June 04, 2026 |

കുഞ്ഞിന് നേരെ തൊടുത്തുവിട്ടത് 335 ബുള്ളറ്റുകൾ ; അന്വേഷിച്ചെന്ന് ഇസ്രയേൽ, ഇല്ലെന്ന് റെഡ് ക്രെസെന്റ്

ഹിന്ദ് റജബ് കൊലപാതകം

”എനിക്ക് വല്ലാതെ പേടിയാകുന്നു, എന്നെ രക്ഷിക്കാമോ ?” അന്ന് ജനുവരി മാസത്തിൽ ഫലസ്തീനിയൻ റെഡ് ക്രസന്റിലെ എമർജൻസി കോൾ സെന്റർ ജീവനക്കാരി റാണ ഫഖീഹിനെ തേടിയെത്തിയ ഒരാറുവയസ്സുകാരിയുടെ ഫോൺ കോൾ. ” ടാങ്കറുകൾ ഞങ്ങളുടെ കാറിന്റെ തൊട്ടടുത്താണ്. വളരെ അടുത്ത്, എങ്ങനെയെങ്കിലും എന്നെ രക്ഷിക്കാമോ ? പേടിയാകുന്നുണ്ട്” മരണഭയം വിഴുങ്ങിയ കുഞ്ഞിന്റെ ഒച്ച, ആ തണുപ്പ് റാണയിലേക്കും പടർന്നു, എന്ത് ചെയ്യാൻ കഴിയും? നിരാലംബരായ മനുഷ്യർക്ക് നേരെ തൊടുത്തു വീഴുന്ന ആ മിസൈലിൽ റാണയും, ഒരു ലോകവും നിസ്സഹായരായിരുന്നു. ഹിന്ദ് റജബ് എന്ന 6 വയസ്സുകാരിയുടെ കൊലപാതകത്തെ നിസ്സഹായതയോടെ കണ്ടു നിന്നു. ഇപ്പോഴിതാ റജബിനെയും, കുടുംബത്തെയും, അവരെ സഹായിക്കാനായി ഇസ്രയേലിന്റെ അനുമതിയോടെ പോയ രക്ഷ പ്രവർത്തകരുടെയും മരണത്തിൽ ഇസ്രേയലിന്റെ അവകാശ വാദങ്ങളെ കീറി മുറിക്കുകയാണ് അന്താരാഷ്ട്രമാധ്യമങ്ങൾ.

ഗാസ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം അന്ത്യശാസന നൽകിയിരുന്നു. ജനുവരി 29 ന് കാലത്ത് ഗാസ സിറ്റിയിലെ വീട്ടിൽനിന്ന് അമ്മാവനും അമ്മായിക്കും അഞ്ചു കസിൻസിനുമൊപ്പം കോസ്റ്റ് റോഡിലൂടെ തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി ഇസ്രയേൽ ടാങ്കർ ലോറി കാറിന് നേരയടുത്തു. ഹിന്ദ് ഒഴിച്ച് കാറിലുണ്ടായിരുന്ന കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. തന്റെ രക്ഷക്ക് വേണ്ടി പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയിലേക്ക് അവൾ ബന്ധപെട്ടു, അവർ അവളുടെ ഉമ്മയെ കണ്ടത്തി, റജബുമായി സംസാരിക്കാൻ അവസരമൊരുക്കി. ഉമ്മയുടെ ശബ്ദം കേട്ടതോടെ അവൾ നിർത്താതെ കരഞ്ഞു. ഇതിനിടയിൽ ഇസ്രയേൽ അധികൃതരുമായി ബന്ധപ്പെട്ട സൊസൈറ്റി രക്ഷാപ്രവർത്തനത്തിന് വേണ്ടി ആംബുലൻസിനെ കാർ കുടുങ്ങി കിടന്ന ഇടത്തേക്ക് അയച്ചു. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 10 ന് അവളുടെ ആറ് കുടുംബാംഗങ്ങൾക്കൊപ്പം  കാറിൽ അവളുടെ മൃതദേഹവും കണ്ടെത്തി. ഹിന്ദിനെ രക്ഷിക്കാൻ അയച്ചതിന് ശേഷം കാണാതായ പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയിലെ രണ്ട് പാരാമെഡിക്കൽ ജീവനക്കാരുടെ മൃതദേഹങ്ങളും അവരുടെ ആംബുലൻസിൽ 50 മീറ്റർ അകലെ കണ്ടെത്തി.

ലോകമെമ്പാടും ഇസ്രേയൽ ക്രൂശിക്കപ്പെട്ടു. എന്നാൽ സംഭവം തങ്ങൾ അന്വേഷിച്ചതായാണ് ഇസ്രേയേൽ മറുപടി നൽകുന്നത്. ഈ വാദത്തെ റെഡ് ക്രെസെന്റ് പൂർണമായും തള്ളിക്കളഞ്ഞു. ”ഹിന്ദ് റജബിനെ രക്ഷിക്കാൻ അയച്ച ഞങ്ങളുടെ ആംബുലൻസുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് ശേഷം, ഇസ്രയേലികൾ റെഡ് ക്രസൻ്റിനെ അന്വേഷിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല,” വക്താവ് നെബൽ ഫർസാഖ് പറഞ്ഞു. “പലസ്തീൻ റെഡ് ക്രസൻ്റ് എന്ന നിലയിൽ ഞങ്ങൾക്ക് ഇസ്രയേൽ സൈന്യത്തിൽ നിന്ന് ഒരു തരത്തിലുള്ള ആശയവിനിമയവും ലഭിച്ചിട്ടില്ല.” അദ്ദേഹം കൂട്ടിചേർത്തു. യുകെ ആസ്ഥാനമായുള്ള ഫോറൻസിക് ആർക്കിടെക്ചർ, അൽ ജസീറയുടെ ഫോൾട്ട് ലൈനിലെ പത്രപ്രവർത്തകരുമായി നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 335 ബുള്ളറ്റുകൾ അവർക്ക് നേരെ ഉതിർത്തിട്ടിട്ടുണ്ടെങ്കിൽ കാറിൽ ഉണ്ടായിരുന്നു ആളുകളെ ഇസ്രയേൽ സൈന്യം കാണാതിരിക്കില്ലെന്ന് റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നുണ്ട്.

