്ങള്‍ എം.ജി.ആറിന്റെ സിനിമകളില്‍ സഹായം കണ്ടെത്തി. അദ്ദേഹത്തിന്റെ ആകര്‍ഷകമായ വഴികളും സ്‌ക്രീനിലെ വേഷങ്ങളും ഒരു ബദല്‍ ലോകമായിരുന്നു, തമിഴ് ജനതയ്ക്ക് ദൈനംദിന ജീവിതത്തിന്റെ ക്ലേശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിരുന്നു.’
2016 ഡിസംബറില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ സായ് മനീഷ് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ‘ഈ താരങ്ങള്‍ തമിഴ് വ്യക്തിത്വത്തിന്റെ ഒരു പ്രത്യേകതയായി മാറിയതിന് പിന്നില്‍ പല മാനസിക ഘടകങ്ങളുമുണ്ട്. ‘തമിഴ്നാട്ടിലെ സിനിമാതാരങ്ങള്‍ക്ക് ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബിനെ നാണക്കേടുണ്ടാക്കുന്ന സംഖ്യകളുള്ള ഫാന്‍ ക്ലബ്ബുകളുണ്ട്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് തമിഴര്‍ വര്‍ഷങ്ങളായി സിനിമാ നടന്മാരെ നോക്കിയിരിക്കുന്നത്. അവരെപ്പോലെ തോന്നിക്കുന്ന ഒരു സാധാരണ നടന്‍ സ്‌ക്രീനില്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ കാണിക്കുമ്പോള്‍ തമിഴ് മനസ്സ് ശാക്തീകരിക്കപ്പെടുന്നു.
1990 കളുടെ ആരംഭം വരെ സംസ്ഥാനം അനുഭവിച്ചിരുന്ന കടുത്ത ദാരിദ്ര്യത്തിലാണ് സ്വന്തം ആത്മാഭിമാനവും സിനിമാ നടന്റെ ആത്മാഭിമാനവും തമ്മിലുള്ള ബന്ധം വേരൂന്നിയിരിക്കുന്നത്.’
90 കളോടെ തമിഴ് സിനിമയുടെ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള സൂപ്പര്‍സ്റ്റാര്‍ പ്രതിഭാസം രജനികാന്തിനു ചുറ്റുമായി രൂപപ്പെട്ടു. ഒട്ടുമിക്ക രജനി ചിത്രങ്ങളും വന്‍ വിജയിച്ചു. അണ്ണാമലൈ (1992) പന്ത്രണ്ട് കോടി രൂപ കലക്ഷന്‍ നേടിയ ആദ്യത്തെ രജനി ചിത്രമായി.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാവായ എ.വി.എമ്മിന്റെ ശരവണന്‍ പറയുന്നു: ‘അദ്ദേഹത്തിന്റെ സിനിമകളില്‍ ഒരു കഥയുടെ ആവശ്യമില്ല. കോമഡി, നാടകം, ആക്ഷന്‍ എന്നിവ ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ഉണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സ്‌ക്രീന്‍ സാന്നിധ്യവും ശക്തമായ അവതരണവും അദ്ദേഹത്തെ നിര്‍മ്മാതാക്കള്‍ക്ക് കോടികള്‍ നേടിക്കൊടുക്കുന്ന വ്യക്തിയാക്കുന്നു. ശരവണന്‍ കൂട്ടിച്ചേര്‍ക്കുന്നു: ‘സെറ്റുകളില്‍ അദ്ദേഹം വളരെ അച്ചടക്കമുള്ളവനും ഒരു നിര്‍മ്മാതാവിന്റെ സ്വപ്നവുമാണ്.’
ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നിര്‍മ്മാതാവും വിതരണക്കാരനും പ്രസിഡന്റുമായ ജി. വെങ്കിടേശ്വര പറയുന്നു: ‘അദ്ദേഹം നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒരു സ്വര്‍ണ്ണ ഖനിയാണ്.’ നിര്‍മ്മാതാക്കള്‍ അദ്ദഹത്തിന്റെ വീട്ടുവാതിലിനു പുറത്ത് അനന്തമായി വരിയില്‍ കാത്ത് നിന്നതില്‍ അതിശയിക്കാനില്ല. തമിഴില്‍ രജനികാന്ത് സിനിമ നിര്‍മ്മിക്കുന്നതിനുള്ള ശരാശരി ചെലവ് ഏകദേശം 70 ലക്ഷം രൂപയാണ്(1995 ല്‍). എന്നാല്‍ നിര്‍മ്മാതാവ് ഒരു കോടിയിലധികം രൂപയ്ക്ക് വിതരണക്കാരന് വില്‍ക്കും. വിതരണക്കാരന്‍ ആ രജനികാന്ത് ചിത്രത്തിന് 2 കോടിയിലധികം രൂപ ബിസിനസ്സില്‍ നേടും.
എന്നാല്‍ പ്രശസ്തിയുടെ പാരമ്യത്തിലും രജനികാന്തെന്ന സൂപ്പര്‍ താരം ഏകാകിയും വ്യക്തിപരമായി അകന്നു നില്‍ക്കുന്നവനുമാണ്. ശാന്തസ്വഭാവമുള്ള അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നു. സെറ്റുകളില്‍ പോലും, അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളില്ല, അദ്ദേഹം സ്വയം ഒറ്റപ്പെടല്‍ സ്വീകരിച്ചു. ഷൂട്ടിംഗ് ഒഴിച്ചാല്‍ മദ്രാസിലെ ഒരു ആഡംബര പ്രദേശമായ പോയസ് ഗാര്‍ഡനിലെ ലളിതമായി സജ്ജീകരിച്ച മൂന്ന് കിടപ്പുമുറികളുള്ള വീട്ടില്‍ നിന്ന് അദ്ദേഹം വളരെ അപൂര്‍വമായി മാത്രമേ പുറത്ത് വരാറുള്ളൂ. സ്വന്തം വീട്ടില്‍ അദ്ദേഹം ആത്മീയ പുസ്തകങ്ങള്‍ വായിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ മുഴുകുന്നു.
എം. ജി. ആര്‍. ജയലളിത എന്നീ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ പ്രതിഭാസമായി. അവര്‍ തുടര്‍ച്ചയായി അധികാരത്തിലും പുറത്തും വാണതിന്റെയും അനുഭവങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് രജനികാന്ത് എന്ന പുതിയ ജനപ്രിയ നായക പരിവേഷം തമിഴ്മക്കളുടെ മനസ്സില്‍ കുടിയേറിയത്.
സമ്പന്ന വിഭാഗത്തിനെതിരെ നിലകൊള്ളുന്ന പാവപ്പെട്ടവന്റെ കൂടെയാണ് രജനിയും എന്ന് വ്യക്തമാക്കുന്ന പടമാണ് ‘വേലക്കാരന്‍’ (1987). ‘ഐ. കാന്‍ വാക്ക് ഇംഗ്ലീഷ്, ഐ കാന്‍ ടാക്ക് ഇംഗ്ലീഷ്’ എന്ന അതിലെ രജനി ഡയലോഗ് അധഃസ്ഥിതരും നിരക്ഷരരുമായ ഒട്ടനവധി ദരിദ്രര്‍ക്ക് ഉത്തേജനം പകര്‍ന്നു. താന്‍ നേടിയെടുത്ത സൂപ്പര്‍ സ്റ്റാര്‍ പദവിയെ കുറിച്ചും മറ്റൊരു പടത്തില്‍ ഓര്‍മിപ്പിക്കുന്നു. ‘കഷ്ടപ്പെടാമാ, ഏതുവും കിടെക്കാത്, അപ്പിടിയാ കിടെച്ചാലും നെലച്ച് നില്‍ക്കാത്’, വീര (1994)(കഷ്ടപ്പെടാതെ ഒന്നും നേടാനാവില്ല. അഥവാ അങ്ങനെ നേടിയെടുത്താലും അത് നിലനില്‍ക്കില്ല) സൂപ്പര്‍പദവി പോലും അനവധി വര്‍ഷത്തെ പ്രയത്‌നം ഓര്‍മിപ്പിക്കുന്നതിലൂടെ അധ്വാനത്തിന്റെ മഹത്വം കൊണ്ടാണെന്ന് കഥാപാത്രത്തിലൂടെ ഓര്‍മ്മിപ്പിക്കുകയാണ്. തന്റെ ആത്മവിശ്വാസത്തിന്റെ കരുത്ത് വിളിച്ചോതുന്ന അടുത്ത പടത്തിലെ രജനി ഡയലോഗ് തമിഴകത്തെ ജനലക്ഷങ്ങളെ ആഹ്ലാദത്തിലാറാടിച്ചു.
‘നാന്‍ ഒരു തടവ ശൊന്നാ നൂറ് തടവ് ശൊന്ന മാതിരി'(ഞാന്‍ ഒരു തവണ പറഞ്ഞാല്‍ അത് നൂറു തവണ പറയുന്ന ഫലമാണ്),ബാഷ 1995. തിരുകുറള്‍ വചനങ്ങള്‍ പോലെ തമിഴ് മനസ്സില്‍ അലിഞ്ഞുചേര്‍ന്ന ഈ ഡയലോഗുകള്‍ രജനി മാസ്മരികയുടെ പ്രധാന ഭാഗമാണ്.
താരപദവിയുടെ ആദ്യ വര്‍ഷങ്ങളില്‍, ധിക്കാരപരവുമായ പെരുമാറ്റവും രജനികാന്തില്‍ ഉണ്ടായിരുന്നു. അമിത മദ്യപാനവും കലഹങ്ങളും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കലുഷമാക്കി. 1979 ല്‍ മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമായ ‘അലാവുദീനും അല്‍ഭുത വിളക്ക്’ എന്ന മലയാള പടത്തില്‍ അഭിനയിക്കാനെത്തിയ രജനി സെറ്റില്‍ അക്രമാസക്തനായി. ഒടുവില്‍ അതേ പടത്തിലെ നായകനായ കമല്‍ഹാസന്റെ നിര്‍ദേശമനുസരിച്ച് രജനി ഏറ്റവും അധികം ബഹുമാനിക്കുന്ന ഗുരുവായ ടി. ബാലചന്ദ്രനെ ഷൂട്ടിംഗ് സെറ്റില്‍ കൊണ്ടുവന്ന് ഇരുത്തി. ബാലചന്ദ്രറുടെ സാന്നിധ്യത്തില്‍ അതോടെ ശാന്തനായ രജനി പിന്നീട് കുഴപ്പം കൂടാതെ ചിത്രീകരണത്തില്‍ സഹകരിച്ചു.
”താരപദവിയുടെ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ എനിക്ക് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കണ്ടക്ടറായി 320 രൂപ സമ്പാദിച്ചിരുന്നു, പിന്നിട് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സിനിമയ്ക്ക് 5 ലക്ഷം രൂപ ലഭിച്ചു. പ്രശസ്തിയും പണവും അമിത ജോലിയും എന്നെ ഒരു തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.’ രജനി തന്റെ ഭൂതകാലത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ ഒരിക്കല്‍ പറഞ്ഞു.
ഭാഷാപരവും പ്രാദേശികവുമായ അതിരുകള്‍ മറികടന്ന് രജനീകാന്ത്
ഹിന്ദി സൂപ്പര്‍ താരം അമിതാഭ് ബച്ചനുമായി ഒന്നിച്ച പടമാണ്. ‘അന്ധാ കാനൂണ്‍’ (1983) ആ സിനിമ ഒരു വലിയ ഹിറ്റായി മാറി. ഒരു ഘട്ടത്തില്‍, ആരാധകരെയും ചലചിത്ര രംഗത്തേയും ത്തെട്ടിച്ചു കൊണ്ട് പെട്ടെന്ന് താന്‍ സിനിമകള്‍ ഉപേക്ഷിക്കുകയാണെന്ന് രജനി പ്രഖ്യാപിച്ചു. പിന്നിട് ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറി.
