December 09, 2024 |
Avatar
Share on

നടന്‍ ജയന്‍റെ മരണത്തിന് ഞാന്‍ സാക്ഷി; മേലാറ്റൂര്‍ രവിവര്‍മ്മ സംസാരിക്കുന്നു

മേലാറ്റൂര്‍ രവിവര്‍മ/ അഭിമന്യു മേലാറ്റൂര്‍ രവിവര്‍മയെന്ന പേര് സിനിമാ പ്രേമികള്‍ക്ക് അത്ര സുപരിചിതമാകില്ല. എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിന് ഒപ്പം നടന്ന വ്യക്തി. വിന്‍സെന്റ് മാഷിന്‍റെ ശിഷ്യനായി സിനിമയില്‍ അരങ്ങേറ്റം. എങ്കിലും മൂന്നു സിനിമകള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ, ഒരു സിനിമയ്ക്ക് സംഭാഷണവുമെഴുതി. എന്നാലും രവിവര്‍മയ്ക്ക് ഒരുപാട് പറയാനുണ്ട് സിനിമയെക്കുറിച്ച്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ സിനിമ സംവിധായകന്‍, ജില്ലയില്‍ നിന്നും ആദ്യമായി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ […]

മേലാറ്റൂര്‍ രവിവര്‍മ/ അഭിമന്യു

മേലാറ്റൂര്‍ രവിവര്‍മയെന്ന പേര് സിനിമാ പ്രേമികള്‍ക്ക് അത്ര സുപരിചിതമാകില്ല. എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിന് ഒപ്പം നടന്ന വ്യക്തി. വിന്‍സെന്റ് മാഷിന്‍റെ ശിഷ്യനായി സിനിമയില്‍ അരങ്ങേറ്റം. എങ്കിലും മൂന്നു സിനിമകള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ, ഒരു സിനിമയ്ക്ക് സംഭാഷണവുമെഴുതി. എന്നാലും രവിവര്‍മയ്ക്ക് ഒരുപാട് പറയാനുണ്ട് സിനിമയെക്കുറിച്ച്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ സിനിമ സംവിധായകന്‍, ജില്ലയില്‍ നിന്നും ആദ്യമായി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥി എന്നിങ്ങനെയും വിശേഷങ്ങളുണ്ട് അദ്ദേഹത്തിന്. ആശുപത്രികളുടെ നഗരമായ പെരിന്തല്‍മണ്ണയിലെ വീട്ടിലിരുന്ന് അഴിമുഖത്തോട് സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് രവിവര്‍മ.

ബിരുദ പഠനത്തിനിടെ സിനിമാ മോഹം
കോഴിക്കോട്ടെ ബിരുദ പഠനത്തിനിടെയാണ് രവിവര്‍മയില്‍ സിനിമാ മോഹങ്ങള്‍ ഉണരുന്നത്. ക്രൗണില്‍ നിത്യ സന്ദര്‍ശകനായിരുന്നു വര്‍മ. ക്രൗണ്‍ തിയേറ്ററില്‍ അക്കാലത്ത് ഇംഗ്ലീഷ് സിനിമകള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ‘പുനെയിലെ പഠിത്തത്തോടെ ലോക സിനിമയെ പരിചയപ്പെടാന്‍ സാധിച്ചു. സമാന്തര സിനിമയുടെ ഒരു നിരയും അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്നു. പുനെയില്‍ നിന്നും പുറത്തിറങ്ങിയവരായിരുന്നു അതില്‍ മിക്കവരും. പി.എന്‍. മേനോന്‍, അടൂര്‍, കെ.ജി. ജോര്‍ജ്, ടി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സമാന്തര സിനിമകള്‍ എടുത്തവരാണ്. എന്നാല്‍ ഈ ട്രെന്‍ഡ് തുടര്‍ന്നില്ല. സമാന്തര സിനികള്‍ എടുത്ത പലരും ഇന്നു സിനിമയില്‍ സജീവമല്ല. സിനിമ ഒരു വ്യവസായമാണ് എന്നതാണ് ഇതിനു കാരണം. 10 പേര്‍ക്ക് കാണാന്‍ സിനിമ എടുത്തിട്ടു കാര്യമില്ല. ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം സിനിമ എടുക്കേണ്ടത്. നമ്മുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചാല്‍ തന്നെ ധാരാളം കഥാപാത്രങ്ങള്‍ ലഭിക്കും. സംവിധായകന്‍ കണ്ണും തുറന്നായിരിക്കണം നടക്കേണ്ടത്. എന്നാല്‍ മാത്രമേ നല്ല കഥാപാത്രങ്ങളെ ലഭിക്കൂ’– രവി വര്‍മ താന്‍ പഠിച്ച പാഠങ്ങള്‍ സിനിമാക്കാര്‍ക്കായി തുറന്നു വയ്ക്കുന്നു.

