മഴയെ പ്രണയിച്ച ഫോട്ടോഗ്രാഫറായിരുന്നു വിക്ടര്‍ ജോര്‍ജ്.
മഴയുടേയും പ്രകൃതിയുടേയും അവിസ്മരണീയമായ വര്‍ണ്ണക്കാഴ്ച മറ്റുളളവര്‍ക്ക് നല്‍കാനുള്ള വ്യഗ്രതയില്‍ 46-ാം വയസ്സില്‍ വിക്ടറിന്റെ ജീവിതം വെണ്ണിയാനി മലയില്‍ അവസാനമായി സ്വന്തം ക്യാമറാ ക്ലിക്കിലെ ഒരു ഫ്ലാഷ് പോലെ മിന്നിമറയുകയായിരുന്നു.

വിക്ടര്‍ ജോര്‍ജ് വിട പറഞ്ഞിട്ട് ഇന്ന് 25 വര്‍ഷം.
അനേകം കാഴ്ചകളെ നമുക്ക് തന്ന വിക്ടര്‍ ജോര്‍ജിന്റെ
ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി.
2001 ജൂണ്‍ അവസാന ആഴ്ച, മനോരമയില്‍ വെച്ച് വിക്ടര്‍ അവസാനമായി യാത്രയായ വെണ്ണിയാനി മലയിലേക്ക് പോകുന്നതിന് ഒരാഴ്ച മുന്‍പ് ഞാന്‍ കണ്ടു. ഞങ്ങള്‍ തമ്മില്‍ അടുപ്പമൊന്നുമില്ലെങ്കിലും ഒരേ പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ പരസ്പരം അറിയാമായിരുന്നു . ഇടയ്ക്ക് പുറത്ത് വെച്ച് കാണും. ഒന്നോ രണ്ടോ വാക്കുകള്‍ കൈ മാറും. അപ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം ഒരു ഫോട്ടോ ഗ്രാഫറുടെ സ്വാഭാവികമായ തിക്കും തിരക്കും ഒട്ടും വിക്ടറില്‍ ഉണ്ടായിരുന്നില്ല. വളരെ ശാന്തമായ മുഖം. സാവധാനത്തിലുള്ള ചലനങ്ങള്‍.

ഞാന്‍ ജോലി ചെയ്യുന്ന മനോരമയുടെ സഹോദര സ്ഥാപനമായ കോട്ടയത്തെ എം. എം പബ്ലിക്കേഷന്റെ പ്രസിദ്ധീകരണത്തിന് മഴ ചിത്രങ്ങള്‍ ആവശ്യമായി വന്നു. ചിത്രങ്ങള്‍ തേടി ഞാന്‍ മലയാള മനോരമ ലൈബ്രറിയില്‍ ചെന്നപ്പോള്‍ , അവിടെയുള്ളവര്‍ പറഞ്ഞു ‘മഴ ചിത്രങ്ങള്‍ ഇവിടെ ഇല്ല. വിക്ടറിന്റെ കയ്യിലാണ്’.
അന്ന് മൊബൈല്‍ ഇല്ല. ഡിജിറ്റില്‍ സംവിധാനങ്ങള്‍ ഇല്ല. ഫോട്ടോകള്‍ കവറുകളില്‍ സൂക്ഷിക്കുകയാണ് രീതി. ഫോട്ടോകള്‍ സ്‌കാന്‍ ചെയ്ത് സുക്ഷിക്കുന്ന കാലം ആരംഭിച്ചട്ടേയുള്ളൂ. അങ്ങനെയാണ്, വിക്ടറിനെ എഡിറ്റോറിയലിന് തൊട്ടുള്ള സ്റ്റുഡിയോവില്‍ ചെന്ന് കാണുന്നത്. കാര്യം പറഞ്ഞപ്പോള്‍ വിക്ടര്‍ ഒരു ചെറു ചിരിയോടെ പടങ്ങള്‍ തരാന്‍ ഇപ്പോള്‍, നിര്‍വ്വാഹമില്ലെന്നും തന്റെ ഒരു ഫോട്ടോ പുസ്തകം വരുകയാണെന്നും അതിന്റെ ജോലി നടക്കുകയാണെന്നും പറഞ്ഞു . എതായാലും പടങ്ങള്‍ കിട്ടിയില്ല. നാഷണല്‍ ജിയോഗ്രഫി മാഗസില്‍ നിന്നും കുറച്ച് പടങ്ങള്‍ എടുത്താണ് ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചത്. പിന്നീട് വിക്ടറിന്റെ മഴ ചിത്രങ്ങള്‍ ,’It is raining ‘ എന്ന മനോഹരമായ ഒരു പുസ്തകമായി പുറത്ത് വന്നു. നിര്‍ഭാഗ്യവശാല്‍, അത് കാണാന്‍ വിക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രം.

2001 ജൂലൈ 09, കോരിച്ചൊരിയുന്ന മഴ ഏതാണ്ട് കോട്ടയം പട്ടണത്തെ ഒറ്റപ്പെടുത്തിയ നാളുകള്‍, എങ്ങും വെള്ളക്കെട്ട്! കോട്ടയം വെള്ളത്തില്‍ മുങ്ങി .
എല്ലാവരും ആകാംക്ഷയിലായിരുന്നു. രാവിലെ തൊടുപുഴക്കടുത്ത് ഉടമ്പന്നൂരിലെ, വെണ്ണിയാനി മലയില്‍ ഫോട്ടോ എടുക്കാനായി പോയ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനെ കാണാനില്ല. വാര്‍ത്ത ടിവി ചാനലില്‍ കൂടി പടരുകയാണ്. അവിടെ ഉരുള്‍ പൊട്ടി കഴിഞ്ഞ് ഭയാനകമായ അന്തരീക്ഷത്തില്‍ പടം എടുക്കാന്‍ പോയ വിക്ടര്‍ പെട്ടെന്ന് വീണ്ടും ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായി. ഓഫീസിലും സഹപ്രവര്‍ത്തകരുടെ ഇടയിലും വല്ലാത്ത മൂകത തളം കെട്ടി നിന്നു. 24 മണിക്കൂര്‍ പിന്നിട്ടു. ടിവിയിൽ മാറിമറിയുന്ന വാർത്തകൾ , ടെലിഫോണ്‍ നിറുത്താതെയടിക്കുന്നു. വിക്ടര്‍ ജോര്‍ജ്ജ് എന്ന ഫോട്ടോഗ്രാഫറുടെ കാര്യം അറിയുന്നവരും അറിയാത്തവരും ആ രണ്ട് നാള്‍ കേരളത്തില്‍ ഉത്കണ്ഠയോടെ, കാത്തിരിക്കുകയാണ് .

