മലയാള സാഹിത്യ പ്രസാധന രംഗത്ത് കറന്റ് പോയ ദിവസങ്ങളിലൊന്നാണ് ജൂണ്‍ 02. മലയാള സാഹിത്യ പ്രസിദ്ധീകരണ രംഗത്ത് വെളിച്ചം പോയ ഒരു നാള്‍. തൃശൂരിലിരുന്ന് മലയാള സാഹിത്യത്തെ കറന്റ് അടിപ്പിച്ച് പ്രസാധന രംഗത്ത് പ്രകാശം പരത്തിയ തൃശൂര്‍ കറന്റ് ബുക്‌സ് ഉടമയായിരുന്ന തോമസ് മുണ്ടശ്ശേരിയുടെ ചരമവാര്‍ഷികമാണിന്ന്.
ഏഴ് പതിറ്റാണ്ട് മുന്‍പ്, ജോസഫ് മുണ്ടശ്ശേരിയുടെ മകന്‍ എ.ജെ തോമസ് തൃശൂര്‍ റൗണ്ടില്‍, വടക്കുംനാഥന്റെ മുന്നില്‍ ഒരു ചെറിയ പുസ്തക്കട തുടങ്ങിയപ്പോള്‍ തൃശൂരുകാര്‍ അടക്കം പറഞ്ഞു പ്രൊഫ. മുണ്ടശ്ശേരിയുടെ മകന് പുസ്തക കച്ചവടം വിജയിപ്പിക്കാന്‍ വിഷമമുണ്ടോ? പക്ഷേ, തോമസിന് ആ സഹായമൊന്നും വേണ്ടായിരുന്നു. പാലക്കാടും തൃശൂരും പെട്ടിയില്‍ പുസ്തകം നിറച്ച് കോളേജു ഹോസ്റ്റലുകള്‍ കേറി പുസ്തകം വിറ്റു. അതായിരുന്നു ആദ്യം പുസ്തകവുമായുള്ള ബന്ധം. അതങ്ങനെ വളര്‍ന്നു പുസ്തകശാലയായി, തോമസ് പ്രസാധകനായി. മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികള്‍ അച്ചടിച്ച് വിതരണം ചെയ്ത് കറന്റ് ബുക്‌സ് മികച്ച പ്രസിദ്ധീകരണശാലയായി വളര്‍ന്നു.
തോമസ് മുണ്ടശ്ശേരി
തോമസ് കറന്റ് ബുക്‌സ് ആരംഭിച്ചപ്പോള്‍ മുണ്ടശ്ശേരി ഡി. സി. കിഴക്കേ മുറിയോട് പറഞ്ഞു. ‘തോമസ് ഒരു ബുക്ക് സ്റ്റാള്‍ തുടങ്ങി. താന്‍ വേണ്ട സഹായമൊക്കെ ചെയ്ത് കൊടുക്കണം. അവനൊന്നുമറിയില്ല.’ ഏറെ കഴിയും മുന്‍പ് മുണ്ടശ്ശേരി മാസ്റ്റര്‍ അത് തിരുത്തി പറഞ്ഞു. ‘അവനറിയാത്തതൊന്നുമില്ല.’
കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം മലയാള പുസ്തക രംഗം അടക്കിവാഴുന്ന സമയം. കാരൂരും ഡി.സി കിഴക്കേ മുറിയൊക്കെ മലയാള സാഹിത്യകാരന്‍മാരെ അവരുടെ കൃതികള്‍ അച്ചടിച്ച്, വിറ്റ് റോയല്‍റ്റി കൊടുത്ത് വരുമാന നികുതിയടക്കുന്ന വരേണ്യ വര്‍ഗമായ കാലം. മലയാള സാഹിത്യത്തിന്റെ നല്ല കാലം. തൃശൂരിലെ മംഗളോദയം പ്രസിദ്ധീകരണശാലയും കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവുമായിരുന്നു ഈ രംഗത്തെ കേമന്മാര്‍. എന്‍.ബി.എസിനെ വളര്‍ത്തുന്നതില്‍ മുഴുകിയിരിക്കുന്ന ഡി.സി. കിഴക്കേ മുറി തന്റെ ഡി.സി. ബുക്‌സ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നതിനും മുന്‍പുള്ള കാലം. ഒരു ശതമാനം പ്രചോദനം, തൊണ്ണൂറ്റൊമ്പതു ശതമാനം പരിശ്രമം അതായിരുന്നു തോമസിന്റെത്. പ്രസാധനത്തിന്റെ എല്ലാ വശങ്ങളും ഉപയോഗിച്ചപ്പോള്‍ മലയാള പുസ്തകലോകത്ത് പുതിയൊരു വാതില്‍ തുറക്കപ്പെട്ടു.
