July 08, 2025 |

മോഹന്‍ലാലിന് ഊരിക്കൊടുത്ത ആനക്കൊമ്പും, വേടന് മേല്‍ തുളച്ചു കയറ്റുന്ന പുലിപ്പല്ലും

കേരള വനംവകുപ്പിന്റെ ഇരട്ട നീതി ചോദ്യം ചെയ്യപ്പെടുന്നു

കഞ്ചാവ് ഉപയോഗിച്ചു എന്ന കുറ്റത്തിന് കസ്റ്റഡിയില്‍ എടുത്ത മലയാളം റാപ്പര്‍ ‘വേടന്‍’ എന്ന ഹിരണ്‍ദാസ് മുരളിയ്‌ക്കെതിരേ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗുരുതരമായ കുറ്റം പുലിപ്പല്ല് കൈവശം വച്ചു എന്നതാണ്. പെരുമ്പാവൂര്‍ ജെഎഫ്‌സിഎം കോടതി വേടനെ രണ്ടു ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കുറഞ്ഞ അളവിലുള്ള കഞ്ചാവ് മാത്രമാണ് തൃപ്പൂണിത്തുറ ഏരൂരിലുള്ള ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തതെന്നതിനാല്‍ വേടനും കൂടെയുള്ള ഒമ്പത് പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. അഞ്ച് ഗ്രാം കഞ്ചാവാണ് വേടന്റെയും കൂടെയുള്ളവരുടെയും പക്കല്‍ നിന്നും കണ്ടെത്തിയത്. അതിന് സ്റ്റേഷന്‍ ജാമ്യം കിട്ടിയപ്പോള്‍, ഇപ്പോള്‍ വനം വകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റം ഏഴ് വര്‍ഷത്തോളം ശിക്ഷ കിട്ടാവുന്നതാണ്.

ജാതിയതയ്ക്കും സാമൂഹിക അസമത്വത്തിനുമെതിരേ കലഹിച്ചു പാടുന്ന വേടന് കേരളത്തില്‍ വലിയൊരു ആസ്വാദക ലോകമുണ്ട്. കഞ്ചാവ് ഉപയോഗിത്തില്‍ വേടനെതിരേ വിയോജിപ്പും വിമര്‍ശനവും ഉയര്‍ത്തുന്നവര്‍ പോലും അയാള്‍ക്കെതിരേയുള്ള പുലിപ്പല്ല് കേസില്‍ ഭരണസംവിധാനത്തെ ചോദ്യം ചെയ്യുകയാണ്. നീതിയുടെയും അത് നടപ്പാക്കപ്പെടുന്നതിലെയും പക്ഷപാതിത്വം വേടന്റെ കാര്യത്തില്‍ സംഭവിക്കുന്നു എന്നാണ് പരാതി. ആ പക്ഷപാതിത്വം വ്യക്തമാക്കാന്‍ ഉയര്‍ത്തി കൊണ്ടുവരുന്ന മറ്റൊരു കേസുണ്ട്. മോഹന്‍ലാല്‍ കുറ്റാരോപിതനായിരുന്ന ആനക്കൊമ്പ് കേസ്. ആ കേസില്‍ ഭരണ സംവിധാനം സൂപ്പര്‍താരത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നത് വെറും ആരോപണം മാത്രമല്ല. ‘ ഇടപെടലുകള്‍’ നടന്നിരുന്നു.

അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കുറ്റമാണ് മോഹന്‍ലാലിനെതിരേ ഉണ്ടായിരുന്നത്. ആ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ തലത്തില്‍ വഴിവിട്ട സഹായം കിട്ടിയെന്നാണ് ആക്ഷേപം. 2018 നവംബറില്‍ കേരള നിയമസഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക മേഖലയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ആ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. മോഹന്‍ലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

mohanlal elephant tusk case

ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താന്‍ മോഹന്‍ലാലിന് വേണ്ടി മാത്രം പ്രത്യേക അവസരം വനംവകുപ്പ് കൊടുത്തുവെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിന്റെ പേര് എടുത്തു പറയുന്നില്ല, ഒരു പ്രമുഖ നടന്‍ എന്നായിരുന്നു പരാമര്‍ശം. വ്യക്തികളുടെ പക്കലുള്ള മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ 2003 ല്‍ സര്‍ക്കാര്‍ പൊതു അവസരം നല്‍കിയിരുന്നതാണ്. എന്നാല്‍ മോഹന്‍ലാല്‍ അത് ഉപയോഗപ്പെടുത്തിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയശേഷം, മൃഗശേഷിപ്പ് വെളിപ്പെടുത്താന്‍ നടന് പ്രത്യേക അവസരം നല്‍കുകയാണ് വനം വകുപ്പ് ചെയ്തത്. വെളിപ്പെടുത്താനുള്ള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിനു പകരം നടന് മാത്രമായി പ്രത്യേക ഉത്തരവ് ഇറക്കുകയും ചെയ്തു. ഇത് ചട്ടലംഘനമാണെന്നാണ് സിഎജി പറഞ്ഞത്. സമാനകുറ്റം ചെയ്തവര്‍ക്ക് ഉത്തരവ് ബാധകമാക്കിയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നാണ് അന്നു വാര്‍ത്തകള്‍ പുറത്തു വന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തനിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. എന്നാല്‍ നടന്റെ വാദം തളളുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുമതി കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമത്തില്‍ കൃത്രിമത്വം ഉണ്ടാക്കിയുള്ള അനുമതിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ടായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേയുള്ള കേസ് അവസാനിപ്പിച്ചത് നിയമവിരുദ്ധ സഹായങ്ങള്‍ ചെയ്തു കൊടുത്തുകൊണ്ടാണെന്ന ആക്ഷേപത്തെ ന്യായീകരിക്കുന്ന തെളിവുകളായിരുന്നു സിഎജി റിപ്പോര്‍ട്ട്.

