April 20, 2025 |
Share on

ഫെഡറല്‍ ഏജന്റുമാര്‍ തേടി വന്നത് മൂന്നു തവണ; അന്തരീക്ഷം അപകടമെന്ന് കണ്ട് കാനഡയിലേക്ക്

കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി രഞ്ജിനി ശ്രീനിവാസനെ കുറിച്ച്

ഹമാസിനെ പിന്തുണച്ചു, പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു എന്നതൊക്കെയായിരുന്നു രഞ്ജിനി ശ്രീനിവാസനെതിരേയുള്ള ട്രംപ് ഭരണ കൂടം കണ്ടെത്തിയ ‘ കുറ്റങ്ങള്‍’. കൊളംബിയ സര്‍വകലാശാല ട്രംപിന്റെ കണ്ണിലെ കരടാണ്. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമായാണ് സര്‍വകലാശാലയെ ട്രംപ് കുറ്റപ്പെടുത്തുന്നത്. ഗ്രാന്റുകളും ഫണ്ടുകളും തടഞ്ഞ് ‘ പാഠം പഠിപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ നിശബ്ദമാക്കുകയും ലക്ഷ്യമാണ്. ക്യാമ്പസില്‍ ഗാസ അനുകൂല പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പൂര്‍വ വിദ്യാര്‍ത്ഥി മഹ്‌മൗദ് ഖലീലിനെ അറസ്റ്റ് ചെയ്തു. യു എസില്‍ സ്ഥിരതാമസക്കാരനായ ഖലീലിനെ നാടു കടത്തുകയാണ് ലക്ഷ്യം. ട്രംപിന് വിധേയപ്പെട്ടാണ് ഇപ്പോള്‍ സര്‍വകലാശാലയും നിലപാടുകള്‍ എടുക്കുന്നത്. ഭരണകൂടത്തിന്റെ ഇഷ്ടക്കേട് പിടിച്ചുപറ്റിയ വിദ്യാര്‍ത്ഥികളെയൊക്കെ പുറത്താക്കുകയാണ്.

മഹ്‌മൗദ് ഖലീലിന് എന്ത് സംഭവിച്ചോ അത് തന്നെയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ രഞ്ജിനിക്കും സംഭവിക്കുമായിരുന്നത്. ‘ സാഹചര്യം അപകടകരമായിരുന്നു’ എന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറയുന്നത്. അന്തരീക്ഷം മനസിലാക്കിയായിരുന്നു ന്യൂയോര്‍ക്കില്‍ നിന്നും പെട്ടെന്ന് തന്നെ കാനഡയിലേക്ക് പറന്നതെന്ന് 37 കാരിയായ രഞ്ജിനി ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നുണ്ട്.

മൂന്നു തവണയാണ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ രഞ്ജിനിയെ തേടി ക്യാമ്പസില്‍ എത്തിയത്. അമേരിക്ക വിടുന്നതിന് എട്ടു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആദ്യമവര്‍ എത്തിയത്. കൊളംബിയ സര്‍വകലാശാലയുടെ അപ്പാര്‍ട്ട്‌മെന്റില്‍ രഞ്ജിനിയെ തേടിയെത്തിയത് മൂന്നു ഏജന്റുമാരായിരുന്നു. തന്റെ വീസ റദ്ദാക്കിയെന്ന് അറിയാമായിരുന്ന രഞ്ജിനി, ഫെഡറല്‍ ഏജന്റുമാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നില്ല.

അടുത്ത രാത്രിയില്‍ ഏജന്റുമാര്‍ വീണ്ടും എത്തി. അന്നവിടെ രഞ്ജിനി ഉണ്ടായിരുന്നില്ല. ഖലീലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു രഞ്ജിനിയെ തേടി ആളെത്തുന്നത്. ഖലീലിന്റെ അറസ്റ്റ് സര്‍വകലാശാലയെ ആകെ പരിഭ്രാന്തിയിലാക്കിയിരുന്നു.