70 വര്‍ഷം മുന്‍പ്, 1952ല്‍ തോമസ് കറന്റ് ബുക്‌സിന്റെ ആദ്യത്തെ പുസ്തകം,’ചെറുകാടിന്റെ ചെറുകഥകള്‍’ പുറത്തിറക്കി. പിന്നീട് ഓരോ മാസവും പുതിയ എഴുത്തുകാരുടെ സേതു, കെ.ജി. സേതുനാഥ്, പി. നരേന്ദ്രനാഥ്, വല്ലച്ചിറ മാധവന്‍ തുടങ്ങിയവരുടെ രചനകളൊക്കെ കറന്റ് ബുക്‌സിലൂടെ പുറത്ത് വന്നു. പുതിയ തലമുറക്കാര്‍ ചിന്താശക്തിയും അധുനികയുടെ മുഖവുമായി മലയാള സാഹിത്യത്തില്‍ പ്രതൃക്ഷമായത് തോമസിന്റെ കയ്യിലൂടെയാണ്. ടി. പത്മനാഭനേയും കാക്കനാടനേയും, ഒ.വി. വിജയനേയും, മുകുന്ദനേയും ആദ്യമായി പുസ്തക രൂപത്തില്‍ അവതരിപ്പിച്ചത് കറന്റ് ബുക്‌സാണ്.
വിറ്റഴിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള പുസ്തകങ്ങളും അവയെഴുതുന്നവരും കറന്റ് ബുക്‌സിലായി. എം.ടി. വാസുദേവന്‍ നായര്‍, വി.കെ.എന്‍. നന്തനാര്‍ കോവിലന്‍, അക്കിത്തം, എം. ആര്‍. ബി തുടങ്ങിയ രണ്ടാം തലമുറക്കാരെല്ലാം തങ്ങളുടെ പുസ്തകങ്ങള്‍ കറന്റിനെ ഏല്‍പ്പിച്ചതോടെ തോമസിന്റെ പുസ്തക പ്രസ്ഥാനം പ്രശസ്തമായ നിലയില്‍ വളര്‍ന്നു. തൃശൂര്‍ റൗണ്ടില്‍ നിന്ന് പുറത്ത് കടന്ന് 1958ല്‍ ആരംഭിച്ച, കോഴിക്കോടായിരുന്നു ആദ്യ ശാഖ. കോഴിക്കോട് ശാഖ എന്‍.വി. കൃഷ്ണവാര്യര്‍ ഉല്‍ഘാടനം ചെയ്തു. പിന്നീട് എറണാകുളം, തിരുവനന്തപുരം, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളില്‍ ശാഖകളായി.
1965 ല്‍ ആരംഭിച്ച പ്രസ് ക്ലബ് റോഡിലെ എറണാകുളം കറന്റ് ബുക്‌സ് അന്നത്തെ ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത പുസ്തകശാലയായിരുന്നു. പുസ്തകം വാങ്ങാന്‍ വരുന്നവര്‍ക്ക് ഇരുന്ന് പുസ്തകങ്ങള്‍ നോക്കാനും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് കുറച്ച് നേരം വായിക്കാനും ഇരിപ്പിടങ്ങള്‍ സജജമാക്കിയിരുന്നു. ഈ സംവിധാനം രൂപപ്പെടുത്തിയ കേരളത്തിലെ ആദ്യ പുസ്തകശാലയായിരുന്നു അത്.