2012 ജൂണ്‍ മാസത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. മോഹന്‍ലാല്‍ അനധികൃതമായാണ് ആനക്കൊമ്പുകള്‍ വീട്ടില്‍വച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് നടന് ഇല്ലായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ വച്ചിരുന്നതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം, ആനക്കൊമ്പുകള്‍ കെ. കൃഷ്ണകുമാര്‍ എന്ന വ്യക്തിയില്‍ നിന്നും 65,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു.

റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ മോഹന്‍ലാലിനെതിരേ കേസ് എടുത്തുവെങ്കിലും പിന്നീടത് റദ്ദ് ചെയ്തു. കേസ് റദ്ദ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന ആക്ഷേപവും അതോടൊപ്പം ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. കേസ് റദ്ദ് ചെയ്തതിനു പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു അനുമതി നല്‍കിയത്. നിലവിലെ നിയമം പരിഷ്‌കരിച്ചായിരുന്നു മോഹന്‍ലാലിനെ സര്‍ക്കാര്‍ സഹായിച്ചത്. മലയാറ്റൂര്‍ ഡിഎഫ്ഒ നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ ആനക്കൊമ്പുകളാണ് നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നും വ്യക്തമായിരുന്നു.

കേസ് റദ്ദ് ചെയ്യുകയും മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുക്കുകയും ചെയ്തതോടെ ഏലൂര്‍ സ്വദേശി എ എ പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന കുറ്റത്തിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി ചേര്‍ത്ത് പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍.

Rapper Vedan Tiger tooth case

മോഹന്‍ലാലിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള കളികളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെയടക്കം പ്രധാന ആരോപണം. മോഹന്‍ലാലിനെതിരെ എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ ഉന്നതരായ ഉദ്യോഗസ്ഥരടക്കം ഇടപെട്ടെന്നുള്ള വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. നടനെതിരേയുള്ള കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ വനം വകുപ്പ് സെക്രട്ടറിയായിരുന്ന പി മാരപാണ്ഡ്യന്‍ ഒപ്പുവെച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു. ആനക്കൊമ്പ് കൈവശമുള്ളവര്‍ അത് വെളിപ്പെടുത്തിയാല്‍ കേസ് എടുക്കേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നായിരുന്നു മോഹന്‍ലാലിന് അനുകൂലമായി ഉയര്‍ത്തിയ ന്യായം. ഇതു മുന്‍നിര്‍ത്തിയാണ് എടുത്ത കേസ് പിന്നീട് റദ്ദ് ചെയ്തത്. ഉദ്യോഗസ്ഥ ഇടപെടലിന് കാരണം മന്ത്രിസഭയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നും പരാതി വന്നിരുന്നു.

വിജലന്‍സ് കോടതി ഈ ഹര്‍ജി പരിഗണിച്ച് ത്വരിതാന്വേഷണത്തിന് ഉത്തരവ് ഇട്ടെങ്കിലും ഹൈക്കോടതി പിന്നീട് ഇത് റദ്ദ് ചെയ്യുകയാണുണ്ടായത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇടപെടല്‍. അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. തനിക്ക് ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വാദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തനിക്ക് അനുമതി നല്‍കിയതെന്നും നടന്‍ അവകാശപ്പെട്ടിരുന്നു.

ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചതില്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എല്ലാം നിയമപരമായിരുന്നുവെന്നുമുള്ള മോഹന്‍ലാലിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതും സര്‍ക്കാര്‍ തലത്തില്‍ നടന് സഹായം കിട്ടിയെന്ന ആരോപണത്തെ ശരിവയ്ക്കുന്നതുമായ കാര്യങ്ങളായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതെങ്കിലും അതിന്മേല്‍ യാതൊരു നടപടികളും ഉണ്ടായില്ല, കാര്യമായ മാധ്യമ വിചാരണകളോ, സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരിഹാസങ്ങളോ സൈബര്‍ ആക്രമണങ്ങളോ മോഹന്‍ലാലിന് നേരിടേണ്ടി വന്നില്ല, ഇതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ വേടന് നേരിടേണ്ടി വരുന്നത്. Rapper Vedan’s Tiger tooth case and Mohanlal’s Elephant tusks case

Content Summary; Rapper Vedan’s Tiger tooth case and Mohanlal’s Elephant tusks case

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×