ആ രണ്ട് ദിവസവും , ഞാന്‍ ജോലി ചെയ്യുന്ന എം.എം. പബ്ലിക്കേഷനിലേക്ക് പോലും വിക്ടറിന്റെ കാര്യം അന്വേഷിച്ച് യാതൊരു പരിചയമില്ലാത്തവര്‍ പോലും വിളിച്ചിരുന്നു. ഇടുക്കിയില്‍ നിന്ന് ഒരാളുടെ പതറുന്ന ശബ്ദത്തോടെയുള്ള ഒരു കോള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘ സാറേ, വിക്ടറിന്റെ കാര്യം? എന്തെങ്കിലും പറ്റി കാണുമോ ?’
വല്ലതും അറിഞ്ഞോ ? ഇവരൊക്കെ, മലയാള മനോരമയില്‍ വിളിച്ചിട്ട് കിട്ടാതെ, ഒടുവില്‍ എം.എം പബ്ലിക്കേഷനിലലേക്ക് വിളിക്കുകയായിരുന്നു എന്ന് പിന്നീട് മനസിലായി. യാതൊരു പരിചയമില്ലാത്ത ഒരാള്‍, താന്‍ ഒരിക്കലും കാണാത്ത ഒരാള്‍, അപകടത്തില്‍ പെട്ടത് അറിഞ്ഞ്, ഭയത്തോടെ, ദുഖത്തോടെ വിളിക്കുന്നു. വിവരം അറിയാതെ, കാത്തിരിക്കുന്ന വിക്ടറിന്റെ കുടുംബത്തിനോടും, സഹപ്രവര്‍ത്തകരോടുമൊപ്പം ഭയത്തോടെ, ആകാംക്ഷയോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ബസ്സുകളിലും, ട്രെയിനിലും, തട്ടുകടകളിലും , ഉളവരും യാത്രക്കാരും ഇത് തന്നെയായിരുന്നു ആ ദിവസങ്ങളില്‍ അടക്കം പറഞ്ഞിരുന്നത്.
ഒടുവില്‍ വിക്ടറിന്റെ ക്യാമറ കണ്ടുകിട്ടി. വിക്ടറിനേയും. –
ടി വി ന്യൂസ് ഫ്‌ളാഷ്. ചലനമറ്റ വിക്ടറിനെ, മണ്ണും ചെളിയും പുരണ്ട് രക്ഷാപ്രവര്‍ത്തകരുടെ കൈയ്യില്‍ കണ്ട നിമിഷം പ്രാര്‍ത്ഥനയായി മാറിയ എല്ലാവരുടേയും പ്രതീക്ഷകളും തീര്‍ന്നു. നേവിയുടെ സഹായത്തോടെയാണ് രണ്ടാം നാള്‍ വിക്ടറിനെ കണ്ടെടുത്തത്..

വിക്ടറിന്റെ ഭൗതികശരീരം മലയാള മനോരമ അങ്കണത്തില്‍ വെച്ചപ്പോള്‍ അവസാന ദര്‍ശനത്തിനെത്തിയത് വന്‍ ജനാവലിയായിരുന്നു. കോരി ചൊരിയുന്ന ആ മഴയിലും, രണ്ട് ദിവസത്തെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ശേഷം, ഞെട്ടലോടെ, ദുരന്ത വാര്‍ത്തയറിഞ്ഞ് , ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയവരില്‍, ഈ അജ്ഞാതരായ ഫോണ്‍ വിളിക്കാരും ഉണ്ടായിരുന്നിരിക്കാം. വെണ്ണിയാനിയില്‍ അവസാനമായി വിക്ടര്‍ പകര്‍ത്തിയ ഫ്രെയിമുകളുള്ള, നേവിക്കാര്‍ കണ്ടെടുത്ത, ആ ക്യാമറ മനോരമ അങ്കണത്തില്‍ ഇനിയൊരിക്കലും തിരികെ വരാത്ത ഉടമസ്ഥനെ കാത്ത് ഇരിപ്പുണ്ടായിരുന്നു.

വിക്ടറിന്റെ ഭൗതിക ശരീരം വെച്ച മനോരമ അങ്കണത്തില്‍ വിക്ടറിന്റെ ഒരു ഛായാ ചിത്രം വരച്ച കറുത്ത ഒരു ബാനര്‍ വെച്ചിരുന്നു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു. – കണ്ണുനീര്‍ ഉരുള്‍ പൊട്ടുമ്പോള്‍ നമ്മുക്കൊരു ഓര്‍മ്മച്ചിത്രം’ വിക്ടര്‍ ജോര്‍ജ്. അവസാന വിടപറയലായി, ഹൃദയത്തെ സ്പര്‍ശിച്ച ഈ വരികള്‍ എഴുതിയത് മലയാളമനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. ജി. ഇന്ദുചൂഢനാണ്.
90 കളില്‍ എഴുതപ്പെട്ട പ്രശസ്തമായ ‘Chasing the Monsoon ‘
എഴുതിയ വിഖ്യാത യാത്രാവിവരണ എഴുത്തുകാരനും പത്രപ്രവര്‍ത്തകനായ അലക്‌സാണ്ടര്‍ ഫ്രേറ്ററും ഫോട്ടോ ഗ്രാഫര്‍ വിക്ടര്‍ ജോര്‍ജുമായി കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച് ഒരു യാത്ര പോവുക. എങ്കില്‍ അലക്‌സാണ്ടര്‍ ഫ്രേറ്ററുടെ മികച്ച ഗദ്യത്തിനെ മനോഹരമാക്കുന്ന, കാലത്തിനതീതമായ മഴചിത്രങ്ങള്‍ വിക്ടര്‍ തന്റെ ക്യാമറയില്‍ കൂടി നമുക്ക് നല്‍കിയേനെയെന്നത് തീര്‍ച്ച.