കറന്റ് പ്രസിദ്ധീകരിച്ച എം.ടിയുടെ കാലവും ഉറുബിന്റെ സുന്ദരികളും സുന്ദരന്മാരും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അതോടെ കറന്റ് മലയാളത്തിലെ ഏറ്റവും മികച്ച പ്രസാധകരായി. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഉമ്മാച്ചു, നാലുകെട്ട്, ഒരു തെരുവിന്റെ കഥ, നിഴല്‍പ്പാടുകള്‍, തോറ്റങ്ങള്‍, സര്‍ഗസംഗീതം, കയ്പ്പവല്ലരി എന്നിവ പ്രസിദ്ധീകരിച്ചതും കറന്റായിരുന്നു. മലയാളത്തിലെ മുന്‍നിര സാഹിത്യകാരന്‍മാരെല്ലാം തോമസിന്റെ പ്രസ്ഥാനത്തിലായി. ഇതിനിടയില്‍ കോട്ടയത്ത് സാഹിത്യ സഹകരണ സംഘത്തില്‍ ചില അലമ്പുകള്‍ ആരംഭിച്ചു. അതോടെ തെക്കുള്ള സാഹിത്യകാരന്‍മാര്‍ സംഘം വിട്ട് വടക്കോട്ട് കുടിയേറി കറന്റില്‍ തോമസിനെ കണ്ട് തങ്ങളുടെ രചനകള്‍ നല്‍കാനാരംഭിച്ചു. നോവലിസ്റ്റ് കാനം തൊട്ട് ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടി തൊട്ട് തൃശൂരെ കറന്റ് ബുക്‌സിലെത്തി. ഒന്നാന്തരം സംഘടനാകനായിരുന്ന തോമസ് കച്ചവട താല്‍പ്പര്യങ്ങള്‍ ഒരിക്കലും മറച്ചു വെയ്ക്കാത്ത ഒരു പ്രസാധകനായിരുന്നു.
‘മാളിയേമാവ് ലോന തൃശൂരങ്ങാടിയില്‍ തെണ്ടി. എന്നെ അതിന് കിട്ടില്ല ‘എന്നായിരുന്നു തോമസ് മുണ്ടശ്ശേരി എന്നും പറഞ്ഞിരുന്നത്. തൃശൂരിലെ പുരാതനമായ ഭാരത വിലാസം അച്ചുകൂടത്തിന്റെ ഉടമസ്ഥനായിരുന്നു. മംഗളോദയത്തിനും മുന്‍പ് പ്രവര്‍ത്തിച്ച ഈ സ്ഥാപനം കവി പി.കുഞ്ഞിരാമന്‍ നായരടക്കം അന്നത്തെ സാഹിത്യകാരമാരുടെ താവളമായിരുന്നു. പുസ്തകപ്രസാധനം സാഹിത്യസേവനമാണെന്നും സാഹിത്യകാരന്‍മാരെ പ്രോത്സാഹിപ്പിക്കേണ്ടത് തന്റെ കടമയാണെന്നും കരുതിയ ആ മനുഷ്യന്‍ ഒടുവില്‍ എല്ലാം നഷ്ടമായി സ്ഥാപനം അടച്ചു പൂട്ടി വാര്‍ദ്ധക്യത്തില്‍ നിസ്സാഹയനായി തൃശൂരങ്ങാടിയില്‍ തെണ്ടുകയായിരുന്നു.