വിന്‍സെന്റ് മാഷിന്റെ സംവിധാന സഹായി
‘പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ വിന്‍സെന്റ് മാഷിന്റെ കൂടെ സംവിധാന സഹായിയാകാന്‍ അവസരം കിട്ടി. പി. ഭാസ്‌കരന്‍ മുഖേനയാണ് വിന്‍സെന്റ് മാഷുടെ അടുത്തെത്തുന്നത്. മദ്രാസ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ബന്ധുവാണ് ഭാസ്‌കരന്‍ മാഷോട് തന്നെ വിന്‍സെന്റ്മാഷുടെ അടുത്ത് എത്തിക്കാന്‍ ആവശ്യപ്പെടുന്നത്. ഭാസ്‌കരന്‍മാഷുടെ കാറില്‍ വിന്‍സെന്റ് മാഷുടെ അടുത്തേക്ക്. മുറപ്പെണ്ണിന്റെ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു അപ്പോഴവിടെ. വിന്‍സെന്റ്മാഷുമായി സംസാരിക്കുന്നതിനിടയില്‍ എം.ടി. വാസുദേവന്‍ നായരും എത്തി. കോഴിക്കോട് പഠിക്കുമ്പോള്‍ തന്നെ എംടിയെ അറിയാം. വള്ളവുനാടിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ചിത്രീകരിക്കുന്ന സിനിമയാണ് മുറപ്പെണ്ണ്. വള്ളുവനാടന്‍ സംഭാഷണ രീതി എല്ലാം അറിയുന്ന ആള്‍ കൂടെ ഉള്ളത് നല്ലതാണെന്ന് പറഞ്ഞ് എംടി പിന്തുണച്ചു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി മേഖലകളിലാണ് ഇന്നു മിക്ക മലയാള സിനിമകളും ചിത്രീകരിക്കുന്നത്.’ വള്ളുവനാടിന്റെ സൗന്ദര്യം അഭ്രപാളിയിലെത്തിക്കാന്‍ താനും ഒരു കാരണമാണെന്ന് രവിവര്‍മ അഭിമാനത്തോടെ ഓര്‍ക്കുന്നു.

പത്തോളം സിനിമകളില്‍ സഹായി
വിന്‍സെന്റ് മാഷിന്റെ സംവിധാന സഹായിയായി പത്തോളം ചിത്രങ്ങളില്‍ ജോലി ചെയ്തു. സ്വന്തമായി മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കക്ക, കോളിളക്കം, പ്രതിജ്ഞ എന്നീ ചിത്രങ്ങളുടെ തിരക്കഥ രവിവര്‍മയുടേത് ആയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ പുനെയില്‍ സഹപാഠിയായിരുന്നു. 

‘എന്തും പെര്‍ഫെക്ഷനോടെ ചെയ്യുന്ന ആളായിരുന്നു വിന്‍സെന്റ് മാഷ്. മനസില്‍ കാണുന്ന രീതിയില്‍ ഷൂട്ട് ചെയ്യാന്‍ ഒരോ ഷോട്ടുകളും നിരവധി തവണ എടുക്കും. അഭിനന്ദിക്കുക ആണെങ്കിലും വിമര്‍ശിക്കുക ആണെങ്കിലും വെട്ടിതുറന്നു പറയും. ക്യാമറയുടെ കാര്യം ശ്രദ്ധിക്കുന്ന സമയത്ത് സിനിമ ഡയലോഗെല്ലാം ശ്രദ്ധിക്കാന്‍ തന്നെ ചുമതലപ്പെടുത്തുമായിരുന്നു. ശരിക്കും ഒരു പഠനകളരി തന്നെയായിരുന്നു വിന്‍സെന്റ് മാഷുടെ കൂടെയുള്ള കാലം,’ രവി വര്‍മ ഓര്‍ത്തെടുക്കുന്നു.

