June 26, 2026 |
Share on

മനുഷ്യനെ ഓടിത്തോല്‍പ്പിച്ച്‌ റോബോട്ടുകള്‍; മാരത്തണ്‍ ട്രാക്കില്‍ പുതിയ വിപ്ലവം

ഇതാദ്യമായാണ് മാരത്തണ്‍ ട്രാക്കില്‍ മനുഷ്യന്‍ റോബോട്ടുകളോട് പരാജയപ്പെടുന്നത്

മനുഷ്യന്റെ കായികശേഷിയെയും പരാജയപ്പെടുത്തി റോബോട്ടുകള്‍. ഞായറാഴ്ച ബീജിംഗില്‍ നടന്ന 21.1 കിലോമീറ്റര്‍ (13.1 മൈല്‍) ഓട്ടമത്സരത്തില്‍, മനുഷ്യരേക്കാള്‍ മുന്‍പേ ഫിനിഷിംഗ് ലൈന്‍ കടന്ന് ഹ്യൂമനോയിഡ് റോബോട്ടുകള്‍ ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാരത്തണ്‍ മത്സരത്തില്‍ റോബോട്ടുകള്‍ മനുഷ്യരെ പരാജയപ്പെടുത്തുന്നത്.

മത്സരത്തിനൊടുവില്‍ മനുഷ്യര്‍ തളര്‍ന്നു വീഴുമ്പോള്‍, ഒരു തുള്ളി വിയര്‍പ്പുപോലുമില്ലാതെ അക്ഷോഭ്യരായി നില്‍ക്കുകയായിരുന്നു റോബോട്ടുകള്‍. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ വികസിപ്പിച്ച ‘ലൈറ്റ്നിംഗ്’ എന്ന റോബോട്ടാണ് ഒന്നാം സ്ഥാനം നേടിയത്. 50 മിനിറ്റ് 26 സെക്കന്‍ഡ് കൊണ്ടാണ് ലൈറ്റ്നിംഗ് ഓട്ടം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം ലിസ്ബണില്‍ ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോ സ്ഥാപിച്ച 57 മിനിറ്റ് 20 സെക്കന്‍ഡ് എന്ന മനുഷ്യ ലോകറെക്കോര്‍ഡിനെക്കാള്‍ ഏഴ് മിനിറ്റോളം വേഗത്തിലാണ് ഈ യന്ത്രമനുഷ്യന്‍ ലക്ഷ്യസ്ഥാനത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ മത്സരത്തില്‍ റോബോട്ടുകള്‍ക്ക് മനുഷ്യരുടെ പകുതി വേഗത പോലും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രൊഫഷണല്‍ അത്ലറ്റുകളെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് പല റോബോട്ടുകളും കാഴ്ചവെച്ചത്. ഹോണര്‍ നിര്‍മ്മിച്ച മൂന്ന് റോബോട്ടുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഇവയെല്ലാം തന്നെ റിമോട്ട് കണ്‍ട്രോള്‍ സഹായമില്ലാതെ സ്വയം ദിശ കണ്ടെത്തിയാണ് ഓടിയത് എന്നത് ശ്രദ്ധേയമാണ്. സുരക്ഷാ കാരണങ്ങളാല്‍ 12,000 മനുഷ്യ ഓട്ടക്കാര്‍ക്ക് സമാന്തരമായ പ്രത്യേക ട്രാക്കിലൂടെയാണ് റോബോട്ടുകള്‍ ഓടിയത്.

വിജയിച്ച ടീമിലെ എഞ്ചിനീയറായ ഡു സിയാവോഡി പറയുന്നതനുസരിച്ച്, ലോകത്തിലെ മികച്ച ഓട്ടക്കാരുടെ കാലുകളെ അനുകരിച്ച് 90 മുതല്‍ 95 സെന്റിമീറ്റര്‍ വരെ നീളമുള്ള കാലുകളാണ് ലൈറ്റ്നിംഗിനായി രൂപകല്‍പ്പന ചെയ്തത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയാണ് റോബോട്ട് ചൂടാകാതിരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടുകള്‍ ഇത്രവേഗത്തില്‍ മനുഷ്യരെ മറികടക്കുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് കാണികള്‍ പ്രതികരിച്ചു.

എങ്കിലും റോബോട്ടുകളുടെ ഈ വിജയം പൂര്‍ണ്ണമായും തടസ്സമില്ലാത്തതായിരുന്നില്ല. തുടക്കത്തില്‍ ഒരു റോബോട്ട് നിലത്തു വീഴുകയും മറ്റൊന്ന് ബാരിക്കേഡില്‍ തട്ടി നില്‍ക്കുകയും ചെയ്തിരുന്നു. മനുഷ്യന്റെ കായിക പാരമ്പര്യത്തിന് വെല്ലുവിളിയായി റോബോട്ടുകള്‍ കടന്നുവരുന്നത് പുതിയൊരു യുഗത്തിന്റെ തുടക്കമാണെന്ന് കായിക ലോകം വിലയിരുത്തുന്നു. വരും വര്‍ഷങ്ങളില്‍ നിര്‍മ്മാണ മേഖലയിലടക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Content Summary: Humanoid robots finish line ahead of the humans for the first time in Beijing half marathon

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×