എത്രയൊക്കെ വചനങ്ങളുദ്ധരിച്ച് ന്യായീകരിച്ചാലും മതത്തിന്റെ അന്തര്‍ധാരയായി മൂല്യബോധം പോലെ തന്നെ അക്രമവാസനകൂടി പ്രബലമായതിനാലാണ് പ്രവാചകനെയോ ദൈവത്തെയോ ദേവനേയോ ദേവിയേയോ ഒക്കെ വിമര്‍ശിക്കുമ്പോള്‍ വാളും തോക്കുമെല്ലാമെടുത്ത് മനുഷ്യര്‍ വിമര്‍ശകരെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ആകെ മൊത്തം വെകിളി പിടിക്കുന്നത്.
മതം നിര്‍ബന്ധമാണെങ്കില്‍ കുഞ്ഞുന്നാള്‍ മുതല്‍ ആദ്യം പഠിപ്പിക്കേണ്ടത് സഹിഷ്ണുതയാണ്. വിമര്‍ശനങ്ങളെ ക്ഷമയോടെ സ്വീകരിക്കാനുള്ള മനസ്സാണ് നാം മനുഷ്യര്‍ ആദ്യം ആര്‍ജ്ജിച്ചെടുക്കേണ്ടത്. ആരെങ്കിലും ഒന്ന് തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ വിശ്വാസത്തിന്റേതെന്ന് നാം നമ്മോട് ചോദിച്ചു തുടങ്ങേണ്ടതില്ലേ?
വിശ്വസിക്കാനുള്ള അവകാശം പോലെ തന്നെയാണ് അവിശ്വസിക്കാനും വിമര്‍ശിക്കുവാനുമുള്ള അവകാശം. അതും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് ആധുനിക കാലത്ത്…
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നൊരാള്‍ പറയുമ്പോള്‍ വിശ്വാസി അസ്വസ്ഥനാകേണ്ട കാര്യമില്ലല്ലോ? അസ്വസ്ഥനാകുന്നത് തന്റെ വിശ്വാസത്തിന്റെ ബലമില്ലായ്മയായല്ലേ സ്വയം മനസ്സിലാക്കേണ്ടത്? തിരിച്ചും അങ്ങനെ തന്നെ. പരസ്പരം അക്രമമാകാതെ തുറന്ന സംവാദത്തിനും ഉള്‍ക്കൊള്ളലിനുമുള്ള സാഹചര്യം വളര്‍ത്തിയെടുക്കുകയല്ലേ ആധുനിക സമൂഹത്തില്‍ നാം ചെയ്യേണ്ടത്?
ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ദൈവം പ്രത്യേകമായി പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നില്ല. എല്ലാ മത, വേദ ഗ്രന്ഥങ്ങളും ഉപനിഷത്തുകളും മനുഷ്യന്മാര്‍ എഴുതിയതാണെന്ന് തന്നെയാണ് ബോദ്ധ്യം. നാരായണഗുരു ഉള്‍പ്പെടെയുള്ള ഗുരുക്കന്മാരെ മനുഷ്യരായാണ് കാണുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെ കാണണം, കണ്ടേ പറ്റൂ എന്നൊന്നും നിര്‍ബന്ധമില്ല. എങ്ങനെ കണ്ടാലും പരസ്പരം സൗഹൃദത്തിന് അത് തടസ്സമാകാതിരിക്കാനും അക്രമമാകാതിരിക്കാനുമുള്ള ശ്രദ്ധയാണ് നാം വളര്‍ത്തിയെടുക്കേണ്ടത് എന്നാണ് തോന്നിയിട്ടുള്ളത്.
ഇത് മതത്തിന്റെ മാത്രം പ്രശ്‌നമല്ല. രാഷ്ട്രീയത്തിന്റെയും രാജ്യങ്ങളുടെയും ആശയങ്ങളുടെയുമെല്ലാം പ്രശ്‌നമാണ്. എന്നെങ്കിലും നമുക്ക് വെളിവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
മതം ഒരു മദം തന്നെയാണ്. എപ്പോഴും അത് പൊട്ടുന്നില്ലെന്നേയുള്ളൂ. എന്നാലും എപ്പോഴും പൊട്ടാന്‍ തയ്യാറായി നില്ക്കുന്ന ഒരവസ്ഥ ആ വ്യവസ്ഥയ്ക്കുണ്ട്. ഒരു വാക്കു മതി, നോക്കുമതി ഒന്നിച്ചു കഴിയുന്നവര്‍ പലതായി പിരിഞ്ഞ് പോരടിക്കുവാന്‍… അത്രമാത്രം വൈകാരിക തീക്ഷ്ണതയാണ് മതത്തിന്റെ അടിത്തറ…
അതേ വൈകാരികത ഒന്നിച്ചു നില്ക്കാനുള്ള പശിമയായും മതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് ഒരുപറ്റം മനുഷ്യരിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു എന്നതാണ് അതിലെ ഇരുട്ട്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നീ മതങ്ങളെടുത്താല്‍ ഓരോ മതത്തിലും പെട്ടവര്‍ക്കിടയിലുള്ള വൈകാരികമായ അടുപ്പം ഇതര മതസ്ഥരോടില്ല. ഒരു മതത്തിനുള്ളിലും പല മതങ്ങളുണ്ട്. അവര്‍ തമ്മിലും അത്ര സ്വരലയമില്ല. ഹിന്ദുവില്‍ അത് വ്യത്യസ്ത ജാതികളാണ്. നായര്‍, ബ്രാഹ്‌മണര്‍, ഈഴവര്‍ തുടങ്ങി.
ഇസ്ലാമിലുള്ള ജാതികളാണ് ജമാഅത്തെ ഇസ്ലാമി, സുന്നി, മുജാഹിദ് എന്നൊക്കെയുള്ളത്. ക്രിസ്ത്യാനികളില്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ്, പെന്തക്കോസ്ത് അങ്ങനെ… ഒന്നിനുള്ളില്‍ പല അറകളിലായി അതങ്ങനെ ഞങ്ങളും നിങ്ങളുമായി പിരിയുന്നു; ഒപ്പം ഇണങ്ങുന്നു… ഇണങ്ങിയും പിണങ്ങിയുമങ്ങനെ….
ഞാന്‍, എന്റെ വീട്ടുകാര്‍, എന്റെ മതവിഭാഗക്കാര്‍, എന്റെ മതം, എന്റെ വംശം… എന്റെ ദേശം, എന്റെ വില്ലേജ്, എന്റെ ജില്ല, എന്റെ സംസ്ഥാനം, എന്റെ രാജ്യം, എന്റെ ലോകം… അങ്ങനെയങ്ങനെ അത് സന്ദര്‍ഭമനുസരിച്ച് സങ്കുചിതമായും വിശാലമായും പ്രവര്‍ത്തിക്കുന്നു…
മനുഷ്യനെ മനസ്സിലാക്കുകയെന്നാല്‍ എന്റെ കടവുളേ… എന്ന് നെഞ്ചുകീറി വിളിക്കുന്നതു പോലെയാണ്… Religion is not important, understanding the persons is important
Content Summary: Religion is not important, understanding the persons is important