എഴുത്തുകാരന്‍, പ്രസാധകന്‍, വില്‍പനക്കാരന്‍, വായനക്കാരന്‍ ഈ നാല് പേരെയും ഏകോപ്പിച്ച ആദ്യത്തെ മലയാള പ്രസാധകന്‍ തോമസായിരുന്നു. ഡി സി കിഴക്കേമുറി ഒരിക്കല്‍ പറഞ്ഞു. ‘പുസ്തക പ്രസാധനത്തിന്റെ വിവിധ വശങ്ങളെപ്പറ്റി തോമസ് പ്രസംഗിക്കുന്നത് അത്ഭുതത്തോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. ഒരു മാറ്റര്‍ കയ്യില്‍ കിട്ടിയാല്‍ നാലഞ്ച് പേജ് വായിച്ച് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിധിക്കും. ആ വായനയില്‍ തന്നെ പറയും’ചവറ് ‘അല്ലെങ്കില്‍ ഇവന്‍ കലക്കും. യുവ പ്രതിഭയുടെ സ്‌ക്രിപ്റ്റ് വായിച്ച് പോരാ എന്ന് തോന്നിയാല്‍ ഉടനെ തോമസ് പറയും, നീ പോയിട്ട് ആ വാസു (എം ടി) എഴുതുന്ന പോലെ നിന്റെ വീട്ടിലേയും നാട്ടിലേയും കഥ എഴുതി കൊണ്ടു വാ, അച്ചടിക്കാം’
വി.കെ.എന്‍-ന്റെ പയ്യന്‍ കഥകളില്‍ പ്രത്യക്ഷപ്പെട്ട പ്രശസ്തനായ തൃശൂര്‍ക്കാരന്‍ ഇട്ടുപ്പൂ മുതലാളി ആരാണ്? സാക്ഷാല്‍ കറന്റ് തോമസ് തന്നെ. അതിന്റെ കഥ ഇങ്ങനെ: തോമസ് അമേരിക്കയില്‍ പോയി പുസ്തക വ്യാപാരത്തെ കുറിച്ച് പലയിടത്തും പ്രസംഗിച്ച് തിരിച്ച് വന്നു. ഇക്കഥ അദ്ദേഹം തന്നെ എല്ലാവരോടും പറഞ്ഞു. കേട്ടവര്‍ ചോദിച്ചു, പത്താം തരം പഠിച്ച, ‘ഇംഗ്ലീഷറിയാത്ത തോമസ് പറഞ്ഞത് സായിപ്പിന് മനസിലായോ?,പിന്നില്ലേ അവര്‍ കയ്യടിയോട് കയ്യടി. ഈ സംഭവം കേട്ട വി കെ. എന്‍ കഥയാക്കി. ”വി.കെ.എന്‍-ന്റെ ദിഗ്വിജയം എന്ന പയ്യന്‍ കഥ ഇങ്ങനെ തുടങ്ങുന്നു.
‘അമേരിക്കയിലെ സിറാ ക്യൂസില്‍ നടന്ന പുസ്തക സെമിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ട് പ്രശസ്തര്‍ ഇട്ടൂപ്പും പയ്യനുമായിരുന്നു. ഇരുപതോളം ഇംഗ്ലീഷ് പദങ്ങള്‍ മൂലധനമായുള്ള ഇട്ടൂപ്പിന് ഒന്നും പ്രശ്‌നമായില്ല. കമ്മിറ്റി യോഗത്തിലും ഗ്രൂപ്പ് ചര്‍ച്ചയിലും, പ്രസംഗവേദിയിലുമെല്ലാം കലക്കി കൊടുത്തു.’ ഉഗ്രന്റെ വാഗ്മിത്വത്തിനു മുന്നില്‍ സെമിനാര്‍ പല വട്ടം സ്തംഭിച്ചു നിന്നു. എന്‍ജോയ് എന്ന പുത്തന്‍ പദമാണ് അദ്ദേഹം അമേരിക്കക്ക് കൊണ്ടു പോയത്. പുസ്തകം വില്‍പ്പനയുടെ ടെക്‌നിക്കുകള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ ഇട്ടൂപ്പ് പ്രസംഗിച്ചു. ‘സെയിത്സ് – ബെസ്റ്റ്- ലൈബ്രറി സീസണ്‍- സ്‌കൂള്‍ സീസണ്‍ – ഫിഫ്റ്റി കമ്മീഷന്‍ – സെല്‍ ആന്റ് എഞ്ചോയ്.
പരിഭാഷ: പുസ്തകം വില്‍ക്കാന്‍ പറ്റിയ കാലം ലൈബ്രറിക്കാര്‍ മാര്‍ക്കറ്റിലിറങ്ങുന്ന സമയത്തും സ്‌കൂളുകള്‍ തുറക്കുന്ന സന്ദര്‍ഭത്തിലാണ്. ഈ കാലത്ത് ഒട്ടും സമയം കളയാതെ തിമര്‍ത്തും പുസ്തകം വിറ്റ് ലാഭം നേടുക. കമ്മീഷന്‍ 50 ശതമാനം വരെ കൊടുക്കാം. കുറിപ്പ് ( എഞ്ചോയ് എന്ന വാക്കിന് ഇവിടെ ലാഭം എന്നര്‍ത്ഥമാകുന്നു.)
