40 കോടി നഷ്ടപരിഹാരം വേണം; രണ്‍വീറിനെതിരേ നിലപാട് കടുപ്പിച്ച് ഫര്‍ഹാന്‍

ഡോണ്‍ 3 യുടെ തര്‍ക്കം തീരും വരെ രണ്‍വീറിന്റെ പുതിയ ചിത്രത്തിന്റെ ഫണ്ടിംഗ് തടയണമെന്നും എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ആവശ്യപ്പെടുന്നു

farhan akhtar-ranveer singh

ഡോണ്‍ 3-യില്‍ നിന്നുള്ള രണ്‍വീര്‍ സിംഗിന്റെ പിന്മാറ്റത്തില്‍ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് അവരുടെ നിലപാട് കൂടുതല്‍ കടുപ്പിക്കുന്നു. രണ്‍വീര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ തങ്ങള്‍ക്ക് ഏകദേശം 40 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും അത് താരം നല്‍കണമെന്നുമാണ് ഫര്‍ഹാന്‍ അക്തര്‍-റിതേഷ് സിദ്ധ്വാനി നേതൃത്വം നല്‍കുന്ന എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി രണ്‍വീറിന്റെ പുതിയ ചിത്രമായ ‘പ്രളയ്’ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ള സ്റ്റുഡിയോസിനെ നിര്‍മ്മാതാക്കള്‍ സമീപിച്ചിരിക്കുകയാണ്. ‘ഡോണ്‍ 3’ തര്‍ക്കം തീരുന്നത് വരെ രണ്‍വീറിന്റെ ഈ സോംബി ത്രില്ലര്‍ ചിത്രത്തിന് ഫണ്ടിംഗ് നല്‍കരുതെന്നും ഷൂട്ടിംഗ് തുടങ്ങരുതെന്നും സിദ്ധ്വാനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിന് ശേഷമാണ് രണ്‍വീര്‍ പിന്മാറിയതെന്നും അതിനാല്‍ തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം. ഒരു രൂപ പോലും നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നായിരുന്നു തുടക്കത്തില്‍ രണ്‍വീര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ സമ്മര്‍ദ്ദം കൂട്ടിയതോടെ, എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് പറയുന്ന നഷ്ടത്തിന്റെ കണക്കുകള്‍ പരിശോധിക്കാമെന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്.

ലൊക്കേഷന്‍ കണ്ടെത്തല്‍, ബജറ്റിംഗ് തുടങ്ങിയ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വലിയ തുക ചിലവാക്കിയിട്ടുണ്ടെന്നും, താരങ്ങള്‍ ഇങ്ങനെ ഏകപക്ഷീയമായി പിന്മാറുന്നത് നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് വാദിക്കുന്നു. തിരക്കഥ തയ്യാറാക്കുന്ന ഘട്ടത്തില്‍ താരം ഒപ്പമുണ്ടായിരുന്നു എന്നതിന് തെളിവായി സന്ദേശങ്ങളും അവര്‍ ഹാജരാക്കി. എന്നാല്‍ നിലവില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ വിഷയം കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത. മുന്‍പ് ദീപിക പദുകോണ്‍ ‘റേസ് 2’ല്‍ നിന്ന് പിന്മാറിയതും സാറാ അലി ഖാനെതിരെ ‘കേദാര്‍നാഥ്’ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചതും സമാനമായ സംഭവങ്ങളായി സിനിമാ ലോകം ചൂണ്ടിക്കാട്ടുന്നു.

പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ എക്‌സല്‍ എന്റര്‍ടൈന്‍മെന്റിനെതിരെ കടുത്ത ആരോപണങ്ങളാണ് രണ്‍വീറിന്റെ ഭാഗം ഉന്നയിച്ചത്. കൃത്യമായ തിരക്കഥ നല്‍കിയില്ലെന്നും സംവിധായകനായ ഫര്‍ഹാന്‍ അക്തര്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിരുന്നില്ലെന്നും രണ്‍വീര്‍ ആരോപിച്ചു. ആദ്യം ഹൃത്വിക് റോഷനെ ഈ വേഷത്തിനായി പരിഗണിച്ച നിര്‍മ്മാതാക്കള്‍, തന്റെ ‘ദുരന്ധര്‍’ എന്ന ചിത്രം ഹിറ്റായതോടെയാണ് തന്നെ വീണ്ടും സമീപിച്ചതെന്നും രണ്‍വീര്‍ പറഞ്ഞു. സഞ്ജയ് ലീല ബന്‍സാലിയുടെ ‘ബൈജു ബാവ്ര’ മുടങ്ങിയപ്പോള്‍ താന്‍ നഷ്ടപരിഹാരം ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഷാരൂഖ് ഖാന്‍ ഈ റോള്‍ ചെയ്യാന്‍ സമ്മതിച്ചിരുന്നെങ്കില്‍ തനിക്ക് യാതൊരു നഷ്ടപരിഹാരവും നല്‍കാതെ നിര്‍മ്മാതാക്കള്‍ തന്നെ മാറ്റുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. തന്റെ പുതിയ ചിത്രമായ ‘ദുരന്ധര്‍ 2: ദി റിവഞ്ച്’ന്റെ റിലീസ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി ഗില്‍ഡിനോട് കൂടുതല്‍ സമയം രണ്‍വീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രണ്‍വീര്‍ ഇതുവരെ തിരക്കഥയില്‍ യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചിരുന്നില്ലെന്നും വേഷത്തെക്കുറിച്ച് അതീവ താല്പര്യമാണ് പ്രകടിപ്പിച്ചിരുന്നതെന്നുമാണ് ഫര്‍ഹാന്‍ പറയുന്നത്. താരങ്ങളുടെ ഇത്തരം അനാവശ്യ ഡിമാന്‍ഡുകള്‍ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് ബോഡി ശക്തമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Summary; Ranveer Singh and Excel Entertainment, Done 3 dispute, producers demand 40 crore compensation

This post was last modified on February 13, 2026 9:48 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment