സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി. സുരേഷ് കുമാറിനെതിരെ സിനിമാ രംഗത്തെ പ്രമുഖരടക്കം വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്റണി പെരുമ്പാവൂർ സുരേഷ് കുമാറിനെതിരെ പ്രതികരണവുമായ എത്തിയതിന് പിന്നാലെ നിരവധി പേരാണ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തിയത്. തുടർന്ന് ആന്റണി പെരുമ്പാവൂരിനെ വിമർശിച്ച് സുരേഷ് കുമാറും എത്തിയിരുന്നു. മൊത്തത്തിൽ സിനിമാ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബഡ്ജറ്റ് സിനിമകളെക്കുറിച്ചും താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുമെല്ലാം ചർച്ചകളുയരുകയാണ്.
35 വർഷങ്ങൾക്ക് മുൻപ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് നടനും നിർമാതാവുമായ സുകുമാരന്റെ പരാമർശം ഇപ്പോൾ ചർച്ചയാവുകയാണ്. പ്രതിസന്ധി നേരിടുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ ആർട്ടിസ്റ്റുകളുടെ പ്രതിഫലം നിയന്ത്രിക്കണമെന്ന് 1988 -89 കാലയളവിൽ റാന്നിയിൽവെച്ച് മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ ചിത്രഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ സുകുമാരൻ പറഞ്ഞിരുന്നു. അടുത്തദിവസം ഇത് മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിലും അച്ചടിച്ചുവന്നിരുന്നു.
‘ടെലിവിഷനുമായുള്ള മത്സരം വന്നപ്പോൾ സിനിമയുടെ സാങ്കേതിക മെച്ചപ്പെടുത്തേണ്ടതായി വന്നിരിക്കുകയാണ്. അതിന്റെ ചിലവ് ചുരുക്കാനാവില്ല. താരങ്ങളെ പിടിച്ചു നിർത്തുകയാണ് ഏക പോംവഴി. മലയാളത്തിൽ നാല് ലക്ഷവും അതിലധികവും പ്രതിഫലം വാങ്ങുന്നവരുണ്ട്. ഇവരെ നിയന്ത്രിച്ചാൽ നിർമാണ ചിലവുകൾ ഒരു പരിധിവരെ ചുരുക്കാം. കേരളത്തിൽ വലിയ നിർമാതാക്കളെന്ന് പറയാൻ 15 പേർ മാത്രമേയുള്ളൂ. ഒരു ലക്ഷം രൂപയിൽ കൂടുതൽ കൊടുക്കില്ലെന്ന് ഇവർ കൂട്ടായി തീരുമാനിച്ചാൽ മതി. ആരെങ്കിലും അഭിനയം വേണ്ടെന്ന് വെക്കുമോ?’
‘ആന്ധ്രയിൽ സൂപ്പർസ്റ്റാറിന്റെ പ്രതിഫലം 25 ലക്ഷം വരെ ഉയർന്നപ്പോൾ അവിടെ നിർമാതാക്കൾ കൂടി തീരുമാനിച്ചു – ഇനി ആർക്കും നാല് ലക്ഷം രൂപയിലധികം കൊടുക്കില്ല. ഇപ്പോൾ ഈ തുകയ്ക്ക് അഭിനയിക്കാൻ അവിടെ ഏത് സൂപ്പർസ്റ്റാറും തയ്യാർ. അത് ഇവിടെയും ഉണ്ടാകണം’, ചിത്രഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ സുകുമാരൻ പറഞ്ഞു.
സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ജി സുരേഷ്കുമാറിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം.
Content summary:‘Remuneration of actors should be controlled to save film industry’, Sukumaran’s interview is again discussed
Sukumaran malayalam film