ഇട്ടൂപ്പ് വാക്കുകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ചു. പുസ്തകം പൊക്കിക്കാണിച്ചു. വില്‍ക്കുന്ന മാതിരി അഭിനയിച്ചു. കാശ് മേടിച്ച് പോക്കറ്റിലിടുന്ന വിധവും കാണിച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍ സെമിനാറില്‍ വന്‍ കരഘോഷം.
എറണാകുളം കറന്റ് ബുക്‌സ് ശാഖയുടെ ഉല്‍ഘാടന വേളയില്‍ ഇ.എം. എസിനോടൊപ്പം, കറന്റ് തോമസ്
ഈ കഥ വായിച്ച് വായനക്കാര്‍ തലതല്ലിച്ചിരിച്ചു., അതറിഞ്ഞ് അത് അച്ചടിച്ച തോമസും ചിരിച്ചു. സാക്ഷാല്‍ വി.കെ.എന്‍. റോയല്‍റ്റി ചോദിച്ച് ഒരു നാള്‍ കറന്റില്‍ വന്നു. തോമസ് വിശ്വരൂപം കാണിച്ചു.’പോടാ അവിടുന്ന് എന്നെപ്പറ്റിയെഴുതിയത് ഞാനച്ചടിച്ചാല്‍ പോരാ, അതിന് കാശോ ? വി.കെ.എന്‍ വിട്ടില്ല. തര്‍ക്കമായി. ഒടുവില്‍ തോമസ് പറഞ്ഞു, ഇട്ടുപ്പ് അമേരിക്കയില്‍ പറഞ്ഞതുപോലെ ‘എന്നാല്‍ റോയല്‍റ്റിയുടെ ഫിഫ്റ്റി ഫിഫ്റ്റി.
അച്ചടിക്കുന്നതിന്റെ ഗുണമേന്മ എന്താണെന്നും എവിടെയെത്തുമെന്നും മനസിലാക്കാനുള്ള കൗശലം എന്നും തോമസിനുണ്ടായിരുന്നു. ഒരിക്കല്‍ ഒരു നോവല്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ‘ഇത്തവണത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് ഇവനാണ്. ഇത് കേട്ട ഒരു സാഹിത്യകാരന്‍ കരുതി അക്കാദമി കറന്റ് ബുക്‌സിന്റെ വിളിപ്പാടകലെയാണ്. അവിടെ തോമസിനാള് കാണും.. തോമസ് പറഞ്ഞു. സാധനം വായിച്ചിട്ട് തന്യാ പറയുന്നത്. ഞാന്‍ വായിച്ചു എന്നല്ല ഞങ്ങളുടെ പ്രൂഫില്‍ ഇതിനാളുണ്ട്. അവര് പറഞ്ഞാല്‍ പെഴയ്ക്കില്ല.
കറന്റ് തോമസ് കഥകള്‍ അനേകമുണ്ട്. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മലയാള പുസ്തകങ്ങള്‍ക്ക് അനശ്വരമായ അനേകം കവറുകള്‍ വരച്ച ആര്‍ട്ടിസ്‌റ് ശങ്കരന്‍ കുട്ടിയെ ഇടയ്ക്ക് കോട്ടയത്ത് നിന്ന് തോമസ് കിഡ്‌നാപ്പ് ചെയ്തു തൃശൂരില്‍ കൊണ്ടു പോയി ലോഡ്ജിലെ മുറിയിലടയ്ക്കും. കടലാസും നിറങ്ങളും വരക്കാനുള്ള സാമഗ്രികളും കൊടുത്ത് കവറുകള്‍ വരപ്പിക്കും. ജനലിലൂടെ ഭക്ഷണപാനീയങ്ങള്‍ കൊടുക്കും. ഇങ്ങനെ ഒരവസരത്തില്‍ മുന്നാല് നാള്‍ തടവില്‍ കഴിഞ്ഞപ്പോള്‍ രണ്ട് ഭീകരര്‍ വന്ന് പൂട്ട് തല്ലിപ്പൊളിച്ച് ശങ്കരന്‍ കുട്ടിയെ കിഡ്‌നാപ്പ് ചെയ്ത് കൊണ്ടുപോയി. വി.കെ. എന്നും രാമു കാര്യാട്ടുമായിരുന്നു ആ ഭീകരന്മാര്‍. നാലുനാള്‍ നാട്ടികയിലും തിരുവില്ലാ മലയിലും കാലദിശാബോധമില്ലാതെ കഴിഞ്ഞ ശങ്കരന്‍ കുട്ടി സ്വബോധം വന്നപ്പോള്‍, മൂന്നാലു ദിവസം കഴിഞ്ഞ് കറന്റ് ബുക്‌സില്‍ തോമസിന്റെ മുന്നിലെത്തി.