കേരളത്തില്‍ പരമ്പരാഗതമായി മണ്‍സൂണ്‍ കരയില്‍ എത്തുന്ന ജൂണ്‍ ആദ്യമാണ് തിരുവനന്തപുരത്ത് നിന്ന് അലക്‌സാണ്ടര്‍ ഫ്രേറ്ററുടെ യാത്ര ആരംഭിക്കുന്നത്. അവിടെ നിന്ന് അദ്ദേഹം വടക്കോട്ടും കിഴക്കോട്ടും സഞ്ചരിച്ച് കൊച്ചി, ഗോവ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു. ഇന്ത്യന്‍ സമൂഹത്തെയും സംസ്‌കാരത്തെയും അതിജീവനത്തെയും മണ്‍സൂണ്‍ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യാന്‍ അദ്ദേഹം കാലാവസ്ഥാ നിരീക്ഷകര്‍, ജ്യോതിഷികള്‍, രാഷ്ട്രീയക്കാര്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരുമായി ഈ യാത്രയില്‍ സംവദിക്കുന്നുണ്ട്.

കാലാവസ്ഥാ രീതികളെക്കുറിച്ചുള്ള ശാസ്ത്രീയ വസ്തുതകളും, വ്യക്തിപരമായ ചിന്തകളും, മഴയുടെ വൈകാരിക ശബ്ദങ്ങളും
വാക്കുകളില്‍ അദ്ദേഹം നെയ്‌തെടുക്കുന്നു. ‘ഭൂമിയിലെ ‘ഏറ്റവും
മഴ പെയ്യുന്ന സ്ഥലമായ മേഘാലയയിലെ ചിറാപുഞ്ചിയില്‍ ഫ്രേറ്റര്‍ എത്തിച്ചേരുന്നതോടെയാണ് ആ യാത്ര അവസാനിക്കുന്നത്, ആ യാത്രയാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഫ്രേറ്ററും വിക്ടറും മഴയെ പ്രണയിച്ചവരാണ് യാത്രകളെ ഇഷ്ടപ്പെടവരും.
ഫ്രേറ്ററുടെ മനോഹരമായ യാത്രാവിവരണവും വിക്ടറിന്റെ അസാമാന്യ ഫ്രെയിമുകളും ചേര്‍ന്നാല്‍ ഉണ്ടാകുന്ന ഫോട്ടോകള്‍ വിദേശ രാജ്യങ്ങളില്‍ വലിയ കലാകാരന്മാര്‍ക്ക് ആദരവ് നല്‍കുന്ന ‘ ഹോള്‍ ഓഫ് ഫെയിം’ പരമ്പരകളില്‍ വെയ്ക്കാറുള്ളതിന് തുല്യമായ ഓര്‍മ്മ ചിത്രങ്ങളായി മാറിയേനെ. ഒരു സാധാരണ ഫോട്ടോഗ്രാഫര്‍ പലപ്പോഴും ഉടക്കിനില്‍ക്കാറുള്ള ദൃശ്യേചേരുവകള്‍ക്കും അപ്പുറം ഒരു ജേര്‍ണലിസ്റ്റിന്റെ കണ്ണിനൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ വേഗത്തിലോ സഞ്ചരിച്ചിരുന്നു വിക്ടറിന്റെ കണ്ണുകള്‍. ഒരു നിമിഷം പിടിച്ചെടുക്കുക എന്നതിനപ്പുറം നിര്‍ണ്ണായകമായ ഒരു നിമിഷം പിടിച്ചെടുക്കുക എന്നതിലാണല്ലോ ഒരു ഫോട്ടോഗ്രാഫറുടെ മിടുക്ക്. അതില്‍ വിക്ടര്‍ മിടുമിടുക്കനായിരുന്നു.
ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ വിക്ടറിനെ ശ്രദ്ധേയനാക്കിയത് ഒരു മലയാള മനോരമ ഞായാഴ്ചതിപ്പില്‍ അച്ചടിച്ച് വന്ന ഒരു പടമായിരുന്നു.
കെ.പി. എ.സി. ചാരുദത്തന്റെ മൃച്ഛകടികം നാടകം അവതരിപ്പിക്കാന്‍ പോകുന്നു. എല്ലാവരും അത്ഭുതത്തോടെ ചോദിച്ചു. -പഴയ ഒരു സംസ്‌കൃത നാടകം ഇനി അരങ്ങില്‍ ഓടുമോ ? എന്നാല്‍ തോപ്പില്‍ ഭാസിക്ക് ഒട്ടും സംശയമില്ലായിരുന്നു. വിജയിക്കും നാടകം ഓടും. തോപ്പില്‍ ഭാസിയുടെ ഒരു കാല്‍ അപ്പോഴെക്കും മുറിച്ചു മാറ്റിയിരുന്നു. രണ്ടാമത്തെ കാലും മുറിക്കേണ്ടി വരുമോ എന്ന അവസ്ഥയിലാണ്. എങ്കിലും അദ്ദേഹം ഒരു കാലുമായിട്ടാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്.

