July 13, 2025 |
Share on

16 വെട്ടുകൾ; ജാതി വിവേചനം പരാമർശിക്കുന്ന രം​ഗങ്ങൾ ഒഴിവാക്കി, ധഡക് 2 വിന് പ്രദർശനാനുമതി നൽകി സിബിഎഫ്സി

തമിഴ് ചിത്രം പരിയേറും പെരുമാളിന്റെ റീമേക്കാണ് ധടക് 2

ഷാസിയ ഇഖ്ബാൽ ചിത്രം ധഡക് 2 വിന്റെ റിലീസിന് അനുമതി നൽകി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, അക്രമങ്ങൾ തുടങ്ങിയ 16 രം​ഗങ്ങൾ ഒഴിവാക്കിയതിന് ശേഷമാണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

യുഎ സർട്ടിഫിക്കറ്റ് നൽകിയിരുന്ന ചിത്രം 2024 നവംബറിലായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ചില രം​ഗങ്ങൾ വെട്ടിമാറ്റേണ്ടതുണ്ടെന്ന് അറിയിച്ചു കൊണ്ട് റിലീസ് 2025 മാർച്ചിലേക്ക് മാറ്റുകയായിരുന്നു. ശേഷം ഇപ്പോഴാണ് ധഡക് 2 വിന് സിബിഎഫ്‌സി റിലീസ് ചെയ്യാൻ അനുമതി നൽകിയതെന്ന് ദ ഹിന്ദു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ജാൻവി കപൂറും ഇഷാൻ ഖട്ടറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2018 ലെ ധടക് എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്ന കരൺ ജോഹറാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ധടക് 2 അന്ന് പ്രഖ്യാപിച്ചിരുന്നത്. ത്രിപ്തി ദിമ്രിയും സിദ്ധാന്ത് ചതുർവേദിയുമാണ് ധടക് 2 വിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 ലെ തമിഴ് ജാതി വിരുദ്ധ ചിത്രമായ പരിയേറും പെരുമാളിന്റെ റീമേക്കാണ് ധടക് 2. പരിയേറും പെരുമാളിന് അന്ന് നാല് രം​ഗങ്ങളാണ് സിനിമയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത്. എന്നാൽ ധടക് 2 ൽ സിബിഎഫ്‌സി 16 മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചിത്രത്തിന്റെ സംഭാഷണങ്ങളിലും മാറ്റം വരുത്തിയിട്ടുള്ളതായാണ് വ്യക്തമാകുന്നത്. 3,000 വർഷം കൊണ്ട് മാറാതെ നിലനിൽക്കുന്ന വിവേചനം വെറും 70 വർഷം കൊണ്ട് പരിഹരിക്കപ്പെടില്ല, എന്ന സംഭാഷണത്തെ കാലങ്ങളായി നിലനിൽക്കുന്ന കാര്യങ്ങൾ വെറും 70 വർഷം കൊണ്ട് പരിഹരിക്കപ്പെടില്ല എന്ന് മാറ്റിയിട്ടുണ്ട്. ചമർ, ഭാംഗി തുടങ്ങിയ ജാതി അധിക്ഷേപ വാക്കുകൾ ഒഴിവാക്കുകയും പകരം ജംഗ്ലീ എന്ന വാക്ക് ചേർക്കുകയും ചെയ്തു. ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ കാൻഷി റാമിനെ പരാമർശിക്കുന്ന ഒരു സംഭാഷണവും മാറ്റിയിട്ടുണ്ട്.

ധരം കാ കാം ഹേ (ഇത് മതപരമായ പ്രവൃത്തിയാണ്) എന്ന് പറയുന്ന ഒരു വരി പുണ്യ കാ കാം ഹേ (ഇതൊരു നല്ല പ്രവൃത്തിയാണ്) എന്ന് മാറ്റി. സിനിമകളിലെ ജാതി പ്രാതിനിധ്യത്തെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന സംവേദനക്ഷമതയെ തുടർന്നാണ് ഈ മാറ്റങ്ങൾ. ‘മഹാർ’, ‘മാങ്’, ‘പേഷ്വായ്’, ‘മനുവിന്റെ ജാതിവ്യവസ്ഥ’ തുടങ്ങിയ ജാതിനാമങ്ങൾ പരാമർശിക്കുന്നതിനെ ചില ബ്രാഹ്മണ ഗ്രൂപ്പുകൾ എതിർത്തതിനെത്തുടർന്ന്, ഫൂലെ എന്ന സിനിമയുടെ ട്രെയിലറിൽ എഡിറ്റുകൾ വരുത്തണമെന്ന് സിബിഎഫ്‌സി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

Content Summary: CBFC clears dhadak 2 after 16 cuts

Leave a Reply

Your email address will not be published. Required fields are marked *

×