കലികേറിയ തോമസ് തൃശൂരങ്ങാടി ഭാഷയില്‍ തെറിയഭിഷേകം നടത്തിയപ്പോള്‍ ശങ്കരന്‍ കുട്ടിയെന്ന കലാകാരന്റെ അഭിമാനമുണര്‍ന്നു. തിരിച്ച് നാല് തെറി പറഞ്ഞ ശേഷം പറഞ്ഞു നിനക്കെത്ര കവര്‍ വേണമെടാ? ഈ ശങ്കരന്‍ കുട്ടി മുറുക്കിത്തുപ്പിയാലും അത് കവറാണെടാ!
എന്നിട്ട് കടലാസുകള്‍ കീറിയെടുത്ത് വായയിലെ മറുക്കാന്‍ ചാറ് പല ഡിസൈനില്‍ കടലാസില്‍ തുപ്പി ഉണക്കിയെടുത്തു. ഒന്നിനൊന്ന് വ്യത്യസ്തമായ കുറെ കവറുകള്‍ പിന്നെ തോമസിനോട് പറഞ്ഞു.’ ഇന്നാ കവറുകള്‍, കൊണ്ടുപോയ് ബ്ലോക്കാക്കി വിറ്റ് കാശാക്കെടാ.’ തന്നെ മലര്‍ത്തിയടിച്ച, ശങ്കരന്‍ കുട്ടിയെ അന്തം വിട്ട് കറന്റ് തോമസ് കെട്ടിപ്പിടിച്ചെന്ന് കണ്ട് നിന്ന തൃശൂരുകാര്‍ പറയുന്നു.
കറന്റ് ബുക്‌സ് തൃശൂര്‍ 80കളില്‍
തൃശൂര്‍ കറന്റ് ബുക്‌സ് ആ കാലത്ത് സാഹിത്യകാരമാരുടെ ട്രഷറിയായിരുന്നു. അച്ചടിച്ച പുസ്തകത്തിന് കാശ് കിട്ടും. ആയിരം കോപ്പി അച്ചടിയെന്ന എഴുത്തുകാരനോട് പറഞ്ഞിട്ട് ആയിരത്തഞ്ഞൂറ് കോപ്പി അടിച്ച് വില്‍ക്കുന്ന ട്രിക്ക് കറന്റ് തോമസ് കാണിക്കാറുണ്ടെന്ന അക്ഷേപം തൃശൂരങ്ങാടിയില്‍ ഉയര്‍ന്നെങ്കിലും, ഒരു മാതിരി സാഹിത്യകാരന്മാരെല്ലാം കിട്ടുന്ന റോയല്‍റ്റിയില്‍ തൃപ്തരായിരുന്നു. തങ്ങളുടെ പുസ്തകം നാലാള്‍ കാണുകയും അറിയുകയും ചെയ്യുന്നത് കറന്റ് ബുക്‌സ് വഴിയാണെന്ന വസ്തുത അവരെല്ലാം അംഗീകരിച്ചു. പുസ്തക വ്യാപാരത്തിലെ വറുതികളും കറന്റ് തോമസിനില്ലാതിരുന്നിട്ടില്ല. ദ്വീപ് എന്ന നോവലെഴുതിയ തുളസി തനിക്ക് തരാനുള്ള റോയല്‍റ്റി കിട്ടാന്‍ തൃശൂരെ കറന്റ് ബുക്‌സ് നടയില്‍ നാല് നാള്‍ സത്യാഗ്രഹമിരുന്നത് അക്കാലത്ത് അസാധാരണ പത്രവാര്‍ത്തയായിരുന്നു. സാഹിത്യത്തൊഴിലാളി കിട്ടാനുള്ള വേതനത്തിന് പ്രസാധകന്റെ മുന്നില്‍ സത്യാഗ്രഹമിരിക്കുക.