1988 ല്‍ രജനികാന്തിന്റെ ആദ്യ ഇംഗ്ലീഷ് സിനിമ, ബ്ലഡ്സ്റ്റോണ്‍ പുറത്ത് വന്നു. അതില്‍ അദ്ദേഹം ഒരു ടാക്‌സി ഡ്രൈവറായി അഭിനയിച്ചു. പ്രധാനമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച ആക്ഷന്‍ പടം ഫിലിം ഡിസ്ട്രിബ്യൂട്ടറായ ഡോ മുരളി മനോഹറിന്റെ ഉടമസ്ഥതയിലുള്ള അമൃത്രാജ് പ്രൊഡക്ഷന്‍സും എന്‍ആര്‍ഐ മെട്രോ ഫിലിം കോര്‍പ്പറേഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കള്ളക്കടത്തുകാരുടെ സംഘവുമായി ഇടപഴകുന്ന ഒരു അമേരിക്കന്‍ ദമ്പതികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചാണ് ചിത്രം. പ്രാദേശിക ടാക്‌സി ഡ്രൈവറായ രജനികാന്ത് അവരുടെ സഹായത്തിനെത്തുന്നു. ഒരു ദശലക്ഷം ഡോളര്‍ (1.30 കോടി രൂപ) ചെലവില്‍ നിര്‍മ്മിച്ച ചിത്രമാണത്.
തന്റെ സിനിമകള്‍ പരാജയപ്പെട്ടാല്‍, അദ്ദേഹം നിര്‍മ്മാതാക്കളോ സഹാനുഭൂതി കാണിക്കുകയും അവര്‍ക്ക് പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ലിംഗ (2014) എന്ന സിനിമ പരാജയമായപ്പോള്‍ വിതരണക്കാരുമായുള്ള പ്രശ്‌നം രൂക്ഷമായി, അവര്‍ കനത്ത നഷ്ടപരിഹാരം അവകാശപ്പെട്ടു. രജനീകാന്ത് ഇടപെട്ടതിനെത്തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിച്ചു. നഷ്ടത്തിന്റെ മുന്നിലൊന്ന് തുക വിതരണക്കാരന് രജനീകാന്ത് നല്‍കി. തന്റെ പടം പരാജയമായപ്പോള്‍ നഷ്ടം വന്നവര്‍ക്ക് തുക നടന്‍ നല്‍കുക അന്ന് വരെ ചലചിത്ര ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭമമായിരുന്നു.
ജെന്റില്‍ മാന്‍, ഇന്ത്യന്‍, കാതലന്‍, അന്യന്‍, തുടങ്ങിയ ഹിറ്റുകള്‍ സൃഷ്ടിച്ച ഷങ്കര്‍ സംവിധാനം ചെയ്ത രജനികാന്തിനെ അവതരിപ്പിച്ച ‘ശിവാജി ദ ബോസ്'(2007) ഹോളിവുഡിനെ പോലും വെല്ലുവിളിച്ച സംഭവമായി. അത്ഭുതമായേക്കാവുന്ന സാമ്പത്തിക ഇടപാടുകളാണ് ശിവാജി ദ ബോസിനെന്റെത്. അപ്പോള്‍ റിലീസ് ചെയ്ത ജെയിംസ് ബോണ്ട് ചിത്രമായ കാസിനോ റോയല്‍ 36 രാജ്യങ്ങളിലായി 3200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെട്ടതെങ്കില്‍, ശിവാജി കളിക്കുന്നത് 27 രാജ്യങ്ങളില്‍ ഒരേ ദിവസം 2900 തിയേറ്ററുകളില്‍.
ഹോളിവുഡിനൊപ്പം മത്സരിക്കാന്‍ എത്തുന്ന ഇന്ത്യന്‍ പടം – അതിന്റെ കാരണം ഒന്നേയുള്ളൂ അത് ‘രജനി’ പടമാണ്. വന്‍ വിജയം നേടിയ അതിനു മുന്‍പത്തെ രജനി സൂപ്പര്‍ ചിത്രമായ ‘ചന്ദ്രമുഖി’ യില്‍ (2005)ല്‍ 25 കോടി പ്രതിഫലം വാങ്ങിയ രജനി കാന്ത് ഇതിന് വാങ്ങിയത് 40 കോടിയാണ്.