തന്നെ തേടി ഫെഡറല്‍ ഏജന്റുമാര്‍ വീണ്ടും എത്തുമെന്ന് അറിയാവുന്ന രഞ്ജിനി, കൈയില്‍ കിട്ടാവുന്ന സാധാനങ്ങള്‍ മാത്രം പാക്ക് ചെയ്തു. വളര്‍ത്തു പൂച്ചയെ സുഹൃത്തിനെ ഏല്‍പ്പിച്ചു. സമയം കളയാതെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ എത്തി കാനഡയ്ക്ക് പറന്നു.

വ്യാഴാഴ്ച്ച രാത്രിയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കരുതിക്കൂട്ടി തന്നെയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. അവരുടെ കൈയില്‍ അകത്തു കയറി പരിശോധിക്കാനുള്ള കോടതി വാറന്റ് ഉണ്ടായിരുന്നു. പക്ഷേ, രഞ്ജിനി അപ്പോഴേക്കും പറന്നകന്നിരുന്നു.

‘ അന്തരീക്ഷം വളരെ അപകടകരമായി തോന്നി’ അതുകൊണ്ടാണ് ഞാന്‍ പെട്ടെന്നൊരു തീരുമാനം എടുത്തത്” വെള്ളിയാഴ്ച്ച ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ചപ്പോള്‍ രഞ്ജിനി പറഞ്ഞ വാക്കുകളാണ്.

U.S Immigration and customs enforcement

യു എസ് സര്‍ക്കാരിന്റെ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ രഞ്ജിനി ശ്രീനിവാസന്‍, കൊളംബിയ സര്‍വകലാശാലയില്‍ നഗരാസൂത്രണത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി(ഐസിഇ) കൊളംബിയ ക്യാമ്പസില്‍ ലക്ഷ്യമിട്ടിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു രഞ്ജിനി. യാതൊരു വിശദീകരണങ്ങളും നല്‍കാതെ പെട്ടെന്ന് തന്റെ സ്റ്റുഡന്റ് വിസ റദ്ദാക്കുകയായിരുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ റദ്ദാക്കിയതോടെ അമേരിക്കയില്‍ രഞ്ജിനിയുടെ താമസം നിയമവിരുദ്ധമായി. സ്വാഭാവികമായി കൊളംബിയ സര്‍വകലാശലയിലെ പ്രവേശനവും റദ്ദാക്കപ്പെട്ടു.

ആഭ്യന്തര സുരക്ഷ വകുപ്പ് കടുത്ത ആരോപണങ്ങളാണ് രഞ്ജിനിക്കെതിരേ ഉന്നയിച്ചിട്ടുള്ളത്. അവര്‍ ഒരു തീവ്രവാദി അനുഭാവിയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും, ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുമാണ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായി യാതൊരു തെളിവും വകുപ്പ് പുറത്തു വിട്ടിട്ടുമില്ല.

കാനഡയിലേക്ക് പോകുന്നതിനായി ലാഗ്വാര്‍ഡ് വിമാനത്താവളത്തില്‍ സ്യൂട്ട്‌കേസുമായി നില്‍ക്കുന്ന രഞ്ജിനിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘സ്വയം നാടുവിട്ടു’ എന്നാണ് രഞ്ജിനി അമേരിക്ക ഉപേക്ഷിച്ചതിനെ നോം പരിഹാസത്തോടെ കുറിക്കുന്നത്. അമേരിക്കയില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു ബഹുമതിയായി കാണണം, എന്നാല്‍ അക്രമത്തിനും ഭീകരതയ്ക്കും പിന്തുണ കൊടുത്താല്‍ ആ ബഹുമതി ഇല്ലാതാവുകയും, പിന്നെ നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കാന്‍ അവകാശമുണ്ടാകില്ലെന്നുമാണ് ക്രിസ്റ്റി നോം, രഞ്ജിനിയെ ഉദ്ദേശിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് രഞ്ജിനിയുടെ അഭിഭാഷകര്‍ പ്രതികരിക്കുന്നത്. ഭരണഘടന അനുവദിക്കുന്ന, പ്രതിഷേധയോഗങ്ങളില്‍ സംസാരിച്ചു എന്നതിനാണ് രഞ്ജിനിയുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കിയതെന്നാണ് അഭിഭാഷകര്‍ കുറ്റപ്പെടുത്തുന്നത്. വിസ നിഷേധിക്കപ്പെടുന്നതിന് പാലിക്കേണ്ട യാതൊരു മാനദണ്ഡങ്ങളും രഞ്ജിനിയുടെ കാര്യത്തില്‍ നടന്നിട്ടില്ലെന്നും പരാതിയുണ്ട്.

ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ട്വീറ്റ്, വസ്തുതാപരമായ തെറ്റ് മാത്രമല്ല, അമരിക്കന്‍ വിരുദ്ധതയുമാണെന്ന് രഞ്ജിനിയുടെ അഭിഭാഷകരിലൊരാളായ നാസ് അഹമ്മദിന്റെ പ്രസ്താവനയില്‍ പറയുന്നു. ഒരാഴ്ച്ചയിലേറെയായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്(എച്ച് എസ് ഡി) രഞ്ജിനിയുടെ വിസ റദ്ദാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും നാസ് പറയുന്നു.

അതേസമയം, എച്ച് എസ് ഡി പറയുന്നത്, കഴിഞ്ഞ വര്‍ഷം രഞ്ജിനി വിസ പുതുക്കിയിരുന്നുവെങ്കിലും കൊളംബിയ സര്‍വകലാശാലയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ രണ്ടു കേസുകളുടെ കാര്യം അവര്‍ മറച്ചുവച്ചുവെന്നാണ്. എന്നാല്‍ ഈ കേസുകള്‍ രഞ്ജിനിയെ ഒരു തീവ്രവാദ അനുഭാവിയായി പറയുന്നുണ്ടോ എന്ന കാര്യത്തില്‍ വകുപ്പ് പ്രതികരിക്കുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള, വളരെ സ്വാഭാവികമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പോലും ഒരാളെ തീവ്രവാദ അനുഭാവിയായി മുദ്രകുത്തുകയും, അയാളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് രഞ്ജിനി ശ്രീനിവാസന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് തന്റെ ഭയം പങ്കുവയ്ക്കുന്നത്. ഈ ഭയം സ്വന്തം അനുഭവത്തില്‍ നിന്നുണ്ടായതെന്ന് അവര്‍ പറയുന്നു. വിസ റദ്ദാക്കപ്പെട്ടതിനും സോഷ്യല്‍ മീഡിയ വഴിയുള്ള അക്രമം നേരിടുന്നതിനും കാരണമായതും ഇതൊക്കെ തന്നെയാണെന്നു രഞ്ജിനി പറയുന്നു.

columbia university protest

കഴിഞ്ഞ വര്‍ഷം കൊളംബിയ സര്‍വകലാശാലയില്‍ ഇസ്രയേല്‍ വിരുദ്ധ ഗാസ പ്രതിഷേധം ആരംഭിച്ചതിനു പിന്നാലെ രഞ്ജിനി അറസ്റ്റിലായിരുന്നു. സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പ്രതിഷേധക്കാര്‍ കയ്യേറിയ ദിവസം ക്യാമ്പസിന്റെ പ്രവേശനകവാടത്തില്‍ വച്ചായിരുന്നു രഞ്ജിനി അറസ്റ്റിലായത്. എന്നാല്‍ ഹാള്‍ കയ്യേറിയ സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് രഞ്ജിനി പറയുന്നത്. അന്നേ ദിവസം സുഹൃത്തുക്കളുമൊത്ത് പുറത്ത് പിക്‌നിക്കിനു പോയിരുന്നു. വൈകുന്നേരം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു. വെസ്റ്റ് 116 സ്ട്രീറ്റില്‍ ഉണ്ടായിരുന്ന സമരക്കാരുടെയും ബാരിക്കേഡുകള്‍ക്കും ഇടയിലൂടെയായിരുന്നു പോയത്. ഈ സമയത്ത് തള്ളിക്കയറിയെത്തിയ പൊലീസ് തന്നെയും അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയായിരുന്നുവെന്നാണ് രഞ്ജിനിയുടെ വിശദീകരണം.