മലയാള സാഹിത്യം ഗൗരവമായി വായിക്കപ്പെടുന്ന, അറുപതുകളും എഴുപതുകളിലും മികച്ച കൃതികള്‍ ഭൂരിഭാഗവും പ്രസിദ്ധീകരിച്ചതിന് മലയാള സാഹിത്യലോകം കറന്റ് തോമസിനോട് കടപ്പെട്ടിരിക്കുന്നു. ഒരു പ്രസ്ഥാനം നടത്തിയാല്‍ സഹകരണ സംഘത്തേക്കാള്‍ നന്നായി വിജയിക്കുക ഒരൊറ്റ വ്യക്തിയാണെന്ന് പുസ്തകപ്രസാധന രംഗത്ത് ആദ്യം തെളിയിച്ചത് കറന്റ് തോമസും പിന്നീട് ഡിസി കിഴക്കേ മുറിയുമായിരുന്നു. കോട്ടയത്തെ സാഹിത്യ സഹകരണ സംഘത്തിന്റ കുത്തക ആദ്യം പൊളിച്ചതും കറന്റ് തോമസ് തന്നെ.
തോമസ് മുണ്ടശ്ശേരി
തൃശൂരിലെത്തിയാല്‍ ഭൂമി മലയാളത്തിലെ ഏത് സാഹിത്യകാരനും തോമസിന്റെ കറന്റ് തേടി വന്നടിക്കും. ഒരിക്കല്‍ സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും രഹസ്യമായി തൃശൂര്‍ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അല്‍പ്പ സമയത്തിനകം ദേ വരുന്നു തോമസിന്റെ ഫോണ്‍ മുറിയില്‍
‘എന്തുട്ടാ ടാ രണ്ടും കൂടി അവിടെ പരിപാടി?
സേതു പറഞ്ഞു: ഓ വെറുതെ
വേഷം കെട്ടെട്ടുക്കണ്ടാ സിനിമ്യാ ?
സേതു പറഞ്ഞു. അല്ലാ അല്ലേ അല്ല.
ഉടനെ തോമസിന്റെ അടുത്ത വാചകം
‘ഓ എന്നാപ്പിന്നെ ,അറബിപൊന്നാ?'( 1960ല്‍ എം.ടിയും എന്‍.പി. മുഹമ്മദും ചേര്‍ന്ന് എഴുതിയ നോവല്‍).
തോമസ് അത് പറഞ്ഞപ്പോള്‍ ഇരുവരും ഞെട്ടി. അപ്പോള്‍ സേതുവും പുനത്തിലും ചേര്‍ന്ന് എഴുതിയ നവഗ്രഹങ്ങളുടെ തടവറ എന്ന നോവല്‍(1975)അവര്‍ എഴുതാന്‍ തുടങ്ങുകയായിരുന്നു. അതായിരുന്നു കറന്റ് തോമസെന്ന പ്രസാധകന്റെ മൂന്നാം കണ്ണ്.
1973കളോടെ തോമസിന്റെ ശ്രദ്ധ പുസ്തകക്കച്ചവടം വിട്ട് മറ്റ് പലതിലായി. അതിന്റെ ഭാഗമായി ഹോട്ടല്‍ രംഗത്ത് പ്രവേശിച്ചു. തൃശൂരിലെ കാസിനോ ഹോട്ടലിന്റെ ആദ്യ മുതലാളിയായി അരങ്ങേറി. അവിടെ നിര്‍മ്മാണം നടക്കുമ്പോള്‍ കാണാന്‍ ചെന്ന ഒരു സാഹിത്യകാരനെ അകത്തെ പണി നടന്ന്, കാണിച്ചപ്പോള്‍ ഫോമിലായിരുന്ന തോമസ് പറഞ്ഞു ‘ഡല്‍ഹിയിലെ അശോക ഹോട്ടലിന്റെ ഇന്റീരിയര്‍ ഡെക്കറേഷനാ, സാഹിത്യകാരന്‍ അമ്പരന്നു അന്നത്തെ ഏറ്റവും വലിയ 5 സ്റ്റാര്‍ ഹോട്ടലാണ് ഡല്‍ഹിയിലെ അശോക. അതിന്റെ ഡിസൈന്‍ ചെയ്യാന്‍ കറന്റ് തോമസ് കാശ് ഇറക്കുകയോ?