കായംകുളത്ത് കെ. പി. എ. സിയില്‍ മൃച്ഛകടിക ത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് വിക്ടര്‍ ജോര്‍ജ് ആദ്യമായി തോപ്പില്‍ ഭാസിയുടെ വിവിധ ഭാവങ്ങള്‍ തന്റെ ക്യാമറയിലേക്ക് ആവാഹിച്ചു. ഒരു കാല്‍ ഇല്ലാതെ ക്രച്ചസില്‍ നിന്നുകൊണ്ട് നാടകത്തിലെ കഥാപാത്രങ്ങളെ തിരുത്തുന്ന. തോപ്പില്‍ ഭാസി. അന്ന് സിനിമാ നടനല്ലാത്ത സായികുമാറാണ് ഈ നാടകത്തിലെ നായകന്‍ ചാരുദത്തന്‍.
പ്രതിസന്ധിയില്‍ തളരാതെയുള്ള തോപ്പിലാശാന്റെ കാല്‍മുറിച്ച ശേഷമുള്ള ജീവിതം ഞാറാഴ്ച പതിപ്പില്‍ ഫീച്ചറായി എഴുതിയത് മനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഡി. വിജയ മോഹനനായിരുന്നു. ഫീച്ചറിനോടൊപ്പം വന്ന വിക്ടറിന്റെ പടം അസാധാരണമാം വിധം മനോഹരമായിരുന്നു. മനോരമയുടെ ഞയറാഴ്ച പതിപ്പില്‍ അത് അച്ചടിച്ചു വന്നപ്പോള്‍ തോപ്പില്‍ ഭാസി വിജയമോഹനനെ വിളിച്ചു ‘അനിയാ വിക്ടറിന്റെ പടം അതിഗംഭീരം’.
1984 ല്‍ വിക്ടര്‍ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. ഡെല്‍ഹിയില്‍
മലയാള പത്രങ്ങള്‍ക്ക് അന്ന് ഫോട്ടോഗ്രാഫര്‍ ഇല്ല. അങ്ങിനെ ഡെല്‍ഹിയില്‍ ഒരു മലയാള പത്രത്തിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജാണ്. ഡല്‍ഹിയില്‍ , ഏറെക്കാലം വിക്ടറിന്റെ സഹപ്രവര്‍ത്തകനായിരുന്നു, ഡല്‍ഹിയിലെ മലയാള മനോരമ ബ്യൂറോ ചീഫ്, യശശരീരനായ ഡി. വിജയമോഹന്‍ . അവര്‍ സമപ്രായക്കാരുമായിരുന്നു. മലയാള മനോരമയിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തക എഴുത്തുകാരനായി എനിക്ക് തോന്നിയ വ്യക്തി വിജയമോഹനനായിരുന്നു. സംഗീതം, സാഹിത്യം, രാഷ്ട്രീയം, എന്നിവയില്‍ അദ്ദേഹത്തിന് അപാരമായ അറിവാണ്. എവിടെയും മികച്ച വ്യക്തിബന്ധങ്ങളുള്ള അദ്ദേഹം നിശബ്ദനായി ജോലി ചെയ്യുന്ന ഒരാളാണ്. 80 കളുടെ അവസാനം ഡല്‍ഹിയില്‍ വെച്ച് മനോരമയില്‍് വിക്ടറുമായി ചേര്‍ന്ന് വിജയമോഹന്‍ ചെയ്ത ചില വാര്‍ത്താ പരമ്പരകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

അതിലൊന്നായിരുന്നു ഉത്തര്‍ പ്രദേശിലെ ഖുര്‍ജയില്‍ നേത്ര ശസ്ത്രക്രിയ നടത്തി 100 പേരുടെ കാഴ്ചപോയ വാര്‍ത്ത. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന ചെറിയൊരു വാര്‍ത്ത വിജയ മോഹന്‍ കണ്ടതാണ് മണ്‍പാത്ര വ്യവസായത്തിന് കീര്‍ത്തി കേട്ട സ്ഥലമായ ഖുര്‍ജയിലെക്ക് അവര്‍ പോകാന്‍ കാരണമായത്. 100 പേര്‍ അന്ധനായത് ചെറിയ വാര്‍ത്തയല്ലോ. അവിടെയെത്തിയ ഇരുവരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. കാഴ്ച നഷ്ടപ്പെട്ടവരാണ് എവിടെയും. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെയുണ്ട്. ഏതു ഭാഗത്തു പോയാലും ഈ കഥകളേ കേള്‍ക്കാനുള്ളൂ. സൗജന്യ നേത്ര ക്യാമ്പില്‍ പോയവരെല്ലാം ഡോക്ടര്‍മാരുടെ കൈപ്പിഴയ്ക്കിരയായി.. കാഴ്ച പോയ ഒരു വൃദ്ധ ഒറ്റ മുറി വീടിന്റെ പുറത്തിരുന്ന് വിലപിക്കുന്നുണ്ടായിരുന്നു. ‘എന്റെ വലതു കണ്ണിനായിരുന്നു കുഴപ്പം. ഇടതു കണ്ണിനു നല്ല കാഴ്ച യുണ്ടായിരുന്നു. ഓപ്പറേഷന്‍ ചെയ്യാന്‍ മേശപ്പുറത്തു കിടത്തിയപ്പോള്‍ ഞാന്‍ വലതു കണ്ണു തൊട്ടു കാണിച്ചുകൊടുത്തു. പക്ഷേ ഡോക്ടര്‍ പറഞ്ഞു- ഇടതു കണ്ണിനാണ് കുഴപ്പമെന്ന്. ഞാന്‍ വീണ്ടും വീണ്ടും നിലവിളിച്ചിട്ടും ഇടതു കണ്ണ് കീറിപ്പൊട്ടിച്ചു.’ അവര്‍ വിജയമോഹനോട് വിലപിച്ചു. അപ്പോള്‍ വിക്ടര്‍ ക്യാമറ ക്ലിക്ക് ചെയ്തു തുടങ്ങിയിരുന്നു. അന്ന് വിക്ടറിന് മികച്ച പടങ്ങള്‍ കിട്ടി.