റെഡ് ക്രസൻ്റിൻ്റെ പ്രസ്താവനയെക്കുറിച്ചുള്ള ദി ഇൻ്റർസെപ്റ്റ് എന്ന മാധ്യമത്തിന്റെ തുടർചോദ്യത്തോട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും ഇസ്രയേൽ സൈന്യവും പ്രതികരിച്ചിട്ടില്ല. കൊലപാതകം നടന്ന് ഏകദേശം അഞ്ച് മാസത്തിനുള്ളിൽ, സംഭവത്തെക്കുറിച്ചും അന്വേഷണത്തിൻ്റെ അവസ്ഥയെക്കുറിച്ചും മതിയായ ഉത്തരം ലഭിക്കാൻ കഴിയുന്നില്ലെങ്കിൽ യുഎസിന് ഇസ്രയേൽ സഹായം അയക്കുന്നത് എങ്ങനെ തുടരാമെന്നും ദി ഇൻ്റർസെപ്റ്റ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനോട് ആവർത്തിച്ച് ചോദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന തരത്തിൽ അമേരിക്കൻ ആയുധങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉറപ്പ് യുഎസ് നയം ആവശ്യപ്പെടുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്ന വിധത്തിൽ ഇസ്രയേൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും, ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ യുഎസ് നടപടി സ്വീകരിച്ചില്ല. ഈ വിഷയത്തിൽ  അന്വേഷണം നടത്താൻ യുഎസ് ഇസ്രയേലിനെ പ്രേരിപ്പിക്കുകയാണെന്നാണ് ഓരോ തവണയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാറ്റ് മില്ലർ പ്രതികരിച്ചത്.

ആദ്യ വെടിവയ്പിൽ നിന്ന് രക്ഷപ്പെട്ട റജബ്, മൂന്ന് മണിക്കൂറോളം സൊസൈറ്റിയിലെ പ്രവർത്തകരോടും ഉമ്മയോടും ഫോണിൽ സംസാരിക്കുന്നതിനിടെ മരിച്ച ബന്ധുക്കളുടെ മൃതദേഹങ്ങൾക്കിടയിൽ രക്തം വാർന്ന് സഹായത്തിനായി കേഴുകയായിരുന്നു. ഗാസയിലെ യുദ്ധത്തിലെ സിവിലിയൻ കൊലപാതകങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററിയിൽ, അൽ ജസീറ ടിവിയുടെ ഫോൾട്ട് ലൈൻസ് സംഭവത്തിൻ്റെ വിശദമായ വിവരണം നൽകിയിരുന്നു. റജബിനും അവരുടെ ബന്ധുക്കൾക്കും നേരെ വെടിയുതിർക്കുമ്പോൾ ഇസ്രായേലി ടാങ്ക് 13 മുതൽ 23 മീറ്റർ (42 മുതൽ 75 അടി വരെ) അകലെയായിരിക്കുമെന്ന് ഇവരുടെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൻ്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അൽ ജസീറയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇസ്രയേൽ സൈന്യം വിസമ്മതിച്ചു. എന്നിരുന്നാലും, തങ്ങളുടെ സൈന്യം പ്രദേശത്ത് ഇല്ലായിരുന്നെന്ന ഇസ്രയേൽ സൈന്യത്തിൻ്റെ മുൻ അവകാശവാദങ്ങളെ തള്ളി കളയുന്നതാണ് പുതിയ തെളിവുകൾ.

ഹിന്ദ് റജബിനെ സഹായിക്കാൻ അയച്ച ആംബുലൻസിന് ഇസ്രയേൽ അധികൃതരിൽ നിന്ന്  അംഗീകാരം ലഭിച്ചിരുന്നു.  അനുവാദമുണ്ടായിരുന്നിട്ട് പോലും ആംബുലൻസ് ആക്രമിക്കപ്പെട്ടു. ഈ ആക്രമണത്തിൽ രണ്ട് പാരാമെഡിക്കുകൾ, യൂസഫ് സെയ്നോ, അഹ്മദ് അൽ-മധൂൻ എന്നിവർ കൊല്ലപ്പെട്ടു. ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തെ പിന്തുണയ്ക്കുന്ന അമേരിക്ക ഉൾപ്പെടെ, റജബിൻ്റെ മരണത്തിൽ പ്രതിഷേധമറിയിച്ചിരുന്നു. ഇസ്രയേൽ യുദ്ധത്തിനുള്ള വാഷിംഗ്ടണിൻ്റെ പിന്തുണയുടെ പേരിൽ സൈനിക സേവനം നടത്തേണ്ടി വന്ന രണ്ട് സജീവ യുഎസ് എയർമാൻമാർ സൈന്യത്തിൽ നിന്ന് പുറത്തുപോകാനായി ശ്രമിച്ചിരുന്നു. ഇവരിൽ ഒരാൾ ഹിന്ദ് റജബിൻ്റെ കൊലപാതകം തൻ്റെ കാഴ്ചപ്പാട് മാറ്റിമറിച്ച നിമിഷമായി ചൂണ്ടിക്കാട്ടി.

 

Content summary; killing of hind rujab and family

Leave a Reply

Your email address will not be published. Required fields are marked *

×