അതിന്റെ ഉത്തരം ഉടനെ വന്നു
ഒരു ആശാരിയേയും കൊണ്ട് പറക്കാണ് ഡല്‍ഹിക്ക് 40 പേജിന്റെ നോട്ട് ബുക്കും പെന്‍സിലും മേടിച്ച് കൊടുത്ത് ആശാര്യേ അശോക ഹോട്ടലില്‍ കേറ്റി വിട്യാ, നീ വരച്ചോടാ, ആശാരി വരയോട് വര. തൊപ്പിക്കാര് വരുമ്പോള്‍ ആശാരി തൂണിന്റെ മറവില്‍ ഹൈഡ് ചെയ്യും. അങ്ങനെ ഡല്‍ഹി അശോക ഹോട്ടല്‍ ഇന്റിരിയര്‍ വരച്ച് തൃശൂരെത്തിച്ച ബുദ്ധിയാണ് തോമസിന്റെ ത് .
2 കൊല്ലത്തിന് ശേഷം കറന്റ് തോമസ് പുസ്തകപ്രസാധനം അവസാനിപ്പിച്ചു. 1953 മുതല്‍ 1973 വരെ 2000 പുസ്തകങ്ങള്‍ പുറത്ത് കൊണ്ടു വന്ന തോമസിന്റെ കറന്റ് ബുക്‌സ് അവസാനമായി തന്റെ പിതാവായ ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ- കൊഴിഞ്ഞ ഇലകള്‍, 3 ഭാഗമായി 1975ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് 1977ല്‍ തൃശൂര്‍ കറന്റ് ബുക്‌സ് ഡിസി ബുക്‌സിന് പാട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കൈമാറുകയായിരുന്നു.
എല്ലാ എഴുത്തുകാര്‍ക്കും കറന്റ് തോമസ് എഴുതി
ഞാന്‍ പുസ്തക രംഗം വിടുകയാണ്. താങ്കളുടെ പുസ്തകങ്ങളുടെ റോയല്‍റ്റി വകയില്‍ ബാക്കി തുകയുടെ കണക്കും ഒരു ചെക്കും അയക്കുന്നു. മൂന്ന് മാസം കഴിഞ്ഞേ ചെക്ക് പ്രസന്റ് ചെയ്യാവൂ’ നിശബ്ദമായ മാന്യമായ ഒരു പ്രസാധകന്റെ വിടവാങ്ങലായിരുന്നു അത്.
പുസ്തക വ്യപാരത്തില്‍ നിന്ന് നേരെ പോയത് പാത്ര കച്ചവടത്തിലേക്ക്.
പാത്രക്കടയുടെ പേരും ഗംഭീരമായിരുന്നു. ‘സ്റ്റീലാലയം’. പുസ്തകങ്ങളുടെ, നോവലും
കഥാപുസ്തകങ്ങളുടെയും ഇടയില്‍ കഴിഞ്ഞ പോലെ അലുമിനിയം-സ്റ്റീല്‍ പാത്രങ്ങളുടെ കൂടെ കഴിഞ്ഞു. പതിവ് ശീലങ്ങള്‍ ആരോഗ്യം മോശമാക്കി തുടങ്ങിയിരുന്നു. തോമസിന്റെ കറന്റ് നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.
1982 ജൂണ്‍ 2 ന് തോമസ് മുണ്ടശ്ശേരി 50ാം വയസില്‍ അന്തരിച്ചു. മലയാള പുസ്തക പ്രസാധനത്തിന്റെ ആധുനിക ചരിത്രമെഴുതുന്നവര്‍ ആദ്യം എഴുതുന്ന അദ്ധ്യായം – 50 വര്‍ഷം മാത്രം ജീവിച്ച കറന്റ് തോമസ് എന്നായിരിക്കും തീര്‍ച്ച.
English summary: Remembering Current books publisher Thomas Mundassery on his death anniversary