വിജയമോഹന്‍ ആദ്യം എഴുതിയത് ഈ വൃദ്ധയെക്കുറിച്ചായിരുന്നു. അതിനോടൊപ്പം വന്ന വിക്ടറിന്റെ പടം അതീവ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു. ആയിരം വാക്കുകള്‍ക്കു പകരം ഒരു പടം മതി എന്ന വാക്യം ശരിവയ്ക്കുന്നതായിരുന്നു അന്ന് വിക്ടറെടുത്ത ആ പടം.
വിക്ടറിന് ഏറെ രാജാന്തര പ്രശ്‌സ്തി നേടിക്കൊടുത്ത ചിത്രവും ഡല്‍ഹിക്കാലത്താണ്. 1985ല്‍ തല്‍ക്കത്തോറാ സ്വിമ്മിംഗ് പൂളില്‍ നാഷണല്‍ ചാമ്പ്യന്‍ ഷിപ്പ് നടക്കുകയാണ്. അനിതാ സൂദ് നീന്തുന്നു. എല്ലാ ഫോട്ടോഗ്രാഫര്‍മാരും സ്വിമ്മിംഗ്പൂളില്‍ അനിതയുടെ പടമെടുക്കുമ്പോള്‍ വിക്ടര്‍ ദൂരെ ഗ്യാലറിയില്‍ ആരുടെയോ പടമെടുക്കുകയാണ്. തിരിച്ചു പോരുമ്പോള്‍ വിക്ടര്‍ കൂടെയുള്ള വിജയമോഹനനോടു പറഞ്ഞു –
‘ഒരു ഗംഭീര പടമെടുത്തിട്ടുണ്ട്. നെഗറ്റീവ് കണ്ടിട്ട് പറയാം’. അനിതാ സൂദ് നീന്തുമ്പോള്‍ അവരുടെ അമ്മ -ഒരു തടിച്ച സ്ത്രീ- ഗ്യാലറിയിലിരുന്ന്
രണ്ടു കയ്യുമുയര്‍ത്തി പരിസരം മറന്ന് ആര്‍ത്തു വിളിച്ചു പ്രോത്സാഹിപ്പിക്കുന്നതിന്റെ മൂന്നു ഷോട്ടുകളായിരുന്നു ആ പടം. വിക്ടറിന്റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായിരുന്നു ഇത്. മക്കളെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ ചിത്രം ആ വര്‍ഷം ബള്‍ഗേറിയയിലെ ഗബറാവോയിലെ ‘ഹൗസ് ഓഫ് ഹ്യൂമര്‍ ആന്റ് സറ്റയര്‍’ നല്‍കുന്ന മികച്ച ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹമായി.

വിക്ടറിന്റെ മരണശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഡല്‍ഹിയില്‍
റാഫി മാര്‍ഗിലെ ഐ. എന്‍.എസ് ബില്‍ഡിംഗിലെ മലയാള മനോരമ ബ്യൂറോയില്‍ വെച്ച് വിജയമോഹനെ കണ്ടപ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പം അറിയാവുന്ന ഞാന്‍ വിക്ടറിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. വിക്ടര്‍ പലപ്പോഴും പറയാറുള്ള കാര്യം വിജയമോഹന്‍ എന്നോട് പറഞ്ഞു. ഡ്യൂട്ടിക്കിടയില്‍, ഒരോ ദൗത്യവും കഴിയുമ്പോള്‍, വിക്ടര്‍ പലപ്പോഴും പറയാറുണ്ടത്രെ ‘ വിജയാ നമുക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആറു വര്‍ഷത്തോളം അവര്‍ ഒരുമിച്ച് ജോലി ചെയ്തു. ഡെല്‍ഹി വിട്ട് പോകുന്നതിനു മുമ്പ് അവസാനമായി ഇരുവരും പ്രസ് ക്ലബില്‍ കൂടി. അന്ന് രണ്ട് പെഗ്ഗ് കഴിഞ്ഞപ്പോള്‍ വിക്ടര്‍ പറഞ്ഞു -‘വിജയാ, ഇതു മതി. നമുക്ക് മദ്യത്തിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.’ ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം പിന്നെ വിജയ മോഹന്‍ എന്നോട് പറഞ്ഞു ‘വിക്ടര്‍ അതു ചെയ്ത് തീര്‍ത്തു. മടങ്ങുകയും ചെയ്തു’. നിര്‍ഭാഗ്യമെന്ന് പറയട്ടെ വിക്ടര്‍ പോയിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം 2020 ഡിസംബറില്‍ കോവിഡിനിരയായി വിജയ മോഹനനും ജീവിതത്തോട് യാത്ര പറഞ്ഞു.
വാര്‍ത്താ ചിത്രങ്ങള്‍ മാത്രമായിരുന്നില്ല വിക്ടറിന്റെ ഫ്‌ലാഷിലൂടെ വന്നത്. ഭാഷാ പോഷിണിയുടെ ‘ എഴുത്തുകാരന്റെ ദേശം’ എന്ന പരമ്പരയില്‍ വന്ന മുഖചിത്രങ്ങള്‍ വിക്ടറിന്റെ മികച്ച പോര്‍ട്രൈറ്റുകളായിരുന്നു. ആ സമയത്ത് ഭാഷാപോഷിണി ഇപ്പോള്‍ അറിയപ്പെട്ടത് സക്കറിയ ലക്കം, സുഗതകുമാരി ലക്കം, വി.കെ. എന്‍ ലക്കം, എന്‍.എസ്.മാധ വന്‍ ലക്കം കടമ്മനിട്ട ലക്കം എന്നിങ്ങനെയായിരുന്നു. ഇങ്ങനെയൊരു രജിസ്‌ട്രേഷന്‍ വായനക്കാരന്റെ മനസ്സില്‍ കുറിച്ചുവെക്കുനതില്‍ വിക്ടര്‍ എടുത്ത മുഖചിത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടായിരുന്നു. എഴുത്തുകാരന്റെ ദേശത്തിലേക്ക് ശക്തമായ ദൃശ്യപ്രവേശനം നല്‍കുന്ന ഈ മുഖചിത്രങ്ങള്‍ എഴുത്തുകാരനെ സംബന്ധിച്ചിടത്താളം തങ്ങളുടെ ഏറ്റവും നല്ലൊരു പോര്‍ട്രൈറ്റുകൂടിയാകുന്നു.