30 വര്‍ഷം മുന്‍പ് തമിഴ് നാട്ടില്‍ ബോക്‌സ് ഓഫീസില്‍ 175 ദിവസത്തെ ഓട്ടം പൂര്‍ത്തിയാക്കിയ ”മുത്തു” ഒരു ഹിറ്റ് ചിത്രം വിദേശത്ത് തരംഗം സൃഷ്ടിച്ച് പണം വാരിയ ചരിത്രം പറയുന്നു. 1998-ല്‍ ജാപ്പനീസ് ഭാഷയില്‍ മുത്തു ‘ഒഡോരു മഹാരാജ’ എന്ന പേരില്‍ പുറത്തിറങ്ങി, അതായത് മുത്തു – ദി ഡാന്‍സിംഗ് മഹാരാജ. ജപ്പാനില്‍ റെക്കോര്‍ഡ് യുഎസ് ഡോളര്‍ 1.6 മില്യണ്‍ കളക്ഷന്‍ നേടിയ ഈ ചിത്രം രജനിക്ക് വലിയൊരു ജാപ്പനീസ് ആരാധകവൃന്ദം സൃഷ്ടിച്ചു. ജപ്പാനിലെ മുത്തുവിന്റെ വിജയം 1999-ല്‍ അമേരിക്കന്‍ വാര്‍ത്താ മാഗസിനായ ‘ന്യൂസ് വീക്ക്’ രജനീകാന്ത് എന്ന നടന്‍ ‘ലിയനാര്‍ഡോ ഡികാപ്രിയോയെ’ മാറ്റി പ്രതിപ്രതിഷ്ഠിച്ചു എന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ കാരണമായി. 1995 ലെ വിദേശത്ത് ഏറ്റവും അധികം പണം വാരിയ രണ്ടാമത്തെ പടമാണ് മുത്തു. ഒന്നാം സ്ഥാനം ഹിന്ദി ചിത്രമായ ‘ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേംഗേ’.
2010 ല്‍ പുറത്തിറങ്ങിയ ഷങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്‍’ അതുവരെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി കണക്കാക്കുന്നു. 132 കോടി മുതല്‍ 150 കോടി വരെ ചിലവഴിച്ചതായി നിര്‍മ്മാതാവ് കലാനിധി മാരന്‍ അവകാശപ്പെടുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍, നൂതന സിജിഐ, സങ്കീര്‍ണ്ണമായ ആനിമേഷന്‍, റോബോട്ട് കഥാപാത്രമായ ചിട്ടിയെ അവതരിപ്പിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ വിപുലമായ സഹായം തേടി. ആക്ഷന്‍ രംഗങ്ങള്‍ക്ക് വിഷ്വല്‍ ഇഫക്റ്റ് ആര്‍ട്ടിസ്റ്റുകളുടെ വലിയൊരു ടീമും നൂതന സാങ്കേതികവിദ്യയും ആവശ്യമായിരുന്നു. ടെര്‍മിനേറ്റര്‍, അവതാര്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച യുഎസിലെ പ്രശസ്തമായ സ്‌പെഷ്യല്‍ എഫക്റ്റ്‌സ് സ്റ്റുഡിയോയായ ലെഗസി ഇഫക്റ്റുകള്‍ പടത്തിന് സാങ്കേതികം ഒരുക്കി സഹകരിച്ചു.