നദി, ത്രിവേണി, തുലാഭാരം, അശ്വമേധം, മുറപ്പെണ്ണ്, ഗന്ധര്‍വക്ഷേത്രം, അസുരവിത്ത് തുടങ്ങിയ പത്തോളം സിനിമകളില്‍ വിന്‍സെന്റ് മാഷുടെ കൂടെ. മലയാള സിനിമയുടെ ചരിത്രം തിരുത്തിയ സിനിമകളുടെ ഭാഗമായി. 1977-ലാണ് സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നത്. അനുഗ്രഹം എന്ന ചിത്രം കളറിലാണ് ഒരുക്കിയത്. പ്രേംനസീര്‍, ജയഭാരതി, കെ.പി. ഉമ്മര്‍, ബഹദൂര്‍ തുടങ്ങിയ അന്നത്തെ പ്രധാന താരങ്ങളെല്ലാം ചിത്രത്തില്‍ അണി നിരന്നു. ഈ ചിത്രത്തിന്റെ സഹനിര്‍മാതാവും തിരക്കഥാകൃത്തും വര്‍മയായിരുന്നു. അവള്‍ക്ക് മരണമില്ല എന്നതായിരുന്നു അടുത്ത സിനിമ. സോമന്‍, വിധുബാല തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. പുനര്‍ജന്മത്തെ സംബന്ധിച്ചുളള കഥയായിരുന്നു സിനിമയുടേത്. 1980-ല്‍ പുറത്തിറങ്ങിയ ജിമ്മി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. ഒരു നായയെ കേന്ദ്രീകരിച്ചുള്ള സിനിമയായിരുന്നു ഇത്. സീമ, വിധുബാല, ബഹദൂര്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍. ആന്‍ഡമാന്‍ അബ്ദുള്ള എന്ന പേരില്‍ ഒരു സിനിമ എടുക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും ചെയ്തു. ഖിലാഫത്ത് കാലത്ത് ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട ആളുടെ കഥയായിരുന്നു അത്. ചെറുപ്പത്തില്‍ അമ്മ പറഞ്ഞു തന്ന കഥ എന്‍.പി. മുഹമ്മദിനോട് പറഞ്ഞു. അദ്ദേഹമാണ് രചന നിര്‍വഹിച്ചത്. സാമ്പത്തിക പ്രശ്‌നം മൂലം സിനിമ ചിത്രീകരിക്കാന്‍ പറ്റിയില്ല. അതോടെ സിനിമ എടുക്കല്‍ നിര്‍ത്തി. 1982-ലാണിത്. ഒരു യാത്ര തുടങ്ങുന്നു, ഏഴാം സ്വര്‍ഗം എന്നീ സിനിമകള്‍ക്കും തുടക്കമിട്ടെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് സിനിമയില്‍ സജീവമായിട്ടില്ല.

ജയന്‍ എന്ന ഓര്‍മ
ജയന്‍ അവസാനമായി അഭിനയിച്ച കോളിളക്കത്തിന്റെ തിരക്കഥയും സംഭാഷണവും രവിവര്‍മയുടേത് ആയിരുന്നു. സിനിമയില്‍ നിര്‍മാതാവിനെയാണ് തിരക്കഥാകൃത്തായി കാണിക്കുന്നത്. കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണ സ്ഥലത്ത് വര്‍മയും ഉണ്ടായിരുന്നു. ജയന്റെ മരണത്തിനു കാരണമായ അപകടം വര്‍മ ഓര്‍ത്തെടുക്കുന്നതിങ്ങനെ: ‘ചെറിയ ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു അത്. മദ്രാസ് നഗരത്തിനു സമീപം ബ്രിട്ടീഷുകാര്‍ നിര്‍മിച്ച സ്ഥലത്തായിരുന്നു ഷൂട്ടിങ്. ചെറിയ വിമാനങ്ങള്‍ ഇറങ്ങാനായി കോണ്‍ക്രീറ്റ് ചെയ്ത തറയായിരുന്നു അവിടെ. 30 അടി ഉയരത്തില്‍ നിന്നുമാണ് ജയന്‍ താഴെ വീഴുന്നത്. ഹെലികോപ്റ്ററിന്റെ ശബ്ദം കാരണം ഞാനും മറ്റുള്ളവരും ദൂരെ മാറി നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കത്തിയാണ് താഴെ വീണത്. ജയനെ ഉടന്‍ മദ്രാസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. സത്യനു ശേഷം ജയനോളം പൗരുഷമുള്ള നടന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.’ 

തന്റെ ആദ്യ ചിത്രത്തിലെ നായകനായ പ്രേംനസീറാണ് രവിവര്‍മയ്ക്ക് പ്രിയപ്പെട്ട നടന്‍. ‘സംവിധായകന്റെ നടനായിരുന്നു പ്രേംനസീര്‍. സിനിമയില്‍ പ്രധാനി സംവിധായകന്‍ ആണെന്നു വിശ്വസിച്ച ആള്‍. പുതിയ ആളുകളെ ഇത്ര പ്രോത്സാഹിച്ച ആള്‍ വേറെയില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ സംവിധായകനെ വിളിച്ച് അടുത്ത പടം തുടങ്ങികൊള്ളാന്‍ പറയുന്ന നടന്‍.’ നസീറിനെ പോലെ ഒരു നടന്‍ ഇനി ഉണ്ടാകില്ലെന്നും രവിവര്‍മ പറയുന്നു.