തന്റെ വിഷയവുമായി ഒരു മാനസിക ബന്ധം സ്ഥാപിച്ചെടുക്കാതെ ഫോട്ടോഗ്രാഫര്‍ക്ക് മറ്റൊരാളുടെ മാനസിക വിക്ഷോഭങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ കഴിയില്ല. എന്നാല്‍ ആ വിടവ് വിക്ടര്‍ എളുപ്പത്തില്‍ മറി കടന്നിരുന്നു. പലപ്പോഴും തനിക്ക് തീര്‍ത്തും അപരിചിതരായവരുമായി വളരെ പെട്ടെന്നുതന്നെ ഒരു മാനസിക ബന്ധം സ്ഥാപിച്ചെടുക്കാന്‍ വിക്ടറിന് കഴിഞ്ഞിരുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ്ഈ മുഖചിത്രങ്ങള്‍. അപരിചിതനായ ഒരു വ്യക്തിയെ നിശ്ചലഛായാഗ്രഹണത്തിലേക്ക് കൊണ്ടുവരല്‍ വളരെ ശ്രമകരമാണ്. വിക്ടറിന് അതിന് കഴിഞ്ഞു. വിക്ടറിന്റെ ഈ ചിത്രങ്ങളുടെ ആകര്‍ഷണവും പ്രത്യേകതയും അതുതന്നെയായിരുന്നു.
”ഞാന്‍ വേറൊന്നുമല്ല ഉരുളികുന്നത്തെ കല്ലിന്റെയും മണ്ണിന്റെയും കാറ്റിന്റെയും മുള്ളിന്റെയും മേഘത്തിന്റെയും വെള്ളത്തിന്റെയും ഒരു പാര്‍ശ്വോല്‍പ്പന്നം മാത്രമാണ്’ എന്ന് സക്കറിയ തന്റെ ദേശത്തെക്കുറിച്ചെഴുതുമ്പോള്‍ ആ വരികള്‍ക്ക് വിക്ടര്‍ വരച്ചെടുക്കുന്ന ഒരു ഇലസ്ട്രഷനാണ് കവര്‍ ഫോട്ടോ. എഴുത്തുകാരന്‍ എഴുതിയതിനുള്ള ദൃശ്യപരിഭാഷയാകുന്ന ഒന്ന്.
സക്കറിയുടെ കവര്‍ ചിത്രത്തിലെ. അങ്ങനെയൊരു ഇരിപ്പ് ആര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയും?, സക്കറിയയെ ഇങ്ങനെയൊരു പാറപ്പുറത്തിരുത്തി ‘പോസ്’ ചെയ്യിപ്പിക്കാന്‍ വിക്ടറിനു കഴിഞ്ഞത് മുന്‍പ് വിക്ടര്‍ നടത്തിയ ഉരുളികുന്നം സ്വകാര്യ യാത്രകളില്‍ നേരത്തേ തന്നെ മനസില്‍ ഫോക്കസ് ചെയ്തു വെച്ചതായിരിക്കാം സഖറിയയുടെ ഈ ഇരിപ്പ്.
ഈ ഭാഷാ പോഷിണി കവര്‍ ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്ത അന്നത്തെ മലയാള മനോരമയുടെ ഡിസൈനര്‍ അനൂപ് രാമകൃഷ്ണന്‍ ഇതേ കുറിച്ച് എഴുതി ‘എഴുത്തുകാരുടെ മുഖശ്രീയല്ല വിക്ടര്‍ ഫ്രെയിമുകളില്‍ പകര്‍ത്തിയത്. അവരുടെ സ്വഭാവവിശേഷങ്ങളെയാണ്; ചിലപ്പോഴെങ്കിലും അവര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിച്ച ഭാവബദ്ധതകളെ’.
ഏറെ തവണ പലയിടത്തും പ്രതൃക്ഷമായ ഒരു വിക്ടര്‍ ചിത്രം വായനക്കാര്‍ക്ക് ഏറെ രസിച്ച ഒന്നാണ്. കോട്ടയത്ത് കുറുപ്പന്തറയില്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഭാഗവത കാസറ്റ് പ്രകാശനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും അക്കാലത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവനായിരുന്ന രമേശ് ചെന്നിത്തല എം.പി.യും ഒരേ ഇലയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിന്റെ അപൂര്‍വ്വ ചിത്രം. നല്ല ചിത്രങ്ങളെടുക്കാനായിരുന്നു എല്ലായ്‌പ്പോഴും അയാളുടെ ശ്രമം. വിക്ടറിന്റെ ആ ശ്രമങ്ങള്‍ക്ക് നല്ലൊരു ഉദാഹരണമാണ് ഈ സംഭവം.
ഒരു യാത്രകഴിഞ്ഞ് എത്തിയ വിക്ടറിന്റെ കൈയില്‍ പതിവുപോലെ യാത്രയിലെടുത്ത പടങ്ങളുമുണ്ട്. നീലാകാശത്തില്‍ മേഘങ്ങള്‍ പിറവി കൊള്ളുന്നതായിരുന്നു അതിലൊരു ഒരു ചിത്രം. അതി മനോഹരമായ ഫോട്ടോ. അത് കണ്ട പത്രത്തിന്റെ എഡിറ്റര്‍ പക്ഷേ എവിടെയോ ഒരു കുഴപ്പം കണ്ടു പിടിച്ചു. അദ്ദേഹം വിക്ടറിനോട് പറഞ്ഞു ”ആംഗിള്‍ ശകലംകൂടി മാറിയിരുന്നെങ്കില്‍ ഈ പടം കൂടുതല്‍ മനോഹരമായേനെ…’ വിക്ടര്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു: ‘ പറഞ്ഞത് ശരിയാണ്. പക്ഷേ, ഞാനീ പടമെടുത്തത് ട്രെയിനില്‍ പോകുമ്പാഴായിരുന്നു. ട്രെയിന്‍ ഒരു വളവുതിരിഞ്ഞുകൊണ്ടിരിക്കേ ജനാലയ്ക്കകത്തുകൂടെ തലയിട്ടാണ് പടമെടുത്തതുതന്നെ…’ ഇത് കേട്ട എഡിറ്റര്‍ മറ്റൊരു സ്റ്റില്‍ ചിത്രമായി മാറി.
വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രാഫര്‍ ഒരിക്കല്‍ ഒരു ശ്രദ്ധേയമായ ഫോട്ടോക്ക് വിഷയമായി. ഫോട്ടോഗ്രാഫര്‍മാര്‍ നിത്യവും നേരിടുന്ന പ്രതിസന്ധികളിലൊന്നായിരുന്നു. സെക്യൂരിറ്റിക്കാരും പോലീസും ഇടപെടുന്നത്.
കോട്ടയത്ത് എം.ജി. സര്‍വ്വകലാശാലയില്‍ കെ.എസ്.സി(ജെ)യുടെ പിക്കറ്റിങ്ങ് പടമെടുക്കാന്‍ ശ്രമിക്കവേ സെക്യൂരിറ്റിക്കാര്‍ വിക്ടറിനെ തടഞ്ഞു. പത്രപ്രവര്‍ത്തകന്റെ അവകാശത്തെപ്പറ്റി വിക്ടര്‍ ആവേശത്തോടെ സംസാരിച്ചെങ്കിലും. എന്നാല്‍ അതൊന്നുമവര്‍ കേട്ടില്ല. അവര്‍ നാലുപേരുണ്ടായിരുന്നു. വിക്ടറിന്റെ ക്യാമറ ബാഗ് തട്ടിതെറിപ്പിച്ചു. വട്ടംപിടിച്ചു മര്‍ദ്ദിച്ചു. എങ്കിലും അവരെയൊക്കെയും തട്ടിതെറിപ്പിച്ചു വഴുതി മാറി വിക്ടര്‍ രക്ഷപ്പെട്ടു. ഒരു ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫറായ എം.പി. ജോയ് ആ സംഭവം ക്യാമറയില്‍ പകര്‍ത്തി. പിറ്റേനാള്‍ പത്രങ്ങളായ പത്രങ്ങള്‍ക്കൊക്കെ ഇത് അച്ചടിച്ചു വന്നു. വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രാഫര്‍ മറ്റൊരാളുടെ ഫോട്ടോയിലൂടെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ് ഓട്ടോമൊബൈല്‍ മെക്കാനിസം കോട്ടയത്തെ എതോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴായിരുന്നു വിക്ടറിന് മനം മാറ്റമുണ്ടായത്. എറണാകുളത്ത് പോയി ഫോട്ടോഗ്രഫി പഠിക്കുക. അതിന് പ്രേരണയായത് പിന്നീട് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ഡെന്നീസ് ജോസഫ് ആയിരുന്നു. അവര്‍ കുറവിലങ്ങാട് ദേവമാതാ കോളേജില്‍ സഹപാഠികളായിരുന്നു. ഒപ്പം പഠിച്ച മറ്റൊരു പ്രശസ്തയാണ് ഡിസൈനര്‍ ഗായത്രി അശോക്. ഡെന്നീസ് ജോസഫ് അന്ന് എറണാകുളത്തെ സിനിമാ പ്രസിദ്ധീകരണമായ കട്ട് കട്ട്-ല്‍ പ്രവര്‍ത്തിക്കുകയാണ്. മാസികക്ക് ഫോട്ടോ വേണം. അങ്ങനെ വിക്ടര്‍ അതിന്റെ ഭാഗമായി മാറി ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. വിക്ടര്‍ എടുത്ത പടമാണ് ഭരതന്റെ ലോറി എന്ന ചിത്രത്തിലുടെ പ്രസിദ്ധനായ നടന്‍ അച്ചന്‍ കുഞ്ഞിന്റെ പടം ആദ്യമായി ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് വന്നത്. അവിടെ നിന്നാണ് പിന്നീട് വിക്ടര്‍ മലയാള മനോരമയില്‍ ചേരുന്നത്.