കുറച്ചു സമയം കസ്റ്റഡിയില്‍ വച്ചശേഷമായിരുന്നു രഞ്ജിനിയെ വിട്ടയച്ചത്. പിന്നാലെ രണ്ട് സമന്‍സുകള്‍ അയച്ചു. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കിയതിനായിരുന്നു ഒന്ന്, പൊലീസ് ആവശ്യപ്പെട്ടിട്ടും പൊതുസ്ഥലത്ത് നിന്നും പിരിഞ്ഞു പോകാതിരുന്നതിനായിരുന്നു രണ്ടാമത്തേത്. എന്നാല്‍ രണ്ട് കേസുകളും തള്ളിപ്പോവുകയായിരുന്നു. ക്രിമിനല്‍ നടപടികളൊന്നും രഞ്ജിനിക്കെതിരേ ഉണ്ടായിട്ടില്ലെന്നാണ് രേഖകളും അഭിഭാഷകരും പറയുന്നത്. താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന ഒരാള്‍ക്കെതിരേ എടുത്ത കേസ് കോടതി തള്ളിക്കളയുകയായിരുന്നുവെന്നും രഞ്ജിനിയുടെ അഭിഭാഷകരിലൊരാളായ നഥാന്‍ യാഫെ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. തനിക്ക് ഒരിക്കിലും സര്‍വകലാശാലയില്‍ നിന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നും, മികച്ച അക്കാദമിക് പശ്ചാത്തലമാണ് ഉള്ളതെന്നും രഞ്ജിനി പറയുന്നുണ്ട്.

മേയ് മാസത്തില്‍ തനിക്കെതിരെയുള്ള കേസുകള്‍ തള്ളി. ഒരുതരത്തിലുള്ള ശിക്ഷയും കിട്ടിയതുമില്ല. അതുകൊണ്ടാണ് വിസ പുതുക്കുന്ന അപേക്ഷയില്‍ രണ്ട് സമന്‍സുകളെക്കുറിച്ചും പരാമര്‍ശിക്കാതിരുന്നതെന്നാണ് രഞ്ജിനി നല്‍കുന്ന വിശദീകരണം.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൊളംബിയ സര്‍വകലാശാല അധികൃതരെ ഇമെയില്‍ വഴി രഞ്ജിനിയുടെ വിസ റദ്ദാക്കിയ വിവരം അറിയിച്ചിരുന്നു. തുടര്‍നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല അധികൃതരുടെ പിന്തുണയോടെയാണ് ഏജന്റുമാര്‍ രഞ്ജിനിയെ തേടി താമസസ്ഥലത്ത് എത്തിയതും. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും കാര്യങ്ങള്‍ വിശദീകരിക്കാനും ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോകാന്‍ തയ്യാറാകാതെയാണ് രഞ്ജിനി രാജ്യം വിട്ടതെന്നും സര്‍വകലാശാല അധികൃതര്‍ കുറ്റപ്പെടുത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും ഇമെയ്ല്‍ വഴി രഞ്ജിനിയെ അറിയിച്ചിരുന്നുവെന്നാണ് സര്‍വകലാശാല അവകാശപ്പെട്ടിരിക്കുന്നത്. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് സര്‍വകലാശാല തയ്യാറായിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.  Ranjani Srinivasan, the Indian student at Columbia University, whose US visa was revoked

Content Summary; Ranjani Srinivasan, the Indian student at Columbia University, whose US visa was revoked

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×