സംഗീതം മനോഹരം
മനോഹര ഗാനങ്ങള്‍ കൊണ്ടു രവിവര്‍മയുടെ സിനിമകള്‍ ശ്രദ്ധേയമായിരുന്നു. ആദ്യ ചിത്രമായ അനുഗ്രഹത്തിലെ കരിമ്പു നീരൊഴുകുന്ന പമ്പാനദി എന്ന ഗാനം ഇന്നും സംഗീതാസ്വാദകരെ ആകര്‍ഷിക്കുന്ന ഗാനമാണ്. ശങ്കര്‍ ഗണേശ് ഈണം നല്‍കിയ ഗാനങ്ങള്‍ രചിച്ചത് വയലാര്‍, പി. ഭാസ്‌കരന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരാണ്. അവള്‍ക്ക് മരണമില്ലയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് ദേവരാജന്‍ മാഷായിരുന്നു. ശരിക്കും ജീനിയസ് എന്നൊക്കെ പറയാവുന്ന ആളായിരുന്നു ദേവരാജന്‍ മാഷെന്ന് രവിവര്‍മ പറയുന്നു. മദ്രാസില്‍ രവിവര്‍മയും ദേവരാജന്‍ മാഷും അടുത്താണ് താമസിച്ചിരുന്നത്. ‘ഒരിക്കല്‍ ദേവരാജന്‍ മാഷിന്റെ വീട്ടില്‍ ചെന്നപ്പോള്‍ സംവിധായകന്‍ വേണു അവിടെയുണ്ട്. അത്യാവശ്യമായി ഒരു ഗാനം ചിട്ടപ്പെടുത്തി തരണം എന്നു പറഞ്ഞ് എത്തിയതാണ് വേണു. ഉടന്‍ ഗാന ചിത്രീകരണം നടന്നില്ലെങ്കില്‍ സിനിമയുടെ റിലീസ് തന്നെ പ്രശ്‌നത്തിലാകുമെന്നു പറഞ്ഞു വേണു ദേവരാജന്‍ മാഷോട് ഗാനം ചിട്ടപെപ്പെടുത്തി തരാന്‍ അപേക്ഷിക്കുന്നു. തുടര്‍ന്നു ചുരുങ്ങിയ സമയം കൊണ്ട് ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയതാണ് മലയാളഭാഷ തന്‍ മാതദക ഭംഗി എന്ന ഗാനം. മലയാള ഭാഷ നിലനില്‍ക്കുന്ന കാലത്തോളം മരിക്കാത്ത ഈ ഗാനം ചിട്ടപ്പെടുത്താന്‍ ദേവരാജന്‍ മാഷ് എടുത്തത് ഏതാണ്ടു രണ്ടു മണിക്കൂര്‍ മാത്രമാണ്’ രവിവര്‍മ ഓര്‍ക്കുന്നു.

മദ്രാസിലെ ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നടന്ന സംഭവവും രവിവര്‍മ ഓര്‍ക്കുന്നു. ‘സ്റ്റുഡിയോയില്‍ ചുരുങ്ങിയ സംഗീത ഉപകരണങ്ങള്‍ മാത്രമാണ് ഉള്ളത്. ഇത്ര കുറച്ച് സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്നത് ഏതു പാട്ടാണെന്ന് നോക്കിയിരിക്കുകയായിരുന്നു. അന്നു ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ ഗാനമാണ് ആമ്പല്‍ പൂവേ , അണിയന്‍ പൂവേ എന്ന ഗാനം.’ 

റിട്ടയേര്‍ഡ് അധ്യാപികയായ ഭാര്യ രുഗ്മിണിയും ഡോക്ടറായ മകള്‍ അനുരാധ, മരുമകന്‍, പേരക്കുട്ടികള്‍ എന്നിവര്‍ക്കൊപ്പം സ്വസ്ഥ ജീവിതം നയിക്കുകയാണ് രവിവര്‍മയിപ്പോള്‍. സിനിമയില്‍ വരുന്ന മാറ്റങ്ങളെല്ലാം നോക്കി കാണുന്നു. എന്നാല്‍ ഇനി സിനിമയിലേക്ക് ഇല്ലെന്നും അദ്ദേഹം പറയുന്നു.

(മാധ്യമ പ്രവര്‍ത്തകനാണ് അഭിമന്യു)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Advertisement
×