പിന്നീട് ഡെന്നീസ് ജോസഫ് ‘നിറക്കൂട്ടുകളില്ലാതെ’ എന്ന തന്റെ
ഓര്‍മ്മക്കുറിപ്പില്‍ വിക്ടറുമായുള്ള അന്നത്തെ ബന്ധത്തെക്കുറിച്ചെഴുതി.
”വിക്ടറിന്റെ അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മഴയുമായി ബന്ധപ്പെട്ട ചിത്രപരമ്പര എടുക്കുക എന്നുള്ളത്. കുറെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടായിരുന്നു. മഴച്ചിത്രങ്ങളില്‍ മുഴുകി ജീവിക്കുകയായിരുന്നു. നൂറുശതമാനം താനാഗ്രഹിക്കുന്ന രീതിയിലേക്ക് പ്രൊഫഷന്‍ കൊണ്ടുപോകാന്‍ പറ്റുന്നില്ല എന്ന ഒരു വിഷമം വിക്ടറിനുണ്ട്. കാരണം, സ്ഥാപനത്തിന്റെ പരിമിതിക്ക് അകത്തുനിന്ന് ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ ജോലിക്കപ്പുറത്തെ കാര്യങ്ങളാണ് വിക്ടര്‍ പലപ്പോഴും ചെയ്യാനാഗ്രഹിച്ചത്.”.
എന്ത് പ്രതിബന്ധം ലംഘിച്ചും വിക്ടര്‍ മഴയുടെ പടം എടുക്കാന്‍ പോകും. പെട്ടെന്ന് മഴ വരുമ്പോള്‍ പടം എടുക്കാന്‍ ഓടും. പലപ്പോഴും ഞങ്ങളുടെ വീടിനടുത്തുള്ള പാടത്തും മറ്റും മഴയത്ത് ഞാനും അവന്റെ കൂടെ പോകും. വെളുപ്പിന് എവിടെയെങ്കിലും പടം എടുക്കാന്‍ പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തലേദിവസം അവന്‍ എന്നെ വിളിക്കും. ഞാന്‍ സമ്മതിക്കും. എന്നാല്‍, സമയമാകുമ്പോള്‍ ഞാന്‍ ഉണ്ടാകാറില്ല.
”ഉരുള്‍പൊട്ടലിന്റെ കാര്യം പറയുമ്പോള്‍ ഞാന്‍ അതിനെ ഒരു കാലനികതയുടെ അര്‍ഥത്തിലേ കാണുന്നുള്ളൂ. ‘ഉരുള്‍പൊട്ടുന്നത് നേരിട്ട് കാണാന്‍ പറ്റും’ എന്ന് അവന്‍ പറയുമ്പോള്‍ അത് ഏതാണ്ട് നിസ്സാരകാര്യമാണെന്നാണ് ഞാന്‍ ധരിച്ചത്. ഒരു ദിവസം ഞാന്‍ അവനോട് പറഞ്ഞു, ‘എടാ എന്നെ കൂടെ കൊണ്ടുപോകണം.”
”വിക്ടര്‍ എന്നോട് ഒരു പ്രത്യേക കാര്യം പറഞ്ഞു. അവന്‍ ഒരുപാട് ഉരുള്‍പൊട്ടലുകളുടെ പടം എടുത്തിട്ടുണ്ട്. അവനു വേണ്ട ഒരു പടം എന്നു പറയുന്നത്, ഉരുള്‍പൊട്ടി ആ വെള്ളം പുറത്തേക്ക് കുത്തിയൊലിക്കുന്നതിന് തൊട്ടുമുന്‍പും തുടങ്ങുന്നതിന്റെ ആദ്യത്തെയും ഷോട്ടുകളാണ്. ആ ഷോട്ടുകള്‍ വരുന്ന ടൈമിങ് ഒക്കെ അവന്‍ ഇത്രയും വര്‍ഷത്തെ അനുഭവംകൊണ്ട് പഠിച്ചിട്ടുണ്ട്. പ്രത്യേക രീതിയില്‍ മൂന്ന് പ്രാവശ്യം ഒരു ട്രെമര്‍പോലെ വരും. നാലാമത്തെ ട്രെമറിനാണ് ഉരുള്‍പൊട്ടുന്നത്” പക്ഷേ വിക്ടര്‍ ഒറ്റയ്ക്ക് പോയി. നിര്‍ഭാഗ്യവശാല്‍ ആ ദുരന്ത വാര്‍ത്ത വീട്ടില്‍ ചെന്ന് വിക്ടറിന്റെ ഭാര്യ ലില്ലിയെ അറിയിക്കാനുള്ള ദുര്‍യോഗം ഡെന്നീസ് ജോസഫിനായിരുന്നു.
” വിക്ടര്‍ പറഞ്ഞതെല്ലാം ശരിയാണ്. രണ്ടോ മൂന്നോ ട്രെമര്‍ കഴിഞ്ഞിരുന്നു- വിക്ടര്‍ ഭയങ്കര ഫിസിക്കലുള്ള മനുഷ്യനാണ്. അസാധാരണമായ വിധത്തില്‍ ആരോഗ്യവാനാണ്. ഫസ്റ്റ് ഫ്‌ളോറില്‍നിന്ന് താഴേ ഇറങ്ങാന്‍വേണ്ടി, സ്റ്റെപ്പ് ഇറങ്ങാന്‍ മിനക്കെടാതെ ചാടുന്നവനാണ്. അത്രയും ഫിസിക്കലി ഫിറ്റാണ്- മൂന്നാമത്തെ ട്രെമര്‍ കഴിഞ്ഞ് ഓടി രക്ഷപ്പെടാന്‍ വിക്ടര്‍ തയ്യാറെടുത്തുനിന്നതാണ്. പക്ഷേ, വിക്ടര്‍ നിന്ന ഭൂമി കീഴ്‌മേല്‍ മറിഞ്ഞു പോവുകയായിരുന്നു. സാധാരണ അങ്ങനെ സംഭവിക്കാറുള്ളതല്ല. അങ്ങനെ വിക്ടര്‍ ജോര്‍ജ് എന്ന ഒരാള്‍… ഇതിനപ്പുറം എനിക്ക് പറയാനില്ല. ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മരണത്തിന് ദൃക്‌സാക്ഷിയാ യില്ലെങ്കിലും സാക്ഷിയായ ഒരോര്‍മയിലേക്കു പോയതാണ്.” ഡെന്നീസ് ജോസഫ് എഴുതുന്നു.