2024 ല്‍ രജനീകാന്ത് അഭിനയിച്ച വേട്ടയ്യന്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി, ലോകമെമ്പാടുമായി ഏകദേശം 250-260 കോടി കളക്ഷന്‍ നേടി. വാണിജ്യ വശങ്ങള്‍ക്ക് സമ്മിശ്ര അവലോകനങ്ങളാണെങ്കിലും തമിഴ്നാട്, തെലുങ്ക് വിപണികളില്‍ നിന്ന് ഗണ്യമായ വരുമാനം നേടി. ബാംഗ്ലൂരില്‍ ഒരു ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ആദ്യകാലം മുതല്‍ ആഗോള ഐക്കണായി മാറുന്നതുവരെയുള്ള രജനി കാന്തിന്റെ മുഴുവന്‍ യാത്രയും രേഖപ്പെടുത്തുന്ന പത്രപ്രവര്‍ത്തകനായ നമന്‍ രാമചന്ദ്രന്‍ എഴുതിയ ‘രജനീകാന്ത്: ദി ഡെഫിനിറ്റീവ് ബയോഗ്രഫി’ ആണ് സൂപ്പര്‍സ്റ്റാറിന്റെ ഏറ്റവും അംഗീകൃതവും വിശദവുമായ ജീവചരിത്രം.
‘അവര്‍ വിഡ്ഢികളാണ്,’ ‘സൂര്യനെ നോക്കാന്‍ മെഴുകുതിരി കത്തിക്കുന്നവര്‍.’ ജീവചരിത്രകാരന്മാരെ വിശേഷിപ്പിക്കുന്ന വോള്‍ട്ടയര്‍ വചനം ഉദ്ധരിച്ചു കൊണ്ട് കലാ നിരുപകര്‍ സദാനന്ദ് മേനോന്‍ സിനിമാ സൂപ്പര്‍ താരങ്ങളുടെ ജീവചരിത്രങ്ങളെ കുറിച്ച് ഇങ്ങനെ എഴുതി .
‘തെന്നിന്ത്യയിലെ’ സെല്ലുലോയിഡ് ജീവചരിത്രങ്ങള്‍ സങ്കീര്‍ണമാണ്. ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിലെ സൂപ്പര്‍സ്റ്റാറുകളെ അടുത്തറിയുന്നതിനെ അടിസ്ഥാനമാക്കിയുള്ള എന്റെ സ്വന്തം വാദം, നിങ്ങള്‍ക്ക് അഭിനേതാക്കളുടെ ആത്മകഥകള്‍ മാത്രമേ ഉണ്ടാകൂ, താരങ്ങളുടെയല്ല എന്നതാണ്. ‘ഉദാഹരണമായി ഗായത്രി ശ്രീകാന്ത് എഴുതിയ ‘മൈ നെയിം ഈസ് രജനീകാന്ത്’ (2010) എന്ന പുസ്തകം രജനിക്കു പോലും രക്ഷിക്കാന്‍ കഴിയാത്ത ഒരു ജീവചരിത്രമാണ്” .
രജനിയ്ക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലായിരുന്നു. തമിഴ് ശക്തിയുള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹം ആരാധക വൃന്ദത്തെ നേടി, സിനിമാ താരങ്ങള്‍ സാധാരണയായി അവരുടെ ഗ്ലാമറിലും വശീകരണ സ്വഭാവത്തിലൂടെയും അത് നേടുന്നവരായിരുന്നു. ഒരു കഷണ്ടിയായ, ഇരുണ്ട നിറമുള്ള ഒരു മനുഷ്യനെ വശീകരണ സ്വഭാവമുള്ളവനായി കണക്കാക്കുന്നത് എളുപ്പമല്ല. ഷാരൂഖ് ഖാന്റെ മുഖസൗന്ദര്യമോ സല്‍മാന്‍ ഖാന്റെ ശരീരഘടനയോ രജനീകാന്തിന് ഉണ്ടായിരുന്നില്ല. ഉള്ളത് അദ്ദേഹത്തിന്റെ അഭിനയപാടവം മാത്രം ഭാഗ്യവശാല്‍, സിനിമാറ്റിക് കലയ്ക്ക് , അദ്ദേഹത്തിന്റെ അഭിനയപാടവം അതിശയകരമായി. സിനിമയിലും അതിനപ്പുറത്തും പ്രാധാന്യമുള്ള ഒരു പ്രബല ശക്തിയായി അതദ്ദേഹത്തെ മാറ്റി.
Content Summary; Tamil Super star Rajinikanth’s 75th birthday, also he completed 50 years in Cinema. A biggest star in Indian Cinema Industry
This post was last modified on December 21, 2025 12:40 pm
Leave a Comment