താന്‍ ജോലി ചെയ്തിരുന്ന പത്ര സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ പരമായി അളവറ്റ പിന്‍തുണ വിക്ടറിന് കിട്ടിയിരുന്നു. പ്രത്യേകിച്ച് മികച്ച ക്യാമറകളുടെ കാര്യത്തില്‍.
ഒരിക്കല്‍ ഡല്‍ഹിയിലായിരുന്ന വിക്ടറിന് വേണ്ടി മാത്രം വിദേശത്തുനിന്നും വരുത്തിയ ക്യാമറ കിട്ടി കഴിഞ്ഞു വിക്ടര്‍ പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ക്ക് എഴുതി’ ഈ ക്യാമറ ഡല്‍ഹിയില്‍ എന്റെ റേറ്റിങ്ങ് ഉയര്‍ത്തിയിരിക്കുന്നു. ടൈം മാഗസിന്റെ ഫോട്ടോഗ്രാഫര്‍ക്കുപോലും ഇവിടെ ഈ ക്യാമറയില്ല’

വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രാഫര്‍ വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചുള്ള ശരിയായ പഠനം വരാനിരിക്കുന്നതേയുള്ളൂ. അതിലൂടെ ഈ ഫോട്ടോ ജീനിയസ്സിനെക്കുറിച്ച് ആഴത്തില്‍ വിലയിരുത്തലുകള്‍ വരാം. ഫോട്ടോ ഗ്രാഫിയുടെ സാങ്കേതികത മാനംമുട്ടെ വളര്‍ന്ന ഈ കാലത്ത് വിക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ അവ ഉപയോഗിച്ച് തന്റെ ഫ്രെയ്മുകളെ കൂടുതല്‍ മിഴിവുറ്റതാക്കിയേനെ. ഇനി അതില്ലെങ്കിലും അതിനെ ആശ്രയിക്കാതെ ഒരു വിസ്മയമായി കാഴ്ചകള്‍ പകര്‍ത്തിയവനാണ്. ഫോട്ടോഗ്രഫിയില്‍ വിക്ടര്‍ എല്ലാവര്‍ക്കും മുമ്പേ നടന്നവനാണ്.

ഫോട്ടോകൾക്ക് കടപ്പാട്:
: മലയാള മനോരമ, ബോണി ജെയിംസ്, എസ്.ഹരിശങ്കർ
remembering-victor-george